ചന്ദ്രന് നാട്ടില്‍ പോയി-മാധവന്‍ നായര്‍ അറിയിച്ചു.  അടുത്തദിവസം വൈകുന്നേരം ഞങ്ങള്‍ പതിവുപോലെ കൂടിയപ്പോള്‍.  
ജോലികിട്ടി അധിക നാളായില്ലല്ലോ. പിന്നെന്തിനാ ഇത്ര എളുപ്പം പോയത്?  ഞാന്‍ ചോദിച്ചു.  
അതേ-നിങ്ങള്‍ക്കവനേ ശരിക്കറിഞ്ഞുകൂടാ.  മാധവന്‍ നായര്‍ പറഞ്ഞു.  വീടും പരിസരങ്ങളുമായി അവന് വലിയ ആത്മബന്ധമാണ്.  മഹാഭാരതം കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന് അമ്മയേ ഓര്‍മ്മ വന്നെന്ന്.  അമ്മയാണ് അവന്‍ ഈ കഥകളെല്ലാം പറഞ്ഞു കൊടുത്തത്.  ജൊലിക്ക് ബോംബയിലെത്തിയതുതന്നെ മണ്ടത്തരമായെന്ന് എന്നോടു പറഞ്ഞു.  ഇന്ന് അവനു ബോണസ്സ് കിട്ടി.  തൊണ്ണൂറ്റഞ്ചു രൂപാ.  കേരളത്തിലേക്കു പോകാന്‍ മുപ്പത്തിരണ്ടു രൂപാ.  തിരിച്ചും അത്രയും.  പിന്നെയും കിടക്കുന്നു ബാക്കി. ഉടനേ അത്യാവശ്യം പറഞ്ഞ് പതിനഞ്ചു ദിവസത്തേ ലീവെടുത്തു.  വൈകിട്ടു വണ്ടി കയറി.  ഭാഗ്യത്തിന് എന്നോടു പറഞ്ഞു.  
വീട്ടിലേക്കൊന്നും വാങ്ങിച്ചുകൊണ്ടു പോകണ്ടേ-ഞാന്‍ അത്ഭുതം കൂറി.
ഹേയ്- അവന് അങ്ങനെയുള്ള ഫോര്‍മാലിറ്റികളൊന്നും ഇല്ല.  പോകണമെന്നു തോനിയാല്‍ അങ്ങു പോകും.  മാദവന്‍ നായര്‍ പറഞ്ഞു.  ഈ ലോകത്തില്‍ ഒരു കാര്യവും അവനു ഗൌരവമായില്ല.  ആരേയും വകവയ്ക്കില്ല.  ആരോടും എന്തും പറയും.  ചോദിച്ചപ്പോള്‍ പറയുകയാണ് --എനിക്കെന്റെ അച്ഛനേ പേടിയാണ്.  അതിലും വലിയ ഒരു പേടി ഈ ലോകത്തിലില്ലെന്ന്.  മാധവന്‍ നായര്‍ എന്തോ ആലോചിച്ച് അടക്കി ചിരിച്ചു.  
എന്താ താന്‍ ചിരിക്കുന്നത്?  ഞാന്‍ ചോദിച്ചു.
 അല്ലാ-ഇതു പറഞ്ഞപ്പോള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴുള്ള് ഒരു കാര്യം ഓര്‍ത്തു പോയി.  ആരോടും എന്തും പറയാന്‍ അവനു ഭയമില്ലെന്നു പറഞ്ഞില്ലേ?  സ്കൂളില്‍ ഒരു കൊച്ചു പെണ്ണിന്റെ മുമ്പില്‍ സ്തബ്ധനായി നിന്ന കാര്യം ഞാനോര്‍ത്തുപോയി.  ഒരക്ഷരം മിണ്ടാതെ.
ഈ ചന്ദ്രനോ!  ഞാന്‍ അത്ഭുതത്ത്ടെ ചോദിച്ചു.
ഇതാരോടും പറയരുത്.  ആര്‍ക്കും അറിഞ്ഞുകൂടാ.  എനിക്കൊഴിച്ച്.  ഒരു പന്ത്രണ്ടുകാരി.  അവന് അവളേ വലിയ ഇഷ്ടമാണ്.  അന്ന് പതിന്നാലു വയസ്സാണ് ഞങ്ങള്‍ക്ക്.  അവര്‍ രണ്ടുപേരും തമ്മില്‍ സംസാരിച്ചിട്ടില്ല.  വേണ്ടാ ഞാന്‍ പറയുന്നില്ല.  അവന്‍ വരുമ്പോള്‍ ചോദിച്ചാല്‍ മതി-മാധവന്‍ നായര്‍ പറഞ്ഞു.  
പിന്നീട് മൂന്നു മാസത്തേക്ക് ചന്ദ്രനേക്കുറിച്ച് ഒരു വിവരവുമില്ല.  അങ്ങിനെയിരുന്നപ്പോള്‍ ഒരു ദിവസം ചന്ദ്രന്‍ വന്നു.  ഞങ്ങള്‍ക്കു വലിയ ഉത്സാഹമായി.  
താന്‍ എവിടാരുന്നു-ഞാന്‍ അന്വേഷിച്ചു.  
ഞാനിപ്പോള്‍ കിംഗ് സര്‍ക്കിളിലാണ് താമസം.  ചന്ദ്രന്‍ പറഞ്ഞു.
മലയളികളും തമിഴന്മാരും താമസിക്കുന്ന സ്ഥലമാണ് മാട്ടുംഗാ.  ബോംബയിലേ ഏറ്റവും ക്ലീന്‍ സ്ഥലം.  അതിന്റെ അടുത്ത സബര്‍ബന്‍ ട്രയിനിന്റെ സ്റ്റേഷനാണ് കിംഗ് സര്‍ക്കിള്‍.  പണ്ടെങ്ങോ ജോര്‍ജ്ജ് ആറാമനോ മറ്റോ അവിടെ വന്നിട്ടുണ്ടുപോലും.  അതാണ് ആ പേരു വരാന്‍ കാരണം.  വലിയ ആള്‍ബഹളമില്ല.  സ്വച്ഛമായി താമസിക്കാം.  
ഇതിനൊക്കെ പുറമേ മാട്ടുംഗ റയില്‍ വേ സ്റ്റേഷന്റെ പുറകില്‍ ഒരു ഉഡുപ്പി ഹോട്ടലുണ്ട്.  വെള്ളിയാഴ്ച തോറും അവിടെ ഉള്ളിസാംബാറുണ്ട്.  അതുകൂട്ടി ഉണ്ടാല്‍, ഒരാഴ്ചത്തേ, ഉണക്ക ചപ്പാത്തീം ദാലും കഴിച്ച ക്ഷീണം മാറും.  പതിനൊന്നു മണിക്ക് ഊണു തുടങ്ങിയാല്‍ മൂന്നരവരെ ഇടതടവില്ലാതെ ഊണാണ്.  ടിക്കറ്റെടുക്കണം. ബോംബയിലേ സര്‍വ്വ പട്ടന്മാരും അന്നവിടെ വരുമെന്നു തോന്നുന്നു.  
താനവിടെ എങ്ങിനെ എത്തിപ്പെട്ടു?  ഞാന്‍ ചോദിച്ചു.  
