പാശുപതാസ്ത്രം

അപ്പൂപ്പാ അശ്വത്ഥാമാവിന്റെ കഥ--ആതിര തുടങ്ങിയപോള്‍ ശ്യാം-നില്ല് നില്ല് ഒരു പാശുപതാസ്ത്രത്തേക്കുറിച്ചു പറഞ്ഞല്ലോ. അത് കിട്ടിയപ്പോള്‍ അര്‍ജ്ജുനന് അഹങ്കാരം വര്‍ദ്ധിച്ചെന്നല്ലേ നരദര്‍ പറഞ്ഞത് . അതു പറഞ്ഞിട്ടുമതി. .കെ. അതു പറയാം-ആദ്യം.

പാണ്ഡവന്മാര്‍ അതി ശക്തന്മാരാണെന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നതെങ്കിലും അവര്‍ക്ക് അത് ബോദ്ധ്യമില്ല. നമ്മളു വിചാരിക്കത്തില്ലേ ചിലരുടെ കൈയ്യില്‍ പൂത്ത കാശുണ്ടെന്ന്--പക്ഷേ ശരിക്കും അയാള്‍ പണത്തിന് ബുദ്ധിമുട്ടുകയായിരിക്കും--അതുപോലെ. കാനന വാസം കഴിഞ്ഞു തിരിച്ചു ചെന്നാലും ദുര്യോധനന്‍ രാജ്യം കൊടുക്കത്തില്ലെന്ന് അവര്‍ക്കു നിശ്ചയമുണ്ട്. രാജ്യം വേണമെങ്കില്‍ ഒരു യുദ്ധം അനിവാര്യമാണെന്നും അവര്‍ക്കറിയാം. ഭീഷ്മ-ദ്രോണാദികള്‍ നയിക്കുന്ന കൌരവപ്പടയേ എങ്ങിനെ തോല്പീക്കുമെന്ന് വേവലാതിയിലാണ് യുധിഷ്ടിരന്‍. ആകെയുള്ളത് ഒരര്‍ജ്ജുനനാണ്. അവനേ നോട്ടമിട്ടിരിക്കുന്നത് കര്‍ണ്ണന്‍-അര്‍ജ്ജുനനോളമോ-അതില്‍ കൂടുതലോ കേമന്‍. ധര്‍മ്മപുത്രര്‍ക്ക് ഉറക്കമില്ല. അങ്ങിനെയിരിക്കുമ്പോള്‍ ദേവേന്ദ്രന്‍ മാതലിയേ അയച്ചു. അതാരാ അപ്പൂപ്പാ മാതലി. അത് ദേവേന്ദ്രന്റെ തേരാളി. മാതലി അര്‍ജ്ജുനനേ സ്വര്‍ഗ്ഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ നിവാത കവച കാലകേയന്മാ‍ര്‍ എന്നൊരു കൂട്ടം അസുരന്മാരുണ്ട്. അവരേ ദേവന്മാര്‍ക്ക് തോല്പിക്കാന്‍ സാദ്ധ്യമല്ല. അതിനാണ് അര്‍ജ്ജുനനേ കൊണ്ടു പോയത്. അവിടെ വച്ച് അര്‍ജ്ജുനനേ മായായുദ്ധവും മറ്റും പഠിപ്പിക്കുകയും അനവധി ദിവ്യാസ്ത്രങ്ങള്‍ കൊടുക്കുകയും ചെയ്തു. പക്ഷെ ഇതൊന്നും പാണ്ഡവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചില്ല. പരമശിവന്റെ ആയുധമാണ് പാശുപതാസ്ത്രം. അത് പോയി കൊണ്ടുവരുവാന്‍ ധര്‍മ്മപുത്രര്‍ പറഞ്ഞു. പാവം അര്‍ജ്ജുനന്‍--പാശുപതാസ്ത്രം തേടി ശിവനേ തപസ്സു തുടങ്ങി. അര്‍ജ്ജുനന്റെ തപസ്സു കണ്ട് മനസ്സലിഞ്ഞ പാര്‍വതീദേവി ഭര്‍ത്താവിനോടു പറഞ്ഞു--പാവം അര്‍ജ്ജുനന്‍-എത്ര നാളുകൊണ്ട് തപസ്സു ചെയ്യുന്നു. ഒന്നു പോയി കാണണം. മഹാദേവന്‍ പറഞ്ഞു-- അവനേ-- പാശുപതാസ്ത്രം കിട്ടാനാ തപസ്സ്. അത് അത്ര എളുപ്പം കൊടുക്കാന്‍ പറ്റുമോ--വാ- നമുക്കു പോകാം. അവര്‍ രണ്ടു പേരും കൂടി ഒരു വേടന്റെയും, വേടത്തിയുടേയും വേഷത്തില്‍ അര്‍ജ്ജുനന്‍ തപസ്സു ചെയ്യുന്ന വനത്തില്‍ ചെന്നു.

