ഒരു പ്രശ്നം

ഒരുത്തന്‍ പോയൊരുത്തിയായ്
ഒരുത്തിപെറ്റിരുവരായ്
ഇരുവരും കരുത്തരായ്
കരുത്തരും വിരുദ്ധരായ്
വിരുദ്ധരിലൊരുത്തന്റെ
ബന്ധൂന്റെ ശത്രൂന്റെ
ഇല്ലം ചുട്ടു കരിച്ചോന്റെ
അച്ഛന്റെ പേരെന്ത്---ആര്‍ക്കും പറയാം.

ഇത്തവണ പന്തയം പപ്പടവും ഉപ്പേരിയുമൊന്നുമല്ല--നൂറുരൂപ-ഒരു തരം -രണ്ടുതരം- മൂന്നുതരം--ശരി പറഞ്ഞോ.

സുല്ല്-ആതിര പറഞ്ഞു.

വേറേ ആരെങ്കിലും-നോ- ശരി- എന്നാ കേട്ടോ.

സൂര്യദേവന്റെ തേരാളി അരുണന്‍ എന്നൊരാളണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടോ--ഇല്ലേ-- എന്നാല്‍ അരുണനാണ്--ഗരുഡന്റെ ചേട്ടന്‍ ‍.

ഗരുഡന്റെ ചേട്ടനോ--ഉണ്ണി.

അതേ മോനേ. കദ്രു എന്നും വിനതയെന്നും രണ്ടു സഹോദരിമാര്‍--കദ്രു ആണ് നാഗമാതാവ്--വിനതയുടെ പുത്രന്മാരാണ് അരുണനും, ഗരുഡനും. വിനത പ്രസവിച്ചത് രണ്ട് മുട്ടകളാണ്. കദ്രുവിന് ആയിരം നാഗങ്ങള്‍ മക്കളായുണ്ടായിട്ടും വിനതയുടെ മുട്ട വിരിഞ്ഞില്ല. അവള്‍ സങ്കടത്തോടുകൂടി ഒരെണ്ണം പൊട്ടിച്ചു നോക്കി. പകുതി വളര്‍ച്ചയെത്തിയ ഒരു കുഞ്ഞ്. മാസംതികയാതെ പെറ്റ കുഞ്ഞിനേപോലെ--

അവന്‍ അമ്മയേ ശപിച്ചിട്ട് സൂര്യദേവന്റെ അടുത്തേക്കു പോയി-അദ്ദേഹത്തിന്റെ തേരാളിയായി കൂടി. വളര്‍ച്ച പ്രാപിച്ച് അതിസുന്ദരനായിത്തീര്‍ന്നു.

അരുണന്‍ ഒരു ദിവസം ലീവെടുത്തു--സ്വര്‍ഗ്ഗത്തില്‍ പോയി ഒന്നു കറങ്ങി. ഒരിടത്ത് അപ്സരസ്സുകളുടെ നൃത്തം--പക്ഷേ അങ്ങോട്ട് സ്ത്രീകളേ മാത്രമേ കയറ്റിവിടൂ. അരുണന്‍ സ്ത്രീ വേഷം കെട്ടി അകത്തു കയറി. നൃത്തം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ദേവേന്ദ്രന്‍ കണ്ടു.

ഇതേതാ ഒരു പുതിയ അവതാരം. ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ--അദ്ദേഹത്തിന് അവളേ വേണം- എന്തിന് ദെവേന്ദ്രന് അരുണനില്‍ ഒരു കുഞ്ഞു ജനിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. കുഞ്ഞിനെ ഗൌതമന്റെ ഭാര്യ അഹല്യയേ വളര്‍ത്താന്‍ ഏല്പിച്ചു.

സൂര്യന്‍ അരുണനേ നൊക്കിയിരിക്കുകയാണ്. ഒരു ദിവസത്തേ ലീവിനു പോയതാണ്. കൊല്ലം ഒന്നാകാന്‍ പൊകുന്നു. നമ്മുടെ സാരഥി എവിടെ-സൂര്യന്‍ വിഷമിച്ചു.