അതോ പറയാം.  ചന്ദ്രന്‍ പറഞ്ഞു.  നാട്ടില്‍നിന്നു വന്ന് നേരേ ബാങ്കിലേക്കാണ് പോയത്.  ഒരു ചെറിയ പെട്ടിയും കിടക്കയും മാത്രമേ എനിക്കു ലഗ്ഗേജായിട്ടുള്ളൂ.  അതു രണ്ടും കൈയ്യിലെടുക്കാനേ ഉള്ളൂ.  ട്രയിനില്‍ വച്ചുതന്നേ കുളിയും മറ്റും കഴിഞ്ഞു.  വൈകിട്ട് നേരേ ഈങോട്ടു പോരാമെന്നു വിചാരിച്ചു.  അപ്പോഴാണ് ടൈംസില്‍ ഒരു പരസ്യം കണ്ടത്.  “പേയിംഗ് ഗസ്റ്റ് അക്കോമഡേഷന്‍.  കിംഗ് സര്‍ക്കിളില്‍.  നേരിട്ട് ബന്ധപ്പെടുക.”  ബാങ്കില്‍ നിന്നും ഉച്ചയ്ക്കിറങ്ങി.  നേരേ പത്രത്തില്‍ കണ്ട മേല്‍സിലാസത്തില്‍ എത്തി.  അറുപതു കഴിഞ്ഞ് ഒരു വൃദ്ധന്‍ --രണ്ടു മുറി എല്ലാസൌകര്യങ്ങളോടും കൂടി--ഫര്‍ണിച്ചര്‍ ഇല്ല-തഴെ കിടക്ക വിരിച്ചു കിടക്കണം.  മാസം നാല്പതുരൂപാ വാടക.  അദ്ദേഹം വല്ലപ്പോഴും വരും.  അവര്‍ക്കു വേറേ വീടുണ്ട്.  ഇതു വെറുതേ ഇട്ടേക്കണ്ടാ എന്നു വിചാരിച്ച് പരസ്യം ചെയ്തതാണ്.  നാല്പതുരൂപാ അഡ്വാന്‍സ് കൊടുത്താല്‍ താമസിക്കാം.  ഭക്ഷണം ഇല്ല.
ചിരാഗ് നഗറിലേ സൌകര്യങ്ങളുമായി ഞാന്‍ തട്ടിച്ചു നോക്കി.  ഇവിടം സ്വര്‍ഗ്ഗം.  നാല്പതുരൂപാ കൊടുത്ത് അന്നുതന്നെ അവിടെ താമസമാക്കി.
ചിരാഗ് നഗറിലേ താമസത്തിനേക്കുറിച്ച് പറഞ്ഞില്ലല്ലോ.  അറുപതടി സമചതുരമുള്ള ഒരുഷെഡ്ഡാണ് പിള്ളച്ചേട്ടന്റെ മെസ്സ്.  പിള്ളച്ചേട്ടന്‍ മാധവന്‍ നായരുടെ ഒരു ബന്ധുവാണ്.  അവിടുത്തേ ഒരു ദാദയാണ്.  അതല്ലാത്തവര്‍ക്ക് നിലനില്പില്ല.  പിള്ളച്ചേട്ടന്‍ ആറര അടിയിലധികം പൊക്കമുള്ള ഒരു ഉദ്ദണ്ഡകായനാണ്.  അദ്ദേഹത്തിന്റെ സാമ്രാജ്യമാണ് ചിരാഗ് നഗര്‍.  അവിടെ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ല.  നാട്ടില്‍ നിന്നും വരുന്ന കുറഞ്ഞ വരുമാനക്കാരായ മലയാളികളുടെ ആശാകെന്ദ്രമാണ്.  കക്കൂസ് പൊതുവാണ്.  ക്യൂ നിന്ന് കഷ്ടപെടും.  രാത്രി മൂന്നുമണിക്ക് ഉണര്‍ന്ന് വെള്ളം പിടിച്ചില്ലെങ്കില്‍ അന്നു കുളി നാസ്തി.  ഞാന്‍ ചെന്നപ്പോള്‍ നാട്ടിലേ ഭക്ഷണം കണ്ടാണ് അവിടെ താമസിക്കാന്‍ തീരുമാനിച്ചത്.  ചന്ദ്രനേ മാധവന്‍ നായര്‍ വിളിച്ചുവരുത്തിയതാണ്.  ആറടിപൊക്കത്തില്‍ ഷെഡ്ഡിന്റെ ഒരറ്റത്ത് ഒരു തട്ടടിച്ചിട്ടുണ്ട്.  കുറേ അധികം പേര്‍ക്ക് അവിടെ കിടക്കാം.  ബാക്കിയുള്ളവര്‍ക്ക് താഴെയും.  മൊത്തം ഭക്ഷണമുള്‍പടെ ചെലവ് അമ്പതുരൂപാ.  റോഡു നിറയെ പശുക്കളും, പന്നികളും, പട്ടികളും അവയുടെ വിസര്‍ജ്യവും.  പക്ഷേ ഉള്ളിലേ അന്തരീക്ഷം വളരെ ഉല്ലാസദായകമാണ്.  ചീട്ടുകളി, വാചകമടി-പരമസുഖം.  പ്ക്ഷേ രാവിലേ കക്കൂസില്‍ പോകലാണ് സങ്കടം.  ഈ ഒരൊറ്റ പ്രശ്നം കൊണ്ടാണ് പുതിയ സംവിധാനം കണ്ടപ്പോള്‍ ചാടി വീണതെന്ന് ചന്ദ്രന്‍ പറഞ്ഞു.  
സെന്റ്രല്‍ രയില്‍ വേയിലേ ഘാട്കൂപ്പര്‍ സ്റ്റേഷനിലിറങ്ങി പടിഞ്ഞാറോട്ട് കുറേ നടന്നാല്‍ ചിരാഗ് നഗറിലെത്താം.  ചിരാഗുദീന്‍ എന്നൊരു ദാദയായിരുന്നു അവിടുത്തേ മുടിചൂടാമന്നന്‍ .  ആങിനെയാണ് ആ പേരു കിട്ടിയത്.  അതിനപ്പുറം നാരായണ്‍ നഗര്‍.  പിന്നെ കാമാനി എഞ്ജിനീയറിംഗ് വര്‍ക്സ്.  അവിടെയാണ് ഞങ്ങളുടെ അന്തേവാസികളില്‍ കൂടുതല്‍ പേരുടേയും ജോലി.  ദിവസക്കൂലികാരാണ്.  
സദാശിവന്‍ എത്തി.  ചന്ദ്രനേക്കണ്ട്--താനെവിടെയായിരുന്നു ഇത്രയും നാള്‍.  തന്റെ അ കഥ പറഞ്ഞിട്ടുപോയതാ.  ഇവിടെ ഒരു രസവുമില്ല.  താനിങ്ങു പോരെ.
എപ്പോള്‍ വേണമെങ്കിലും വരാമല്ലോ.  ഏതായാലും കുറച്ചുനാള്‍ ഞാനവിടെ താമസിക്കട്ടെ.  ചന്ദ്രന്‍ തുടര്‍ന്നു.  അടുത്ത ദിവസം രാവിലേ നമ്മുടെ ലാന്‍ഡ് ലോഡ് വന്നു.  രാത്രി ഒറ്റക്കായി പോയി അല്ലേ?  സാരമില്ല. ഇന്ന് വേറൊരാള്‍കൂടിവരും എന്നു പറഞ്ഞ് മൂപ്പിലാന്‍ സാവധാനത്തില്‍ എന്റെ ചരിത്രങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.  എന്നിട്ടു പറഞ്ഞു.
എനിക്കു പൂനവരെ പോകണം.  നാളെയാണ് കുതിരപ്പന്തയം.  
കുതിരപ്പന്തയമോ? ഞാന്‍ ചോദിച്ചു.  അതിനു പൂനയില്‍ എന്തിനാ പോകുന്നത്. മഹാലക്ഷ്മിയിലില്ലേ.
വൃദ്ധന്‍ ചിരിച്ചു.  എന്റെ കളി പൂനയിലാണ്.  ഞാന്‍ അതില്പെട്ടു പോയി.  ഇനി രക്ഷയില്ല.  ഇങ്ങനെ ഒരു ദുരിതത്തില്‍ എന്റെ ഗൃഹപ്പിഴകൊണ്ട് ചെന്നു പെട്ടു.  എന്നേ ബാധിച്ചിരിക്കുന്ന ഒരൊഴിയാബാധയാ.  അതെന്നേംകൊണ്ടേ പോകൂ.  
പോകാതിരുന്നാല്‍ പോരേ?  ഞാന്‍ ചോദിച്ചു-ചന്ദ്രന്‍ പറഞ്ഞു.  