ദുര്യോധനന്‍ അര്‍ജ്ജുനന്‍ തപസ്സു ചെയ്യാന്‍ പോയ വിവരം അറിഞ്ഞു.ശംബുകന്‍ എന്ന ഒരസുരനേ അര്‍ജ്ജുനനേ കൊല്ലാന്‍ നിയോഗിച്ചു. കൊട്ടേഷന്‍ കൊടുത്തെന്നാ പറയേണ്ടത്--ശ്യാം തിരുത്തി. അന്നൊക്കെ കൊട്ടേഷന്‍ ഉണ്ടായിരുനോ അപ്പൂപ്പാ‍--ഉണ്ണിക്കു സംശയം. പിന്നേ--നമ്മടെ കൃഷ്ണനേ കൊല്ലാന്‍ എത്രപേര്‍ക്കാ സക്ഷാല്‍ കംസന്‍ കൊട്ടേഷന്‍ കൊടുത്തത്--പൂതന, ശകടാസുരന്‍, തൃണാവര്‍ത്തന്‍, ബകന്‍, കേശി, അഘന്‍--അങ്ങനെ എത്രപേര്‍. സര്‍ക്കാര്‍ വക കൊട്ടേഷന്‍. അതു പോട്ടെ--നമ്മുടെ കൊട്ടേഷന്‍ ഗുണ്ടാ ഒരു പന്നിയുടെ രൂപത്തില്‍ അര്‍ജ്ജുനനേ ആക്രമിക്കാന്‍ ചെന്നു. ആക്രമിക്കുന്നവരുടെ അടുക്കല്‍ തപസ്സൊന്നും അര്‍ജ്ജുനനു പ്രശ്നമല്ല--ഗാണ്ഡീവമെടുത്ത് ഒരമ്പ് പന്നിയുടെ നേരേ വിട്ടു. അതേ സമയത്ത് അവിടെ എത്തിയ പരമശിവനും വിട്ടു ഒരമ്പ്. പന്നി ചത്തു മലര്‍ന്നു. അര്‍ജ്ജുനന്‍ അതിനേ എടുക്കാന്‍ ചെന്നു. പരമശിവന്‍ തടഞ്ഞു.
ശിവന്‍:- എവിടെ പോവ്വാ?
അര്‍ജ്ജുനന്‍:- പന്നിയേ എടുക്കാന്‍.
ശിവന്‍:- പന്നിയേയോ--ഞാനെയ്തുകൊന്ന പന്നിയേ?
അര്‍ജ്ജുനന്‍:- നീ എയ്തു കൊന്നതോ--മാറി നില്ലെടാ-ഞാനാരാണെന്നറിയാമോ?
ശിവന്‍:- നീ ആരാണെങ്കിലെനിലെനിക്കെന്താ--ഇത് എന്റെ സ്ഥലം-ഞാനെയ്തു കൊന്ന പന്നി--വെറുതേ കളിക്കല്ലേ-- സ്ഥലം മോശമാണേ.