അങ്ങിനെ ഇരിക്കുമ്പോള്‍ ദാ വരുന്നു. ആളൊന്നു മിനുങ്ങിയിട്ടുണ്ടല്ലോ. ആബ്സെന്‍സ്സ് വിതൌട്ട് ലീവ്-എക്സ്പ്ലെനേഷന്‍ -ഡിസ്മിസ്സല്‍-സൂര്യന്‍ ആലോചിച്ചു. ആദ്യമായി കാര്യം ചോദിക്കാം. ചോദിച്ചു--

ദേ അരുണനു നാണം--സ്വതേ ചുവന്ന മുഖം രക്ത നിറമായി--വിക്കി വിക്കി കാര്യമെല്ലാം പറഞ്ഞു. സൂര്യന്റെ ദേഷ്യമെല്ലാം പമ്പകടന്നു-അതിന്റെ സ്ഥാനത്ത് അകാംക്ഷ-- ആ സ്ത്രീരൂപം തനിക്കും കാണണം.

ആവശ്യമില്ലാത്ത നാണത്തോടെ മനസ്സില്ലാമനസ്സോടെന്നുള്ള നാട്യത്തോടെ അരുണന്‍ വീണ്ടും സ്ത്രീരൂപമെടുത്തു. ഇന്ദ്രന്റെ അസുഖം സൂര്യനും. അരുണനു രണ്ടാമത്തേ കുഞ്ഞ്. അതിനേയും അഹല്യയേഏല്പിച്ചു. അരുണന്‍ ശിക്ഷയില്‍നിന്നും രക്ഷപെട്ട് ജോലിയില്‍ പ്രവേശിച്ചു.

സ്വതവേ കൊപിഷ്ടനായ ഗൌതമന് പിള്ളാരുടെ കുസൃതികൊണ്ട് പൊറുതിമുട്ടി. ഒരു ദിവസം ശാഠ്യം മാറ്റാന്‍ അഹല്യ രണ്ടു പേരേയും രണ്ടു എളിയിലും എടുത്തു ശാന്തരാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൌതമന്‍ എന്തോ കാര്യത്തിന് അഹല്യയേ വിളിക്കുകയും-അഹല്യ രണ്ടുപേരേയും കൊണ്ടു നടക്കുന്നതു കണ്ട്- കുരങ്ങനേപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്ന ഈ പിള്ളാര്‍ കുരങ്ങന്മാരായിപോട്ടെ എന്നു ശപിച്ചു. ഒറ്റച്ചാട്ടത്തിന് രണ്ടു പേരും മരത്തിന്റെ മുകളില്‍ എത്തി--

വീണ്ടും ഉപദ്രവം-അവസാനം നാരദന്‍ വന്ന് രണ്ടു പേരേയും കിഷ്കിന്ധയില്‍ കൊണ്ടുപോയി അവിടുത്തേ രാജാവിനേ ഏല്പിച്ചു-വളര്‍ത്താന്‍ ‍.

ദേവേന്ദ്രന്‍ ഒരിക്കല്‍ മോനേക്കാണാന്‍ വന്നപ്പോള്‍ അവന്റെ കോലം കണ്ട് ഒരു മാല സമ്മാനിച്ചു. ഈമാല ധരിച്ചിരിക്കുമ്പോള്‍ നിന്റെ മുമ്പില്‍ എതിരാളിയായിവരുന്നവന്റെ ശക്തിയുടെ പകുതി നിനക്കു ലഭിക്കുന്നതാണ് എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അതാണ് ബാലി-മറ്റവന്‍ സുഗ്രീവന്‍ .

ബാലി സുഗ്രീ‍വന്മാര്‍ അതി ശക്തന്മാ‍രായി വളര്‍ന്നു. കിഷ്കിന്ധ പ്രബലമായ ഒരു രാജ്യമായി തീര്‍ന്നു. രാവണനേ കെട്ടിയിട്ട കഥയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. ഒരിക്കല്‍ മായാവി എന്നൊരസുരന്‍ വന്ന് ബാലിയേ വെല്ലുവിളിച്ചു.

അതേ-- അപ്പൂപ്പാ മയന്റെ മകന്‍ മായാവിയേ ബാലി കൊന്നെന്ന് ഇന്നാളില്‍ പറഞ്ഞു--ആതിരയ്ക്ക് പറഞ്ഞ കഥയൊക്കെ നല്ല ഓര്‍മ്മയാണ്--പക്ഷേ ആരാണീ മയന്‍ .

