ത്ര്യംബകം

രാമായണത്തില്‍ ശ്രീരാമന്‍ സീതയേ വേള്‍ക്കാന്‍ ഒരു വില്ലൊടിച്ചു. ങാ എനിക്കറിയാം ആതിര പറഞ്ഞു-ത്ര്യംബകം--ത്രൈയ്യംബകമല്ലേ അപ്പൂപ്പാ-- പെണ്ണിനൊരു വസ്തു അറിഞ്ഞു കൂടാ-കിട്ടു. മോനേ ത്ര്യം ബകമെന്നു പറയാന്‍ നാക്കു വഴങ്ങാത്തവര്‍ക്കങ്ങനെയും പറയാം. വില്ലിനൊരു കഥയുണ്ട്.

പണ്ട് വിഷ്ണു പന്നിയായിട്ടവതരിച്ച് ഹിരണ്യാക്ഷനേ കൊന്നിട്ട് തിരിച്ചു പോകാതെ ഇവിടെത്തന്നെകൂടുകയും, പരമശിവന്‍ വന്ന് ശൂലം ഉപയോഗിച്ച് പന്നിയുടെ മസ്തകം തകര്‍ത്ത് വിഷ്ണുവിനേ കൊണ്ടു പോയതും മറന്നിട്ടില്ലല്ലോ. അന്നു മുതല്‍ ദേവന്മാര്‍ക്ക് ഒരു കുശുമ്പ്. ദേവേന്ദ്രന്റെ അനുജനാണല്ലോ വിഷ്ണു. പരമശിവന്‍ പൊതുവേ അസുരപക്ഷപാതിയായാണ് അറിയപ്പെടുന്നത്. പാലാഴിമഥനത്തിന് അസുരന്മാരേ അനുനയിപ്പിച്ചത് ശിവനാണല്ലോ. രാവണന് ചന്ദ്രഹാസം കൊടുത്തത് ദേവന്മാര്‍ക്ക് രസിച്ചിട്ടില്ല. ഇപ്പോള്‍ വിഷ്ണുവിന്റെ അവതാരത്തിനുമേല്‍ ശൂലപ്രയോഗം. ശിവനേ ഒരു പാഠം പഠിപ്പിക്കണമെന്ന് ദേവന്മാരില്‍ ചിലര്‍ തീരുമാനിച്ചു. വിഷ്ണുവുമായി ഒരു യുദ്ധം--അതാണ് പോംവഴി.

