ചന്ദ്രായനം-ആരംഭം

ഇതാണ് ഞാന്‍ പറഞ്ഞ വീട്. സജി പറഞ്ഞു.

ഞാനും സജിയും കൂടി ഹരിപ്പാട്ടു നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെ അപ്പര്‍ കുട്ടനാട്ടിലുള്ള ഒരു പഴയ വീട്ടില്‍ എത്തി. ഒരു പ്രത്യേകതയുള്ള ആളിനേ കാണിച്ചു തരാമെന്ന് സജി പറഞ്ഞതനുസരിച്ചാണ് ഞങ്ങള്‍ അവിടെ എത്തിയത്.

ഇതെന്തോന്നാ അപ്പൂപ്പാ കഥ പറയാന്‍ വന്നിട്ട് നോവലെഴുത്തോ? രാംകുട്ടന്‍ നോവല്‍ വായനക്കാരനാണ്. അവനാണ് സംശയം.

ഇതൊരു പുതിയ തരം കഥ പറച്ചിലാ‍ാണ്. മുഷിയുമ്പോള്‍ കൊച്ചു കഥ പറയാം.

ഞാന്‍ അടുത്ത കാലത്തു പരിചയപ്പെട്ട ഒരാളാണ് സജി. ഒരു രസികന്‍ . കണ്ടാല്‍ ഒരു ഗറില്ലാ ലുക്കാണ്. എപ്പോഴും തമാശ. ആര്‍ക്കുവേണ്ടിയും എന്തു സഹായവും ചെയ്യാന്‍ റഡി. അങ്ങിനെയാണ് മുഹമ്മ ബോട്ടപകടസ്ഥലത്തുവച്ച് ഞാന്‍ ആദ്യമായി അയാളേ കണ്ടത്. ഒരു തവണ കണ്ടാല്‍ മറക്കില്ല. അപകടത്തില്‍ പെട്ടവര്‍ക്കും അവരേ അന്വേഷിച്ചു വരുന്ന ബന്ധുക്കള്‍ക്കും വേണ്ട കാര്യങ്ങള്‍ ചുറുചുറുക്കോടെ ഓടി നടന്നു ചെയ്തു കൊടുക്കുന്നു. ഒരൊറ്റയാന്‍ പട്ടാളം. രാഷ്ടീയ നേതാക്കന്മാരെത്തിയതോടെ സജി അപ്രത്യക്ഷനായി.

പിന്നീട് ഇതുപോലെ രണ്ടുമൂന്നു സ്ഥലങ്ങളില്‍ വച്ച് സജിയേ കണ്ടതോടെ അയാളേ പരിചയപ്പെടണമെന്നു തോന്നി. അങ്ങിനെ ഞങ്ങള്‍ പരിചയമായി

ഞാന്‍ ചോദിച്ചു- എന്താ ഈ നേതാക്കന്മാരേ കാണുമ്പോള്‍ മറഞ്ഞു കളയുന്നത്.

സജി ചിരിച്ചു. സാറേ പിന്നെ അവിടെ നിന്നാല്‍ അവന്മാരു പറയുന്നതു നമ്മള്‍ ചെയ്യണം. നമ്മള്‍ ചെയ്യുന്നത് അവരുടെ കല്പനാശക്തികൊണ്ടാണെന്ന് അവര്‍ ധരിക്കും. എന്റെ പിത്തക്കൂറിന് പിടിക്കത്തില്ല. എന്തിനാ സാറെ വെറുതേ- സജി അര്‍ദ്ധോക്തിയില്‍ വിരമിച്ചു.

ഇതുപോലെ ഒരാളേ എനിക്കറിയാം. ഇപ്പോള്‍ എവിടെയാണെന്നൊരു പിടിയുമില്ല. ഞാന്‍ പറഞ്ഞു.

പിന്നീടൊരു ദിവസം ആലപ്പുഴെ വച്ചു ഞാന്‍ സജിയേകണ്ടു. ഞാന്‍ ഹരിപ്പാടിനു പോവുകയാണെന്നും ഒരാളേ കാണാനുണ്ടെന്നും പറഞ്ഞപ്പോള്‍ സജി പറഞ്ഞു.”ഞാനുംവരുന്നു. എനിക്കു കോട്ടയം വരെ പോകണം. ഹരിപ്പാ‍ടു വഴി പൊയ്ക്കളയാം. സാറിനു ഇഷ്ടപ്പെടുന്ന ഒരാളേ കാണിച്ചു തരാം. ഞാന്‍ കുറേ നാളായി പുള്ളിയേ കണ്ടിട്ട്. എനിക്കും ഒന്നു കാണണം”

