കഴുത.

പപ്പുവിനൊരു കഴുതയുണ്ട്. അത് അവന്റെ എല്ലാ ജോലിയും ആത്മാര്‍ഥതയോടെ ചെയ്യും.
‘എന്തവാ അപ്പൂപ്പാ ഇത്? കഴുതയ്ക്കാത്മാവുണ്ടോ? അടി കൊണ്ടോണ്ടു പണിചെയ്യുമെന്നല്ലാതെ?’
‘ശരിയാ മക്കളെ. നിങ്ങടെകൂട്ട്. വടി എ‍ടുക്കുമെന്നുറപ്പായാലല്ലാതെ നിങ്ങളെന്തെങ്കിലും ചെയ്യുമോ? നിങ്ങടെ വല്ല്യമ്മാവന്‍ പറയും-
“പറഞ്ഞാ കേള്‍ക്കുന്നവനേ കണ്ടാല്‍ കുളിക്കണമെന്ന്.” അതല്ലേ നിങ്ങള്‍!
അപ്പോ ഞങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കണ്ടാന്നാണോ?
‘ അല്ലടാ പറഞ്ഞാലേ ഒരുകാര്യം ചെയ്യത്തൊള്ളു. രാവിലേ എഴുനേല്‍ക്കാന്‍ പറഞ്ഞാല്‍ നൂറു തടസ്സങ്ങള്‍ പറഞ്ഞ് വടി എടുക്കുമെന്നാകുമ്പോള്‍ പതുക്കെ എഴുനേല്‍ക്കും. എന്നിട്ടവിടിരിക്കും. പോയി പല്ലുതേയ്ക്കെടാ എന്നുപറഞ്ഞാല്‍ പല്ലുതേയ്ക്കും പിന്നെ.........’
‘വേണ്ടാ അപ്പൂപ്പന്‍ കഥ പറഞ്ഞാല്‍ മതി.’
‘എന്നാല്‍ കേട്ടോ, ഒരു ദിവസം കഴുതയ്ക്കൊരു സുഖക്കേട്. കിടന്നിടത്തു നിന്ന് എഴുനേല്‍ക്കത്തില്ല. മൂക്കീന്നും വായീന്നും വെള്ളമൊഴുകിക്കൊണ്ടിരിക്കുന്നു. പപ്പുവിന് ഭയങ്കര വിഷമം. അവന്‍ കഴുതയുടെ അടുത്തിരുന്ന് അതിനോട് എന്തൊക്കെയോ പറയുന്നു.

അപ്പോള്‍ അടുത്ത വീട്ടിലേ നാണു അങ്ങോട്ട് വന്നു.

‘എന്താ പപ്പു എന്തു പറ്റി?’

ഓ എന്തുപറയാനാ എന്റിഷ്ടാ. ഈകഴുതയ്ക്കുവയ്യാ.

അങ്ങേലേ ഗോപാലന്റെ കഴുതയ്ക്കുമിതുപോലൊരസുഖമായിരുന്നു. നീ അവനോടന്നു ചോദിക്ക് എന്തവാ കൊടുത്തതെന്ന്.’ നാണു പറഞ്ഞു.

പപ്പു ഓടി ഗോപാലന്റെ അടുത്തു ചെന്നു. ‘നിന്റെ കഴുതയ്ക്ക് വയ്യാണ്ടുവന്നപ്പോള്‍ നീ എന്താ അതിനു കൊടുത്തത് ഗോപാലാ?’

‘ഞാനതിന് മണ്ണെണ്ണ കൊടുത്തു.’

കേട്ടതു പാതി കേള്‍ക്കാത്തതു പാതി പപ്പു ഓടി. വീ്ട്ടീല്‍ വന്ന് കുറേ മണ്ണെണ്ണ എടുത്ത് കഴുതയ്ക്കു കൊടുത്തു. അതുള്ളില്‍ ചെന്നപ്പോള്‍ തന്നെ കഴുത ചത്തു പോവുകയും ചെയ്തു.

‘അയ്യോ ഈ ഗോപാലന്‍ എന്ത്പണിയാ പറ്റിച്ചെ അല്ലേ അപ്പൂപ്പാ?

അതെ അതുതന്നൊന്നറിയണമെന്നു വിചാരിച്ച് പപ്പു വീണ്ടും ഗോപാലന്റെ അടുത്തുചെന്നു.
‘ഗോപാലാ മണ്ണെണ്ണ കൊടുത്തപ്പോള്‍ എന്റെ കഴുത ചത്തു പോയി.’

‘എന്റെ കഴുതയും ചത്തുപോയി!’ ഗോപാലന്‍ പറഞ്ഞു.

‘എടാമഹാപാപീ എന്നിട്ടുനീ അതെന്നോടു പറഞ്ഞില്ലല്ലൊ!’

‘അതെങ്ങനാ കേട്ടതു പാതി കേള്‍ക്കാത്തതു പാ‍തി നീ ഓടിക്കളഞ്ഞില്ലേ? ഞാനെന്തു ചെയ്യാനാ!

അപ്പോ ശരിക്കും ആരാ കഴുത, മക്കളേ?

Comments (0)