കണ്ഠീരവന്‍-രണ്ട്

അപ്പോള്‍ നമുക്ക് തിരുവിതാംകൂറിലേക്ക് പോകാം. അല്ലേ? അവിടാണല്ലോ കണ്ഠീരവന്‍ വന്നത്.

പണ്ട് തിരുവിതാംകൂറിന്റെ പേര് വേണാട് എന്നായിരുന്നു.

ങാ-വേണാട് എക്സ്പ്രസ്സില്‍ കേറി നമ്മള്‍ എറണാകുളത്തു പോയില്ലിയോ-കിട്ടു--

അതേ മോനേ പുരോഗമിച്ചു-പുരോഗമിച്ച് നമ്മള്‍ അവസാനം നമ്മടെ വേര് തേടി ത്തുടങ്ങി. വേണാടും, പരശുരാമും ഒക്കെ അങ്ങനെ വന്നതാ. വേണാടിന്റെ അതിര്‍ത്തി എടവാ എന്ന സ്ഥലം വരെ ആയിരുന്നു. ഇന്നത്തേ കൊല്ലത്തിന്റെ പേര് ദേശിങ്ങനാട്--പിന്നെ കായംകുളം--അമ്പലപ്പുഴ-തെക്കന്‍ കൂര്‍-വടക്കന്‍ കൂര്‍ എന്നിങ്ങനെയായിരുന്നു രാജ്യങ്ങളുടെ പേരുകള്‍. അമ്പലപ്പുഴയ്ക്ക് ചെമ്പകശ്ശേരി എന്നായിരുന്നു പേര്. ഇതെല്ലാം പിടിച്ചടക്കി കൊച്ചിരാജ്യത്തിന്റെ അതിര്‍ത്തിവരെ വളര്‍ത്തിയത് വീരമാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്.

നിങ്ങള്‍ കൊതിക്കല്ലെന്ന് കേട്ടിട്ടുണ്ടോ-ഇല്ല-,അമ്മുടെ നാഷണല്‍ ഹൈവേയില്‍ അങ്കമാലിയില്‍നിന്നും ചാലക്കുടിക്കുപോകുമ്പോള്‍-ചിറങ്ങര എന്നസ്ഥലത്തുനിന്നും പഴയറോഡേ പോണം. അവിടെ കൊരട്ടി റെയില്‍ വേസ്റ്റേഷന്റെ തെക്കുവശത്ത് ഒരു സര്‍വേക്കല്ലു കാണാം--തെക്കുനിന്നുവരുന്നവര്‍ക്ക്, ആ കല്ലില്‍ “കൊ”എന്ന് കൊത്തിവച്ചിരിക്കുന്നത് കാണാം. ആ കല്ലു കടന്നാല്‍ കൊച്ചിയാണെന്നര്‍ത്ഥം. വടക്കുനിന്നു വരുന്നവര്‍ക്ക് അതില്‍ “തി” എന്നു കൊത്തിയിരിക്കുന്നതും കാണാം. കല്ലു കടന്നാല്‍ തിരുവിതാംകൂര്‍--അതാണ് കൊതിക്കല്ല്.

തിരുവിതാംകൂറില്‍ അന്നു മരുമക്കത്തയം ആണ്. അതായത് അനന്തരാവകാശി അനന്തിരവന്‍ -പെങ്ങളുടെ മകന്‍ -ആണ്.

വേണാട്ടിലേ അന്നത്തേ രാജാവ് കാഞ്ചീപുരത്തെങ്ങാണ്ട് പോയി ഒരു ദേവദാസിയില്‍ ആകൃഷ്ടയായി. അവളേ നേടാന്‍ അവളുടെ മക്കള്‍ക്ക് രാജ്യാവകാശം കൊടുക്കാമെന്നു പറഞ്ഞു പോലും. ഏതായാലും രാജാവിന് അവളില്‍ രണ്ടു മക്കളുണ്ടായി. പപ്പുത്തമ്പിയും, രാമന്‍ തമ്പിയും.

അനന്തരവനാണ് മാര്‍ത്താണ്ഡ വര്‍മ്മ. കിരീടാവകാശി. എട്ടു വീട്ടില്‍ പിള്ളമാര്‍ തമ്പിമാരുടെ കൂടെ ചേര്‍ന്നു. അവരേ ഒതുക്കി മാര്‍ത്താണ്ഡവര്‍മ്മ രാജ്യഭാരം ഏല്‍ക്കുന്നതാണ് സി.വി. രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്ര നോവലിലേ കഥ.