അങ്ങിനെയാണ് ഞങ്ങള്‍ ഈ വീട്ടില്‍ എത്തിയത്. അവിടെ ഒരാള്‍ -- ഏതാണ്ട് അറുപത്-അറുപത്തഞ്ച് വയസ്സു പ്രായം കാണും --ഒരു തോര്‍ത്തുമുണ്ടുടുത്തിട്ടുണ്ട്--പശുവിന് വെള്ളം കൊടുക്കുകയാണ്. ആകര്‍ഷകമായ കുസൃതി നിറഞ്ഞ മുഖഭാവം സ്വതസിദ്ധമാണ്. സജിയേ കണ്ട ഉടനേ “ ഹലോ സജിയോ വരൂ വരൂ--ഇതാരാ കൂടെ. ഞാനേ പശുവിന് ഈ വെള്ളമൊന്നു കൊടുത്തോട്ടെ.” എന്നിട്ട് അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു. “ ദേ സജി എത്തിയിട്ടുണ്ട്. വല്ല പദസരമോ, അരഞ്ഞാണമോ പിള്ളര്‍ക്ക് വേണമെങ്കില്‍ വന്നോ”

എനിക്ക് ഈയാളേ അറിയാം-ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷേ ഓര്‍മ്മ വരുന്നില്ല.

അയ്യോ വെള്ളിയാഭരണക്കച്ചോടമൊക്കെ ഞാന്‍ നിര്‍ത്തി സാറേ--സജി പറഞ്ഞു. ഇപ്പോള്‍ വേറേ പണിയാ. എന്നിട്ട് എന്നേ നോക്കി--ഇതാണ് ഞാന്‍ പറാഞ്ഞയാള്‍.

ഞങ്ങള്‍ തമ്മില്‍ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ടു മറന്ന മുഖം.ശബ്ദവും, ഭാഷയും പരിചിതം.

പെട്ടെന്ന് എന്റെ ഓര്‍മ്മ 1963-ലേക്ക് പാഞ്ഞു. ചന്ദ്രന്‍ ! ബോംബെയില്‍വച്ച് തന്റെ കഥകള്‍ കൊണ്ട് ഒരു സുഹൃത്സാമ്രാജ്യം സൃഷ്ടിച്ച ചന്ദ്രന്‍--സ്റ്റേറ്റ് ബാങ്കിലേ മലയാളി സമാജം പ്രസിഡന്റായിരുന്ന ചന്ദ്രന്‍. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് ഇത് 2007 ആണ്--നാല്പത്തിനാലു വര്‍ഷം. സജിയുടെ വര്‍ത്തമാനം കേട്ട് ഇതുപോലൊരാളേ എനിക്കറിയാമെന്നു പറഞ്ഞ അതേയാള്‍. ഇപ്പോള്‍ എവിടെയാണെന്നോ, എന്തു ചെയ്യുന്നെന്നോ-എന്തിന് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിഞ്ഞു കൂടായിരുന്നു.

ചന്ദ്രനും എന്നേ സൂക്ഷിച്ചു നോക്കി--താന്‍ ആ ബോംബെയിലേ പണിക്കര്‍--പെട്ടെന്ന് ഞങ്ങള്‍ കെട്ടിപ്പിടിച്ചു. മേലു മുഴുവന്‍ അഴുക്കാണ് ഞാനൊന്നു കുളിച്ചിട്ടു വരാം. ഇരിക്കൂ. ചന്ദ്രന്‍ പറഞ്ഞു.

സജി മേലോട്ടുനോക്കിനില്‍ക്കുകയാണ്. “ഇതെന്തു കഥ. ഇപ്പോള്‍ നിങ്ങളൊന്നായി. ഞാന്‍ പുറത്തും. ഞാന്‍ പരിചയപെടുത്താന്‍ കൊണ്ടുവന്നിട്ട്“--സജി പറഞ്ഞു.

ഇനി ഞാന്‍ പൈചയപ്പെടുത്താം--ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ പണ്ടേ പരിചയക്കാരാണ്. എന്നിട്ട് എന്നോട് ഇനി ഞാന്‍ സജിയേ നിങ്ങള്‍ക്കു പരിചയപ്പെടുത്താം.

വേണ്ടാ സാറേ-സജി ഇടയില്‍ കടന്നു പരഞ്ഞു.

അതൊന്നും ഞാന്‍ പറയത്തില്ലെടോ. ആട്ടെ താന്‍ കണ്ടില്ലേ എന്റെ പണി. ഒരാളേ വേണം.

ഇന്നു വേണോ? സജിയുടെ ചോദ്യം.

എത്രയും വേഗം വേണം. ഇന്നെങ്കില്‍ ഇന്ന്.

പ്രായം എത്രവരെ ആകാം?

അന്‍പതിനു മുകളിലായിരിക്കണം. ഈ പശുക്കളേ എല്ലാംകൂടി നോക്കാന്‍ വലിയ പ്രയാസം. പശുവിനേ കറക്കാന്‍ അറിയാവുന്ന ആളായിരിക്കണം.

ശരി ഞാനേറ്റു. സജി പറഞ്ഞു.

സജിക്ക് ഈ ബിസ്സിനെസ്സും ഉണ്ടോ? മിഴിച്ചു നിന്ന ഞാന്‍ ചോദിച്ചു.

