കണ്ണുണ്ടായാല്‍ പോരാ കാണണം

അപ്പൂപ്പാ ഈ പരീക്ഷയാണെന്നു പറഞ്ഞ് അമ്മയും അച്ഛനും എപ്പഴും വഴക്കാണ്. ഞാന്‍ വായിച്ചെന്നു പറഞ്ഞാല്‍-വായിച്ചാല്‍ പോരാ പഠിക്കണമെന്ന് പറയും--വെറുതേ ഇരിക്കുമ്പോള്‍ വായിക്കാന്‍ പറയും. ഒരു സ്വൈരവുമില്ല. ഈ വായിച്ചാല്‍ പോരാ പഠിക്കണമെന്നു പറഞ്ഞാല്‍ എന്തവാ അപ്പൂപ്പാ അര്‍ത്ഥം. കിട്ടുവിന് പബ്ലിക്ക് പരീക്ഷയാണ്. അതാണ് പ്രശ്നം.

മക്കളേ പണ്ട് ഷംസുദീന്‍ എന്നൊരാള്‍ അറേബ്യയിലേ മരുഭൂമിയിലുള്ള് ഒരു പാതയിലൂടെ പതുക്കെ നടനു പോകുകയായിരുന്നു. ചുറ്റുപാടും നോക്കി ആസ്വദിച്ചുകൊണ്ടായിരുന്നു യാത്ര. അപ്പോള്‍ നമ്മുടെ നിസ്സാം ഓടിക്കിതച്ചു വരുന്നു. ഷംസുദീനേ കണ്ട് അയാള്‍ അണച്ചുകൊണ്ട് ചോദിച്ചു. നിങ്ങള്‍ ഒരൊട്ടകത്തിനേ കണ്ടോ?

ഷംസുദീന്‍:- (അല്പം ആലോചിച്ച്) ഒരു കാല്‍ മുടന്തുള്ളതാണോ?
നിസ്സാം:- അതെ. എവിടെയാണത്?
ഷംസുദീന്‍:- അതിന്റെ ഇടത്തു കണ്ണിനു കാഴ്ചയില്ല. അല്ലേ?
നിസ്സാം:- അതേ അതു തന്നെ‌.
സംസുദീന്‍:- അതിന്റെ മുന്‍ വശത്ത് മുകളിലേ നിരയിലേ ഒരു പല്ലില്ല. അല്ലേ?
നിസ്സാം:- ശരിയാണ്. അതു തന്നെയാണ് എന്റെ ഒട്ടകം.
ഷംസുദീന്‍:- അതിന്റെ പുറത്ത് ഒരുഭാഗത്ത് സഞ്ചിയില്‍ ഗോതമ്പും, മറുവശത്ത് ശര്‍ക്കരയും ആയിരുന്നു അല്ലേ?
നിസ്സാം:- എന്റിഷ്ടാ അതുതന്നെ. അതെവിടെയാണെന്ന് ഒന്നു വേഗം പറയൂ.
ഴംസുദീന്‍:- എനിക്കറിയില്ല. ഞാന്‍ അതിനേ കണ്ടിട്ടുപോലും ഇല്ല.

ഹെന്ത്! പിള്ളാരെല്ലാം ഒന്നിച്ചു ചോദിച്ചു.

അതേ മക്കളേ ഇതു തന്നെയാണ് നിസ്സാമും ചോദിച്ചത്. തന്നെയുമല്ല അയാള്‍ ആളേക്കൂട്ടി ഷംസുദീനേ കാലിഫിന്റെ അടുത്തെത്തിച്ച്, ഈയാള്‍ എന്റെ ഒട്ടകത്തിനേ മോഷ്ടിച്ചെന്ന് പരാതി പറയുകയും ചെയ്തു.

അങ്ങനെ തന്നെ വേണം-ആതിര പറഞ്ഞു. ഇങ്ങനെ നട്ടാല്‍ മുളക്കാത്ത കള്ളം പറയരുതല്ലോ. എന്നിട്ട് കാലിഫ് എന്തു ചെയ്തു.