മോനേ അതു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകത്തില്ല.  നല്ലൊരു ജോലിയുമായി ഞാന്‍ ഇരുപത്തഞ്ചാമത്തേ വയസ്സില്‍ ബോംബയില്‍ വന്നതാ.  ഒരു അഭിശപ്ത മുഹൂര്‍ത്തത്തില്‍ കൂട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ കുതിരപ്പന്തയം കളിക്കാന്‍ പോയി. എന്റെ കുതിര (ഓരോരുത്തരും ഓരോ കുതിരയുടെ പേരിലാണ് പന്തയം വയ്ക്കുന്നത്) എപ്പോഴും തോല്‍ക്കും.  ഒരുപാടു പണം പോയി.  ജോലിചെയ്തു കിട്ടുന്ന ശമ്പളം പന്തയം വച്ചു കളഞ്ഞു.  മൂന്നു കൊല്ലം അങ്ങനെ പോയി.  ഇനി എന്തായാലും പോകത്തില്ലെന്നു നിശ്ചയിച്ചു.  അപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു-നമുക്കു നിര്‍ത്തിക്കളയാം.  അവസാനമായി ഒരെണ്ണത്തിനു കൂടി പോകാം.  അതിനു സമ്മതിച്ചതാണ് എന്റെ വിധി നിര്‍ണ്ണയിച്ചത്.  അന്നുകൂടി തോറ്റിരുന്നെങ്കില്‍ ഞാന്‍ രക്ഷപെട്ടു പോയേനേ.  അന്ന് എന്റെ കുതിര ജയിച്ചു.  എനിക്ക് അഞ്ഞൂറുരൂപാ കിട്ടി.  1930-ലേ അഞ്ഞൂറാണ്.  അന്നത്തേ അതിന്റെ വില അറിയാമല്ലോ.  നാന്‍ കുടുങ്ങി കുഞ്ഞേ.  എന്റെ പണമെല്ലാം കുതിര തിന്നു.  വീട്ടില്‍ ആവശ്യത്തിനു പണമുണ്ടായിരുന്നതുകൊണ്ട് നശിച്ചു പോയില്ലെന്നു മാത്രം.  മോന്‍ എന്തായാലും ഇതില്‍ ചെന്നു പെടരുത്.  എന്നാല്‍ ഞാന്‍ പോകട്ടെ.  ഇപ്പോള്‍ തിരിച്ചാലേ സമയത്തിന് പൂനയിലെത്തൂ.  വൃദ്ധന്‍ ധൃതി വച്ച് കാറില്‍ കയറി പോയി.  ഞാന്‍ മിഴിച്ചുനിന്നു-ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി-എന്തൊരു തലവിധി!
അവിടെ ഒറ്റയ്ക്ക് എത്രനാള്‍ താമസിക്കും.  ബോംബയാ.  ഞാന്‍ ഉപദേശിക്കാന്‍ ശ്രമിച്ചു.  
അന്നു വൈകിട്ട് ഒരു തമിഴ്ബ്രാഹ്മണനും കൂടി അവിടെ താമസിക്കാന്‍ വന്നു.  ചന്ദ്രന്‍ പറഞ്ഞു.  അക്കൌണ്ടന്റ്  ഡിപ്പാര്‍ട്ടുമെന്റിലാണ്.  
വന്നയുടനേ അയാള്‍ ചോദിച്ചു.  മൂപ്പിലാന്‍ പോയോ?  ഞാന്‍ ഇന്നു വരുമെന്നു പറഞ്ഞിരുന്നു.  ഇന്നലെ എല്ലാം പറഞ്ഞ് അഡ്വാന്‍സും കൊടുത്തിരുന്നു.  മി ചന്ദ്രന്‍ അല്ലേ? 
അതേ.  മൂപ്പിലാന്‍ പൂനയ്ക്കു പോയി.  ചന്ദ്രന്‍ പറഞ്ഞു.  
ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി-ചന്ദ്രന്‍ തുടര്‍ന്നു.  അയാള്‍ സ്വതന്ത്രാ പാര്‍ട്ടിക്കാരനാണ്.  എന്നേ അതില്‍ ചേര്‍ക്കാന്‍ അയാള്‍ വളരെ ശ്രമിച്ചു.  രാജാജിയും മസാനിയും ഒക്കെ വരുന്ന മീറ്റിംഗുകള്‍ മുറയ്ക്കു നടക്കും. എന്നേകൊണ്ടുപോകാന്‍ വളരെ ശ്രമിച്ചു.  എനിക്കീ രാഷ്ട്രീയത്തോടു വേറുപ്പാണ്.  ഞാന്‍ പോയില്ല.
റ്റാറ്റായില്‍ നല്ല ജോലി കിട്ടുമായിരുന്നല്ലോ.  മസാനിയല്ലേ അതിന്റെ പ്രസിഡന്റ്.  ഞാന്‍ ചോദിച്ചു.
അയ്യോ, അവനോട് അതു പറയല്ലേ-മാധവന്‍ നായര്‍ പറഞ്ഞു.  അപ്രായോഗിക ആദര്‍ശ്ശത്തിനു കൈയ്യും കാലും വച്ചതാണ് അവന്‍ .
എന്താടാ എന്റെ ആദര്‍ശ്ശത്തിനു കുഴപ്പം?  വല്ലവന്റേം പുറകേ പോയി കാലുപിടിച്ച് ഒരു പണിയും വേണ്ടാടാ.  ചന്ദ്രന്‍ ചൂടായി.  
ഞാനൊന്നും പറഞ്ഞില്ലേ-മാധവന്‍ നായര്‍ പിന്‍ വാങ്ങി.  
വൈകിട്ടു വന്നാല്‍ ഒറ്റക്കെന്തു ചെയ്യും? ഞാന്‍ അന്വേഷിച്ചു.
ചന്ദ്രന്‍ ഒരു നിമിഷം കണ്ണടച്ചു.  എന്തോ ആസ്വദിക്കുന്നതു പോലെ മുഖഭാവം.  അയാള്‍ ഒരു ദീഘനിശ്വാസത്തോടെ പറഞ്ഞു.  ഞാന്‍ താമസികുന്നതിനു കിഴക്കുവശത്താണ് വഡാലാ റയില്‍ വേ സ്റ്റേഷനിലേക്കുള്ള റോഡ്.  അതിനു വടക്കുവശത്ത് ഒരു വലിയ മൈതാനമുണ്ട്.  അവിടെ ഇന്‍ഡ്യന്‍ ജിംഘാനാ, കൊസ്മോപൊളിറ്റന്‍ സ്പോര്‍ട് ക്ലബ്ബ് എന്നു രണ്ടു ക്ലബ്ബുകളുണ്ട്.  ഒരു ദിവസം നടക്കാനിറങ്ങിയപ്പോള്‍ ക്ലബ്ബ് കണ്ട് അവിടെ കയറി കോസ്മോപൊളിറ്റന്‍ ക്ലബ്ബിലാണ് കയറിയത്.  അവിടെ വാതില്‍ക്കല്‍ ഒരു തുണിക്കസേരയില്‍ ഒരാള്‍ ഇരിപ്പുണ്ട്.  സുസ്മേരവദനന്‍.  ഒരു പ്രയാസവും കൂടാതെ സംസാരിക്കാന്‍ തോന്നും.  എന്നേക്കണ്ട് ചിരപരിചിതനേപ്പോലെ മന്ദഹസിച്ചു.
ഹലോ കമ്മോണ്‍, കമ്മോണ്‍, പ്ലീസ് സിറ്റ് ഡൌണ്‍.  അയാള്‍ പറഞ്ഞു.  
ഞാന്‍ അടുത്തു കിടന്ന കസേരയില്‍ ഇരുന്നു.  ചന്ദ്രന്‍ തുടര്‍ന്നു.  ബാലകൃഷ്ണന്‍ എന്നാണ് അയാളുടെ പേര്‍.  ക്ലബ്ബ് സെക്രട്ടറിയാണ്.  കൊ-ഓപ്പറേറ്റീവ് ബാങ്കിലാണ് ജോലി.  പാലക്കാടന്‍ പട്ടരാണ്.  കുറേശ്ശെ മലയാളവും അറിയാം.  ബോംബയില്‍ സ്ഥിര താമസമാണ്.