കൊള്ളാം. ഇത് സജിയേ പരിചയപ്പെടുത്തുന്നതിന്റെ ഒന്നാം പടിയാണ്. സജിക്ക് ഇല്ലാത്ത ബിസ്സിനസ്സോ ചെയ്യാന്‍ പറ്റാത്ത കാര്യമോ ഇനി പുതുതായി ഉണ്ടാകണം. ഇത് എന്റഭിപ്രായമല്ല. സജിയുടെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞതാണ്. ഒരിക്കല്‍ അയാള്‍ സജിയോടു പറഞ്ഞുപോലും--സജീ എന്റിഷ്ടാ എനിക്കൊന്നു പ്രധാനമന്ത്രിയാകണം.

ഉടന്‍ സജി പറഞ്ഞുപോലും--അതിനെന്താ കുട്ടാ ഇന്നു വൈകിട്ട് പ്രസിഡന്റ് എന്നേ കാണണമെന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍ ഈ കാര്യം പറഞ്ഞു ശരിപ്പെടുത്താം.

അതാണ് സജി ആര്‍ക്കെന്തു വേണമെന്നു പറഞ്ഞാലും നിരാശപ്പെടുത്തില്ല. നടക്കുന്നതു നിങ്ങളുടെഭാഗ്യം പോലിരിക്കും. ഞങ്ങള്‍ മൂന്നു പേരും ചിരിച്ചു.

ഹേയ് ഇതങ്ങനെയല്ല. നമ്മുടെ കസ്റ്റഡിയില്‍ ഒരാളുണ്ട്. സജിപറഞ്ഞു. ഞാനടുത്ത ദിവസം-നാളെയും മറ്റന്നാളും പറ്റില്ല- ഇടുക്കിയില്‍ പോകുന്നുണ്ട്. അവിടെ ഒരാള്‍ ഒരു പണി വേണമെന്നു പറഞ്ഞിട്ടുണ്ട്.
@ @ @ @ @ @ @ @ @ @ @ @ @ @ @ @ @ # # # # #

ചന്ദ്രന്‍ കുളി കഴിഞ്ഞു വന്നു. ഞങ്ങള്‍ മൂനു പേരും അകത്തിരുന്നു ചായ കുടിച്ചു.

ചന്ദ്രാ അന്നു നമ്മള്‍ പിരിഞതിനു ശേഷമുള്ള കാര്യങ്ങള്‍ എല്ലാം പറയണം. ഞാന്‍ പറഞ്ഞു. മാധവന്‍ നായര്‍ ഗള്‍ഫില്‍ നിന്നു വനിട്ടുണ്ടെന്നു തോന്നുന്നു. അയാളേയും ഒന്നു കാണണം. എനിക്ക് ഒന്നുരണ്ടാഴ്ചത്തേ പണിയുണ്ട്. അതു കഴിഞ്ഞ് ഞാന്‍ തയ്യാറായി വരം. നമുക്ക് പഴയതുപോലെ ഒന്നു കൂടണം.

എന്നേക്കൂടി അറിയിക്കണം. സജി പറഞ്ഞു. എനിക്ക് ചന്ദ്രന്‍ സാറിന്റെ കഥകള്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടമാ.

ശരി എന്നാല്‍ ഞങ്ങളിറങ്ങട്ടെ-ഞാന്‍ പറഞ്ഞു.

ഊണുകഴിഞ്ഞു പോകാം-ചന്ദ്രന്‍ പറഞ്ഞു.

പറ്റില്ല. ഇന്ന് തമ്പി വീട്ടിലെത്തുമെന്നും അവിടെനിന്നും ഊണു കഴിക്കണമെന്നും പറഞ്ഞു. ഞാന്‍ ചെല്ലാമെന്നേറ്റിട്ടുണ്ട്.

ഏതു തമ്പി?

ശ്രീകുമാരന്‍ തമ്പി. ഇന്നു വീട്ടിലെത്തും. അയാളുടെ അമ്മയുടെ ശ്രാദ്ധമൊ മറ്റോ ആണ്.

ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. പോകുന്നതിനിടയില്‍ സജി ചോദിച്ചു. ചന്ദ്രന്‍ സാറെന്താ ഊണു കഴിക്കാന്‍ നിര്‍ബ്ബന്ധിക്കാഞ്ഞത്?

