അപ്പൂപ്പന്റെ കഥ പന്ത്രണ്ട്

മാവേലിക്കരയിൽ ഒളിച്ചിരുന്ന വീടിനേക്കുറിച്ച് പറഞ്ഞല്ലോ. കല്യേൽ ശൻകുപ്പിള്ളയുമൊത്ത്. വലിയച്ചന്റെ വലിയമ്മാവന്റെ മകനും, അനന്തരവളുടെ ഭർത്താവുമാണ് ശങ്കുപ്പിള്ള. നല്ലപോലെ വെള്ളമടിക്കും. അത് അളിയന്മാർക്ക് ഇഷ്ടമല്ല. പക്ഷേ അദ്ദേഹത്തിന്റടുത്ത് ഒരു പണിയും നടപ്പില്ല.

ഒരു ദിവസം അവരെല്ലാവരും കൂടി നാട്ടുകാരേയും കൂടി അദ്ദേഹത്തേ അധിക്ഷേപിക്കാൻ തീരുമാനിച്ചു. അതിന് പാട്ടകൊട്ടൽ എന്നൊരു പരിപാടിയാണ് അവർ അസൂത്രണം ചെയ്തത്. ഷാപ്പിൽനിന്നിറങ്ങുമ്പോൾ എല്ലാവരും കൂടി പാട്ടയും കൊട്ടി ബഹളമുണ്ടാക്കിക്കൊണ്ട് പുറകേ നടക്കും. സാധാരണ ആൾക്കാർ കയർക്കുകയും, കരയുകയും ഒക്കെ ചെയ്യും. പക്ഷെ ഇദ്ദേഹത്തിന്റെ പുറകേ പാട്ട കൊട്ടിക്കൊണ്ട് നടന്നവരാണ് നാണം കെട്ടത്.

വീടിനടുത്തെത്തിയപ്പോൾ അവർ കൊട്ടു നിർത്തി. അപ്പോൾ അദ്ദേഹം--അയ്യോടാ നിർത്തിയോ. ഞാനിവിടെ നില്ക്കാം നിനക്കൊക്കെ മതിയാകുന്നതുവരെ കൊട്ടിക്കോ--ഇതു കേട്ട് കൊട്ടുകാർ നണം കെട്ട് പിരിഞ്ഞു പോയി.

ഇതിനൊരു മധുരമായ പ്രതികാരം ചെയ്തകാര്യം പറയാനാണ്, ഈ കഥ പറഞ്ഞത്. പാട്ടകൊട്ടൽ നടന്നത് ഭാര്യവീട്ടിൽ താമസിക്കുമ്പോഴാണ്. അദ്ദേഹം സ്വന്തം വീട്ടിൽ--മാവേലിക്കരെ- -താമസിക്കുമ്പോൾ നടന്ന കാര്യമാണ് പറയുവാൻ പോകുന്നത്. അച്ഛന്‍ അവിടെ പോയി താമസിക്കാറുണ്ട്. വലിയമ്മാവന്റെ വീടല്ലേ. ഒരു ദിവസം പതിവുപോലെ ശങ്കുപ്പിള്ള വൈകിട്ടു കുളിക്കാൻ പോവുകയാണ്.

കുടിച്ചേ കുളിക്കൂ, കുളിച്ചേ ഉണ്ണൂ-ഇതാണ് പുള്ളിയുടെ രീതി. കുളിക്കാൻ പോയപ്പോൾ അച്ചനേയും വിളിച്ചു. അടുത്തുള്ള അച്ചൻകോവിലാറ്റിലാണ് കുളി. രണ്ടുപേരും കൂടി പോയി പുള്ളി ഒരു ഷാപ്പിൽ കയറി. അച്ഛനോട് വെളിയിൽ നിന്നുകൊള്ളാൻ പറഞ്ഞു. സൽസ്വഭാവിയല്ലേ.