അങ്ങ്നെ ഇരിക്കുമ്പോള്‍ ഓരോരുത്തര്‍ വന്നു തുടങ്ങി.  അവിടുത്തേ പ്രധാന വിനോദം ടേബിള്‍ ടെന്നീസാണ്.  ചെസ്സ്, കാരംസ്,മുതലായ കളികളുണ്ടെങ്കിലും ടേബിള്‍ ടെന്നീസ് കളികാനാണ് മിക്കവരും വരുന്നത്.  പെണ്‍കുട്ടികളാണ് അധികവും.  വന്നവരേയൊക്കെ ഒന്നുരണ്ടു വാക്കുകള്‍കൊണ്ട് ബാലകൃഷ്ണന്‍ എന്നേ പരിചയപ്പെടുത്തി.  അതില്‍ ഒരു പതിമൂന്നുകാരി എന്നേ വളരെ ആകര്‍ഷിച്ചു.  ഞാന്‍ ക്ലബ്ബില്‍ അംഗമാകാന്‍ തീരുമാനിച്ചു.  
ഞാനും മാധവന്‍ നായരും കണ്ണില്‍ കണ്ണില്‍ നോക്കി മന്ദഹസിച്ചു.  
നീ ബോംബയില്‍ വന്നിട്ട് രണ്ടു കൊല്ലം കഴിഞ്ഞില്ലേ.  ഇതുവരെ പെണ്‍കുട്ടികളാരും കടന്നു വന്നില്ലല്ലോ.  മാധവന്‍ നായര്‍ പറഞ്ഞു.
ഉണ്ടെങ്കില്‍ ഞാന്‍ നിനോടു പറയുമായിരുന്നില്ലേ.  ചന്ദ്രന്‍ ചോദിച്ചു.  നീ അറിയാത്ത ഒരു കാര്യവും എനിക്കില്ലെന്ന് നിനക്കറിയാം.  നമ്മള്‍ ദിവസവും ആയിരക്കണക്കിനാള്‍ക്കാരേ കാണും.  ചിലരേ കാണുമ്പോള്‍ നമുക്കൊരാത്മബന്ധം തോന്നും.  വളരെ പരിചയമുള്ളവരാണെന്ന്.  ഉദാഹരണത്തിന്‍ നീയും ഞാനും.  ഒന്നും സംസാരിക്കണ്ടാ.  സംസരമൊക്കെ കണ്ണുകള്‍ നടത്തിക്കൊള്ളും.  അവര്‍ക്കും അതുതന്നെയാണ് തോന്നുക.  ഇതു തന്നെയാണ് എനിക്ക് ആ പതിമൂന്നുകാരിയോടും തോന്നുയത്.  ഞങ്ങള്‍ ഒന്നു നോക്കി.  കന്നുകള്‍ ഉടക്കി.  പിടിച്ചിട്ടു വരുന്നില്ല.  അവള്‍ പുഞ്ചിരിച്ചു.  ഞാനും.  അതങ്ങനെ മനസ്സില്‍ കിടക്കുന്നു.  ഒരു മധുരസ്മരണയായി.  ചന്ദ്രന് ദീര്‍ഘനിശ്വാസം.
അടുത്തദിവസം ഞാന്‍ നേരത്തേ ക്ലബില്‍ എത്തി.  ബാലനുണ്ട്--സെക്രട്ടറിയേ അങ്ങിനെയാണ് വിളിക്കുന്നത്.  അപ്പോള്‍ ഷൈല--അവളുടെ പേര്-വന്നു.  വെളുത്തു ചുമന്ന് അതിമനോഹരിയായ ഒരു കൊച്ചുപെണ്ണ്.  ഓമനത്വം തുളുമ്പുന്ന മുഖം.  കാര്‍വാറാണ് സ്വദേശം.  ഗൌഡ സാരസ്വത വര്‍ഗ്ഗം.  ജരാസന്ധനേതോല്പിക്കാന്‍ ശ്രീകൃഷ്ണനേ സഹായിച്ചില്ലേ ഗരുഡവര്‍ഗ്ഗം.  അതുതന്നെ.  ബോംബയില്‍ സ്ഥിരതാമസം.  എട്ടാംതരത്തില്‍ പഠിക്കുന്നു.
You play table tennis--അവള്‍ എന്നോടു ചോദിച്ചു.
He is representing State Bank of India in BombayLeague Tournament of Table tennis. ബാലനാണ് ഉത്തരം പറഞ്ഞത്.
Then come on.  Give me some practice.  അവള്‍ പറഞ്ഞു. 
ഞാന്‍ ബാലനേ നോക്കി.  പെണ്‍കുട്ടികളുമായി ഇടപെടാമോ?  എന്റെ ഗ്രാമീണ മനസ്സില്‍ സംശയം.  ബാലന്‍ കണ്ണൂകൊണ്ട് അനുവാദം തന്നു.  ചന്ദ്രന്‍ പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ കൂട്ടുകാരായി--ദീര്‍ഘനിശ്വാസം.
നിങ്ങള്‍ തമ്മില്‍ എന്തെല്ലാം സംസാരിച്ചു.  മാധവന്‍ നായര്‍ക്ക് ആകാംക്ഷ.
എനിക്കു ചിലരോട് ഒന്നും പറയാന്‍ പറ്റില്ല.  When heart is full words are few-എന്നു കേട്ടിട്ടില്ലേ.  ഇടയ്ക്കിടയ്ക്ക് പുഞ്ചിരി മാത്രം.  കളിയുടെ കാര്യം മാത്രം സംസാരം. 
ഇവന്റെ പഴയ സ്വഭാവം.  ഞാന്‍ പറഞ്ഞില്ലേ സ്കൂളിലേ കാര്യം.  മാധവന്‍ നായര്‍ പറഞ്ഞു.  
ചന്ദ്രന്‍ മാധവന്‍ നായരേ രൂക്ഷമായി നോക്കി.  
ഞാനൊന്നും പറഞ്ഞില്ല. മാധവന്‍ നായര്‍ ധൃതിയില്‍ പറഞ്ഞു.  എല്ലാം നീ തന്നെ പറഞ്ഞാല്‍ മതി.  
പക്ഷേ ക്രമേണ അവള്‍ എന്റെ കാര്യമെല്ലാം ചോദിച്ചറിഞ്ഞു.  എനിക്കാണെങ്കില്‍ ഒന്നും ചോദിക്കാന്‍ വയ്യാ.  ഞാന്‍ ബാലനോടു ചോദിച്ചാണ് അവളുടെ കാര്യമെല്ലാം അറിഞ്ഞത്.  ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.
                            @  @  @  @  @  @  @  @
പിന്നീട് ഞങ്ങള്‍ ചന്ദ്രനേ കാണുന്നത് ഒരു കൊല്ലം കഴിഞ്ഞാണ്.  ഇതിനിടെ അയാള്‍ രണ്ടു തവണ നാട്ടില്‍ പോയെന്നറിഞ്ഞു.  ചന്ദ്രനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാദവന്‍ നായരില്‍ നിന്നും ഇതിനകം ഞാന്‍ മനസ്സിലാക്കി.  
ഈയാളെങ്ങിനെയാണ് ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോകുന്നത്.  ബാങ്കില്‍ നിന്നും ഇങ്ങനേ അവധി കിട്ടുമോ?  ഞാന്‍ ചോദിച്ചു.  
അതൊക്കെ ഇനി അവന്‍ വരുമ്പോള്‍ മറക്കാതെ ചോദിക്കണം.  അവന്‍ ഒരു വിചിത്ര സ്വഭാവകാരനാണെന്നു മനസ്സിലായിക്കാണുമല്ലോ.  എന്റെ ട്യൂട്ടോരിയലില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍-കേള്‍ക്കണോ-ചിലകാര്യങ്ങള്‍ പറയാം.  മാധവന്‍ നായര്‍ പറഞ്ഞു.  ഏതു വിഷയവും അവന്‍ പഠിപ്പിക്കും.  മുന്‍ കൂട്ടി തയ്യാറെടുപ്പുകളൊന്നും വേണ്ടാ.  ഇന്റര്‍മീഡിയറ്റിന് ഫസ്റ്റ് ഗ്രൂപ്പും, പിന്നെ ബി.കോമും.  മിക്ക വിഷയങ്ങളും അതില്‍ ഉള്‍പ്പെടുമല്ലോ.  ഏതു സാറു വന്നില്ലെങ്കിലും എനിക്കു പേടി ഇല്ല.  ആ ക്ലാസെടുക്കാന്‍ അവന്‍ റഡി.  ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന ഗണകന്‍സാറു വന്നില്ല.  ചന്ദ്രന്‍ സാറെടുത്താല്‍ മതി.  പിള്ളാരു നിര്‍ബ്ബന്ധിച്ചു.  അവനു പാരവയ്കാനാണ്.  ഇങ്ങനെ എല്ലാകാര്യവും അറിയാമെന്നുഭാവിക്കുന്ന അവനോട് ചിലര്‍ക്ക് ഒരുതരം നിര്‍ദ്ദോഷമായ അസൂയ തോന്നുമല്ലോ.  അതാണ്.  ഈയാളേ ഒന്നിരുത്തണമെന്ന് മനസ്സിലൊരു പൂതി. 
