അശ്വഥാമാവ് 2

മക്കളേ, ഭാ‍രതയുദ്ധം തുടങ്ങാന്‍ നേരം അതിനു ചില നിബന്ധനകളൊക്കെ വച്ചു. ധര്‍മ്മയുദ്ധമാണ്. അതിലേ ഒരു പ്രധാന നിബന്ധന രാത്രി യുദ്ധമില്ല-അഥവാ ഉണ്ടെങ്കില്‍ രണ്ടുകൂട്ടരും കൂടി തീരുമാനിച്ചിട്ടാകണം എന്നായിരുന്നു.

ഭീഷ്മര്‍ വീഴുന്നിടം വരെ അതനുസരിച്ചു നടന്നു. പക്ഷേ ഭീഷ്മര്‍ വീണു കഴിഞ്ഞ് കാര്യമെല്ലാം കുഴഞ്ഞു മറിഞ്ഞു. തേരാളി, തേരാളിയോടും, ഗദായുദ്ധക്കാരന്‍ ‍, ഗദായുദ്ധക്കാരനോടും അങ്ങനെ തുല്യര്‍ തമ്മിലേ പോര്‍ ചെയ്യാവൂ എന്നും, ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് ചതിച്ച് ഒരാളെ കൊല്ലരുതെന്നും മറ്റും പലനിബന്ധനകളുണ്ടായിരുന്നത് തെറ്റിച്ച് പലരു കൂടി--അതും അഞ്ചു മഹാരഥന്മാരൊന്നിച്ച് നിരായുധനാക്കിയിട്ട് പുറകില്‍ കൂടി ചെന്ന് അഭിമന്യുവിനെ വധിച്ചു. പിന്നീട് രണ്ടുപക്ഷത്തുനിന്നും അധര്‍മ്മങ്ങള്‍ ഉണ്ടായി. ഇതിലൊക്കെ അതിനീചമായ പ്രവൃത്തിയാണ് അശ്വത്ഥാമാവില്‍ നിന്നും ഉണ്ടായത്.

ദുര്യോധനനേ ഭീമന്‍ തോല്പിച്ചു--കാലടിച്ചൊടിച്ച്.

അപ്പോള്‍ യുദ്ധം അവസാനിച്ചെന്ന് കരുതി നിശ്ചിന്തരായി ബാക്കിയായവരെല്ലാം കൂടാരത്തില്‍ കിടന്നുറങ്ങുകയാണ്. ദുര്യോധനന്റെ ഗതി കേട്ട് അശ്വഥാമാവ് കാണാന്‍ വന്നു. ചതിയിലാണ് ദുര്യോധനനേ വീഴ്തിയെന്നറിഞ്ഞ് കോപാകുലനായി, തന്നേ സര്‍വ്വസൈന്യാധിപനായി നിയമിക്കാന്‍ ദുര്യോധനനോട് ആവശ്യപ്പെട്ടു--

ഒരു ക്ഷത്രിയന്‍ നിയമിക്കാതെ ബ്രാഹ്മണര്‍ക്കു യുദ്ധം ചെയ്യാന്‍ പാടില്ല പോലും. ഓരോ വിഢി നിയമങ്ങളേ!

അങ്ങനെ പോകുമ്പോള്‍ നേരം സന്ധ്യയായി. അശ്വത്ഥാമാവ് ഒരു കാഴ്ച കണ്ടു. കുറേ മൂങ്ങകള്‍ കാക്കകളേ കൊത്തിക്കൊല്ലുന്നു. രാത്രി കാക്കകള്‍ക്ക് കണ്ണുകാണില്ലല്ലോ. മൂങ്ങകള്‍ക്കു കാണാം.

ഇതുകണ്ട് അശ്വത്ഥാമാവ് കൃപരേയും മറ്റു ശേഷിച്ച ഭടന്മാരേയും കൂട്ടി ഉരങ്ങിക്കിടന്ന പാണ്ഡവസൈന്യത്തേ ആക്രമിച്ചു കൊന്നു. പാണ്ഡവ സൈന്യാധിപനായ ധൃഷ്ടദ്യുംനനേ--പാഞ്ചാലിയുടെ സഹോദരന്‍ --കാലുകൊണ്ട് കഴുത്തില്‍ ചവിട്ടി ശ്വാസമ്മുട്ടിച്ചാണ് കൊന്നത്. പരലോകഗതി തടയാന്‍ --ഒരാള്‍ക്കു ചെയ്യാവുന്ന ഏറ്റവും നീചമായ പ്രവൃത്തി. ഇതാണ് ചിരഞ്ജീവിയായി, വൃണങ്ങള്‍ പൊട്ടി ഒലിച്ച് ഒരു ഗതിയും പരഗതിയുമില്ലാതെ കാടുതോറും അലഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ടത്. നീച മനോഭാവത്തിനുള്ള ശിക്ഷ.

Comments (0)