ങാ കേട്ടോളൂ.
കാലിഫ്:- നിങ്ങള്‍ ഈയാളുടെ ഒട്ടകത്തിനേ മോഷ്ടിച്ചോ?
ഷംസുദീന്‍ :- ഇല്ല. ഞാനതിനേ കണ്ടിട്ടില്ല.
നിസ്സാം:- പിന്നെ അതിന്റെ ഒരു കാലിനു മുടന്തുണ്ടെന്ന് എങ്ങിനെ അറിഞ്ഞു?
ഷംസുദീന്‍ :- അതു നടന്ന പാതയില്‍ ഒരു കാല്‍ ശരിക്കു പതിഞ്ഞിരുന്നില്ല. മറ്റു മൂന്നു കാല്‍പാടുകളുംവ്യക്തമായി കാണാമായിരുന്നു. അതുകൊണ്ട് അതിന്റെ ഒരുകാല്‍ സ്വാധീനമില്ലാത്തതാണെന്ന് നിശ്ചയിച്ചു.
നിസ്സാം:- ശരി. അതിന്റെ ഇടത്തുകണ്ണിനു കാഴ്ചയില്ലെന്ന് എങ്ങിനെ മനസ്സിലായി?
ഷംസുദീന്‍ :- അതോ. അതു നടന്നിരുന്ന വഴിയില്‍ രണ്ടു വശത്തും നിറച്ചു ചെടികളായിരുന്നു. വലത്തുവശത്തുള്ള ചെടികള്‍ മാത്രമേ അതു കടിച്ചതായി കണ്ടുള്ളൂ. അപ്പോള്‍ അതിന്‍ ഇടത്തുകണ്ണിന് കാഴ്ചയില്ലെന്ന് മനസ്സിലായി.
നിസ്സാം:- അതിന്‍ മുന്‍ നിരയില്‍ ഒരു പല്ലില്ലെന്നു പറഞ്ഞതോ?
ഷംസുദീന്‍ :- അത് നിസ്സരമല്ലേ? അതു കടിച്ചിരുന്ന ഇലയില്‍ ഒന്നും ഒരു പല്ലു പതിഞ്ഞിരുന്നില്ല.
നിസ്സാം:- അതിന്റെ പുറത്തുണ്ടായിരുന്ന സാധനം എങ്ങിനെ അറിഞ്ഞു. അതു നിങ്ങള്‍ എടുത്തതു തന്നെ-കാലിഫിനോട്-പൊന്നുടയതേ എന്റെ ഒട്ടകത്തിനേ ഈയാളുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചു തരണേ-ഞാനൊരു പാവമാണേ.
കാലിഫ്:- പറയടോ. അതിന്റെ പുറത്തുണ്ടായിരുന്ന സാധനം താന്‍ എങ്ങിനെ അറിഞ്ഞു?
ഷംസുദീന്‍ :- ഹുസൂര്‍, പറയാം. ഒട്ടകം നടന്നിരുന്ന വഴിയുടെ ഒരു വശത്ത് ഉറുമ്പുകള്‍ ഗോതമ്പു മണികള്‍ കൊണ്ടുപോകുന്നതും, മറ്റേ വശത്ത് ശര്‍ക്കര തുള്ളീകളില്‍ ഈച്ച ആര്‍ക്കുന്നതും കണ്ടു. അതു രണ്ടുമായിരുന്നു അതിന്റെ പുറത്തെന്നു തീരുമാനിച്ചു. നിസ്സാം അതെല്ലാം സമ്മതിക്കുകയും ചെയ്തല്ലോ.

കാലിഫ് വിധി പറഞ്ഞു. നിസാമിനോട്--എടോ കണ്ണുണ്ടായാല്‍ പോരാ കാണണം. തലയിലും വല്ലോം വേണം. പോയി തന്റെ ഒട്ടകത്തിനേ കണ്ടു പിടിച്ചോളൂ. നിരപരാധികളുടെ മേല്‍ കുതിര കയറിയാല്‍‍---അദ്ദേഹം അര്‍ധോക്തിയില്‍ നിര്‍ത്തി. ഷംസുദീനേ അന്നു തന്നെ തന്റെ മന്ത്രിയായി നിയമിക്കുകയും ചെയ്തു.

അതുകൊണ്ടു മക്കളേ പുസ്തകം ചുമ്മാ വായിച്ചാല്‍ പോരാ. ആതിലെന്താണുള്ളതെന്ന് അലോചിച്ച് മനസ്സിലാക്കുകയും വേണം. ഇതാണ് അമ്മയും അച്ഛനും പറയുനത്. പോ-പോയി പഠിക്ക്.

Comments (0)