അപ്പോള്‍ കണ്ഠീരവന്‍ -ആതിര-

അതേ മോളേ അവന്‍ മൈസൂരില്‍ ജനിക്കാന്‍ പോകുന്നേ ഉള്ളൂ. ജനിച്ചു വളരട്ടെ. അവന്‍ വരും.

ആരാ ഈ എട്ടുവീട്ടില്‍ പിള്ളമാര്‍-രാംകുട്ടന്‍.

‍. അതോ-അത് പണ്ടത്തേ ഭരണസംവിധാനത്തിന്റെ ഒരു ഭാഗമാണ്. മാടമ്പി--

ങാ-ങാ-മോഹന്‍ലാലിന്റെ-ഉണ്ണിക്കുട്ടന് ആവേശമായി--

അല്ല മൊനേ മാടമ്പിമാര്‍ എന്നൊരു വര്‍ഗ്ഗം അന്നു സൃഷ്ടിക്കപ്പെട്ടിരുന്നു. ഒരു ദേശത്തിന്റെ കൊല്ലിനും, കൊലയ്ക്കും ഉള്ള അവകാശത്തോടു കൂടി. അവര്‍ക്ക് കളരിയും, അവിടെ പയറ്റ് പഠിക്കുന്ന യുവാക്കളുമുണ്ട്. രാജാവിന് മിനിമം പട്ടാളമെ ഉള്ളൂ. ബാക്കി യുദ്ധത്തിനു വെണ്ട പട്ടാളത്തേ സപ്ലൈ ചെയ്യുന്നത് ഈ മാടമ്പിമാരാണ്. അതുകൊണ്ട് നികുതി പിരിവു പോലും ഇവരേയാണ് ഏല്പിച്ചിരുന്നത്.

എല്ലാ കാര്യങ്ങള്‍ക്കും ധര്‍മ്മബോധമുള്ളവര്‍ ഇരിക്കുമ്പോഴേ പ്രസക്തിയുള്ളൂ. അങ്ങനെയുള്ള എട്ടു മാടമ്പിമാരുടെ പേരുകള്‍ ചേര്‍ത്തുണ്ടാകിയ പദ്യമാണ് ഞാന്‍ ഇന്നലെ ചൊല്ലിയത്. മാര്‍ത്താണ്ഡന്‍പിള്ള, രാമനാമഠത്തില്‍ പിള്ള, കുളത്തൂര്‍ പിള്ള, കഴക്കൂട്ടത്തുപിള്ള, വെങ്ങാനൂര്‍ പിള്ള ചെമ്പഴന്തി പിള്ള, കുടമണ്‍ പിള്ള, പള്ളിച്ചല്‍ പീള്ള-ഇങ്ങനെ എട്ടു പിള്ളമാര്‍ വേണാടിന്റെ ഭരണത്തില്‍ രാജാ‍വിനേ സഹായിച്ചിരുന്നു.

ശക്തി കൂടുമ്പോള്‍ അഹങ്കാരം വര്‍ദ്ധിക്കും--രാജാവിനേ ധിക്കരിക്കണമെന്നു തോന്നും-ധിക്കാരം സഹിക്കാത്തരാജാവാണെങ്കില്‍ രാജാവിനെ മാറ്റണമെന്നു തോന്നും--ഇത്രയൊക്കെയേ ഈ പിള്ളമാ‍ാര്‍ക്കും തോന്നിയുള്ളൂ. യുവരാജാവായ മാര്‍ത്താണ്ഡവര്‍മ്മ ശക്തനായ ഭരണാധികാരിയാണെന്നു മനസ്സിലായപ്പോള്‍ തിരുവിതാംകൂറില്‍ മക്കത്തായം കൊണ്ടുവന്ന് മാര്‍ത്താണ്ഡവര്‍മ്മയേമാറ്റി ദേവദാസിയുടെ മകന്‍ പപ്പുത്തമ്പിയേ രജാവക്കണമെന്നു തീരുമാനിച്ചു. മാര്‍ത്താണ്ഡവര്‍മ്മ അവരുടെ തന്ത്രങ്ങളേ അതിജീവിച്ച് ഭരണം പിടിച്ചെന്നു മാത്രമല്ല ചുറ്റുമുള്ള ചെറു രാജ്യങ്ങളേക്കൂടി വേണാടിനോടു കൂട്ടിച്ചേര്‍ത്ത് തിരുവിതാംകൂര്‍ രാജ്യം സ്ഥാപിക്കുകയും അത് ശ്രീ പത്മനാഭസ്വാമിക്ക് സമര്‍പ്പിച്ച് ഉടവാള്‍ നടക്കുവയ്ക്കുകയും, സ്വാമിയുടെ ദാസനായി ഉടവാള്‍ സ്വീകരിച്ച് ഭരണം നടത്തുകയും ചെയ്തു.

ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം കേരളത്തിന്റെ ഗവര്‍ണ്ണര്‍ പദവി അന്നത്തെ രാജാവായിരുന്ന ചിത്തിരതിരുനാളിനു വഗ്ദാനം ചെയ്തപ്പോള്‍ ശ്രീപത്മനാ‍ഭന്റെ ദാസനായ ഞാന്‍ മറ്റൊരാളുടെ അടിമപ്പണി ചെയ്യാന്‍ തല്പര്യപ്പെടുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴും വല്യ കൊമ്പത്തേ രാജാക്കന്മാര്‍ സോണിയയ്ക്ക് അടിമപ്പണി ചെയ്യുന്നതുകാണുമ്പോള്‍ അപ്പൂപ്പന്‍ ഇതൊക്കെ ഓര്‍ത്തു പോകും-ക്ഷമിക്കുക.

മാര്‍ത്താണ്ഡവര്‍മ്മയുടെ മന്ത്രിയായിരുന്നു രാമയ്യന്‍ ദളവ. അദ്ദേഹത്തിന്റെ ചില കഥ മുന്‍പു പറഞ്ഞിട്ടുണ്ട്. കുശാഗ്ര ബുദ്ധിയായിരുന്ന അദ്ദേഹത്തിന്റെ മിടുക്കുകൊണ്ട് കായംകുളം രാജ്യം പിടിച്ചതിനേ കുറിച്ച് ഒരു കഥയുണ്ട്.

അക്കാലത്തേ അതിശക്തനായ ഒരു രാജാവായിരുന്നു കായംകുളം രാജാവ്. രാമയ്യന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും ഏശിയില്ല. അവസാനം കുഞ്ചൈക്കുട്ടിപ്പിള്ള എന്ന ഒരാളുടെ സഹായത്തോടെ എവൂര്‍ എന്ന സ്ഥലത്ത് ഒരു സംബന്ധം സംഘടിപ്പിച്ചു.

അന്നത്തേ കാലത്ത് ബ്രാഹ്മണര്‍ക്ക് അതൊക്കെ വളരെ എളുപ്പമാണ്. ഈ കുഞ്ചൈക്കുട്ടിപ്പിള്ള പിന്നീട് തിരുവിതാ‍ാംകൂറില്‍ കാര്യക്കാര്‍-അതായത് ഇന്നത്തേ സെക്രട്ടറിയായി -നമ്മുടെ കണ്ഠീരവനേ കൊന്നത് കുഞ്ചൈക്കുട്ടിപ്പിള്ളയാണ്. വലിയ മാന്ത്രികനും ആയിരുന്നു. ആ കഥ പിന്നെ. അങ്ങനെ ഏവൂര്‍ താമസിച്ച് രാമയ്യന്‍ രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി. കായംകുളം രാജാവിന് അത്ഭുതശക്തിയുള്ള ഒരു മാണിക്യവും, ഒരു ശ്രീചക്രവുമുണ്ട്. ഇവ ഒരു ക്ഷേത്രത്തില്‍ വച്ചു പൂജിക്കുന്നതുകൊണ്ട് അദ്ദേഹത്തെ ആര്‍ക്കും തോല്പിക്കാന്‍ സാധ്യമല്ല.

ഇവ അടിച്ചുമാറ്റുന്നതിനേക്കുറിച്ചായി രാമയ്യന്റെ ചിന്ത. നിങ്ങള്‍ കൂടല്‍ മാണിക്യ ക്ഷേത്രമെന്നു കേട്ടിട്ടില്ലേ? അതിന് ആ പേരുകിട്ടിയത് കായംകുളം രാജാവിന്റെ കൈയ്യിലുണ്ടായിരുന്ന മാണിക്യം ആ ക്ഷേത്രത്തിലേ വിഗ്രഹത്തിലുണ്ടായിരുന്നെന്നു പറയപ്പെടുന്ന മാണിക്യത്തിലെക്ക് ചാടിപ്പിടിച്ച് ലയിച്ച് ഒന്നായി തീര്‍ന്നതിനു ശെഷമാണ്.

അയ്യോടാ-അതെന്തൊരുകഥ-ശ്യാമിന് വിശ്വസിക്കാന്‍ പ്രയാസം.

