കുളത്തിന്റെ തെക്കേലേ വേലായുധന്‍

ഹരിപ്പാട്ടു നിന്ന് വടക്കൊട്ട് ആലപ്പുഴക്കു പോകുന്ന വഴി ആദ്യത്തേ പ്രധാ‍ന സ്ഥലമാണ് കരുവാറ്റ. അവിടെ മാവൂര്‍ എന്നൊരു വീട്ടിലേ കാരണവരാണ് കണ്ടങ്കോരക്കുറുപ്പ്. അദ്ദേഹതിന് ജോലി കരൂര്‍ എന്ന സ്ഥലത്താണ്. രാജഭരണകാലത്തേ റവന്യൂ വകുപ്പില്‍. അന്നു വണ്ടിയൊന്നുമില്ല. അമ്പലപ്പുഴയ്ക്കു തെക്കാണ് കരൂര്‍. അവിടെനിന്നും ഏതാണ്ട് പത്തു കിലോമീറ്റര്‍ ഉണ്ട് കരുവാറ്റായ്ക്ക്. നടന്നാണ് പോക്ക്. നാലു മണിക്കുജോലി കഴിഞ്ഞാല്‍ ആറ്-ആറരയോടെ വീട്ടിലെത്താം.

ഒരു ദിവസം എന്തോ കാരണവശാ‍ല്‍ നാലു മണിക്ക് ഇറങ്ങാന്‍ പറ്റിയില്ല. ആപ്പീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ മണി എട്ട്. പോകുന്ന വഴി അത്ര ശരിയല്ല. വേലുത്തമ്പി ദളവായുമായുള്ള യുദ്ധത്തില്‍ അദ്ദേഹത്തെ സഹായിച്ചവരെ സായിപ്പന്മാര്‍ കൊന്ന് ശവങ്ങള്‍ കെട്ടിത്താഴ്തിയ തോടിന്റെ വരമ്പേയാണ് വഴി. പുഞ്ചയും തോടുമാണ്--വഴിയില്‍ ഒറ്റക്കുഞ്ഞുങ്ങളേ കാണില്ല. പ്രത്യേകിച്ചും സന്ധ്യകഴിഞ്ഞാല്‍.

