അശ്വത്ഥാമാവ്

ചിരഞ്ജീവികളില്‍ ആദ്യത്തേ ആളാണ് അശ്വത്ഥാമാവ്. ദ്രോണരുടെ പുത്രന്‍-മഹാരഥന്‍--പിന്നാരൊക്കെയാ അപ്പൂപ്പാ ചിരഞ്ജീവികള്‍-കിട്ടുവാണ്.
അശ്വത്ഥാമാ, ബലി, വ്യാസോ,
ഹനുമാന്‍ വിഭീഷണ,
കൃപ, പരശുരാമശ്ച--ഇവരാണ് ചിരഞ്ജീവികള്‍. അശ്വത്ഥമാവാണ്ധൃഷ്ടദ്യുംനനേയും,പാഞ്ചാലിയുടെ അഞ്ചു മക്കളുള്‍പടെ, മൊത്തം പാണ്ഡവ സൈന്യത്തേയും വധിച്ചത്. അധാര്‍മ്മികമായാണ് അയാള്‍ അതു ചെയ്തത്. അതിനു പ്രതികാരം ചെയ്യാന്‍ ഭീമസേനന്‍ പുറപ്പെട്ടപ്പോള്‍ സഹായത്തിനായി കൃഷ്ണാര്‍ജ്ജുനന്മാരും കൂടെ പോയി. അതെന്തിനാ അപ്പൂപ്പാ അവരു പോയത്. ഭീമന് ഒറ്റയ്ക്ക് പറ്റത്തില്ലിയോ? ഉണ്ണിക്കു സംശയം. ഇല്ല മോനേ-അശ്വത്ഥാമാവ് അധര്‍മ്മിഷ്ടനാണ്. അയാള്‍ക്ക് ബ്രഹ്മാസ്ത്ര വിദ്യയും അറിയാം. ഇതൊന്നും വകവയ്ക്കുന്ന ആളല്ല ഭീമസേനന്‍. അദ്ദേഹത്തേ അപകടത്തില്‍നിന്നും രക്ഷിക്കാനാണ് അവര്‍ പോയത്. ഓടി കാട്ടിനകത്തു കയറിയ അശ്വത്ഥാമാവിനേ ഭീമന്‍ പിടികൂടിയപ്പോള്‍ അയാള്‍ യുദ്ധധര്‍മ്മത്തിനു വിരുദ്ധമായി ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. പാണ്ഡവന്മാരുടെ വംശം നശികട്ടെ എന്നു പറഞ്ഞാണ് അസ്ത്രം പ്രയോഗിച്ചത്. തക്ക സമയത്ത് അവിടെ എത്തിച്ചേര്‍ന്ന കൃഷ്ണന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അര്‍ജ്ജുനനും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു-അസ്ത്രത്തെ തടയാന്‍ വേണ്ടി. ബ്രഹ്മാസ്ത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയാല്‍ ലോകം നശിക്കും. വ്യാസനും,വിരിഞ്ചനും അതിനു നടുവില്‍ രണ്ടു തേജോഗോളങ്ങളേപോലെ വന്നുനിന്നു. അസ്ത്രങ്ങള്‍ ഉപസംഹരിക്കാന്‍ രണ്ടു പേരോടും ആവശ്യപ്പെട്ടു. അര്‍ജ്ജുനന്‍ ഉടന്‍ തന്നെ ഉപസംഹരിച്ചു. അശ്വത്ഥാമാവ് അതു ചെയ്തില്ല--അയാള്‍ക്ക് അതു സാദ്ധ്യമല്ലതാനും. അതിന്റെ കാര്യം പറയാം.