മക്കളെ പണ്ടത്തേ ബ്രാഹ്മണരുടെ അതിബുദ്ധികൊണ്ടാണല്ലോ നമ്മുടെ രാജ്യത്തിലേ സകല സ്ഥലങ്ങളും ബ്രഹ്മസ്വവും, ദേവസ്വവും ആയിത്തിര്‍ന്നത്. രണ്ടിടത്തും അവകാശം അവര്‍ക്കു തന്നെ. അതില്‍ ഒരു ചെറിയ ബുദ്ധി. ഒരു ദിവസം-കൂടല്‍ മാണിക്യം ക്ഷേത്രത്തിന്റെ പേര് അങ്ങനെയല്ലാതിരുന്ന കാലം--പൂജാരി രാവിലേ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ വിഗ്രഹത്തിന്റെ നെറ്റിക്ക് ഒരു ചുവന്ന പ്രഭ. അദ്ദേഹം സൂക്ഷിച്ചു നോക്കി-ഇതു മാണിക്യത്തിന്റെ പ്രഭയാണോ-ആയിരിക്കും--സംശയംതീര്‍ക്കണമല്ലോ-ക്ഷേത്രാധികാരിയേ വിളിച്ചു വിവരം പറഞ്ഞു.

അവരു കേറി നോക്കിയോ അപ്പൂപ്പാ‍.

അയ്യൊ-അമ്പലത്തിനകത്തോ-കൊള്ളാം-അതും പോരാഞ്ഞിട്ട് ഒരു പൂജാരിയേ അവിശ്വസിക്കുക-അവരു പറയുന്നതങ്ങ് വിശ്വസിച്ചേച്ചാല്‍ മതി. വെറുതേ നരകത്തില്‍ പോകണ്ടാ. കൂടിയാലോചനകള്‍ നടന്നു. കായംകുളം രാജാവിന്റെ കൈയ്യില്‍ ഒരു മാണിക്യം ഉണ്ടെന്നും അതു വരുത്തി ഈ പ്രഭയുടെ അടുത്തു കാണിച്ചാല്‍ സൂക്ഷ വിവരം അറിയാമെന്നും ഒരു ബുദ്ധിമാന്‍ നിര്‍ദ്ദേശിച്ചു. ഉടന്‍ അത് അംഗീകരിക്കപ്പെട്ടു. ദൂതനേ കായംകുളത്തേക്ക് വിട്ടു.

വിവരം കേട്ടു കായംകുളം രാജാവ് ബോധംകെട്ടു വീണില്ല. പക്ഷേ മാണിക്യത്തിന്റെ കാര്യം പോക്കായെന്നു തന്നെ മനസ്സിലായി. പക്ഷേ കൊടുക്കാതിരിക്കാന്‍ പറ്റുമോ--ബ്രഹ്മാവിന്റെ മുഖത്തുനിന്നുവന്ന ബ്രാഹ്മണനാണ് വന്നിരിക്കുന്നത്. അദ്ദേഹം മാണിക്യം കൊടുത്തു. അതു കൊണ്ടുപോയി വിഗ്രഹത്തിന്റെ നെറ്റിയുടെ അടുത്തു കാണിക്കുകയും-മാണിക്യം തവള ചാടുന്നതുപോലെ ഒറ്റച്ചാട്ടം-ആവിഗ്രഹത്തിന്റെ നെറ്റിയില്‍ കണ്ട പ്രഭയോട് ചേര്‍ന്ന്-ജീവാത്മ്മാവ് പരമാത്മാവില്‍ ലയിക്കുന്നതു പോലെ ലയിച്ചു ചേര്‍ന്നു.

ഇതു കാണാനുള്ള ഭാഗ്യം പൂജാരിക്കുമാത്രം. ദൂതന്‍ വീണ്ടും കായംകുളത്തെത്തി.

ഹൊ-മാണിക്യം തിരിച്ചു കൊണ്ടുവന്നായിരിക്കും എന്നുവിഛരിച്ച് രാജാവ് ചെന്നു.

അങ്ങാണ് യഥാര്‍ത്ഥഭാഗ്യവാന്‍ -എന്തൊരുഭാഗ്യം-അങ്ങയുടെ മാണിക്യം ഭഗവാന്റെ നെറ്റിയിലേ മാണിക്യത്തോടു ചേര്‍ന്ന് സായൂജ്യം പ്രാപിച്ചിരിക്കുന്നു. ഇതോടു കൂടി അങ്ങയുടെ പേര് ആചന്ദ്രതാരമേ സന്തതിപ്രവേശമേ നിലനില്‍ക്കും.

അതെന്തോന്നാ അപ്പൂപ്പാ ഇപ്പപ്പറഞ്ഞത്. ആതിര ചോദിച്ചു.