അതു പറയാം--അസുര ശില്പിയാണു മയന്‍ ‍.

അപ്പോള്‍ ദേവ ശില്പി അരാണ്--കിട്ടു.

വിശ്വകര്‍മ്മാവാണ് ദേവശില്പി. ധര്‍മ്മപുത്രര്‍ക്ക് മായാസഭ ഉണ്ടാക്കി കൊടുത്തത് മയനാണ്.

മാ‍യാ സഭയോ-അതെന്തോന്നാ-രാംകുട്ടന്‍ ‍--

ഇതൊന്നുമറിയാ‍ന്‍ വയ്യായോ-ങാ പറയാം. പണ്ഡവന്മാരും, കൌരവന്മാരും തമ്മില്‍ വീതംവെപ്പുകഴിഞ്ഞ്-പാണ്ഡവന്മാര്‍ക്ക്കിട്ടിയത് ഒരു കാട്ടുപ്രദേശമാണ്. അവിടെ അവര്‍ തലസ്ഥാനം ഉണ്ടാക്കാന്‍ സ്ഥലമെല്ലാം വെട്ടിത്തെളിച്ച് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ മയന്‍ അവിടെ വന്നു. തലസ്ഥാനം താന്‍ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു.

നിക്കണേ ഒരുസംശയം--ശ്യാം കുട്ടനാണ്--പാണ്ഡവന്മാര്‍ അസുരന്മാരാണോ?

അല്ല. പിന്നെ മയനെന്തിനാ അവര്‍ക്ക് തലസ്ഥാനം ഉണ്ടാക്കിക്കൊടുക്കുന്നത്--ശ്യാമിന്റെ സംശയം തീരുന്നില്ല.

അതുഞാന്‍ പറഞ്ഞിട്ടില്ലേ-അര്‍ജ്ജുനന് ഗാണ്ഡീവം കിട്ടിയ കഥ--ഖാണ്ഡവവനം ദഹിപ്പിക്കാന്‍ അഗ്നിയേ സഹായിച്ചത്--അന്ന് ഈ മയനും ആ തീയില്‍ പെട്ട് ദഹിച്ചു പൊകേണ്ടതാണ്. അര്‍ജ്ജുനന്‍ അന്ന് മയനേ രക്ഷിച്ചു. അതിന്റെ ഉപകാരസ്മരണയായിട്ടാണ് മയന്‍ തലസ്ഥാനം ഉണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞത്. അങ്ങനെ ഉണ്ടാക്കിക്കൊടുത്തതാണ് മായാസഭ.

വെള്ളം ഉള്ളിടത്ത് ഇല്ലെന്നു തോന്നും--ഇല്ലാത്തിടത്ത് ഉണ്ടെന്നു തോന്നും--അങ്ങനെ പലതരംവൈചിത്ര്യങ്ങള്‍ ഉള്ളതാണ് മായാസഭ. അതില്‍കൂടി നടന്ന് ദുര്യോധനന് അമളിപറ്റിയതാണല്ലോ ഭാരതയുദ്ധത്തിന്റെ ഒരു പ്രധാന കാരണം. അതു പോട്ടെ. ആ മയന്റെ മകളാണ് മണ്ഡോദരി-രാവണന്റെ ഭാര്യ--മകന്‍ മായാവി-അവനാണ് ബാലിയെ വെല്ലുവിളിച്ചത്. പണ്ട് രാജ്യങ്ങള്‍ പിടിച്ചടക്കാന്‍ രാജാക്കന്മാര്‍ പ്രയോഗിച്ചിരുന്ന ഒരടവാ‍ണ് --ഗുണ്ടകളേ വിട്ട് രാജ്യത്ത് അരാജകത്വമുണ്ടാക്കുക-എന്നിട്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നപോലെ രാജ്യം കൈക്കലാക്കുക-മുതലായപരിപാടികള്‍.

മൈസൂ‍രില്‍ നിന്നും കണ്ഠീരവന്‍ എന്നൊരുത്തന്‍ ധര്‍മ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറില്‍ വന്ന കാര്യം “രാമരാജാ ബഹദൂര്‍” എന്ന ചരിത്രാഖ്യായികയില്‍ സി.വി രാമന്‍പിള്ള സരസമായി പ്രതിപാദിച്ചിട്ടുണ്ട്. അങ്ങനെ രാവണന്‍ വിട്ട ആളായിരിക്കണം അളിയന്‍ മായാവി. അപ്പൂപ്പന്റെ ഊഹമാണേ-എങ്ങും കേറി പറഞ്ഞുകളയരുത്.