ഞാനുറക്കെ ചിരിച്ചു. തനിക്ക് ചന്ദ്രനേ അറിയാന്‍ വയ്യ. ബൊംബെയില്‍ വച്ച് ഒരു രാത്രിയില്‍ അയാളുടെ ഒരു പരിചയക്കാരന്‍ വന്നു. പാവം ഊണുകഴിക്കാതെയാണ് വന്നത്. എന്നാല്‍ നമുക്ക് ഊണു കഴിച്ചിട്ട് വര്‍ത്തമാനം പറയാം-ചന്ദ്രന്‍ പറഞ്ഞു. ഓ ഇപ്പോള്‍ വേണ്ടാ പരിചയക്കാരന്റെ ലോഹ്യം. വീണ്ടും നിര്‍ബ്ബന്ധിക്കുമെന്നും അപ്പോള്‍ പോകാമെന്നുമാ‍ണ് പാവം വിചാരിച്ചത്. ചന്ദ്രന്‍ ഒന്നും മിണ്ടാതെ അയാളേ ഇരുത്തി സംസാരം തുടങ്ങി. അയാളിരുന്നു പരുങ്ങുന്നതു കണ്ട് ചന്ദ്രന്‍ പറഞ്ഞു. മോരൊണ്ട് പക്ഷേ ചോറില്ല. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. അപ്പോള്‍ ചന്ദ്രന്‍ ആ കഥ പറഞ്ഞു. പണ്ട് ഒരാള്‍ അതിഥിയായി ഒരു വീട്ടില്‍ ചെന്നു. ഊണുകഴിക്കാന്‍ വിളിച്ചപ്പോള്‍ വേണ്ടാ എന്നു പറഞ്ഞു. ഗൃഹനാഥന്‍ നിര്‍ബ്ബന്ധിക്കാന്‍ പോയില്ല. അവിടെ ചോറു കഷ്ടിയായിരുന്നു. നിര്‍ബ്ബന്ധിക്കാഞ്ഞപ്പോള്‍ അതിഥി ഒരു ചോദ്യം. മോരുണ്ടൊ? ചോറു കഷ്ടിയായിരുന്നതുകൊണ്ട് മോരില്ലെങ്കില്‍ ഈയാള്‍ ഊണു കഴിക്കത്തില്ലെന്നു വിചാരിച്ച് ഗൃഹനാഥന്‍ പറഞ്ഞു--അയ്യോ മോരില്ലല്ലോ. അപ്പോള്‍ അതിഥി ഹൊ സമാധാനമായി. ചോറുണ്ടേക്കാം-എന്നു പറഞ്ഞുപോലും. ഈ കഥ ഓര്‍ത്താണ് ഞാന്‍ ചിരിച്ചത്. നമ്മള്‍ അവിടെ കുറേനേരം കൂടി നിന്നിരുന്നെങ്കില്‍ നമ്മളോടും മോരുണ്ടെന്നു പറഞ്ഞേനേ.

തനി ചന്ദ്രന്‍ സാര്‍ സ്പെഷ്യല്‍--സജി സമ്മതിച്ചു.

അദ്ദേഹം ഒരു വലിയ അന്തരാഷ്ട്ര സംഘടനയുടെ ദേശീയ പ്രവര്‍ത്തകനായിരുന്നു-കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം. പുള്ളിയുടെ ആദര്‍ശ്ശങ്ങള്‍ക്ക് പിടിക്കാത്ത രീതി കണ്ടപ്പോള്‍ ചികിത്സയ്ക്കാണെന്നു പറഞ്ഞ് പോന്നു. ഒരു പ്രത്യേക സ്വഭാവം.

സജി പറഞ്ഞു.

അതു ശരി. ഇതൊക്കെ സജിക്കെങ്ങനെ അറിയാം.

കൊള്ളാം. ഞാനും അഞ്ചുകൊല്ലം പുള്ളിയുടെകൂടേ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ഞാന്‍ ഇദ്ദേഹതേ പരിചയപ്പെട്ടത് വളരെ നാടകീയമായ ഒരു സന്ദര്‍ഭത്തിലായിരുന്നു.

സംഘടനയുടെവക ഒരു നാലേക്കര്‍ സ്ഥലം--ആരോ സംഭാവന ചെയ്തതാണ്--വെറുതെ കിടക്കുകയാണ്. അവിടെ എന്തെങ്കിലും പ്രോജെക്റ്റ് ആരംഭിക്കാ‍ന്‍ ചന്ദ്രന്‍ സാറിനേ ചുമതലപ്പെടുത്തി. അതൊരു പ്രത്യേക സ്ഥലമാണ്.

ഗൌരിയമ്മയുടേയും, സുശീലാഗോപാലന്റേയും പ്രവൃത്തിമണ്ഡലം. ശല്യംകൊണ്ട് ഈ സ്ഥലത്തിന്റെ ഉടമസ്ഥര്‍ തലയില്‍നിന്ന് ഒഴിച്ചതാണ്. കേന്ദ്രം പലതവണ നിരോധിച്ച ഒരു സാംസ്കാരിക സംഘടനയാണ് ചന്ദ്രന്‍ സാറിന്റേത്.

ഈ സ്ഥലം ഉപയോഗപ്പെടുത്താന്‍ പലരേയും സംഘടന ചുമതലപ്പെടുത്തി നോക്കി. ഇതിനു മദ്ധ്യത്തിലൂടെ, നാട്ടുകാരുടെ വഴി--പണ്ട് എള്ളിന് ഏഴു വഴി എന്നു പറയുമ്പോലെ. നോക്കാനും പറയാനും ആരുമില്ലല്ലോ. സംഘടന വിടുന്ന ചുമതലക്കാരേ പതിനഞ്ച് ദിവസം--അല്ലെങ്കില്‍ കൂടിയത് ഒരുമാസത്തിനകം നാട്ടുകാര്‍ ഓടിച്ചിരിക്കും. അയാള്‍ പേടിച്ച് സംഘടനയില്‍ നിന്നു പോലും സ്ഥലം വിടും. ഇതാണ് ഈ സ്ഥലത്തിന്റെ ചരിത്രം.