ആ അതെനിക്കും നല്ല നിശ്ചയമില്ല. ഇങ്ങനൊരു ശൈലിയുള്ളതങ്ങുപറഞ്ഞെന്നേയുള്ളൂ.--

അതുകൊണ്ട് -ദൂതന്‍ പറഞ്ഞു--അമ്പലത്തിന്റെ അവകാശം അങ്ങയ്ക്കുകൂടി ആയി. അതിന്റെ ചെലവിനു വേണ്ട വസ്തുവകകള്‍ കൂടി ഉടനേ തന്നേക്കൂ. അമ്പലത്തിന്റെ പേരു തന്നെ ഞങ്ങള്‍മാറ്റി-കൂടല്‍മാണിക്യമെന്നാക്കി.

ഭാഗ്യം ഇങ്ങനെ ഇടിത്തീ പോലെ തന്റെ തലയില്‍ വന്നു വീഴണ്ടായിരുന്നെന്ന് കായംകുളം രാജാവിനു തോന്നിക്കാണും. വേണ്ട വസ്തുവകകള്‍ കൊടുത്തിട്ട്--കൂടല്‍മാണിക്യമല്ല-ഇസ്കല്‍മാണിക്യമാണ് എന്ന് അദ്ദേഹം പിറുപിറുത്തെന്നു പറയുന്നത് സത്യമാകാന്‍ ഇടയില്ല. കാരണം ഇസ്കല്‍ എന്ന പദം മലയാളത്തില്‍ വന്നത് ബ്രിട്ടീഷുകാര്‍ വന്നതിന് ശേഷമാണ്. (ഇതൊക്കെ പാറപ്പുറത്ത് സഞ്ജയന്റെ വാക്കുകളാണേ-അപ്പൂപ്പന് മോഷണക്കുറ്റം മത്രമേയുള്ളൂ). അങ്ങനെ മാണിക്യം പോയി.

ഇനി ശ്രീചക്രമാണ്. രാമയ്യന്‍ ഒരു ഭിക്ഷുവിന്റെ വേഷത്തില്‍ ശ്രീചക്രം വച്ചുപൂജിക്കുന്ന അമ്പലത്തില്‍ചെന്നു ഭജനമിരുന്നു. ഒരു ദിവസം ഒരു കുട്ടയില്‍ അമ്പലത്തിലേ നിര്‍മ്മാല്യപുഷ്പങ്ങളെല്ലാം വാരി തലയില്‍ വച്ചു. ഞാന്‍ ശ്രീചക്രം കൊണ്ടു പോവുകയാണ്. വെണമെങ്കില്‍ ഇപ്പം പിടിച്ചോണം എന്നു വിളിച്ചുകൂവികൊണ്ട് ഓടി.

ആള്‍ക്കാര്‍ പിന്‍ തുടര്‍ന്ന് പിടികൂടി. പരിശോധിച്ചപ്പോള്‍ എന്താ-കുറെ വാ‍ടിയ പൂക്കള്‍ മാത്രം. പിറ്റേ ദിവസവും-പിന്നെ തുടര്‍ച്ചയായി പലദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. ജനങ്ങള്‍ രാമയ്യനേ ഭ്രാന്തനെന്നു മുദ്രകുത്തി.

ഒരു ദിവസം രാമയ്യന്‍ വിളിച്ചു പറഞ്ഞു--ഇത് ഇതുവരെപ്പറഞ്ഞപോലല്ല. ഇന്നു ഞാനിതു കൊണ്ടുപൊവുകയാണ്. പിന്നെ പറഞ്ഞില്ലെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തരുത്.

അന്ന് ആള്‍ക്കാര്‍ വീണ്ടും രാമയ്യനേപിടിച്ച് പരിശോധിച്ചു. ഒന്നുംകാണാതെ വിട്ടു. അതിന്റെ അടുത്തദിവസവും രാമയ്യന്‍ ഇത് ആവര്‍ത്തിച്ചപ്പോള്‍ സഹികെട്ട നാട്ടുകാര്‍ പിടികൂടി പിടലിക്കു പിടിച്ച് പുറത്താക്കി-ഇനി മേലില്‍ ഇവിടെ കണ്ടുപോകരുതെന്നു പാറഞ്ഞയച്ചു. ആന്ന് ശ്രീചക്രം ആ കുട്ടയില്‍ ഉണ്ടായിരുന്നു.

രാമയ്യന്‍ ശ്രീചക്രം മാര്‍ത്താണ്ഡവര്‍മ്മയേ എല്പിച്ചു. അതു കഴിഞ്ഞുള്ള യുദ്ധത്തില്‍ കായംകുളം രാജാവ് പരാജയമടഞ്ഞു.

Comments (0)