വഞ്ചിപ്പാട്ട്

അപ്പൂപ്പന്‍ ചുണ്ടന്‍ വള്ളത്തേക്കേറാന്‍ വരുന്നോ. ഇന്നലെ എന്തൊരു രസമാരുന്നെന്നോ. എല്ലാവരുംകൂടി ‘അവറാച്ചോ--മറിയാമ്മേ” “അയ്യൊടാ--പോയെടാ” “ ങ്ഹാ-ങ്ഹാ--ങ്ഹൂ--ങ്ഹൂ” എന്നൊക്കെ പറഞ്ഞോണ്ട് തുഴയുന്നത്--

അതാണോ അപ്പൂപ്പാ ഈ വഞ്ചിപ്പാട്ട്.

കഷ്ടം! എന്റെ മക്കളേ നിങ്ങള്‍ക്ക് അതിനുള്ള യോഗം ഇല്ലാ‍തായിപ്പൊയല്ലോ. പത്തു പന്ത്രണ്ട് ചുണ്ടന്‍ വള്ളങ്ങള്‍ ഒന്നിച്ച് ഓണക്കോടി ഉടുത്ത പ്രൌഢന്മാരായ കരക്കാര്‍ കയറി, മുത്തുക്കുടയും ചൂടി, താളത്തില്‍ വഞ്ചിപ്പാട്ടും പാടി തുഴഞ്ഞു പോകുമ്പോള്‍ ആടിയുലഞ്ഞു മുന്നോട്ടു നീങ്ങുന്ന വള്ളങ്ങളുടെ കാഴ്ച--അതു കണ്ടുതന്നെ അനുഭവിക്കണം. ആയിരത്തോളം തുഴകള്‍ ഒരേ താളത്തില്‍ വെള്ളത്തില്‍ വീഴുമ്പോള്‍ തെറിക്കുന്ന വെള്ളത്തുള്ളികള്‍ ആകാശത്ത് മാരിവില്ല് വിരിയിക്കും. അസ്തമനസൂരന്റെ ചെങ്കതിരുകളേറ്റ്. “കളി’ എന്ന വാക്കിന്റെ അര്‍ത്ഥം ഇന്ന് ആര്‍ക്കെങ്കിലും അറിയാമോ--എല്ലാം പ്രൊഫഷണലിസം. എങ്ങനെ കാശുണ്ടാക്കാം എന്ന ഒരേ ചിന്ത--ഇതൊക്കെപ്പറഞ്ഞാല്‍ അപ്പൂപ്പന്റെ മൂഡ് പോകും. അതുകൊണ്ട് അതുവിട്ടേക്കാം.

അപ്പൂപ്പന്‍ പണ്ട് വള്ളത്തേലേ വല്യപാട്ടുകാരനാണെന്ന് കേട്ടല്ലോ. ഞങ്ങളേ ഒന്നു പാടി കേള്‍പ്പിക്കാമോ. കിട്ടു ചോദിച്ചു. പിന്നെന്താ, ആദ്യം എങ്ങനാണ് പാടുന്നതെന്നു പറയാം. അപ്പോള്‍ നിങ്ങള്‍ക്കും കൂടെപ്പാടാം. അപ്പോഴേ അതിന്റെ പൂര്‍ണ്ണ രസം കിട്ടത്തൊള്ളു. കേട്ടൊളൂ-ആദ്യം ഞാന്‍
തെയ് തെയ് തെയ് തെയ് തെയ്തെയ്തോ തകധീ തിത്തെയ് തിത്തകതികിതോ എന്നു പാടും. ഇതില്‍ “തകധീ” മുതലുള്ള ഭാ‍ഗം പുറകുപാട്ടുകാരാണ് പാടേണ്ടത്. അതുകഴിഞ്ഞ്-- ഞാന്‍ -അതായത് മുന്‍ പാട്ടുകാരന്‍--പാട്ടു തുടങ്ങും. ഇങ്ങനെ--അര്‍ജ്ജുനസാരഥിയായി--തെയ് തെയ് തകതെയ്തെയ്തോ;
അര്‍ജ്ജുനസാരഥിയായി--തിത്തത്താധിതെയ്-തെയ്
അര്‍ജ്ജുനസാരഥിയായി വിശ്വനാഥനതുകാലം-- അര്‍ജ്ജുനസാരഥിയായി വിശ്വനാഥനതുകാലം
അര്‍ജ്ജുനസാരഥിയായി വിശ്വനാഥനതുകാലം--തെയ് തെയ് തെയ് തെയ് തെയ്തെയ്തോ തക ധീ തിത്തെയ് തിത്തകതികിതോ--ഇപ്പോള്‍ ഒരു വരി പാടിക്കഴിഞ്ഞു. ഇതില്‍ പകുതി ഭാഗം മുന്‍പാടുകാരനും ബാക്കി പിന്‍പാട്ടുകാരുമാണ് പാടുന്നത്. നമുക്ക് പാടി നോക്കാം. ഇപ്പോള്‍ മനസ്സിലായോ.

ഇനി വച്ചുപാട്ടെന്നൊരിനം ഉണ്ട്--അയ്യയ്യ-തേ-തേത്തക-ധിത്തത്താ തെയ് തെയ്താം--ഇതാണ് അതിന്റെ ഈണം--പാടുന്നത്--പച്ചക്കല്ലൊത്ത--തകധിത്തത്താ തെയ്തെയ്താം
പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ--പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ--അയ്യയ്യ-തേ-തേത്തക-ധിത്തത്താ തെയ് തെയ്താം. ഇതാണ് ഒരുവരി. ശരി പാടാം--
i

Comments (0)