കുറുപ്പ് നടന്നു തോട്ടപ്പള്ളി കഴിഞ്ഞു. കുറ്റാക്കുറ്റിരുട്ട്. കുറുപ്പിന്റെ ധൈര്യമെല്ലാം പമ്പകടന്നു. ആകെ കൈയ്യിലുള്ളത് ഒരു ചൂട്ടുകറ്റ. ചൂട്ടുകറ്റയോ-അതെന്തോന്നാ-ആതിരയ്ക്ക് സംശയം. അതൊ പഴയകാലത്തേ ടൊര്‍ച്ചാണ്. തെങ്ങിന്റെ ഓലയുടെ തുഞ്ചാണികള്‍ മൂന്നുനാലെണ്ണം ഒന്നിച്ചു കെട്ടിയുണ്ടാകുന്നത്. തീകത്തിച്ചു വീശി വീശി പൊകാം. അങ്ങനെ പോകുമ്പോള്‍ പുഞ്ചപ്പാടത്ത് ആള്‍ക്കാര്‍ വട്ടം വട്ടം കൂടിനില്‍ക്കുന്നെന്ന് ഒരു തോന്നല്‍--പ്രേതങ്ങളുള്ള സ്ഥലമാണ്. കന്നുകാലിപ്പാലം-നോക്കെത്താത്ത ദൂരത്തില്‍ പുഞ്ചമാത്രം. അവിടെ നടന്ന നീച കൃത്യങ്ങളുടെ കുറുപ്പിന്റെ ഉള്ളിലൂടെ പാഞ്ഞുപോയി. കുറുപ്പിന്റെ സപ്തനാഡികളും തളര്‍ന്നു. മേലാകെ ഒരു വിറയല്‍. പെട്ടെന്ന് തൊട്ടു പുറകില്‍ ഒരു കാല്പെരുമാറ്റം. കുറുപ്പ് ഞെട്ടിത്തിരിഞ്ഞു. പേടിക്കണ്ടാ-ഒരു ബീഡിയെടുത്ത് അയാള്‍ പറഞ്ഞു-- തീയൊന്നു തന്നേ. ഞാനും വഴിക്കാ. എവിടാ പോകേണ്ടത്? ഹൊ കുറുപ്പിന്റെ ശ്വാസം നേരേ വീണു-ഞാന്‍ കരുവാറ്റയ്കാ. നിങ്ങളോ. എന്റെ വീടു കുറച്ചുതെക്കാ- നമുക്ക് സംസാരിച്ചു കൊണ്ടു നടക്കാം. സ്ഥലത്തിന്റെ ഭീകരതയേപ്പറ്റി അയാള്‍ കുറുപ്പിനോടു പറഞ്ഞു. രാത്രി അസമയത്ത് അതിലേ നടക്കരുതെന്നും കുറുപ്പു കണ്ട ആള്‍ക്കാരുടെ കൂട്ടം യഥാര്‍ത്ഥ ആള്‍ക്കാരല്ലെന്നും അയാള്‍ പറഞ്ഞു. അവര്‍ കരുവാറ്റായിലേത്തി. പേരെന്താ-കുറുപ്പു ചോദിച്ചു. വേലായുധന്‍ അയാള്‍ ഉത്തരം പറഞ്ഞു. നിങ്ങളേ എനിക്കറിയാം- മാവൂരേ കണ്ടന്‍ കോരക്കുറുപ്പല്ലേ. കുറുപ്പിനത്ഭുതമായി. ഈയാളേ ഒരു പരിചയവുമില്ല. വീട്ടു പേരെന്താ കുറുപ്പു വീണ്ടും ചോദിച്ചു. കുളത്തിന്റെ തെക്കേല്‍-നിങ്ങളറിയും അയാള്‍ ഉത്തരം പറഞ്ഞു. കുറുപ്പ് അയാളേ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടുകാര്‍ കുറുപ്പിനേക്കാണാതെ വിഷമിച്ചിരിക്കുകയാണ്. ദേ ഒരാളുകൂടൊണ്ട്-എന്നു പറഞ്ഞുകൊണ്ട് കുറുപ്പ് അകത്തേക്കു കയറി. തിരിഞ്ഞ് നോക്കിയപ്പോള്‍ പുറകില്‍ ആരുമില്ല. ആരാ എന്നും ചോദിച്ച് വിളക്കും കൊണ്ടു വന്ന മുത്തശ്ശിയോട്-എന്റെ കൂടൊരാളുണ്ടായിരുന്നു-നോക്കട്ടെ എന്നുപറഞ്ഞ് വിളക്കും മേടിച്ച് മുറ്റത്തിറങ്ങി. ആരേയും കണ്ടില്ല. ആരാ മൊനേ മുത്തശ്ശി ചോദിച്ചു. കുളത്തിന്റെ തെക്കേലേ വേലായുധനെന്നാ പറഞ്ഞത്. എന്റെ ഭഗവാ‍നേ ഹരിപ്പാട്ടു വേലായുധസ്വാമി! മുത്തശ്ശി കൈകള്‍ കൂപ്പി. നമ്മുടെ ധര്‍മ്മദൈവം. കഥ നിങ്ങടെ അപ്പച്ചിഅമ്മൂമ്മ പറഞ്ഞതാ. ബാംഗ്ലൂരേയോ--രാം കുട്ടന്‍ ചോദിച്ചു. അതേ മക്കളേ. കുറുപ്പിന്റെ കൊച്ചുമകള്‍ അവിടെയാണ്-അപ്പച്ചിഅമ്മൂമ്മയുടെ കൂട്ടുകാരി സുധാമണി. അവര്‍ പുന്നപ്രക്കാരയിരുന്നു. പുന്നപ്ര വയലാര്‍ സമരകാലം. ലഹളക്കാരുടേയും, പോലീസിന്റേയും ശല്യം കൊണ്ട് ആണുങ്ങള്‍ക്ക് വീട്ടിലിരിക്കണ്ടാ. ഇവരുടെ വീട്ടിലാണെങ്കില്‍ ഒരമ്മൂമ്മയും ഇരുപതു വയസ്സുള്ള ഒരു പെണ്‍കുട്ടിയും മാത്രമേയുള്ളൂ. ഭയന്നു കഴിഞ്ഞുകൂടുകയാണ്. ഒരുദിവസം അമ്മൂമ്മ ഒരു വട്ടിയില്‍ കുറച്ചു പണവും, രണ്ടുജോടി ഡ്രസ്സും വച്ച് കൊച്ചുമകളോട് പറഞ്ഞു. ഇവിടെ ഇനി നീ താമസിക്കുന്നത് സുരക്ഷിതമല്ല. എവിടെയെങ്കിലും പോയി രക്ഷപെട്ടോ. രാക്ഷസന്മാരുടെ കൈയ്യില്‍ പെടാതെ അതിരാവിലേ പുറപ്പെട്ടോളൂ. അമ്മൂമ്മ കണ്ണുനീരോടെ വിടപറഞ്ഞു.