ഏതായാലും ബാലിയുടെ ഇടികൊണ്ട് മായാവി ഓടി--ബാലി വിടുമോ-പുറകേ ബാലി-ചേട്ടന്റെ പുറകേ സുഗ്രീവന്‍ .. മൂന്നു പേരും കൂടി ഓടി ഓടി-മായാവി ഒരു ഗുഹയില്‍ കയറി ഒളിച്ചു.

നീ വെളിയില്‍ നില്‍ക്ക് -ഞാന്‍ ഗുഹയില്‍ പോയി അവനേ ശരിപ്പെടുത്തിയേച്ചു വരാം--എന്തെങ്കിലും കാരണവശാല്‍ ഞാന്‍ മരിച്ചാല്‍ രക്തം ഗുഹാമുഖത്തു വരും--അസുരന്‍ മരിച്ചാല്‍ പാലാണു വരിക. രക്തം കണ്ടാല്‍ നീ ഗുഹാമുഖം അടച്ച് കിഷ്കിന്ധയില്‍ചെന്ന് രാജ്യം പരിപാലിക്കണം-എന്ന് സുഗ്രീവനോട് പറഞ്ഞേല്പിച്ചിട്ട് ബാലി ഗുഹയില്‍ കടന്നു.

ഒരു മാസം നിന്നിട്ടും ബാലിയേ കണുന്നില്ല. അവസാനം ഗുഹാമുഖത്ത് രക്തം--അസുരന്റെ മായ--ബാലി മരിച്ചെന്നു കരുതി സുഗ്രീവന്‍ ഒരു വലിയ കല്ലെടുത്ത് ഗുഹ അടച്ചിട്ട് കിഷ്കിന്ധയില്‍ പോയി-എല്ലവരോടും വിവരം പറഞ്ഞ് രാജാവായി.

മായാവിയെ കൊന്നിട്ട് ബാലി വന്നപ്പോള്‍ ഗുഹ അടച്ചിരിക്കുന്നു. തന്നേ കൊല്ലാന്‍ സുഗ്രീവന്‍ നടത്തിയ പണീയണെന്ന് ബാലി തീര്‍ച്ചപ്പെടുത്തി. ഒറ്റച്ചവിട്ടിന് അടച്ചിരുന്ന കല്ല് തെറിപ്പിച്ച് ഉഗ്രമൂര്‍ത്തിയായി അലറിക്കൊണ്ട് കിഷ്ക്കിന്ധയില്‍ എത്തി. ആരുടെ സമാധാനവും കേള്‍ക്കാതെ സുഗ്രീവനെ കൊല്ലാന്‍ ഓടിച്ചു. സുഗ്രീവന്‍ ഋശ്യമൂകാചലത്തില്‍ അഭയം പ്രാ‍പിച്ച കഥയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ.

ഇനി നമുക്ക് നമ്മുടെ പ്രശ്നത്തിലേക്കു വരാം--ഒരുത്തന്‍ പോയൊരുത്തിയായ്--അരുണന്‍ --ഒരുത്തിപെറ്റിരുവരായ്---ബാലി, സുഗ്രീവന്‍ --ഇരുവരും കരുത്തരായ്; കരുത്തരും വിരുദ്ധരായ്; അതും മനസ്സിലായല്ലോ--വിരുദ്ധരിലൊരുത്തന്‍ -സുഗ്രീവന്‍ --സുഗ്രീവന്റെ ബന്ധു--ശ്രീരാമന്‍ ; ശ്രീരാമന്റെ ശത്രു--രാവണന്‍ ‍; രാവണന്റെ ഇല്ലം ചുട്ടുകരിച്ചത്-ഹനുമാന്‍ --ഹനുമാന്റെ അച്ഛന്റെ പേര്-മാരുതന്‍ ‍. തെരിഞ്ചിതാ?

Comments (1)

ഗൂഗിള്‍ ബസില്‍ സംശയം വന്ന വിഷയം
വിശദം ആയി കാണാന്‍ വന്നത് ആണ്...
കൊള്ളാം.