അര്‍ജ്ജുനന്‍:- ആങ്ഹാ-അത്രക്കായോ-എന്നലിന്നാ പിടിച്ചോ-
അര്‍ജ്ജുനന്‍ ഒരമ്പു പ്രയോഗിച്ചു. വേടന്‍ അതു നിസ്സാരമായി തടഞ്ഞു. ക്രോധം വര്‍ദ്ധിച്ച അര്‍ജ്ജുനന്‍ തുരുതുരെ അസ്ത്രങ്ങള്‍ വര്‍ഷിച്ചു--അര്‍ജ്ജുനന്റെ കണ്ണു തള്ളിപ്പോയി--എന്തവാ അപ്പൂപ്പാ പറേന്നത്-അര്‍ജ്ജുനന്‍ അസ്ത്രം വര്‍ഷിച്ചു-അര്‍ജ്ജുനന്റെ കണ്ണു തള്ളിപ്പോയി--കിട്ടുവിന് ദഹിച്ചില്ല. കേള്‍ക്കടാ-- അമ്പുകളെല്ലാം മാലയായി വേടന്റെ കഴുത്തില്‍! ആവനാഴിയില്‍ നോക്കിയപ്പോള്‍ അമ്പൊന്നുമില്ല. അമ്പൊടുങ്ങാത്ത ആവനാഴിയാണ്--ദേഷ്യം സഹിക്കാതെ അര്‍ജ്ജുനന്‍ ഗാണ്ഡീവമെടുത്ത് വേടന്റെ തലയില്‍ പ്രഹരിച്ചു. ആര്‍ക്കാ അടി കൊള്ളുന്നത്--തലയിലിരുന്ന ഗംഗാദേവിക്ക്--ദേവി ഗാണ്ഡീവം പിടിച്ചു പറിച്ച് വിഴുങ്ങിക്കളഞ്ഞു. അര്‍ജ്ജുനന്‍ മുഷ്ടിയുദ്ധം തുടങ്ങി. വേടന്‍ അര്‍ജ്ജുനനേ അടിച്ചവശനാക്കി പൊക്കിയെടുത്ത് എറിഞ്ഞു. ബോധം കെട്ട് അര്‍ജ്ജുനന്‍ ദൂരെപ്പോയി വീണു. ബോധം തെളിഞ്ഞുണര്‍ന്നു നോക്കുമ്പോള്‍ അര്‍ജ്ജുനന്റെ മുമ്പില്‍-
ചര്‍മ്മം കൊണ്ടുടയാടയുണ്ട് നെടിലേ തീക്കണ്ണുമുണ്ടെന്നുമേ
ചന്ദ്രന്‍ മൌലിയിലുണ്ടു ചാരു നദിയും കൂടൊണ്ടു ചാരത്തഹോ
ചൂടും മാന്‍ കരതാരിലുണ്ടു ചുടലപ്പാമ്പുണ്ടു സര്‍വാംഗവും
ചര്‍മ്മാര്‍ദ്രീശ ഭവച്ചരിത്രമിതു ചിത്രം ശര്‍മ്മമേകീടുമേ--എന്ന് ഏതൊ കവി പറഞ്ഞതുപോലെ നില്‍ക്കുന്നു. അര്‍ജ്ജുനന്‍ കാല്‍ക്കല്‍ വീണു. ഭഗവാന്‍ പിടിച്ചെഴുനേല്പിച്ച് ഗാഢമായി പുണര്‍ന്നു. ഞാന്‍ സന്തുഷ്ടനായിരിക്കുന്നു ഭഗവാന്‍ പറഞ്ഞു. എന്നോടു നേരിട്ട് പൊരുതിയ നിനക്ക് ഞാന്‍ പാശുപതാസ്ത്രം തരുന്നു. ഇതു മനുഷ്യരില്‍ പ്രയോഗിക്കരുത്. അത്യാവശ്യമെങ്കില്‍ മറ്റ് അസ്ത്രങ്ങളേ പ്രതിരോധിക്കാന്‍ ഉപയോഗിക്കാം.