എന്തായാലും വിഷ്ണുവിനുമേല്‍ ശൂലം പ്രയോഗിച്ചതു ശരിയായില്ലെന്നും മറ്റും പൂജ്യം പൂജ്യം പറഞ്ഞ് അവര്‍ ഒരന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് അതു നാട്ടില്‍ പാട്ടായി. സ്വര്‍ഗ്ഗത്തില്‍ വേറേ പണിയൊന്നുമില്ലല്ലോ. തിന്നു മദിച്ചു നടന്നാല്‍ പോരേ. പ്രശ്നമെന്തെങ്കിലും ഉണ്ടായാല്‍ വിഷ്ണുവിനോടു പറഞ്ഞാല്‍ മതിയല്ലോ. അപ്പൂപ്പോ ഉണ്ണി വിളിച്ചു-സ്വര്‍ഗ്ഗത്തിനേക്കുറിച്ചാണൊ പറയുന്നത്. അപ്പൂപ്പന്‍
രാമായണവും, ഭാഗവതവും ഒക്കെ വായിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ പോകാനല്ലേ. മോനേ അപ്പൂപ്പനേ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകണമെങ്കില്‍ പണ്ട് നിങ്ങള്‍ക്ക് പോളിയൊ വാക്സിന്‍ തരാന്‍ വന്നവരോടെ അപ്പൂപ്പന്‍ പറഞ്ഞതു പോലെ പോലീസിനെ വിളിക്കേണ്ടിവരും. അതെന്താ അപ്പൂപ്പാ. മക്കളേ അല്പം ആലോചിച്ചാല്‍, മള്‍ട്ടി നാഷനല്‍ കമ്പനികളുടെ മരുന്നുകള്‍ തട്ടിപ്പാണെന്ന് മനസ്സിലാകും. അവരുടെ മരുന്നു ചെലവാകാന്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരേ കൂട്ടുപിടിച്ച് സന്നദ്ധ സംഘടനകളുടെ കാശടിച്ചുമാറ്റി നിരപരാധികളും നിഷ്കളങ്കരുമായ നാട്ടുകാര്‍ക്ക് സൌജന്യമാണെന്ന വ്യാജേന മരുന്നു കൊടുക്കുന്നു. അതു വേണ്ടാ എന്നു പറയാനുള്ള അവകാശം പോലും പാവം നാട്ടുകാര്‍ക്കില്ല പോലും. നിങ്ങള്‍ക്ക് പോളിയോ മരുന്നു തരാന്‍ വന്നവരോട് അപ്പൂപ്പന്‍ വേണ്ടെന്നു പറഞ്ഞു. അവരന്നേരം അപ്പൂപ്പനേ പറഞ്ഞതു കേള്‍ക്കണം. ശുദ്ധ വിവരംകെട്ട നാട്ടുമ്പുറത്തുകാരന്‍-ഞാന്‍ നാളെ ആലപ്പുഴയില്‍നിന്നും ആളേ വരുത്തും. അപ്പോള്‍ വിവരം അറിയും. എന്നും പിന്നെ എന്തൊക്കെയോ അവര്‍ പറഞ്ഞു. അപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു--ആലപ്പുഴയില്‍ നിന്നും കൊണ്ടു വരുംപോള്‍ പോലീസിനേ കൂടി കൊണ്ടു പോരണം. എന്തണെന്നു വച്ചാല്‍ ഒരടിപിടി കൂടാതെ ഇവിടെ കാര്യം നടക്കത്തില്ല--ഏതായാലും അവര്‍ വന്നില്ല. നിങ്ങള്‍ക്കാര്‍ക്കും ഇതുവരെ പോളിയോ തന്നിട്ടുമില്ല. അയ്യോ അപ്പോള്‍ ഞങ്ങള്‍ക്കു പോളിയോ വന്നാലോ--ശ്യാം ചോദിച്ചു. എടാ പോളിയോ എടുത്തവര്‍ക്കും ഇതു വന്നിട്ടുണ്ട്. ഉടനേ അവര്‍ ശതമാനക്കണക്കു പറഞ്ഞു തുടങ്ങും. പാവങ്ങളേ