കുട്ടി നേരേ തെക്കോട്ടാ‍ണ് നടന്നത്. ഭയന്നു വിറച്ച് ആരുടേയും കണ്ണില്പെടാതെ, ഇരുന്നും, നടന്നും
വൈകുന്നേരത്തോടെ അവള്‍ തോട്ടപ്പള്ളിയിലെത്തി. അവിടം കഴിഞ്ഞപ്പോള്‍ അവളേ ആരോ പിന്തുടരുന്നുണ്ടെന്ന് തോന്നി. ഭീതിയോടെ അവള്‍ തിരിഞ്ഞു നോക്കി. ഒരു മദ്ധ്യവയസ്കന്‍-കുറേ ദൂരെയായി അവളുടെപിന്നാലെ. നേരം സന്ധ്യയായി. ഇരുട്ടു പരന്നു. മറ്റാരും വഴിയിലെങ്ങും ഇല്ല. മദ്ധ്യവയസ്കന്‍ അവളുടെ അടുത്തെത്തി. അവള്‍ഭയന്ന് അയാളേ നോക്കി. ഭയപ്പെടേണ്ടാ കുഞ്ഞേ-അയാള്‍ മധുരമായി പറഞ്ഞു. ഈസ്ഥലം അത്ര നല്ലതല്ല. നിനക്ക് എവിടെ പോകണം. എനിക്കറിഞ്ഞുകൂടാ-അവള്‍ പറഞ്ഞു. തുടര്‍ന്ന് അവളുടെ ചരിത്രവും അയാളേ പറഞ്ഞു കേള്‍പ്പിച്ചു.

സമയംകൊണ്ട് അവര്‍ കരുവാറ്റായിലെത്തി. അയാള്‍ ഒരു വീടു ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. നീ വീട്ടില്‍ ചെന്ന് കതകില്‍ മുട്ടണം. ഗൃഹനാഥന്‍ വന്നു വാതില്‍ തുറക്കും. അഭയം തരണമെന്നും പറഞ്ഞ് അയാളുടെ കാലില്‍ വീഴണം. ആരാണെന്നു ചോദിച്ചാല്‍ കുളത്തിന്റെ തെക്കേലേ വേലായുധന്‍ പറഞിട്ടു വന്നതാണെന്നു പറയണം. ഞാന്‍ ഇവിടെ നില്‍ക്കാം.