സാറേ ഇന്ന് മയൂരസന്ദേശം എടുത്താല്‍ മതി.  അതാണ് പ്രയാസം.  ഒരു കുട്ടി പറഞ്ഞു.  അവന്‍ മലയാളം മെയിന്‍ എടുത്തു പഠിക്കുനവനാണ്.  
അല്ലേ, തന്റെ ട്യൂട്ടോറിയലില്‍ എസ്സ്.എസ്സ്.എല്‍.സി വരെയേ ഉള്ളൂ എന്നു  പറഞ്ഞിട്ട് ഈ മലയാളം മെയിന്‍ ?  ഞാന്‍ ചോദിച്ചു.  
ഓ. വിദ്യാഭ്യാസ പരിഷ്കാരത്തിനിടയ്ക്ക് ഒരു മൂന്നു കൊല്ലം എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ ഗ്രൂപ്പ് സമ്പ്രദായം കൊണ്ടുവന്നത് നിങ്ങള്‍ക്കറിയില്ലേ? ഐച്ഛിക വിഷയങ്ങളെടുത്ത് പഠിക്കാം.  മൂന്നു കൊല്ലം കഴിഞ്ഞ് അതുപേക്ഷിക്കുകയും ചെയ്തു.  തുഗ്ലക്ക് രീതി.  അതിലൊരു ബാച്ചാണ് അന്നത്തേ ക്ലാസ്സില്‍.  മാധവന്‍ നായര്‍ പറഞ്ഞു.
ചന്ദ്രന്‍ കുട്ടികളുടെ കൈയ്യില്‍നിന്ന് ഒരു പുസ്തകം വാങ്ങി.  മയൂരസന്ദേശം പാഠം എടുത്തു.  സന്ദേശ കാവ്യങ്ങളേയും, കാളിദാസന്റെ മേഘസന്ദേശത്തേയും, അതുപോലെ സന്ദേശകാവ്യമെഴുതി കേരള കാളിദാസനെന്നു പേരു സമ്പാദിച്ച കേരളവര്‍മ്മയേക്കുറിച്ചും, അദ്ദേഹത്തേ ആയില്യം തിരുനാള്‍ മഹാരാജാവ് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തില്‍ ബന്ധനത്തില്‍ പാര്‍പ്പിച്ചതിനേയും, ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേ മയിലിനേ കണ്ട് തിരുവനന്തപുരത്തുള്ള ഭാര്യയ്ക്ക് മയിലിലൂടെ സന്ദേശം അയയ്ക്കുന്ന രീതിയില്‍ സന്ദേശകാവ്യം എഴുതിയതിനേയും കുറിച്ചോക്കെ വളരെ വാചാലമായി വിശദീകരിച്ചു.  ഭൂരിഭാഗം കുട്ടികള്‍ക്കും, ഇവനേതാണ്ടൊക്കെ അറിയാമെന്നലുണ്ടായി.  അതാണല്ലോ പഠിപ്പിക്കുന്നയാളുടെ വിജയത്തിന്റെ ആദ്യപടി.  പക്ഷേ ഈ മലയാളം കാരന്‍ - അതും ഒരു ഗണകനാണ്- അവ്ന് മലയാളം പഠിപ്പിക്കുന്നതിനേക്കുറിച്ച് നല്ല വിവരമുണ്ട്.  അവന്‍ ചന്ദ്രനേ കുടുക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്.  
ചന്ദ്രന്‍ മേടിച്ച പുസ്തകം തുറന്നു നോക്കി.  ഭാഗ്യം!  അതില്‍ അലങ്കാരങ്ങളെല്ലാം പദ്യത്തിന്റെ ഓരോ വരിയുടേയും മുകളില്‍ പേനകൊണ്ട് എഴുതിയിട്ടുണ്ട്.  വല്യ മുന്‍ഷിസാര്‍-അദ്ദേഹത്തേക്കുറിച്ച് പിന്നെ പറയാം-പഠിപ്പിച്ചതാണ്.  തെറ്റു വരുത്തില്ല.  
പഠിപ്പിക്കല്‍ ആരംഭിച്ചു. അങ്ങിനെയിരിക്കുമ്പോള്‍ ഒരുവരി--“പന്നകത്തേക്കുറിച്ചാലാപം കേട്ടതുമപകടം തന്നെയാം പന്നഗാരേ” എന്നാണ്.  തിരുവനന്തപുരത്തേക്ക് തോട്ടില്‍ കൂടി പോകുന്ന വള്ളത്തില്‍ കയറി വേണം പോകാന്‍ എന്നു പറഞ്ഞ ശേഷം വള്ളക്കാര്‍ പന്നകം-പന്നകം എന്നു വിളിച്ചു പറയുന്നത് പന്നഗമാണെന്നു തെറ്റിദ്ധരിച്ച് അതിനേ പിടിക്കാന്‍ ചാടിവീഴരുത്, വെള്ളമടിച്ചിരിക്കുന്ന വള്ളക്കാര്‍ നിന്നേ കശാപ്പുചെയ്യും എന്നാണ് വിവക്ഷ.  മയിലിനെ ഭക്ഷണമാണല്ലോ പന്നഗം-പാമ്പ്.  അത് ആരീതിയില്‍ പറയാന്‍ ചന്ദ്രനറിഞ്ഞുകൂടാ.  കാവ്യങ്ങള്‍ പഠിപ്പിക്കുന്നതേ-ഈ നാലും മൂന്നും ഏഴെന്നു പറയുന്നതു പോലെ എളുപ്പമല്ല!  ബാക്കി അവന്റെ ഭാഷയില്‍ തന്നെ പറയാം-  മാധവന്‍ നായര്‍ പറഞ്ഞു.  
ഏടാ ഈ കൊച്ചു ഗണകനുണ്ടല്ലോ- അവന്‍ ഭയങ്കര സാധനമാ.  പന്നകം വള്ളത്തിന്റെ വളപുരയാണെന്നും പന്നഗം പാമ്പാണെനും പറഞ്ഞിട്ട് അവന്‍ വിടുന്നില്ല.  എന്തിനാ സാറേ അത് ഈ പദ്യത്തില്‍ പറയുന്നതെന്നു ചോദിച്ച് അവന്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു.  എനിക്കാണെങ്കില്‍ അതിന്റെ വിവക്ഷ പറയാനൊട്ടറിയാനും വയ്യ.  ഞാന്‍ വിയര്‍ത്തു.  അപ്പോള്‍ ഭാഗ്യത്തിന് അവന്റടുത്തിരുന്ന പ്രകാശന്‍ , അതൊക്കെ സാറു പറഞ്ഞു, നീ കിടന്നലയ്കതെ എന്നു ഗണകനോട് പറഞ്ഞു--ക്ലാസില്‍ വിവരമില്ലാത്തവര്‍ ഉണ്ടാകുന്നതും നല്ലതാണെന്ന് ഞാന്‍ മനസ്സിലാക്കി.  അപ്പോള്‍ ഗണകന്‍ പ്രകാശന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു. “ എടാ വള്ളക്കാര്‍ പന്നകം എന്നു വിളിച്ചു പറയുന്നതുകേട്ട് പന്നഗമാണെന്നു തെറ്റിദ്ധരിക്കരുത്“ എന്നാണതിന്റെ അര്‍ത്ഥം.  ആകെ കുഴങ്ങി വിയര്‍ത്തുകുളിച്ചു നിന്നഞാന്‍ അതുകേട്ടു.  പക്ഷേ കേട്ടെന്നു ഭാവിക്കാതെ-
ഗണകന്‍ ,എന്താണ് ക്ലാസില്‍ സംസാരിക്കുന്നത്-എഴുനേറ്റു നില്‍ക്കൂ-എന്നു പറഞ്ഞു.