എന്നാല്‍ ചന്ദ്രന് ഭയങ്കര രസമായിരുന്നിരിക്കും. ഞാന്‍ പറഞ്ഞു.

എന്താസാര്‍ അങ്ഗനെ പറഞ്ഞത്? സജിക്ക് സംശയം.

അല്ലാ. ആര്‍ക്കും പറ്റാത്ത ഏടാകൂടങ്ങളില്‍ തലയിടാന്‍ അങ്ങേരു പണ്ടേ മിടുക്കനാ. അതുകൊണ്ടു പറഞ്ഞതാ.

അതു ശരി. ഞാന്‍ പുള്ളിയേ ആദ്യമായി കാണുമ്പോള്‍ ഈ പറഞ്ഞ സ്ഥലത്ത് ലോറിയില്‍ നിന്നും ചുടുകട്ട ഇറക്കുന്നിടത്ത് നില്‍ക്കുകയാണ്. അപ്പോള്‍ നാട്ടുകാരായ കുറേ ചെറുപ്പക്കാര്‍--ഞാനും ആ നാട്ടുകാരനാണ്-വളരെ വാശിയോടുകൂടി അങ്ങോട്ടു പോകുന്നു. ഞാനും അവരുടെ കൂടെ കൂടി. അവരുടെ പോക്കും സംഭാഷണവും കണ്ടാല്‍ ഒരറ്റിപിടി ഉറപ്പിക്കാം. വെറുതേ കാണാന്‍ പറ്റുന്ന അടിപിടി. എവ്വിടെ പോയാലും വഴക്കുണ്ടാക്കുന്ന സെറ്റണ്.

അവര്‍ കട്ട ഇറക്കുന്ന സ്ഥലത്തെത്തി. സജി തുടര്‍ന്നു.

നിര്‍ത്തെടാ--കൂട്ടത്തിലേ നേതാവ് അലറി.. ഇവിടുത്തേ കയറ്റിറക്കുകാര്‍ സ്ഞങ്ങളാണ്. കട്ട ഞങ്ങളീറക്കും. ഇനി ഒറ്റയെണ്ണം കട്ടയില്‍ തൊട്ടുപോകരുത്. നേതാവിന്റെ താക്കീത്.

തുകേട്ട് ചന്ദ്രന്‍ സാര്‍ മുന്നോട്ടുനീങ്ങി പരമശാന്തനായി കട്ട ഇറക്കുനവരോട്--നിങ്ങളിനി ഇറക്കണ്ടാ. ഇവരിറക്കിക്കൊള്ളും എന്നു പറഞ്ഞു. കട്ടയിറക്കുകാര്‍ മാറിനിന്നു.

നിങ്ങളീവിടത്തുകാരാ? സൌമ്യമായി ചന്ദ്രന്‍ സാര്‍ ചോദിച്ചു.

അതെ. ആരോടു ചോദിച്ചിട്ടാ താന്‍ ഇവന്മാരേക്കൊണ്ട് കട്ട ഇറക്കിച്ചത്?

അല്ലാ. അഹന്ദ്രന്‍സാര്‍ അതേ ശാന്തതയില്‍ പറഞ്ഞു. നിങ്ങളേ ഞാന്‍ ആദ്യമായി കാണുകയാണ്. ഞാനൊരു മാസമായില്ലേ ഇവിടെ വന്നിട്ട്. ഇത്ര മാന്യതയുള്ളവര്‍ ഇവിടെയുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. നിങ്ങള്‍ ഇറക്കിക്കൊള്ളൂ.

താനെന്താ ഞങ്ങളേ കളിയാക്കുകയാണോ? നേതാവിന്‍ കണ്‍ഫ്യൂഷന്‍ .

അല്ല. ചന്ദ്രന്‍സാര്‍ പറഞ്ഞു. സ്വയം കട്ടയിറക്കാന്‍ ത്യ്യാറുള്ള ആളുകള്‍ ഇവിടെയുള്ളപ്പോള്‍ ഞാന്‍ ദൂരെനിന്ന് ആളേ വിളിക്കാന്‍ ബുദ്ധിമുട്ടിയില്ലേ എന്നു വിചാരിച്ചു. എന്നാല്‍ വേഗം ഇറക്കിക്കൊള്ളൂ. ലോറി തിരിച്ചു വിടണ്ടതാ.

അഞ്ഞൂറു രുപയാണ് ഞങ്ങളുടെ റേറ്റ്--ആയിരം കട്ടയ്ക്ക്-നേതാവു പറഞ്ഞു.