കണ്‍ഫ്യൂഷനിലാക്കാന്‍--ഒരു മരുന്നു കൊടുത്താല്‍ എല്ലാവര്‍ക്കും സുഖക്കേടു പോയില്ലെങ്കില്‍ അതിനര്‍ത്ഥം മരുന്നല്ല ആളിന്റെ ആരോഗ്യസ്ഥിതിയാണ് പ്രധാനം എന്നല്ലേ. അതു പോട്ടെ. കുറച്ചു നാള്‍ മുമ്പ് ക്ഷയരോഗം വരാതിരിക്കാന്‍ കുത്തിവെയ്ക്കുന്ന മരുന്ന് കണ്ടുപിടിച്ചു. അത് കുറേ കുട്ടികള്‍ക്ക് കുത്തിവച്ചു. അവരെല്ലാം മരിച്ചുപോയി. ഭയങ്കര അന്വേഷണങ്ങളെല്ലാം നടന്നു. എന്താ കാരണമെന്നറിയാമോ? ഹോസ്പിറ്റലില്‍ ക്ഷയരോഗാണുക്കളേ കള്‍ച്ചര്‍ ചെയ്യുന്ന പരിപാടി ഉണ്ടായിരുന്നു. പ്രിവെന്റിവ് മരുന്നിനു പകരം അതെടുത്തണ് കുത്തിവെച്ചത്. ആര്‍ക്കുപോയി. പിള്ളാരുടെ അച്ഛനമ്മമാര്‍ക്ക്. ഒരനുശൊചനവും തെറ്റു സമ്മതിക്കലും കൊണ്ട് ചെയ്തവര്‍ തടിതപ്പി. സുഖക്കേടുവരികയാണെങ്കില്‍ അപ്പോള്‍ നോക്കാം. അടുത്ത ജന്മം പട്ടരാകുമെന്നു വിചാരിച്ച് ഇപ്പോഴേ പൂണൂലിട്ടു നടക്കണോ? നിങ്ങള്‍ അയഡിന്‍ ഉപ്പിന്റെ കഥ കേട്ടിട്ടുണ്ടോ. തൂത്തുക്കുടിയിലുള്ള ഒരു വളക്കമ്പനിക്ക്, അതിന്റെ ഉപോല്പന്നമായ(ബൈ പ്രോഡക്റ്റ്) പൊട്ടാ‍സ്യം ക്ലോറേറ്റ് ഡമ്പ് ചെയ്യാന്‍ സ്ഥലമില്ലതെ വന്നപ്പോള്‍ അത് നട്ടുകാരേ തീറ്റാന്‍ പറ്റിയ ഒരു മാര്‍ഗ്ഗം കണ്ടു പിടിച്ചതാണ് സ്പ്രിങ്കിള്‍. അയഡിന്‍ ചേര്‍ത്ത ഉപ്പു കഴിച്ചില്ലെങ്കില്‍ ഇപ്പോള്‍ തൊണ്ടമുഴ(ഗായിറ്റര്‍) വരുമെന്ന് അവര്‍ പരസ്യങ്ങളിലൂടെയും, രാഷ്ട്രീയക്കാരിലൂടെയും ജനങ്ങളേ വിശ്വസിപ്പിച്ചു--ജപ്പാനില്‍ നടന്ന ഒരു പഠനത്തില്‍ അയഡിന്‍ കൂടിയാല്‍ വന്ധ്യതവരുമെന്നും ഒരു ഗ്രാമം മുഴുവന്‍ ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നെന്നും, കേരളത്തില്‍ സമുദ്രത്തിലെ കാറ്റില്‍ നിന്നും, കല്ലുപ്പില്‍നിന്നും ലഭിക്കുന്ന അയഡിന്‍ തന്നെ ധാരാളമാണെന്നും ഉണ്ടോ അവരറിയുന്നു. ഇപ്പോള്‍ ആരോ നമ്മളേ കൈകഴുകാന്‍ പഠിപ്പിക്കുന്നു--അയ്യോ വേണ്ടാ-പറഞ്ഞു പറഞ്ഞു കഥയില്ലാതാകും. അപ്പോള്‍ സ്വര്‍ഗ്ഗത്തേക്കുറിച്ചാണല്ലോ നമ്മള്‍ പറഞ്ഞു വന്നത്. സ്വര്‍ഗ്ഗത്തേകുറിച്ച് ഒരു വിവരണം തരാം. അവിടെ സൂര്യനു ചൂടില്ല-കാറ്റിനു തണുപ്പില്ല--ചിരിയില്ല -കരച്ചിലില്ല--മരങ്ങള്‍ എപ്പോഴും കായിച്ചു നില്‍ക്കുന്നു- ചെടികള്‍ എപ്പോഴും പുഷ്പിച്ചു നില്‍ക്കുന്നു--വിശപ്പില്ല-ദാഹമില്ല പക്ഷേ ആവശ്യത്തിന് മദ്യം കിട്ടും--എന്തിനാണു മക്കളേ ഇങ്ങനൊരു സ്ഥലത്തു പോകുന്നത്. ഇപ്പോള്‍ ഈവഴിവക്കിലുള്ള കടകളില്‍ ഉപ്പേരി വറപ്പു തുടങ്ങിയതില്‍ പിന്നെ ഓണത്തിന്റെ ഉപ്പേരിക്കെന്തുരസം. ദിവസവും പരിപ്പും പപ്പടവും കൂട്ടിയുള്ള ഊണ് ആദ്യം ഭയങ്കര രസമായിരിക്കും-ആലോചിക്കുമ്പോള്‍. രണ്ടുദിവസം കഴിച്ചു കഴിയുമ്പോള്‍ മനുഷ്യര്‍ എങ്ങിനെയാണ് പരിപ്പും പപ്പടവും കൂട്ടുന്നത് എന്ന് നമ്മള്‍ അത്ഭുതപ്പെടും-കണ്ടാല്‍ ഓക്കാനം വരും. പിന്നെങ്ങനാ സ്വര്‍ഗ്ഗത്തില്‍ താമസിക്കുനത്. വേണമെങ്കില്‍ ഒരു വിസിറ്റ്നടത്താം-അല്ലാതെ സ്ഥിര താമസത്തിന് ഏതായാലും അപ്പൂപ്പനില്ല. വല്ല പണിയും ചെയ്ത് കിട്ടുന്നതു കൊണ്ട് എങ്ങനെങ്കിലും കഴിഞ്ഞോളാം.