അവള്‍ ചെന്നു വാതിലില്‍ മുട്ടി. ഗൃഹനാഥന്‍ വന്നു വാതില്‍ തുറന്നു. എന്നേ രക്ഷിക്കണം എന്നു പറഞ്ഞ് അവള്‍ അയാളുടെ കാലില്‍ വീണു. അയാള്‍ അവളേ പിടിച്ചെഴുനേല്പിച്ചു. മകളേ നീ ആരാ. എവിടെനിന്നാണ് വരുന്നത് എന്ന് കരുണയോടെ ചോദിച്ചു. കുളത്തിന്റെ തെക്കേലേ വേലായുധന്‍ എന്നൊരാള്‍ പറഞ്ഞിട്ടാണ് ഞാന്‍ വന്നത്. അദ്ദേഹം അവിടെ നില്പുണ്ട്. അവള്‍ വെളിയിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു. അവിടെയെങ്ങും ആരേയും കാണാനില്ല. കുളത്തിന്റെ തെക്കേലേ വേലായുധനോ--സാവിത്രീ-അദ്ദേഹം അകത്തേക്കു നോക്കി വിളിച്ചു. ദാ നമുക്കൊരു മകള്‍-നീ വേലായുധസ്വാമിയേ വിടാതെ പിടികൂടിയതിന്റെ ഫലം. അകത്തേക്കു വിളിച്ചു കൊണ്ടു പോകൂ. പകച്ചുനിന്ന ആകുട്ടിയേ സുന്ദരിയായ ഒരു വീട്ടമ്മ വന്നു അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയാണ് കണ്ടങ്കോരക്കുറുപ്പിന്റെ മുത്തശ്ശി. ഗൃഹനാഥന്‍ അവള്‍ക്കു കൊടുത്തതാണ് മാവൂര്‍ എന്നവീടും പറമ്പും. ഇതൊക്കെ നടന്നതാണോ അപ്പൂപ്പാ--ശ്യാമിന് സംശയം ഒരിക്കലും തീരത്തില്ല. പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളില്‍. മോനേ അപ്പൂപ്പന്‍ സത്യം ചെയ്യത്തില്ല. ഹരിപ്പാട്ട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം തിരുവിതാംകൂറിലേ എട്ടു മഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. ആണ്ടില്‍ മൂന്നുത്സവങ്ങളുള്ള--അത്തത്തിനു കൊടിയേറി തിരുവോണത്തിന് ആറാട്ട്; വിഷുവിന് കൊടിയേറി പത്താമുദയത്തിന് ആറാട്ട്; --മറ്റ് അധികം ക്ഷേത്രങ്ങളില്ല. പതിനെട്ട് കരക്കാര്‍ ചേര്‍ന്നാണ് കായംകുളം കായലില്‍ മുങ്ങിക്കിടന്ന വിഗ്രഹം എടുത്ത് ചുണ്ടന്‍ വള്ളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്നു പ്രതിഷ്ടിച്ചത്. ആശ്രിത വാത്സല്യത്തിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. സുധാമണി ഇപ്പോള്‍ കായംകുളത്ത് താമസമുണ്ട്. അവര്‍ കരുവാറ്റായിലേ സ്ഥലം വിറ്റ് കായംകുളത്ത് താമസമാക്കി. അതുമാത്രം എനിക്കറിയാം. ഇനി ഇതുപോലെ ഒരു കഥയൂടെ പറയാം.

ചെങ്ങന്നൂര്‍ക്കാരനാണ് ചെല്ലപ്പനാചാരി. അദ്ദേഹം നമ്മുടെ ഹൈസ്കൂള്‍ പണിയുടെ മൂത്താശാരിയായിരുന്നു. പണിസ്ഥലത്തിരുന്ന് ആശാരിമാരുടെ കഥകള്‍ കേള്‍ക്കാന്‍ ബഹു രസമാണ്. അദ്ദേഹം പറഞ്ഞ കഥയാണ്. പുന്നപ്ര വയലാര്‍ സമരത്തിന് വാരിക്കുന്തം ഉണ്ടാക്കാന്‍ പോയിരുന്ന ഉഗ്രന്‍ കമ്മ്യൂണിസ്റ്റായിരുന്നു പോലും അദ്ദേഹം. ഈശ്വര വിശ്വാസം ഇല്ലെന്നു മാത്രമല്ല, ഉള്ളവരേ മഹാ പുച്ഛവുമാണ്. മണ്ഡലക്കാലത്ത് ശബരിമലയ്ക്കു പോകുന്നവരേക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കേട്ട കുറേ ഭക്തന്മാര്‍ ശരണം വിളിക്കാതെ ശബരിമലയില്‍ പോകാന്‍ വെല്ല്ലുവിളിച്ചു. ഞാന്‍ പോയികാണിക്കാം-അദ്ദേഹം വെല്ലുവിളി ഏറ്റെടുത്തു. മാലയിട്ടു. ശരണം വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്. രണ്ടുമാസത്തേ വ്രതവും എടുത്തു. ശരണം വിളിക്കാതിരിക്കുന്ന സമയം കൂട്ടാന്‍. കൂട്ടുകാരൊത്ത് കെട്ടുമുറുക്കി ശബരിമലയിലേക്ക് പുറപ്പെട്ടു. കെട്ട് തലയിലേറ്റാന്‍ നേരം ശരണം വിളിക്കാന്‍ ഗുരുസ്വാമി പറഞ്ഞതും അനുസരിച്ചില്ല. സന്നിധാനത്ത് എത്തി പതിനെട്ടാം പടി കയറുമ്പോഴും, നെയ്യഭിഷേകം കഴിക്കുമ്പൊഴും ഒന്നും ശരണം വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