രേറ്റോ? ചന്ദ്രന്‍സാര്‍ നിഷ്കളങ്കതയോടെ ചോദിച്ചു. ഇത് ഈ നാട്ടുകാര്‍ക്കുവേണ്ടി ആശുപത്രി പണിയാന്‍ ഒരു കമ്പനി സൌജന്യമായി തന്ന കട്ടയാണ്. ഐറക്കിയവര്‍ കൂലിക്കാരല്ല. സേവനമാണ്. നിങ്ങള്‍ക്ക് സേവനം ചെയ്യണമെന്നുണ്ടെങ്കില്‍--ശരിക്കും നിങ്ങളാണ് ചെയ്യേണ്ടത്--ചെയ്യാം. അതു തന്നെയല്ല ഇതിന്റെ പണി രണ്ടാഴ്ചക്കകം തുടങ്ങും. ഇനിയും കട്ടയും സിമന്റും വരും. അത് ഇറക്കാനും മെയ്ക്കാട് പണിക്കും ആള് വേണം. ആഴ്ചയില്‍ ഒരുദിവസം രണ്ടുപേര്‍ വീതം വന്നു സഹായിച്ചാല്‍ വളരെ ഉപകാരമായിരിക്കും.

വാശിയോടെ വന്നവര്‍ക്ക് ആശയക്കുഴപ്പം. കട്ടയിറക്കിക്കൊണ്ടു നിന്നവരും സാമാന്യക്കാരല്ല. അവര്‍ പുഞ്ചിരിച്ചുകൊണ്ട് ഈ സംഭാഷണം ആസ്വദിക്കുകയാണ്. വന്നവര്‍ മുഖത്തോടുമുഖം നോക്കി കുറേനേരം നിന്നു. പിന്നീട് നേതാവ്--വാടാ ഇവന്റെ ഒരു സേവനം. നിന്നേ ഞങ്ങള്‍ കണ്ടോളാമെടാ എന്ന് ചന്ദ്രന്‍സാറിനേ നോക്കി അക്രോശിച്ചിട്ട് സ്ഥലം വിട്ടു. ചന്ദ്രന്‍ സാര്‍ മറ്റവരോട് കട്ട ഇറക്കിക്കൊള്ളാന്‍ കണ്ണുകൊണ്ട് കാണിച്ചു.

ഇതു പണിയാന്‍ മുന്‍കൈ എടുത്ത ഡോക്ടര്‍ ഒരു പഞ്ച പാവമാണ്. അദ്ദേഹം ഈ സംഘടനയ്ടെ പ്രസിഡന്റ്കൂടിയാണ്. താമസവും തല്‍ക്കാലം അവിടെത്തന്നെയാണ്. പുറത്തുനിന്നും ആള്‍ക്കാര്‍ വരുന്നതു കണ്ട് വിഷമിച്ച് അകത്തുകയറി ഇരിക്കുകയാണ്. ഇവര്‍ പോയിക്കഴിഞ്ഞ്--എന്റെ ചന്ദ്രാ മലപോലെ വന്നത് എലിപോലെ പോയല്ലോ എന്ന് അദ്ദേഹം പറഞ്ഞു. കൊള്ളാം.

ചന്ദ്രന്‍ സാര്‍ കണ്ണിറുക്കി കാണിച്ചു.

എനിക്ക് ചന്ദ്രന്‍ സാറിനേക്കുറിച്ച് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. എന്റെ ആദ്യത്തേ കൂടിക്കാഴ്ച. സജി പറഞ്ഞു.

ബോംബയില്‍ ഒരു സംഘര്‍ഷം ചന്ദ്രന്‍ കൈകാര്യം ചെയ്തത് ഞാനോര്‍മ്മിച്ചു. അടിച്ചു കരണക്കുറ്റി പൊട്ടിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നതു കണ്ടുകൊണ്ടാണ് ചന്ദ്രന്‍ അമ്മ്ഗോട്ടു വന്നത്. നേരേ ചെന്ന് അയാളുടെ ചെവിയില്‍ എന്തോ പറഞ്ഞു. പിന്നെ അയാളുടെ പൊട്ടിച്ചിരിയാണ് ഞങ്ങള്‍ കേട്ടത്.

എന്താണ് പറഞ്ഞത്-സജി ചോദിച്ചു.

നമ്മള്‍ അടിച്ചാല്‍ മതി. കരണക്കുറ്റി പൊട്ടിക്കൊള്ളും. വെറുതേ എന്തിനാ നമ്മള്‍ രണ്ടുംകൂടി ചെയ്തു ബുദ്ധിമുട്ടുന്നതെന്നാണ് അയാളോടു പറഞ്ഞത്.

ശരിക്കും ചന്ദ്രന്‍ സ്റ്റൈല്‍-സജി സമതിച്ചു.