ദ്രോണാചാര്യര്‍ പാണ്ഡവരേയും കൌരവരേയും ആയുധവിദ്യ പഠിപ്പിക്കുന്നു. ദ്രോണപുത്രനാ‍യ അശ്വത്ഥാമാവും ഉണ്ട് പഠിക്കാന്‍. ഗുരുവിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ അര്‍ജുനനാണ്. അദ്ദേഹം അര്‍ജ്ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. മകനല്ലേ തനിക്കും കിട്ടുമെന്ന് വിചാരിച്ച് കുറേനാള്‍ അശ്വത്ഥാമാവ് ക്ഷമിച്ചിരുന്നു. ങേഹേ-കൊടുക്കുന്ന യാതൊരു ലക്ഷണവുമില്ല. അതെന്താ അപൂപ്പാ ഗുരു മകനു കൊടുക്കാഞ്ഞത്--ആതിരയ്ക്ക് പക്ഷാഭേദം ഇഷ്ടമല്ല. മോളേ പ്രത്യസ്ത്രമില്ലാതാണ് ബ്രഹ്മാസ്ത്രം. വകതിരിവില്ലാത്തവര്‍ക്ക് അതു കൊടുക്കില്ല--കൊടുക്കാന്‍ പാടില്ല. കുരങ്ങന്റെ കൈയ്യില്‍ വാള്‍ കൊടുക്കുന്ന പോലിരിക്കും. അശ്വത്ഥാമാവ് ഒരിക്കലും ഇതിന് യോഗ്യനല്ലെന്ന് സ്വന്തം അച്ഛനറിയാം. അതുകൊണ്ടാണ് കൊടുക്കാഞ്ഞത്. പക്ഷേ അശ്വത്ഥാമാവ് വിടുമോ. ഒരു ദിവസം അച്ഛന്റടുത്തുചെന്ന് തനിക്കും ബ്രഹ്മാസ്ത്രം വേണമെന്ന് ആവശ്യപ്പെട്ടു. ദ്രോണര്‍ പറഞ്ഞുനീ ഇത് ചോദിക്കരുതായിരുന്നു. ചോദിച്ച സ്ഥിതിക്ക് എനിക്കു തരാതിരിക്കാന്‍ പറ്റില്ല. ഏതായാലും നീ ഗുണം പിടിക്കത്തില്ലഇതുമ്പറഞ്ഞ് ദ്രോണര്‍ ബ്രഹ്മാസ്ത്രം മകന് ഉപദേശിച്ചു കൊടുത്തു. അത് ദുരുപയോഗം ചെയ്യുമെന്ന് അദ്ദേഹത്തിന് നിശ്ചയമായിരുന്നു. മനുഷ്യരില്‍ ഒരിക്കലും പ്രയോഗിക്കരുതെന്നും, ദിവ്യാസ്ത്രങ്ങളെ പ്രതിരോധിക്കാന്‍ മാ‍ത്രമേ ഉപയോഗിക്കാവൂ എന്നു പ്രത്യേകം പറഞ്ഞിരുന്നു. എന്തു ഫലം!

അശ്വത്ഥാമാവ് ഒരിക്കല്‍ ദ്വാരകയില്‍ ചെന്നു. ശ്രീകൃഷ്ണന്‍ അദ്ദേഹത്തേ പൂജിച്ചിരുത്തി. കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് ശ്രീകൃഷ്ണന്‍ ചോദിച്ചു.
ശ്രീകൃഷ്ണന്‍:- അങ്ങയുടെ വരവിന് എന്തെങ്കിലും പ്രത്യേക ഉദ്ദേശം ഉണ്ടോ? ഞാന്‍ അങ്ങയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
അശ്വത്ഥാമാവ്:- ഹേയ്-ഒന്നുമില്ല. പിന്നെ എന്റെ അച്ഛന്‍ എനിക്ക് ബ്രഹ്മാസ്ത്രം തന്നിട്ടുണ്ട്. അതു ഞാ‍ന്‍ അങ്ങയ്ക്കു തരാം. പകരം അങ്ങയുടെ ചക്രം-സുദര്‍ശ്ശനചക്രമേ-എനിക്കു തരണം.
ശ്രീകൃഷ്ണന്‍:- അയ്യോ അതു വേണ്ടാ-എനിക്കു ബ്രഹ്മാസ്ത്രം തരേണ്ടാ. എന്റെ ആയുധങ്ങള്‍-സുദര്‍ശ്ശനചക്രം, കൌമോദകി എന്ന ഗദ, നന്ദകം എന്ന വാള്‍-ഇവയെല്ലാം മുറിയില്‍ ഇരിപ്പുണ്ട്. അങ്ങയ്ക്ക് ഏതു വേണമെങ്കിലും എടുക്കാം-അതല്ല എല്ലാം വേണമെങ്കിലും എടുത്തോളൂ.

