പാലാഴി മഥനം

അപ്പൂപ്പാ ആതിര വിളിച്ചു-- വല്യച്ഛന്മാരു കാണാന്‍ വരുമെന്നു പറഞ്ഞിട്ട് വന്നില്ലേ. ഇല്ല മക്കളേ. എന്നും അപ്പൂപ്പന്‍ ഉച്ചക്ക് അവര്‍ വരുമെന്നു വിചാരിച്ച് പോയി കിടക്കും. പക്ഷേ ഇതുവരെ വന്നില്ല. നമുക്ക് പ്രപഞ്ചത്തിന്റെ ഉച്ചകോടിയിലേക്കു പോകാം. അവരെന്തോ തീരുമാനമെടുത്തെന്നു പറഞ്ഞില്ലേ. അത് പരമരഹസ്യമായതുകൊണ്ട് നമുക്കറിയാന്‍ വയ്യാ. പക്ഷേ തുടര്‍ന്നു നടന്ന ചില സംഭവങ്ങളില്‍ നിന്ന് നമുക്ക് ഊഹിക്കാം.

നമ്മുടെ ദുര്‍വ്വാസാവ് മഹര്‍ഷി പതിവുപോലെ തപസ്സുകഴിഞ്ഞ് ഇന്ദ്രനേ കാണാന്‍ പോവുകയാ‍ണ്. സ്വര്‍ഗ്ഗത്തില്‍ അപ്സരസ്സുകള്‍ പാ‍രിജാതപുഷ്പങ്ങള്‍ പറിച്ച് ഒരു മാലകെട്ടുകയാണ്. മഹര്‍ഷിയേ കണ്ടതും അവര്‍ ഓടി വന്നു നമസ്കരിച്ചു. അവര്‍ ഉണ്ടാക്കിയ മാലയും അദ്ദേഹത്തിനു സമര്‍പ്പിച്ചു. പാവം മഹര്‍ഷി. അദ്ദേഹത്തിനെന്തിനാ മാല. മാല മഹാവിഷ്ണുവിനു കൊടുക്കാം-അദേഹം വിചാരിച്ചു. പക്ഷേ ഒരു പ്രശ്നം. ഭാര്യമാരു രണ്ടാ‍--മാല മുറിക്കും-അതു വേണ്ടാ-എന്നല്‍ ബ്രഹ്മാവിനായാലോ--അയ്യോ നാലാ തല അതും വേണ്ടാ-എന്നാപ്പിന്നെ ശിവനു കൊടുക്കാം. അതു നടക്കത്തില്ല-നമ്മളായിട്ടെന്തിനാ ഒരു കുടുംബകലഹം ഉണ്ടാക്കുന്നത്. തലയില്‍ ഒരുത്തിയേ ഒളിപ്പിച്ചു വച്ചിരിക്കുവല്ലിയോ-ഒരാള്‍ക്കു കൊടുത്താലുംവഴക്ക്-അല്ലെങ്കില്‍ മുറിക്കും. മഹര്‍ഷി മാലയും പിടിച്ച് വിഷണ്ണനായി നില്‍ക്കുകയാണ്. മാല കൊടുത്ത അപ്സരസ്സുകളോട് കുറേശ്ശെ ദേഷ്യം വന്നു തുടങ്ങി. അപ്പോള്‍ അവരുടെ ഭാഗ്യത്തിന് ഐരാവതത്തിന്റെ പുറത്തു കയറി അതാ വരുന്നു സാക്ഷാല്‍ ദേവേന്ദ്രന്‍. ഹോ രക്ഷപെട്ടു. മഹര്‍ഷി വിചാരിച്ചു. സന്തോഷത്തോടുകൂടി അദ്ദേഹം മാല ദേവേന്ദ്രനു കൊടുത്തു. ദേവേന്ദ്രന് വളരെ സന്തോഷം. പാരിജാതത്തിന്റെ പരിമളം അന്തരീക്ഷത്തേ സുഗന്ധ പൂരിതമാക്കുന്നു. മാലയും തലയില്‍ ചൂടി ഇന്ന് ഉര്‍വ്വശി മേനകമാരുടെ മുമ്പില്‍ ഒന്നു വിലസണം. കുറേ നളായി പൂ ചൂടിയിട്ട്. ദേവേന്ദ്രന്‍ മാല ഐരാവതത്തിന്റെ തലയില്‍ വച്ചു. തലമുടി മുഴുവന്‍ ചിടക്ക്. അദ്ദേഹം കൈകൊണ്ട് ചിടക്കു കളയാന്‍ മുടി കോതി.