ഗണകന്‍ എഴുനേറ്റു
എന്താണ് തന്റെ സംശയം--ഞാന്‍ ചോദിച്ചു.
സാറേ ആ പദ്യത്തിന്റെ വരിയില്‍ പന്നകമെന്നും, പന്നഗം എന്നും പ്രയോഗിച്ചിരിക്കുന്നതിന്റെ വിശദീകരണം സാറു പറഞ്ഞില്ല.  സാറ് പന്നകം വളപുരയാണെന്നും പന്നഗം പാമ്പാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ.  ഗണകന്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞു.  എടോ താന്‍ മലയാളം മെയിന്‍ എടുത്തയാളല്ലേ?  കുറച്ചു വിവരം കാണുമെന്നു വിചാരിച്ചു.  എന്നാല്‍ കേട്ടോ--വള്ളക്കാര്‍ അരിവയ്കാനും മറ്റും വളപുര മാറ്റിവയ്ക്കും.  അപ്പോള്‍ അവര്‍ പന്നകം മാറ്റെടാ-എന്നൊക്കെ പറയുന്നതു കേട്ട് പാമ്പു വന്നെന്നു വിചാരിച്ച് ചാടിവീഴരുത് എന്നാണ് അതിന്റെ അര്‍ത്ഥമെന്ന് ഒരു നാണവും കൂടാതെ പറഞ്ഞു.  അവനു സംശയം അവന്‍ പറഞ്ഞത് ഞാന്‍ കേട്ടോ എന്ന്. 
അതു സാറു മുമ്പേ പറഞ്ഞില്ല്.  ഗണകന്‍ വിടാന്‍ ഭാവമില്ല.
അവടിരിക്കടാ-മറ്റു കുട്ടികള്‍ എന്റെ സഹായത്തിനെത്തി.  അതു തന്നാ സാറു പറഞ്ഞത്.
ഹോ രക്ഷപെട്ടു.  ഞാന്‍ വിചാരിച്ചു.  പക്ഷേ ഗണകന്‍ വിടുന്ന മട്ടില്ല.  
അവിടുത്തേ അലങ്കാരം എന്താണു സാറേ-അവന്‍ ചോദിച്ചു.  
ഞാന്‍ പുസ്തകത്തില്‍ നോക്കി.  അതില്‍ കാവ്യലിംഗം എന്നെഴുതിയിരിക്കുന്നു.--ഞാന്‍ പറഞ്ഞു കാവ്യലിംഗം.  
ഉടനേ ഗണകന്‍ -അല്ല അതു ശ്ലേഷമാണ്. 
വല്യ മുന്‍ഷിസ്സാര്‍ പഠിപ്പിച്ചതായതുകൊണ്ട് അതു കാവ്യലിംഗമാണെന്നതില്‍ എനിക്കു സംശയമില്ല.  പക്ഷേ അതുസ്ഥാപിക്കാന്‍ , കാവ്യലിംഗത്തിന്റേയോ, ശ്ലേഷത്തിന്റെയോ ലക്ഷണം എനിക്കറിഞ്ഞുകൂടാ.  അതിനും ഗണകനേ പിടിക്കാം ഞാന്‍ ഗൌരവത്തില്‍ ചോദിച്ചു.  എന്താടോ കാവ്യലിംഗത്തിന്റെ ലക്ഷണം?
ഗണകന്‍ ചാടി എഴുനേറ്റു.  ഭാഗ്യം അവനറിയാം.  തന്നെയുമല്ല, അവനറിയാമെന്ന് മറ്റുള്ളവര്‍ അറിയുകയും വേണമല്ലോ.  “ഹേതു വാക്യപദാര്‍ത്ഥങ്ങളാകുകില്‍ കാവ്യലിംഗമാം”  അവന്‍ പറഞ്ഞു.  ഞാനത് പെട്ടെന്ന് ബോര്‍ഡിലെഴുതി.  എന്നിട്ട് ശ്ലേഷത്തിന്റേയോ എന്നു ഗൌരവം വിടാതെ ചോദിച്ചു.  “രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകുമ്പോലെ ഭാഷയില്‍, ഒരു വാക്കിന്നു രണ്ടര്‍ത്ഥം വന്നാല്‍ ശ്ലേഷമാമത്.“  അതും ഞാന്‍ ബോര്‍ഡിലെഴുതി.
പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു.  ഞാന്‍ വിശദീകരിച്ചു.
ഹേതു-കാരണം, വാക്യ പദാര്‍ത്ഥം-വാക്യത്തിലേ പദത്തിന്റെ അര്‍ത്ഥം-ഇവിടെ പന്നകത്തിന്റെ അര്‍ത്ഥം പാമ്പാണെന്നു ധരിച്ചത്-അതാണ് അപകടകരണം--ഹോ എന്തൊരു രക്ഷപെടല്‍--ഗുരുക്കന്മാരുടെ അനുഗ്രഹം.
ഗണകന് അവനേ പറ്റിച്ചെന്നു സംശയം.  പക്ഷേ മറ്റുകുട്ടികള്‍ അതംഗീകരിച്ചില്ല.  അവന്‍ പിന്നീട് ചന്ദ്രനോടു പറഞ്ഞു--സാറ് എന്നേക്കൊണ്ടുതന്നെ അതിന്റെ അര്‍ത്ഥം പറയിപ്പിച്ചു.  ശരിയാ മോനേ ഇനി മേലാല്‍ ഞാന്‍ കാവ്യം പ്ഠിപ്പിക്കാന്‍ വരത്തില്ല.  പോരേ?  ചന്ദ്രന്‍ കുമ്പസാരിച്ചു.
ഇതൊരു കാര്യം. സന്ദര്‍ഭത്തിനനുസരിച്ച് അക്ഷോഭ്യനായി പെരുമാറാനുള്ള അവന്റെ കഴിവിന് വേറൊരുദാഹരണം പറയാം.  മാധവന്‍ നായര്‍ പറഞ്ഞു.
പത്തു കോളേജിലേ പതുപ്പത്തു വിദ്യാര്‍ത്ഥികളടങ്ങുന്ന, നൂറുപേരുടെഒരു ക്യാമ്പ്--ഭാരത് സേവക് സമാജത്തിന്റെ (ബി.എസ്.എസ്.) യാണ് -ഞങ്ങളുടെ അടുത്ത സ്കൂളില്‍ നടന്നു.  ചന്ദ്രനുമുണ്ട്.  സേവന പ്രവര്‍ത്തനങ്ങള്‍-നാട്ടിലേ ആവശ്യമനുസരിച്ച് ചെയ്യുകയാണ് പരിപാടി.  ഓ.ഡി (ഓഫീസര്‍ ഓഫ് തെ ഡേ) ഏ.ഓ.ഡി ( അസിസ്റ്റന്റ് ഓഫീസര്‍ ഒഫ് ദി ഡേ) എന്ന് രണ്ടു പേരേ ഓരോ ദിവസവും തെരഞ്ഞെടുത്ത് അവരുടെ നിയന്ത്രണത്തിലാണ് ആ ദിവസത്തേ പരിപാടി നടപ്പാക്കുന്നത്.  