ഇങ്ങനുള്ള സ്ഥലത്തു താമസിക്കുന്നവരുടെ മനസ്സില്‍ ചെകുത്താന്‍ കയറുമെന്നോ മറ്റോ ഒരു ചൊല്ലില്ലേ. കുറേ നാള്‍ അസുരന്മാര്‍ ആക്രമിച്ചില്ലെങ്കില്‍ ഇവര്‍ക്കു ഭ്രാന്ത് പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അങ്ങനൊരു സമയത്താണ് അവര്‍ക്ക് ബുദ്ധി തോന്നിയത്. അവര്‍ നാരദനേ ബ്രഹ്മാവിനടുത്ത് അയച്ചു. മകനാണെങ്കിലും നാരദന്‍ നാരദനാണല്ലോ.

നാരദന്‍:- അറിഞ്ഞില്ലേ-- ശിവന്റെ ഒരഹങ്കാരം.
ബ്രഹ്മാവ്:- (ഒന്നു ഞെട്ടി) എന്ത്!
നാരദന്‍:- അല്ല. നാട്ടില്‍ മുഴുവന്‍ പാട്ടാണ്. പുള്ളി വിഷ്ണുവിനേ തോല്പിച്ചെന്നു പറഞ്ഞാണ് നടപ്പ്. ആകെ ദേവലോകത്തിനു നാണക്കേടായി. മഹാ വിഷ്ണുവിന്റെ അവതാരമാ‍യ വരാഹത്തിന്റെ മണ്ട തകര്‍ത്തുപോലും. അതും പോരാഞ്ഞിട്ട് ദേവലോകം ആക്രമിച്ച രാവണന് സ്വന്തം ഉടവാള്‍ സമ്മാനിച്ചത്രേ. ഇതിനൊരു പരിഹാരം അങ്ങയേക്കൊണ്ടേ നടക്കൂ.
ബ്രഹ്മാവ്:- ഞാ‍ന്‍ എന്തു വേണമെന്നാ പറയുന്നത്.
നാരദന്‍:- വിഷ്ണു ശിവനേ തോല്‍പ്പിക്കണം. അതിന് അവരേ തമ്മില്‍ പിണക്കി ഒരു യുദ്ധം തരമാക്കണം. എന്നാല്‍ കഴിയുന്നതു ഞാന്‍ ചെയ്യാം.
ബ്രഹ്മാവ് ദീര്‍ഘമായൊന്നു നിശ്വസിച്ചു. പുള്ളി പടച്ചുവിട്ട മനുഷ്യര്‍ക്കു മാത്രമേ കുശുമ്പും കുന്നായ്മയും ഉള്ളെന്നായിരുന്നു പുള്ളിയുടെ വിശ്വാസം. ഇപ്പോള്‍ അദ്ദേഹത്തിന് തൃപ്തിയായി. ശരി നാരദന്‍ പൊയ്ക്കോളൂ. ഞാന്‍ വിവരം അറിയിക്കാം.

സ്ഥലം വൈകുണ്ഠം. ഉള്ളിലെ അസംബ്ലിഹാളില്‍ പോളിറ്റ് ബ്യൂറോ-ഹൊ-തെറ്റി-ഉച്ചകോടി നടക്കുന്നു.. പരാശക്തിയുടെ അദ്ധ്യക്ഷതയില്‍-ബ്രഹ്മാ,വിഷ്ണു, മഹേശ്വരന്മാര്‍.
ബ്രഹ്മാവ്:- നമ്മടെ ദേവന്മാര്‍ക്ക് നിങ്ങളേ തമ്മില്‍ ഒന്നു പിണക്കണം.
പരാശക്തി:- പിന്നവര്‍ എന്തൊവേണം. എത്ര നാളാ തിന്നും കുടിച്ചും ഡാന്‍സ് കണ്ടും കഴിയുന്നത്. അസുരന്മാരാണെങ്കില്‍ കുറേ നാളായി അടങ്ങി ഇരിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക്-ശ്ശെ പിന്നേം തെറ്റി-ദേവന്മാര്‍ക്ക് എന്തെങ്കിലും പണിവേണ്ടേ.
വിഷ്ണു:- നമുക്കെന്തു ചെയ്യാന്‍ പറ്റും?
പരാശക്തി:- നമുക്കൊരു ഓച്ചിറക്കളി സംഘടിപ്പിച്ചാലോ. ശിവനും, വിഷ്ണുവും രണ്ടു സൈഡില്‍--ശിവന്റെ കൂടെ അസുരന്മാര്‍ കൈയ്യടിക്കാന്‍ മാത്രം-വിഷ്ണുവിന്റെ കൂടെ ദേവന്മാരും കൈയ്യടിക്കാന്‍ മാത്രം. നിങ്ങള്‍ യുദ്ധം ചെയ്യുന്നു--ഒരുത്സവം. ഞാന്‍ കണ്ണു കാണിക്കുമ്പോള്‍ ശിവന്‍ വില്ലു താഴത്തിടുന്നു. ബാക്കി ഞാന്‍ പിന്നെപ്പറയാം.
ശിവന്‍:- എന്താണ് ഓച്ചിറക്കളി.
പരാശക്തി:- അത് ഭൂമിയിലേ എന്റെ മൂല സ്ഥാനമല്ലേ-ബ്രഹ്മത്തിന്റെ. അവിടെ അമ്പലം പണിയാന്‍ ശ്രമിച്ച കഥ കേട്ടിട്ടില്ലേ. ജ്യോത്സ്യന്‍ പറഞ്ഞു അമ്പലത്തിന്റെ തൂണിന്റെ സ്ഥാനം നാലു സമുദ്രത്തിന്റെ മദ്ധ്യത്തിലായിരിക്കണമെന്ന്. അതൊടുകൂടി അമ്പലം പണി കഴിഞ്ഞു. അവിടെ രണ്ടുദിവസം കളി നടക്കാറുണ്ട്. നമുക്ക് ഇരുപത്തൊന്നു ദിവസമാക്കാം. ദേവലോകമല്ലേ?