അശ്വത്ഥാമാവ് സന്തോഷത്തൊടുകൂടി പോയി. ഇടത്തുകൈകൊണ്ട് ചക്രത്തില്‍ പിടിച്ചു. അതനങ്ങുന്നില്ല. വലത്തുകൈകൊണ്ട് പിടിച്ചു. അനങ്ങുന്നില്ല. കുത്തിയിരുന്ന് രണ്ടുകൈകൊണ്ടും പിടിച്ചു പൊക്കാന്‍ നോക്കി. ങേഹേ-ചക്രത്തിന് അനക്കമില്ല. വിയര്‍ത്തു കുളിച്ച് നാണംകെട്ട് വളിച്ച മുഖത്തോടെ അശ്വത്ഥാമാവ് കൃഷ്ണന്റെ മുമ്പില്‍ വന്നു. കൃഷ്ണന്‍ ചോദിച്ചു-എന്താ ചക്രം എടുത്തില്ലേ. അശ്വത്ഥാമാവ് പറഞ്ഞു ക്ഷമിക്കണം. എന്റെ അതിമോഹം കൊണ്ടു ചോദിച്ചതാണ്. അത്-കൃഷ്ണന്‍ പറഞ്ഞു-പതിനൊന്നുകൊല്ലം ഞാന്‍ ഹിമാലയത്തില്‍ ഒറ്റക്കാലില്‍ തപസ്സു ചെയ്തു നേടിയതാണ്. ആട്ടെ എന്തിനായിരുന്നു അങ്ങയ്ക്കു ചക്രം. അങ്ങയേ യുദ്ധം ചെയ്തു തോല്പിക്കാ‍ന്‍-അശ്വത്ഥാമാവ് പറഞ്ഞു. എനിക്ക് അജയ്യനാകണമെന്ന അതിമോഹം. അതു നടന്നില്ലല്ലോ. എനിക്കു നല്ലതുവരാന്‍ അനുഗ്രഹിക്കണേ. അദ്ദേഹം പോയി.

നമുക്ക് ആദ്യത്തേ സ്ഥലത്തേക്ക് പോകാം. അവിടെ ബ്രഹ്മാവും വ്യാസഭഗവാനും നില്‍ക്കുകയല്ലേ. എന്തായാലും ഞാന്‍ അസ്ത്രം പിന്‍ വലിക്കുകയില്ല. പാണ്ഡവരുടെ കുലനാശം വരുത്തിയ് ഞാന്‍ അടങ്ങൂ-അശ്വത്ഥാമാവ് വാശിപിടിച്ചു. കൃഷ്ണന്‍ ദേവദുന്ദുഭി സ്വരത്തില്‍ പറഞ്ഞു-അതു നിനക്കു സാദ്ധ്യമല്ല. ഉത്തരയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞ് വംശം നിലനിര്‍ത്തും. ഞാന്‍ അതിനേ രക്ഷിക്കും. എന്റെ തപശ്ചക്തി നീ കണ്ടോളൂ.

ഭീമന്‍ അശ്വത്ഥാമാവിനേ കൊല്ലാന്‍ ഒരുങ്ങിയപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു. വേണ്ടാ. ഇവനുള്ള ശിക്ഷ വിധിക്കാന്‍ അധികാരം ഇവന്റെ കൈയ്യാല്‍ മക്കളേ നഷ്ടപ്പെട്ട ദ്രൌപതിക്കാണ്.