ചന്ദ്രനേ ഏ.ഓ.ഡി ആക്കിയ ദിവസത്തേ കാര്യമാണ്.  ഒരു കാര്യത്തിലും വിട്ടു വീഴ്ചയില്ലാത്ത മുരടന്‍ സ്വഭാവമാണല്ലോ അവന്.  അന്ന് സ്ഥലത്തേ കുറേ ആള്‍ക്കാര്‍ക്ക് സ്കൂളില്‍ നടക്കുന്നതെന്താണെന്നറിയണം.  റൌഡികളാണ്.  പ്രത്യേക സമയങ്ങളിലല്ലാതെ ആരേയും ക്യാമ്പു നടക്കുന്നിടത്തു പ്രവേശിപ്പിക്കരുതെന്നാണ് നിയമം.  റൌഡികള്‍ക്കുണ്ടോ നിയമം!  അവര്‍ ബലമായി സ്കൂളില്‍ കടക്കാന്‍ ശ്രമിച്ചു.  ചന്ദ്രന്റെ നേതൃത്വത്തില്‍ അവരേ തടഞ്ഞു.  കോളേജു പിള്ളാരല്ലേ.  വഴക്കുണ്ടാക്കാന്‍ അവര്‍ക്കുള്ള താല്പര്യം പ്രസിദ്ധമാണല്ലോ. 
എണ്ണക്കൂടുതളും പിള്ളരുടെ ആവേശവും കണ്ട് “കാണിച്ചുതരാമെടാ” എന്നു പറഞ്ഞ് അവര്‍ പിന്‍ വാങ്ങി.  അന്നു വൈകിട്ട്, നല്ലവണ്ണം പൂസായി--സ്ഥലത്തേ ഒരു വലിയ കുടുംബത്തിലേ സന്തതിയാണ് നേതാവ്--സ്കൂള്‍ ഗേറ്റില്‍ വന്നു.  ഗേറ്റ് പൂട്ടിയിരിക്കുകയാണ്.  മാധവന്‍ നായര്‍ തുടര്‍ന്നു.  എന്റെ ട്യൂട്ടോരിയലിന്റെ തൊട്ടടുത്താണ് സ്കൂള്‍.  അവിടെ ബഹളവും ചീത്തവിളിയും കേട്ട് ഞങ്ങള്‍ അങ്ങോട്ടു ചെന്നു.  ഇറങ്ങി വാടാ--പുറത്തോട്ടിറങ്ങടാ ചുണയുണ്ടെങ്കില്‍,  ഇത് ഞങ്ങള്‍ കല്ലുചുമന്നുണ്ടാക്കിയ സ്കൂളാടാ-എന്നു തുടങ്ങി അതിമനോഹരമ്മയ തെറികള്‍-തന്തയ്ക്കും തരവഴിക്കും-അങ്ങനെ ധാരധാരയായി ഒഴുകുകയാണ്.  അവരുടെ ശരാശരി പ്രായം ഇരുപതാണ്--സ്കൂള്‍ തുടങ്ങിയിട്ട് അന്ന് അമ്പതു വര്‍ഷം കഴിഞ്ഞു. എങ്ങനാണോ കല്ലു ചുമന്നത്.  ചീത്തവിളി മുഴുവന്‍ ചന്ദ്രനാണ്-അവനാണല്ലോ നാട്ടുകാരന്‍ .  അവന്റെ കൂട്ടുകാര്‍ രോഷം കൊള്ളുകയാണ്.  പക്ഷേ ചന്ദ്രന്‍ മാത്രം കൈയ്യുംകെട്ടി പുഞ്ചിരിതൂകിക്കൊണ്ട് രസിച്ചു നില്‍ക്കുന്നു.  ഇതു കണ്ട് നേതാവിന് ദേഷ്യം കൂടി.  പക്ഷേ പറച്ചിലിനൊരവസാനമുണ്ടല്ലോ.  ഒന്നു ശമിച്ചപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു.  “അയ്യൊ ചേട്ടാ, ഇതു ചേട്ടന്റെ വീടല്ല.  കള്ളുകുടിച്ച് വീടാണെന്നു കരുതി അച്ഛനോടും അമ്മയോടും പറയുന്നത് ഇവിടെനിന്നു പറയല്ലേ.  ഇതു കോളേജ്പിള്ളാരാ”- എന്നിട്ട് അയാളുടെ കൂട്ടുകാരോട് “ഈയാളേ പിടിച്ചു കൊണ്ടുപോയി വീട്ടിലാക്ക്.  ആ പാവം അച്ഛനമ്മമാര്‍ ഇപ്പോള്‍ തെറി കേള്‍ക്കാതെ വിഷമിച്ചിരിക്കുകയായിരിക്കും”.  
ഒരു വലിയ കൂവല്‍-അകത്തുനിന്നും, പുറത്തുനിന്നും.  ചമ്മി അടപ്പുതെറിച്ച് റൌഡിസംഘം സ്ഥലംവിട്ടു.  ഒരടികണ്ടു രസിക്കാമെന്നു വിചാരിച്ചു വന്നവര്‍ നിരാശരായി.  ഞങ്ങള്‍ക്ക് ആശ്വാസം.  മാധന്‍ നായര്‍ പറഞ്ഞു
എങ്ങനാടാ ഇങ്ങനെ ചീത്തവിളി കേട്ടുകൊണ്ട് അനങ്ങാതെ നില്‍ക്കുന്നത്?  ഞാനൊരു ദിവസം അവനോടു ചോദിച്ചു.
അവന്‍ പറഞ്ഞു-എടാകുഞ്ഞേ ഞാനാരാണെന്ന് എനിക്കറിയാം.  ചീത്തവിളിക്കുന്നതാരാണെന്നും എനിക്കറിയാം.  ഇതു രണ്ടും അവര്‍ക്കറിയില്ല.  ഇനി അവരുടെ ആയുസ്സില്‍ എന്നേ തെറിവിളിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
ഇല്ലെന്നു ഞാന്‍ പറഞ്ഞില്ല.  പക്ഷേ ഒരു ദിവസം ഈ പാര്‍ട്ടികളിലൊരാള്‍ -ദേ-ലവന്‍ വരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത് ഞാന്‍ കണ്ടു.  മാധവന്‍ നായര്‍ പറഞ്ഞു നിര്‍ത്തി.  
സദാശിവന്‍ ചാടി വീണു.  ഇതു കേട്ടപ്പോള്‍  എനിക്കൊരു കാര്യം ഓര്‍മ്മ വന്നു.  ഞങ്ങള്‍ മാഹിമില്‍ താമസിച്ചിരുന്നപ്പോള്‍ ദിവസവും കൂടുമായിരുന്നെന്നു പറഞ്ഞല്ലോ.  ചെങ്ങനൂര്‍ കാരന്‍ ഒരു അച്യുതന്‍ നായരും, അടൂര്‍ഭാസിയുടെ ഒരനിയനും ആകൂട്ടത്തില്‍ ഉണ്ടായിരുന്നു.  ഇവര്‍ മൂന്നു പേരും കൂടി കൂടിയാല്‍ ബഹു രസമാണ്.  ചിരിയും-ചിന്തയും, സഞ്ജയനും, മാര്‍ത്താണ്ഡവര്‍മ്മയും,ധര്‍മ്മരാജയും, രാമരാജാ ബഹദൂറും, ഇന്ദുലേഖയും ഒക്കെ അതില്‍ വരും.  ഞങ്ങളാണെങ്കില്‍ ഇതൊക്കെ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.  എന്തു രസമാണെന്നോ!
അതിനിടയ്ക്  ഒരു രാമകൃഷ്ണന്‍ നായര്‍ അവിടെ വന്നു.  അച്യുതന്‍ നായരുടെ ചേട്ടനാണ്.അന്നത്തേകൂടലില്‍ അയാളും കൂടി.  ആരെന്തു പറഞ്ഞാലും ഉടന്‍ കേറി ഉടക്കും.  സര്‍വജ്ഞനേ പോലെ.  കുറേ ഇംഗ്ലീഷ്കാരുടെ പേരും പറയും.  അയാള്‍ അങ്ങിനെ ഇന്നെടത്ത് പറഞ്ഞിട്ടുണ്ട്--മറ്റേയാള്‍ ഇങ്ങനേ മറ്റേടത്ത് പറഞ്ഞിട്ടുണ്ട്-എന്നും പറഞ്ഞ് എല്ലാരേയും കളിയാക്കലാണ് അയാളുടെ ഹോബി.  പരമരസമായി നടന്നുകൊണ്ടിരുന്ന ഞാങ്ങളുടെ കൂടല്‍ ആകെ കുളമായി.  
