ലക്ഷണമൊത്ത കല്ല്

ഇന്നു ഞങ്ങളുടെ പരീക്ഷേടെ മാര്‍ക്ക് പറഞ്ഞു. ഇവനു കണക്കിനു മാര്‍ക്ക് വളരെ കുറവാ. ഞാന്‍ പറഞ്ഞുകൊടുക്കമെന്നു പറഞ്ഞു. പക്ഷേ അവ്നു വേണ്ടാ. ഒന്നുകില്‍ ഉറങ്ങണം, അല്ലെങ്കില്‍ കളിക്കണം. എത്ര പറഞ്ഞാലും ഒരു പ്രയോജനവുമില്ല. വെളുപ്പിനേ എഴുനേല്‍ക്കണമെന്ന് അപ്പൂപ്പന്‍ അവ്നോടൊന്നു പറയണം.

വേണ്ടാ മക്കളേ അവന്‍ അതിബുദ്ധി മാനല്ലേ. ലക്ഷണമൊത്ത കല്ലിന്റെ ഗതിയായിരിക്കും അവന് വിധിച്ചിരിക്കുന്നത്.

അതെന്താ അപ്പൂപ്പാ ആ കഥ. ങ. പറയാം . കേട്ടോളൂ.

പണ്ട്-വളരെ വളരെപ്പണ്ട്- അന്ന് കല്ലുകളൊക്കെ സംസാരിക്കും--ഒരു ശില്പി ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു. കൊത്തു പണിക്കുള്ള ഉളി, ചുറ്റിക മുതലായ സാധനങ്ങള്‍ കൈയ്യിലുണ്ട്. അദ്ദേഹം ഒരുപാടു കല്ലുകള്‍ കൂടിക്കിടക്കുന്ന ഒരു സ്ഥലത്തെത്തി. അദ്ദേഹത്തിനു വളരെ സന്തോഷം തോന്നി. എത്ര കല്ലുകള്‍. അദ്ദേഹം തിരഞ്ഞ് തിരഞ്ഞ് ഏറ്റവും ലക്ഷണമൊത്ത കല്ലിന്റടുത്തെത്തി. എന്നിട്ട് പറഞ്ഞു.

ഞാന്‍ ഒരു ശില്പിയാണ്. അങ്ങാണ് ഈ കൂട്ടത്തില്‍ വച്ച്, ഏറ്റവും ശ്രേഷ്ടന്‍ . ഞാന്‍ ഒരു വിഗ്രഹം ഉണ്ടാക്കിക്കോട്ടേ? ശില്പിയുടെ കൈയ്യിലിരുന്ന ഉളിയും മറ്റായുധങ്ങളും കണ്ട് ഭയപ്പെട്ട കല്ല് ചോദിച്ചു. ഈ സധനങ്ങളൊക്കെ എന്താണ്?

ഇതുകൊണ്ടാണ് എന്റെ പണി. ശില്പി പറഞ്ഞു.

വേദനിക്കുമോ? കല്ലിനു സംശയം.

ഉപായത്തില്‍. സാരമില്ല.

എങ്കില്‍ വേണ്ടാ. എനിക്കു അല്പം പോലും വേദന സഹിക്കാന്‍ വയ്യാ.

ശില്പി വള്രെയൊക്കെ പറഞ്ഞു നോക്കിയെങ്കിലും കല്ലു സമ്മതിച്ചില്ല. അവസാനം നിരാശനായ ശില്പി, അത്ര നല്ലതല്ലാത്ത മറ്റൊരു കല്ല്ലിനേ സമീപിച്ചു. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ അതു സമ്മതിച്ചു. ശില്പി അതില്‍ ഒരു അതിമനോഹരമായ ഗണപതി വിഗ്രഹം കൊത്തി. അദ്ദേഹം പുതിയ സ്ഥലങ്ങള്‍ തേടി പോകുകയും ചെയ്തു.

കാലം കടന്നു പോയി. ഒരിക്കല്‍ ഒരു വഴിപോക്കന്‍ അതുവഴി വന്നു. കല്ലുകള്‍ക്കിടയില്‍ അതാ ഒരു ഗണപതി വിഗ്രഹം!

അയാളാ നാട്ടില്‍ നടന്ന് പറഞ്ഞു. ഒരു സ്വയംഭൂവായ ഗണപതി വി്ഗ്രഹം ! നാട്ടുകാര്‍ എത്തി. കാര്യം ശരിയാണ്. സ്ത്രീകള്‍ പൂജാസാധനങ്ങളുമായി എത്തി. കാട്ടുതീ പോലെ വാര്‍ത്ത പരന്നു. ആളും അര്‍ഥവും ഒഴുകി. അചിരേണ അതൊരു ഗണപതി അമ്പലമായി പ്രസിദ്ധമായി.

ഒരുദിവസം ഒരു ഭക്തന്‍ ഗണപതിക്കടിക്കാനായി ഒരു നാളികേരം കൊണ്ടുവന്നു. അവിടെ വച്ചിട്ടുപൊയ്ക്കൊള്ളാന്‍ ഭാരവാഹികള്‍ പറഞ്ഞു. പക്ഷേ ഭക്തന് തനിക്കുതന്നെ അത് ഉടയ്ക്കണം. ഭാരവാഹികള്‍ അതിനു പറ്റിയ കല്ലന്വേഷിച്ചു.

ദാ-കിടക്കുന്നു ലക്ഷണമൊത്ത കല്ല്. എല്ലാവരുംകൂടി അതു പി്ടിച്ചെടുത്ത് അമ്പലത്തിന്റെ മുന്‍പില്‍ കൊണ്ടിട്ടു. കല്ലിന്റെ പ്രതിഷേധമൊന്നും വിലപ്പോയില്ല. അതാ തേങ്ങ ഒറ്റയടി. കല്ലു പുളഞ്ഞു. എന്തു ഫലം? ഇന്നും കിടന്നു തേങ്ങയേറ് മേടിക്കുന്നു.

മറ്റേക്കല്ലോ! പാലഭിഷേകം, കരിക്കഭിഷേകം, മോദകംവഴിപാട് എന്നുവേണ്ടാ സുഖ സമ്പൂര്‍ണ്ണം.

കാര്യമെന്താ? കുറച്ചു ബുദ്ധിമുട്ട് സഹിക്കാന്‍ തയ്യാറായി.

നീ ബുദ്ധിമുട്ട് സഹിക്കണ്ടാമോനേ. സുഖമായിട്ടുറങ്ങുകയോ, കളിക്കുകയോ എതെങ്കിലും ചെയ്തോ.

Comments (0)