പൂവിന്റെ വാസന്യുടെ ഉറവിടം തേടി വണ്ടുകള്‍ വന്നു തുടങ്ങി. അവയ്ക്കുണ്ടോ ഐരാവതവും ഇന്ദ്രനും. മൂളി മൂളി അവ പറന്നു. കുറേ എണ്ണം ഐരാവതത്തിന്റെ ചെവിയില്‍--കുറേ കണ്ണില്‍--കുറേ മൂളിക്കൊണ്ട് തലയ്ക്കു ചുറ്റും. ഐരാവതത്തിനു ദേഷ്യം വന്നു. വണ്ടിനേ പിടിക്കാന്‍ അതു തുമ്പിക്കൈ പൊക്കി. പിടി കിട്ടിയത് മാലയിലാണ്. അതെടുത്ത് താഴെയിട്ട് ചവിട്ടി മെതിച്ചു. ദേവേന്ദ്രന്‍ മുടി കോതിക്കഴിഞ്ഞില്ല. ദുര്‍വ്വാസാവ് കണ്ടുകൊണ്ട് നില്‍ക്കുകയാണ്. മാല രണ്ടാക്കി ക്കളയുമെന്നു വിഷമിച്ച ആളിന്റെ മുന്‍പില്‍ വച്ച് അതു നാ കണ്ട കഞ്ഞിയാക്കി. ദുര്‍വ്വാസാവ് ക്രോധം കൊണ്ട് വിറച്ചു. ഹും! ഞാന്‍ നിനക്കു തന്ന മാല നീ എന്റെ മുമ്പില്‍ വച്ചുതന്നെ നിന്റെ ആനയേക്കൊണ്ടു ചവിട്ടി മെതിപ്പിച്ചു. നീയും നിന്റെ വംശവും വൃദ്ധരായിപ്പോകട്ടെ. നിന്റെ ഐശ്വര്യങ്ങളെല്ലാം നശിച്ചു പോകട്ടെ. ദുര്‍വ്വാസാവിനോടാ കളി--അദ്ദേഹം അട്ടഹസിച്ചു. പാവം ദേവേന്ദ്രന്‍. വേഗം ആനപ്പുറത്തുനിന്നിറങ്ങി മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണു. ആനയുടെ വിവരക്കേടുകൊണ്ടാണ് ഇതു സംഭവിച്ചതെന്നും നാശം പിടിച്ച വണ്ടുകളാണ് ഇതിനെല്ലാം കാരണമെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് അറിയിച്ചു. ശാപമോക്ഷം തരണമെന്നും അപേക്ഷിച്ചു. ദുര്‍വ്വസാവിന് ദേഷ്യം വന്നപോലെ പൊവുകയും ചെയ്യും. അദ്ദേഹം ദേവേന്ദ്രനേ പിടിച്ചെഴുനേല്പിച്ച് പറഞ്ഞു. ശരി-നിങ്ങള്‍ പാലാഴി കടഞ്ഞ് അമൃതെടുത്ത് കഴിച്ചാല്‍ പഴയതുപോലാകും. പൊയ്ക്കോള്ളൂ. ദുര്‍വ്വസാവ് വീണ്ടും തപസ്സിനു പോയി. പാലാഴി മഥനം

കൊള്ളാം- ശാപം ഉച്ചകോടിയില്‍ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെടുത്തതാ‍ണെന്നാണോ അപ്പൂപ്പന്‍ പറഞ്ഞു കൊണ്ടു വരുന്നത്--രാംകുട്ടന്‍ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു. ഹേയ്-ഞാനങ്ങനെ പറഞ്ഞില്ല. പക്ഷേ നിങ്ങള്‍ അങ്ങനെ വിചാരിച്ചാല്‍ അല്ലെന്നു പറയാനൊന്നും ഞാനാളല്ല. അത്രേയുള്ളു. അപ്പോള്‍ ഉര്‍വ്വശി അങ്ങോട്ടു വന്നു-ഇന്ദ്രന്റെ കോലം കണ്ട് ചിരി തുടങ്ങി. നിന്ന നില്പില്‍ ഉര്‍വ്വശി-ദാ പടുകിളവിയായി--ഇന്ദ്രനും ചിരി തുടങ്ങി. ഈ ചിരി ദേവലോകത്തില്‍ ആകെ വ്യാപിച്ചപ്പോഴേക്കും മൊത്തം ദേവന്മാരും പടുവൃദ്ധന്മാരായിക്കഴിഞ്ഞു.

Comments (0)