പിന്നെന്തിനാ അപൂപ്പാഈ അസ്ത്രം--കൈയ്യില്‍ കിട്ടുന്ന എന്തുകൊണ്ടും പ്രയോഗം നടത്തുന്ന കിട്ടുവിന്സംശയം. മോനേ നാം കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് മറ്റുള്ളവരേ ദ്രോഹിക്കാനാകരുത്. നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാകണം. രാജ്യം കിട്ടാന്‍ യുദ്ധം വേണ്ടിവരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അര്‍ജ്ജുനനേ സ്വര്‍ഗ്ഗത്തും, ശിവന്റടുത്തും ഒക്കെ ദിവ്യായുധങ്ങള്‍ നേടാന്‍ ധര്‍മ്മപുത്രര്‍ പറഞ്ഞയച്ചത്. ആയുധങ്ങളില്‍ ഒന്നുപൊലും ഭാരതയുദ്ധത്തില്‍ ഉപയോഗിച്ചിട്ടില്ല. പക്ഷേ ഇതു കൈയ്യിലുണ്ടെന്നുള്ള വശ്വാസം തരുന്ന ധൈര്യം-അതാണ് പ്രധാനം. പക്ഷേ പാണ്ഡവര്‍ക്ക് എന്നിട്ടും ധൈര്യമില്ലാഞ്ഞിട്ടാണ് ശ്രീകൃഷ്ണനേ യുദ്ധത്തിനു വരിച്ചത്. അതെന്തോന്നാ അപ്പൂപ്പാ വരിച്ചത് എന്നു പറഞ്ഞാല്‍- ആതിരയ്ക്ക് സംശയം. മോളേ യുദ്ധത്തിന് സഹായം അഭ്യര്‍ത്ഥിച്ച് പാണ്ഡവരും ,കൌരവരും--അര്‍ജ്ജുനനും, ദുര്യോധനനും--കൃഷ്ണനേ സമീപിച്ചു. കൃഷ്ണന്‍ തന്റെ സഹായം രണ്ടായി വിഭജിച്ചു--രണ്ടുപേരും വേണ്ടപ്പെട്ടവരാണല്ലോ-- ഒന്ന്-ആയുധം എടുക്കാത്ത കൃഷ്ണന്‍-രണ്ട് -കൃഷ്ണന്റെ മൊത്തം പടയാളികള്‍. ഇതില്‍ ഏതു വേണമെന്ന് ആദ്യം ചോദിക്കാനുള്ള അവകാശം ഇളയതാണെന്നുള്ള പരിഗണനയില്‍ അര്‍ജ്ജുനന്. അര്‍ജ്ജുനന്‍ കൃഷ്ണനേ വരിച്ചു. ദുര്യോധനന്‍ പേടിച്ചിരിക്കുകയായിരുന്നു--എങ്ങാനും അര്‍ജ്ജുനന്‍ സൈന്യം ആവശ്യപ്പെട്ടാലോ. സന്തോഷത്തോടെ അയാള്‍ പറഞ്ഞതെന്താണെന്നോ
യുദ്ധമാണു വിനോദമല്ലിതു-സൈന്യമാണിവനാശ്രയം--എന്നാണ്. ആയുധമെടുക്കാത്ത ആളിനേ ആര്‍ക്കുവേണം-അതും യുദ്ധത്തിന്. പക്ഷേ അര്‍ജ്ജുനന് യുദ്ധം ചെയ്യാന്‍ ആരും സഹായംവേണ്ടാ-പക്ഷേ ആ‍ത്മവിശ്വാസം പകര്‍ന്നു കൊടുക്കാന്‍ ഒരാളുവേണം. അതുമാത്രം മതി.

Comments (0)