ഒരു ദിവസം-സജി തുടര്‍ന്നു-ലോക്കല്‍ ഐ.ഡി (പോലീസ് ഇന്റെലിജെന്‍സ്)ആഫീസര്‍ എന്നോടു പറഞ്ഞതാണ്. “എന്തൊരു സാധനമാടോ തന്റെ ആപ്പീസില്‍ ഇരിക്കുന്നത്. ഞാനങ്ങേര്‍ക്ക് പണം പിരിച്ചുകൊടുക്കാന്‍ കൂടെ ചെല്ലണമെന്ന്. പണ്ടു നിരോധിച്ച സംഘടനയല്ലേടോ. അതിന്റെ ഇപ്പോഴത്തേ പ്രവര്‍ത്തനത്തേക്കുറിച്ച് അന്വേഷിച്ചു രെപ്പോര്‍ട്ടു ചെയ്യാന്‍ ഞാനവിടെ പോയി. അങ്ങേര്‍ കസേരയില്‍ മുന്വശത്തു തന്നെ ഇരിക്കുന്നു. ഞാന്‍ സൂത്രത്തില്‍ ചോദിച്ചു. എന്തൊക്കെയാ പരിപാടി?

അയാള്‍ പറഞ്ഞു-ഇവിടെ കുറേ അനാഥരായ ആളുകള്‍ ഉണ്ട്. ( പറയുന്നതിനിടയ്ക്ക്-മിണ്ടാന്‍ വയ്യാത്തൊരു നമ്പൂതിരി, ഒറ്റകാലുള്ള ഒരു ആദിവാസിപെണ്‍കുട്ടി, കുറേ വയസ്സായ സ്ത്രീകള്‍ ഇവരേയൊക്കെ സംരക്ഷിക്കാന്‍ പഞ്ചായത്തും, പോലീസുകാരും കൊണ്ടേല്‍പ്പിച്ചവര്‍ അവിടെയുണ്ട്.) അവരേ സംരക്ഷിക്കണം. പൈസക്കാണെങ്കില്‍ വലിയ ബുദ്ധിമുട്ട്. സാറിന് വലിയ ആള്‍ക്കാരേ പരിചയമുണ്ടല്ലോ. നമുക്കൊന്നു പോയി കുറേപ്പേരേക്കണ്ടാലോ. എനിക്ക് ഇവിടെ വലിയ പരിചയമില്ല. ഞാ‍ന്‍ ചുറ്റും നോക്കി-ആരെങ്കിലും കേള്‍ക്കുന്നുണ്ടോ--പണി പോകുന്ന കാര്യമാണ്. ഞാന്‍ ഒന്നുമല്ലാത്തഭാവത്തില്‍ ഒന്നു മൂളി.

ഉടനേ അയാള്‍ ഒരു പാഡും പേനയും എടുത്തുകൊണ്ടുവന്നു. സാറ് ആ അഡ്രസ്സെല്ലാം ഒന്നു പറഞ്ഞേരെ. നമുക്കു പോയി കാണാന്‍ എളുപ്പമുണ്ട്. എന്റെ സജീ ഞാനവിടുന്ന് രക്ഷപെട്ടകാര്യം എനിക്കേ അറിയാവൂ. അയാള്‍ സേവനത്തേക്കുറിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. പെട്ടെന്ന് ഒരാളെ കാണണമെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി. അപ്പോള്‍ അയാള്‍ പുറകില്‍ നിന്നു വിളിച്ചു പറയുന്നു-ഞാന്‍ അങ്ങോട്ടു വരാം എന്ന്.

ഞാന്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനല്ലേടോ. ചുറ്റിനും ശത്രുക്കളും. ആരെങ്കിലും കേട്ട് ആഫീസില്‍ പറഞ്ഞാല്‍ എന്റെ പണി എന്താകും. താന്‍ അയാളേ പറഞ്ഞു മനസ്സിലാക്കണം.” ഐ.ഡി ഒരു ദീര്‍ഘശ്വാസം വിട്ടു.

അന്നു ഞാന്‍ ചിരിച്ചതിനു കണക്കില്ല. സജി തുടര്‍ന്നു. ഞങ്ങളുടെ ആപ്പീസില്‍ സ്ഥിരമയി പൊയ്ക്കൊണ്ടിരുന്ന ഒരു പ്രവര്‍ത്തകനേ --അയാളുടെ വീട് തൊട്ടടുത്താണ്--വഴിയില്‍ തടഞ്ഞു നിര്‍ത്തി --എവിടെ പോന്നെടോ--എന്താണ് അവിടുത്തേ പരിപാടി--പണ്ടു നിരോധിച്ചതാണെന്നറിയാമല്ലോ. അകത്താകും-പറഞ്ഞേക്കാം. ഞാനിനിയും വരും--എന്നൊക്കെ പറഞ്ഞു വെരുട്ടികൊണ്ടിരുന്ന പുള്ളിയാണ് ഈ ഐ.ഡി.

അത് ആരാണെന്ന് ചന്ദ്രനെങ്ങനെ മനസ്സിലായി-ഞാന്‍ ചോദിച്ചു.