അയാള്‍ അടുത്തദിവസം പോയി.  അപ്പോഴാണ് അച്യുതന്‍ നായര്‍ പറയുന്നത് --ഞാനെന്റെ അഡ്രസ്സ് അങ്ങേര്‍ക്ക് കൊടുത്തില്ല. എവിടുന്ന് തേടിപ്പിടിച്ചെന്ന് എനിക്കറിഞ്ഞുകൂടാ.  ഇനി എല്ലാ അവധിദിവസവും വരാമെന്ന് പറഞ്ഞിട്ടാണ് പോയത്.  ഞാന്‍ ഇവിടുന്നു താമസം മാറുകയാണ്.  നിങ്ങള്‍ക്കെങ്കിലും സ്വൈരം കിട്ടട്ടെ.  ഒരിടത്തും മനസ്സമാധാനത്തോടെ താമസിക്കാന്‍ സമ്മതിക്കത്തില്ല.  ഈനലെ നിങ്ങളുന്റായിരുന്നതുകൊണ്ട് ഞാന്‍ രക്ഷപെട്ടു.  അല്ലെങ്കില്‍ ഈ പ്രസംഗമെല്ലാം ഞാന്‍ തന്നെ സഹിക്കണം.
അപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു.  കൊള്ളാം തന്റെ ചേട്ടനായതുകൊണ്ടാണ് അങ്ങേരുടെ വിവരക്കേടെല്ലാം ഞങ്ങള്‍ സഹിച്ചത്.  താനെങ്ങും പോകണ്ടാ.  അയാള്‍ വരട്ടെ.
അങ്ങിനെ ഇരുന്നപ്പോഴാണ് പ്രധാന മന്ത്രി നെഹ്രു മരിച്ചതിന്റെ അവധി വന്നത്.  ദേ ചേട്ടന്‍ വരുന്നു.  അച്യുതന്‍ നായര്‍ പരിഭ്രമത്തോടെ പറഞ്ഞു.  വരട്ടെടൊ താന്‍ കിടന്നു പെടെയ്ക്കാതെ- ചന്ദ്രന്‍ ആശ്വസിപ്പിച്ചു.  അന്ന് അവധിയായതുകൊണ്ട് ഫുള്‍ കോറം ഉണ്ട്.
അപ്പോല്‍ ആര്‍.കെ. കരഞ്ജിയായുടെ ബ്ലിറ്റ്സ് മാഗസിനുമായി അടൂര്‍ ഭാസിയുടെ അനുജന്‍ എത്തി.  അതില്‍ ഒരു ഫോട്ടൊ-മരിച്ചുകിടക്കുന്ന നെഹ്രുവിന്റെ അടുത്ത് മൊറാര്‍ജി ദേശായിനില്‍ക്കുന്നു.  ഒരു പുഞ്ചിരിയോടെ--അടിക്കുറിപ്പ് “ യു സ്മൈലിങ് വില്ലന്‍ ”  ഇതു കണ്ടതും രാമകൃഷ്ണപിള്ള--ഇയ്യാഗോയേപറ്റി ഒതല്ലോയില്‍--ഷേക്സ്പീയറുടെയേ എന്ന് തന്റെ വിജ്ഞാനം പുറത്ത് ചാടിച്ചു.
അപ്പോള്‍ ചന്ദ്രന്‍ --ഷേക്സ്പീയറുടെ തന്നെ- പക്ഷേ മര്‍ച്ചന്റ് ഓഫ് വെനീസിലാണ്- എന്നു പറഞ്ഞു.
ഹേയ്-അല്ല.  ഒതല്ലോയില്‍തന്നെ എനിക്കുറപ്പാണ്--രാമകൃഷ്ണപിള്ള.
ആയിരിക്കാം. ചന്ദ്രന്‍ പറഞ്ഞു.  പക്ഷേ ഞാന്‍ ആകെ ഷേക്സ്പീയറുടെ ഒരു പുസ്തകമേ പഠിച്ചിട്ടുള്ളൂ.  ബി.കോമിന്.  അത് മര്‍ച്ചന്റ് ഓഫ് വെനീസാണ്.  അതില്‍ ഷൈലാക്കിനേകുറിച്ചാണ് ഈ വാചകം ഞാന്‍ പഠിച്ചത്.  പോട്ടെ.
രാമകൃഷ്ണപിള്ള വിഷമിച്ചു.  കുറേ നേരം ആലോചനാമഗ്നനായിരുന്നു.  എന്നിട്ട് പറഞ്ഞു.  ശരിയാ മര്‍ച്ചന്റ് ഓഫ് വെനീസിലാണ്.  ഞാനിപ്പഴാ ആ സന്ദര്‍ഭം ഓര്‍ത്തത്.  
ഓര്‍ത്തത് നന്നായി അല്ലെങ്കില്‍ ഞാന്‍ പഠിച്ചത് തെറ്റിപ്പോയോ എന്നു ഞാന്‍ വിചാരിച്ചേനേ.  ചന്ദ്രന്‍ ഒരു സാധുവിനേ പോലെ പറഞ്ഞു.
ഇല്ല. രാമകൃഷ്ണപിള്ള പറഞ്ഞു. ഇപ്പോള്‍ എനിക്ക് ശരിക്കും ഓര്‍മ്മ വന്നു.  ആ ഒരു പൌണ്ട് ഫ്ലഷ് മുറിക്കാമെന്നോര്‍ത്ത് അയാളുടെ ചിരി.  
ഉറപ്പാണേ? ചന്ദ്രന്‍ വീണ്ടും ചോദിച്ചു.--ഞങ്ങള്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.
വെരി കറക്റ്റ്-രാമകൃഷ്ണപിള്ള തറപ്പിച്ചു പറഞ്ഞു.
അപ്പോള്‍ ഒരു പരിഹാസച്ചിരിയോടെ ചന്ദ്രന്‍ പറഞ്ഞു.  ഇതേ ഡസ്ഡമോണയുടെ ശവത്തിനരികില്‍ നിന്ന ഇയ്യാഗോയേക്കുറിച്ചു തന്നെയാണ്.  നിങ്ങള്‍ ഇതു വല്ലോം വായിച്ചിട്ടുണ്ടൊ എന്നറിയാന്‍ ഞാന്‍ വെറുതേ പറഞ്ഞതാണ്.  രാമകൃഷ്ണപിള്ളയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു.  ഞങ്ങള്‍ മുഖം പൊത്തി ചിരിച്ചു.
അപ്പോള്‍ അടൂര്‍ ഭാസിയുടെ അനിയന്‍ --ഇതിലേതാടോ ശരിക്കും ശരി.
ആ-ആര്‍ക്കറിയാം.  ചുമ്മാ ആര്‍ക്കും വച്ചു കാച്ചരുതോ, ബാക്കി എല്ലാരും മണ്ടന്മാരാണെന്നു വിചാരിച്ച്--അത് ഹക്സിലിയുടെയാ, ഇത് റസ്സലിന്റെയാ എന്നൊക്കെ.  താന്‍ സര്‍വ്വജ്ഞപീഠം കേറിയവനാണെന്ന് എല്ലാരും വിചാരിച്ചുകൊള്ളുമല്ലോ.  ഓരോ പറ്റിക്കല്‍ പ്രസ്ഥാനം.  
ഞങ്ങളുടെ കൂടലില്‍ ശ്മശാന മൂകത--ഒരു നിമിഷം.  പിന്നെ ഒരു പൊട്ടിച്ചിരി.  രാമകൃഷ്ണപിള്ളയുടെ ബാധ ഒഴിഞ്ഞു.
താനിതെങ്ങനെ ഒപ്പിച്ചെടോ?  അച്യുതന്‍ നായര്‍ ചോദിച്ചു.
ഇത്ര പെട്ടെന്ന് നടക്കുമേന്ന് ഞാന്‍ വിചാരിച്ചില്ല.  പക്ഷേ ഇതെല്ലാം തമ്പുരാന്റെ കൈയ്യിലല്ലേ.  അദ്ദേഹത്തിന് നമ്മാളോട് കരുണ തോന്നിക്കാണും.  ചന്ദ്രന്‍ പറഞ്ഞു.  സദാശിവന്‍ കഥ അവസാനിപ്പിച്ചു.