അങ്ങനെ അതു തീരുമാനമായി. ബ്രഹ്മാവ് നാരദനേ വിളിച്ച്-പണിപറ്റിയെന്നും വൈഡ് പബ്ലിസിറ്റി കൊടുക്കണമെന്നും പറഞ്ഞു. എല്ലാം ജോറായി. വിശ്വകര്‍മ്മാവിനെ വിളിച്ച് രണ്ടു വില്ലുകള്‍ ഉണ്ടാക്കാന്‍ ഓര്‍ഡര്‍ കൊടുത്തു.
വീല്ലുരണ്ടും എത്തി. ഒന്നു ശിവനും ഒന്നു വിഷ്ണുവും എടുത്തു. ശിവന്റെ ഭാഗത്ത് അസുരന്മാരും, വിഷ്ണുവിന്റെ ഭാഗത്ത് ദേവന്മാരും കൈയ്യടിക്കാന്‍ നിരന്നു. യുദ്ധം ജോറായി ഇരുപത്തൊന്നു ദിവസം നടന്നു. അപ്പോള്‍ പേട്ടെന്ന് ശിവന്റെ കൈയ്യില്‍ നിന്നും വില്ലു താഴെ വീണു. ദേവന്മാര്‍ അതിഭയങ്കരമായി കൈയ്യടിച്ചു. അപ്പോള്‍ അതാ ഒരത്ഭുതം. വിഷ്ണുവിന്റെ വില്ലു താ‍ാഴെ വീണു. വിഷ്ണു ശിവന്റടുത്തേക്ക്പോകുന്നു--ബ്രഹ്മാവും അവിടേയ്ക്കെത്തുന്നു. മൂന്നു പേരും കൂടി ആലിംഗനബദ്ധരാകുന്നു. അതിഭീഷണമായ ഒരു രൂപം പ്രത്യക്ഷപ്പെടുന്നു. അതിന്റെ ഘോരമാ‍ായ അലര്‍ച്ച കേട്ട് ദേവാസുരന്മാര്‍ മോഹിച്ച് വീഴുന്നു.


അടുത്ത ഉച്ചകോടി. ശിവനുപയൊഗിച്ച വില്ല്--ത്ര്യംബകം മിഥിലയില്‍ ദേവരാതനേയും, വിഷ്ണു ഉപയോഗിച്ച വില്ല് വൈഷ്ണവം--ഭൃഗുവിനേയും ഏല്പിച്ചു. അവയാണ് പാരമ്പര്യമാ‍യി ജനകനും, പരശുരാമനും കിട്ടിയത്. പിന്നീറ്റ് അവര്‍ പരമരഹസ്യമായി ഒരു തീരുമാനം കൂടി എടുത്തു. പരമരഹസ്യമായതു കൊണ്ടും അന്നു വിവരാവകാശനിയമം ഇല്ലായിരുന്നതുകൊണ്ടും അത് അപ്പൂപ്പന് കിട്ടിയിട്ടില്ല

Comments (0)