അതോ. ഈ പ്രവര്‍ത്തകന്‍ ഭയന്നു പോയി. ഞാന്‍ ഇനി കുറേ നാള്‍ ഇവിടെനിന്നും മാറി നിലക്കാന്‍ പോവുകയാണെന്ന് എന്നോടു പറഞ്ഞ്, ഈ വിവരവും പറഞ്ഞ് അയാള്‍ ഒരു ബന്ധുവീട്ടില്‍ പോയി. ഞാന്‍ ചന്ദ്രന്‍സാറിനോടു വിവരം പറഞ്ഞു. അയാളേ ഇങോട്ടൊന്നു പറഞ്ഞയക്കാമോ എന്നു ചന്ദ്രന്‍ സാറു ചോദിച്ചു. ഞാനാണ് പുള്ളിയേ അങ്ങോട്ടു പറഞ്ഞു വിട്ടത്. ഏതായാലും പിന്നെ ചന്ദ്രന്‍ സാറു പോകുന്നിടം വരെ അയാള്‍ ആ വ്അഴിക്കു വന്നിട്ടില്ല. സജി പറഞ്ഞു നിര്‍ത്തി.

ഞങ്ങള്‍ ഹരിപ്പാട്ടെത്തി. സാറേ പറയാനാണെങ്കില്‍ ഇതിലും രസകരമായ അനവധി കാര്യങ്ങള്‍ ഈ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇന്നു സമയമില്ലല്ലോ. സാറേതായാലും ഇതൊക്കെ എഴുതാന്‍ പോവുകയല്ലേ. ഇനി കാണുമ്പോള്‍ പറയാം. ഞാന്‍ കോട്ടയത്തേക്ക് പോവുകയാണ്. നാളെ ഇടുക്കിക്കു പോകണം. സജി പിരിഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞ് ഞാന്‍ ചന്ദ്രന്റെ വീട്ടില്‍ പോയി. എന്നേ പ്രതീക്ഷിച്ചിരിക്കുകയാണെന്നു പറഞ്ഞു ചന്ദ്രന്‍.

സജി ആളിനേ കൊണ്ടുവന്നോ? ഞാന്‍ ചോദിച്ചു.

ഹെവിടെ! കഴിഞ്ഞ ആഴ്ച ഞാന്‍ വിളിച്ചിരുന്നു. ചന്ദ്രന്‍ പറഞ്ഞു. അപ്പോള്‍ സജി പറയുകയാണ്--സാറേ ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്-അങ്ങോട്ടു വരാന്‍ . ആള് നാലുമണിക്ക് ഇവിടെ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വരും. ഞങ്ങള്‍ രണ്ട്പേരും കൂടി ഇന്നു വൈകിട്ട് ഏതെങ്കിലും സമയത്ത് അങ്ങെത്തും.

സജിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാനൊനും പറഞ്ഞില്ല.

ഇന്നലെ ഞാന്‍ വീനും വിളിച്ചു. അപ്പോള്‍ സജി--സാറെ ഞങ്ങള്‍ ബസ്സിലാണ്. അങ്ങോട്ടു വരുവാ. ഇപ്പോള്‍ അങ്ങെത്തും. ചായയ്ക്കു വെള്ളം അടുപ്പേല്‍ വച്ചോ.

ദേ ഇതുവരെ ആ ബസ്സ് ഇങ്ങെത്തീയില്ല. ചന്ദ്രന്‍ ചിരിച്ചു.

ഇങ്ങനെ ഒക്കെയാണെങ്കിലും നിങ്ങള്‍ എന്തിനാ അവനോടു പറഞ്ഞുകൊണ്ടിരിക്കുന്നത്? ഞാന്‍ ചോദിച്ചു.

അഠോ-ആളിനേകിട്ടിയാല്‍ സജി കൊണ്ടുവരും. വിശ്വസ്ഥനായിരിക്കുകയും ചെയ്യും. എന്തു കുഴപ്പം പറ്റിച്ചാലും സജി ഉത്തരവാദിത്വം എടുത്തോളും. എത്ര ആള്‍ക്കാരേയാണ് ഞങ്ങളുടെ പ്രോജെക്റ്റില്‍ കൊണ്ടു വന്നിരിക്കുനത്. ഒത്താലൊത്തു. അത്രയേ ഞാ‍ാ കരുതിയിട്ടുള്ളൂ. ചന്ദ്രന്‍ പറഞ്ഞു.

ശരി. ഞാന്‍ പറഞ്ഞു. ഞാന്‍ തന്റെ കഥ എഴുതാ‍ാന്‍ പോവുകയാണ്. എല്ലാം വിശദമായി പറയണം.

അയ്യോ! ഈ വട്ടന്റെ കഥയോ! ചന്ദ്രന്‍ ചോദിച്ചു. തനിക്കു വേറേ പണിയില്ലേ?

ലോകത്തില്‍ ഇത്തരം വട്ടന്മാര്‍ കുറവാണെടൊ. അവരുടെ കഥ് എല്ലാര്‍ക്കും രസിക്കും. ഇല്ലെങ്കിലും തനിക്കു നഷ്ടമൊന്നുമില്ലല്ലോ. ആട്ടെ താന്‍ ബൊംബയില്‍ നിന്നും പോന്നതില്‍ പിന്നുള്ള ചരിത്രം--വേഗം. വേഗം.

Comments (0)