മല ഇറങ്ങി ചാലക്കയത്തേക്കു നടക്കുകയാണ്. അവിടെയാണ് അന്നു ബസ്സ് സ്റ്റാന്‍ഡ്. പമ്പയിലേക്കു ബസ്സില്ല. റോഡിന്റെ ഒരു വശം കൊക്കയും, മറുവശം പൊക്കമുള്ള പര്‍വ്വതനിരയുമാണ്. നടന്നു നടന്നു കുറേ ദൂരം എത്തിയപ്പോള്‍ കൂട്ടുകാരേ കാണാനില്ല. താന്‍ മുമ്പിലായിപ്പോയിക്കാണും എന്നു വിചാരിച്ച് കുറച്ചുനേരം നിന്നു. കാണാനില്ല. പിന്നെവളരെ വേഗം നടന്നു--നേരം സന്ധ്യയായി. ഒറ്റയ്കും തറ്റയ്ക്കും വരുന്നവരേയും കാണാതായി. ആനയിറങ്ങുന്ന സമയമായി-വേഗം വേഗം എന്ന് ദൂരെനിന്നാ‍രോ വിളിച്ചുപറയുന്ന ശബ്ദം. പെട്ടെന്ന് ഇരുട്ട് വീണു. മുമ്പിലും പിന്‍പിലും ആരേയും കാണാനില്ല. കാട്neriyunതോ മലവെള്ളപ്പാച്ചിലോ--മുകളില്‍നിന്ന് കാട് മൊത്തം ഒരലര്‍ച്ചയോടെ താഴേക്കു വരുന്നു. ചെല്ലപ്പനാചാരി സപ്ത നാഡികളും തളര്‍ന്ന് സര്‍വ്വ ശക്തിയും എടുത്ത് അയ്യപ്പോ എന്നൊരു വിളി--കണ്ണടച്ചുകൊണ്ട്. കണ്ണു തുറന്നു. എന്താ ശബ്ദം--മന്ദ സ്വരത്തില്‍ അയ്യപ്പോ-സ്വാമിയേ-അയ്യപ്പോ- സ്വാമിയെ എന്നു വിളിച്ചുകൊണ്ട് ഒരു വയസ്സായ അയ്യപ്പന്‍ പുറകേ വരുന്നു. ചെല്ലപ്പനാചാരിയുടെ അടുത്തെത്തി അയാള്‍ ചൊദിച്ചു-എന്താ സ്വാമീ കൂട്ടുകാരെല്ലാം എവിടെ? ഒറ്റയ്ക്കായിപ്പോയോ. സാരമില്ല. ഞാനുമുണ്ട്. ശരണം വിളിച്ചുകൊണ്ട് നടന്നോളൂ.

അവര്‍ രണ്ടു പേരും കൂടി പതുക്കെ ശരണം വിളിച്ചുകൊണ്ട് നടന്നു. ചാലക്കയത്തെത്തി. സ്വാമിക്കെവിടാ പോകേണ്ടത്--ചെല്ലപ്പനാചാരി ചോദിച്ചു. ചെങ്ങന്നൂരിന് മരുപടി. ങാ എനിക്കും അങ്ങോട്ടാ പോകേണ്ടത്. വരൂ. അവര്‍ രണ്ടു പേരും ചെങ്ങന്നൂര്‍ ബസ്സില്‍ കയറി ഒരേ സീറ്റില്‍ ഇരുന്നു. രണ്ടു ചെങ്ങന്നൂര്‍-പൈസാ നീട്ടിക്കൊണ്ട് ചെല്ലപ്പനാചാരി കണ്ഡക്ടറോട് പറഞ്ഞു. ആരാ മറ്റേയാള്‍ കണ്ഡക്റ്റര്‍ തിരക്കി. ദേ ഇദ്ദേഹം-ഇടത്തുവശത്തേക്കു നോക്കിയ ചെല്ലപ്പനാചാരി സ്തബ്ധനായിപോയി--അവിടെ ആരുമില്ല. ഇതാ എന്റെ കൈയ്യിലേ രോമാഞ്ചം--സ്വാമി അയ്യപ്പന്‍ തന്നെ വന്ന് എന്നേ ബസ്സില്‍ കയറ്റി. ചെല്ലപ്പനാചാരി കഥ പറഞ്ഞു നിര്‍ത്തി. ദേ എനിക്കും കുളിരുകോരുന്നു.

Comments (0)