അവര്‍ അശ്വത്ഥാമാവിനേ ദ്രൌപതിയുടെ മുന്നില്‍ എത്തിച്ചു. ഇതാ നിന്റെ മക്കളേയും ആങ്ങളയേയും അര്‍ദ്ധരാത്രി ചതിച്ചുകൊന്നവന്‍. നീതന്നെ ഇവനു ശിക്ഷ വിധിക്കൂ. ദ്രൌപതി പറഞ്ഞു. മക്കള്‍ നഷ്ടപ്പെട്ടാലുള്ള ദു:ഖം എനിക്കറിയാം . ഇവനേ കൊല്ലണ്ടാ. കൃപി-ഇവന്റെ അമ്മ-ക്ക് എത്രദു:ഖം ഉണ്ടാകും എന്നെനിക്കറിയാം. ഈയാളുടെ തലയിലുള്ള ചൂഡാരത്നം എടുത്തിട്ട് വെറുതേ വിട്ടേയ്ക്ക്. ഇത്തരം വിധി ഒരമ്മയ്ക്കുമത്രം-അതും ധര്‍മ്മിഷ്ടയായ ഒരമ്മയ്ക്കുമാത്രമേ -പറയാന്‍ പറ്റൂ.

അപ്പൂപ്പാ ഒരു സംശയം. അശ്വത്ഥാമാവ് അധാ‍ര്‍മ്മികമായി കൊന്നെന്നു പറഞ്ഞല്ലോ--ശ്യാംകുട്ടനാണ്-കൊല്ലുന്നതിലെന്താ ധാര്‍മ്മികതയും അധാര്‍മ്മികതയും. അതു പറയാം. ഇന്ന് നമുക്ക് പുര പണിയുന്നിടത്തേക്കു പോകാം. എല്ലാരും വാ.

Comments (1)

ദേവി ഈ ബ്ലോഗിലേക്ക് എന്റെ ശ്രദ്ധ തിരിച്ചപ്പോള്‍ എന്താണ് വായിക്കാന്‍ പോകുന്നത്
എന്ന് അറിയില്ലായിരുന്നു. മഹാ ഭാരത കഥകള്‍, കുഞ്ചന്‍, തുഞ്ചന്‍, ശക്തന്‍ തമ്പുരാന്‍,
പണിക്കര്‍ കപ്പിത്താന്‍ - അങ്ങിനെ എനിക്ക് പരിചിതരായ കുറേ കഥാ പാത്രങ്ങള്‍!
കുട്ടികളുടെ ജിജ്ഞാസ യോടെ വായിച്ചു. ധാരാളം വായിച്ചും എഴുതിയും ശീലമുള്ള ഒരു
കയ്യാണ് ഇതിന്റെ പിന്നില്‍ എന്ന് മനസ്സിലായി. കുഞ്ചന്റെ "പൂ ശക " പ്രയോഗവും
ഭാഷ എന്തിനു എന്ന നിര്‍വ്വചനവും മലയാള സംഗീത ബ്ലോഗിലേക്ക് കൊണ്ടുവരുവാന്‍
ശ്രമിച്ചു. പക്ഷെ ബ്ലോഗില്‍ നിന്നു അത് എങ്ങിനെ ചെയ്യണം എന്ന് എനിക്ക് അറിയില്ല.
കണ്ടു പിടിക്കാം. ഇനിയും വായിക്കാം. താങ്കളുടെ ഈ മെയില്‍ വിലാസം തന്നാല്‍ എഴുതാം.
ഞാന്‍ ഇവിടെ ദൂരെ വാന്‍ കൂവര്‍ എന്ന ഭാഗത്താണ്. കാനഡയില്‍. കുറേ വര്‍ഷങ്ങള്‍ ആയി
നാട് വിട്ടിട്ട് . മലയാള സംഗീതം വഴി ദേവിയെ പോലെ കുറേ ഭാഷ, സംഗീത സ്നേഹികളെ
പരിചയപ്പെടാന്‍ സാധിച്ചു. ഇപ്പോള്‍ ഞങ്ങള്‍ എല്ലാം ഒരു കുടുംബം ആണെന്ന ഒരു തോന്നല്‍.
മകളെ "ദേവി" എന്ന് വിളിക്കുന്നത്‌ എന്റെ പ്രായത്തിന്റെ പാസ്പോര്‍ട്ട്‌
ഉപയോഗിച്ചും സ്നേഹം കൊണ്ടുമാണ്. ദേവിയുടെ അച്ഛന്‍ മുഷിയരുത്‌.