ഇദ്ദേഹം അകത്തു ചെന്ന് കുടി കഴിഞ്ഞ് ഒരു കുപ്പി കള്ളുമായാണ് പുറത്തു വന്നത്. എനിട്ട് രണ്ടു പേരുംകൂടി നടപ്പാണ്. അവിടെ ഒരുപാട് ബന്ധുവീടുകളുണ്ട്. പോകുന്ന വഴിക്ക് അന്ന് എല്ലാ വീടുകളിലും കയറി. ഇടയ്ക്കുവച്ച് ഈ കുപ്പി ഒന്നു പിടിച്ചേ നാറാപിള്ളേ എന്നു പറഞ്ഞ് മുണ്ടുടുക്കാൻ ഭാവിച്ചു.

അച്ഛന്‍ കുപ്പി വാങ്ങി. അടുത്തൊരു വീട്ടിൽ കയറി. അച്ഛനേ പരിചയപ്പെടുത്തി.

ഇതെന്റെ അളിയനാണ്. പേര് നാറാപിള്ള. നല്ല സ്വഭാവം. ഈ കുടിയന്മാരേ ഒന്നും കണ്ണെടുത്താല്‍ കണ്ടു കൂടാ. ഇന്നാളിൽ എന്നേ പാട്ട കൊട്ടിയില്ലേ? അതിൽ പ്രധാനിയായിരുന്നു. ആദർശ്ശത്തിൽ പുള്ളിക്ക് ബന്ധുത്വമൊന്നും നോട്ടമില്ല എന്നൊക്കെ പറഞ്ഞ് അച്ഛനേ പുകഴ്തുകയാണ്.

കള്ളുകുപ്പി പിടിച്ചുകൊണ്ട് അച്ഛനും.

ഇങ്ങനെ കുറേ വീടുകളിൽ കയറി. അവർക്കെല്ലാം ഈ പാട്ടകൊട്ടിന്റെ കാര്യം അറിയാം. ഈ പുകഴ്തൽ പരിപാടി കുറേ കഴിഞ്ഞപ്പോഴാണ് അതിന്റെ ഒരു വൈരുദ്ധ്യാത്മകത അച്ഛന് തോന്നിയത്. പാട്ടകൊട്ടിന്റെ നേതാവിനേക്കൊണ്ട് കള്ളു കുപ്പി പിടിപ്പിച്ച് പുറകേ നടത്തിക്കുക. പക്ഷേ താമസിച്ചുപോയി മനസ്സിലാക്കാൻ.

ഇത് കുടുംബസദസ്സിൽ വച്ച് അച്ഛന്‍ തന്നെ പറഞ്ഞതാണ്. എന്തു രസം അല്ലേ.

അദ്ദേഹത്തിന്റെ ഭാര്യക്കും കള്ളുകുടി ഇഷ്ടമല്ല. പറഞ്ഞു പറഞ്ഞ് തൊറ്റപ്പോൾ ഒരു ദിവസം ഭാര്യ--അതായത് എന്റെ അപ്പച്ചി--പ്രഖ്യാപിച്ചു-ഇന്നു കുളിക്കാൻ ഞാനും വരുന്നു. കുടിക്കുന്നോന്ന് ഒന്നറിയണമല്ലോ.

കുളിക്കടവിലേക്കല്ലേ പൊക്ക്. അപ്പച്ചിയും കൂടെ ഇറങ്ങി. ഇദ്ദേഹം നേരേ ചെന്ന് ഒരു ഷാപ്പിൽ കയറി. ഷാപ്പുകാരനേ വിളിച്ചു പറഞ്ഞു. " ദേ ഇവൾ എന്റെ ഭാര്യയാണ്. ഷാപ്പിൽ കയറത്തില്ല. വല്യ തറവാട്ടുകാരിയാ. കിണറ്റുകര എന്നു കേട്ടിട്ടില്ലേ. അവിടുത്തേതാ. ഒരു ഗ്ളാസും പലകയും പുറത്തേക്ക് കൊടുത്തേരെ".

പാവം ഷാപ്പുകാരൻ ഒരു ഗ്ളാസ് കള്ളും ഒരു പലകയും കൊണ്ട് പുറത്തേക്കു വന്ന് അപ്പച്ചിക്കു നീട്ടി. അപ്പച്ചി തിരിഞ്ഞ് ഒരോട്ടം. ചെന്നു നിന്നത് വീട്ടിൽ. ഇതും അച്ഛന്‍ പറഞ്ഞതാണ്.

ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ

നാളത്തേ വിഷയം "ഭൂതദയ" ആണെന്നു പറയാൻ മണി പറഞ്ഞു. ക്ളാസിലേ കൂട്ടുകാരികളിലൊരാൾ പ്രഖ്യാപിച്ചു. ഞാൻ രവിലേ ക്ളാസിലേക്കു കയറിയതേയുള്ളൂ. എന്നേ നോക്കിയിരുന്നപോലെ. എന്തു ചെയ്യാനാ. ഞാൻ നിസ്സഹായനാണ്. എഴുതികൊടുക്കാതെ രക്ഷയില്ല. എന്തായാലും എഴുതിയെഴുതി ഞാൻ സ്കൂളിലേ മിക്ക് ക്ളാസിലേക്കുമുള്ള പ്രസംഗമെഴുത്തുകാരനായെന്നു പറഞ്ഞാൽ മതിയല്ലോ.

അതെഴുതിക്കൊടുത്തുകഴിഞ്ഞ് അടുത്ത ദിവസം രാവിലേ ക്ളാസിൽ വന്ന് അവൾ എന്നേ ഒരു നോട്ടം-ഉരുട്ടിപ്പിടിച്ച്. അവളു പറഞ്ഞപോലെ എന്നേക്കൊണ്ട് ചെയ്യിച്ചെന്നാണതിന്റെ അർത്ഥമെന്നു തോന്നി. പക്ഷേ എനിക്കു വിഷമം തോന്നിയില്ല. എന്തോ ഒരു രസം തോന്നുകയും ചെയ്തു. അവൾ ഒരക്ഷരം മിണ്ടാതെ അങ്ങു പോകുകയും ചെയ്തു.

ഇപ്പോൾ ഒരു പുതിയ ബന്ധത്തിന്റെ രൂപകല്പന. പിന്നീട് ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒരു മന്ദഹാസം മാത്രം. ഞാൻ ആ കൊല്ലം സ്കൂളിൽ നിന്നു പോകുന്നതുവരെ, രാവിലേ ക്ളാസിന്റെ വാതില്ക്കൽ ഞാൻ നില്ക്കും--അവൾ വരുമ്പോൾ ഒന്നു മന്ദഹസിക്കും-തീർന്നു. അങ്ങിനെ ആ എപ്പിസോഡ് അവസാനിച്ചു. ഞാൻ കോളേജിൽ ചേർന്നു.

ഋ ഋ ഋ ഋ ഋ ഋ ഋ

ഉദ്ധവരേക്കുറിച്ച് നിങ്ങൾക്കറിയാമല്ലോ. നമ്മുടെ കൃഷ്ണന്റെ കൂട്ടുകാരൻ. ദേവകിയുടെ സഹോദരി കംസയുടെ ഇളയ മകൻ. പുള്ളിക്കൊരു പറ്റു പറ്റി.

കരവീരപുരമെന്നൊരു രാജ്യമുണ്ടായിരുന്നു. അവിടുത്തേ രാജാവാണ് പൌണ്ഡ്രക വാസുദേവൻ. വിഷ്ണു ചിഹ്നങ്ങളെല്ലാം അണിഞ്ഞ് സ്വയം ദൈവമായി കൃഷ്ണനേ വെല്ലുവിളിച്ച് അദ്ദേഹത്താൽ വധിക്കപ്പെട്ട ആൾ. അയാൾക്ക് സുന്ദരിയായ ഒരു അനന്തരവൾ ഉണ്ടായിരുന്നു. ശൈബ്യയെന്നാണ് പേര്. കൃഷ്ണന്റെ കൂടെ കരവീരപുരത്തു പോയ ഉദ്ധവർ ശൈബ്യയേകണ്ട് കുടുങ്ങിപ്പോയി. അന്വേഷിച്ചപ്പോൾ തന്റെ ഗുരുവരനും അവളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലായി. ഉദ്ധവന് "ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്" അങ്ങനെ മെലിഞ്ഞ് വരുന്നതു കണ്ട് കൃഷ്ണന് ഒരു സംശയം-ഇവനേ ആരോ പിടികൂടിയിട്ടുണ്ടല്ലോ. ആ ശൈബ്യ ആയിരിക്കും.

ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്, കൃഷ്ണൻ ഉദ്ധവർ കിടക്കുന്നിടത്തു പോയി. ആള് ഉറങ്ങാതെ കിടക്കുകയാണ്. കൃഷ്ണനേക്കണ്ട് ഉരുണ്ടുപിരണ്ടെഴുനേറ്റു. കൃഷ്ണൻ ഉദ്ധവരേ കെട്ടിപ്പിടിച്ചു. കരുണയോടെ ചോദിച്ചു.

സ്നേഹിതാ നിനക്കെന്തുപറ്റി. നിനക്കെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു കുറേ ദിവസം കൊണ്ട് തോന്നുന്നു.

ഉദ്ധവർ പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീകൃഷ്ണറ്റെ മാറിൽ തലയതാഴ്ത്തി നിന്നു. കൃഷ്ണൻ ചോദിച്ചു--ശൈബ്യയാണോ? ഉദ്ധവർ ഗദ്ഗദത്തോടെ മൂളി.

നീ എങ്ങിനെയാണവളേ കാണുന്നത്-കൃഷ്ണൻ ചോദിച്ചു.
എനിക്കറിഞ്ഞു കൂടാ-ഉദ്ധവർ പറഞ്ഞു.
നീ ഒരു വഴിയോരതീയായിട്ടാണ് അവളെ കാണുന്നത്. കൃഷ്ണൻ പറഞ്ഞു.
ഉദ്ധവർ മേലോട്ടു നോക്കി കണ്ണു മിഴിച്ചു. അയാൾക്കൊന്നും മനസ്സിലായില്ല.
ക്ഷ്ണൻ പറഞ്ഞു സ്ത്രീകളേ കാണുമ്പോൾ നമുടെ മനസ്സ് വളരെ നിയന്ത്രിതമായിരിക്കണം. നീ ശൈബ്യയേ ഒരു വഴിയോരതീയായിട്ടാണു കാണുന്നത്. ആർക്കു വേണമെൻകിലും ചെന്ന് അതിന്റെ ചൂട് ആസ്വദിച്ചിട്ട് തന്റെ വഴിക്കു പോകാം. പ്രത്യേകിച്ചൊരു മമതയുടേയും ആവശ്യമില്ല. അതാണ് വഴിയോരതീ.

സ്ത്രീയേ ഹോമാഗ്നിയായി വേണം കണാൻ. മന്ത്രസഹിതം അഗ്നി ജ്വലിപ്പിച്ച് ദിവ്യമായ ഹവിസുകൾ അർപ്പിച്ച് പൂജിക്കുന്നതാണ് ഹോമാഗ്നി. സ്ത്രീക്കു ചുറ്റും ഹോമാഗ്നി ജ്വലിപ്പിച്ച് അവൾക്ക് ദിവ്യത്വം സങ്കല്പിക്കൂ. പിന്നെപ്രശ്നമില്ല. നീ അതു ചെയ്യൂ. നിന്റെ വിഷമങ്ങളെല്ലാം മാറും. ശൈബ്യയേ വിവാഹം ചെയ്ത് വംശം നിലനിർത്തണമെന്നൊന്നും നീ അലോചിച്ചില്ലല്ലോ. അതു വളറ്റെ തെറ്റാണ്. അവളേ വെറും വഴിയോരതീയായി കണ്ട് സ്വയം ബുദ്ധിമുട്ടിലായി.

ഇതൊന്നും അങ്ങ് ഇതുവരെ പറഞ്ഞു തന്നില്ലല്ലോ.
നീ ഈ പുലിവാലു പിടിക്കുമെന്ന് ഞാനറിഞ്ഞോ.
എന്തായാലും ഉദ്ധവർ അന്നു രാത്രി സുഖമായുറങ്ങി.

അ പന്ത്രൺറ്റുകാരിയുമായുള്ള ബന്ധത്തിന്റെ പൊരുൾ ഈ കഥ വായിച്ച്പ്പോൾ എനിക്കു പിടി കിട്ടി.

ഇതി സ്കൂൾ പർവ്വം സമാപ്തം.

Comments (0)