വിവാഹ വാര്‍ഷികം

അപ്പൂപ്പോ ദേ ഈ പത്രത്തില്‍ കിടക്കുന്നതുകണ്ടോ - നാല്‍പ്പതാം വിവാഹ വാര്‍ഷികം-ഫോട്ടോയുമുണ്ട്. എന്തവാ അപ്പൂപ്പാ ഈ വിവാഹ വാര്‍ഷികം--ആതിര പത്രവും പൊക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു.

എന്തവാടീ ഈ ചോദിക്കുന്നത് മിനിഞ്ഞാന്നല്ലിയോ അഛനും അമ്മയും കൂടി വെഡ്ഡിങ് ആനിവേഴ്സറി എന്നും പറഞ്ഞ് അമ്മയ്ക്കു സാരിയും നമുക്കൊക്കെ പൊറോട്ടയും ഇറച്ചിയും വാങ്ങിച്ചു തന്നത്. ഈ പെണ്ണിനൊരു വക അറിഞ്ഞുകൂടാ.

എന്തിനാ അപ്പൂപ്പാ ഈ വിവാഹ വാര്‍ഷികം. അപ്പൂപ്പനും അമ്മൂമ്മയും കൂടി ഇതുവരെ ഈ പരിപാടി നടത്തുന്നതു കണ്ടിട്ടില്ലല്ലോ.

മക്കളേ നിങ്ങള്‍ ഒരു നല്ല സിനിമാ കണ്ടെന്നിരിക്കട്ടെ. സിനിമാ തീരുമ്പോള്‍--അയ്യോടാ ഇത് ഇത്ര പെട്ടെന്നുതീര്‍ന്നു പോയൊ-എന്നു പറഞ്ഞു സമയം നോക്കുമ്പോള്‍ മണിക്കൂര്‍ മൂന്നു കഴിഞ്ഞെന്നു മനസ്സിലാകും. അപ്പോള്‍- ഹൊ സമയം പോയതറിഞ്ഞില്ല-എന്നു പറഞ്ഞു വളരെ ഉത്സാഹത്തോടുകൂടി അതിനേക്കുറിച്ച് കമന്റ് പാസാക്കിക്കൊണ്ട് വീട്ടിലേക്കു പോരും. സിനിമാ മോശമാണെങ്കിലോ. ഹാ ഈ നാശം ഒന്നു തീര്‍ന്നു കിട്ടീരുന്നെങ്കില്‍--സമയോം പോകുന്നില്ല-വെറുതേ കാശു മുടിച്ചു. എന്നു പറയും..തിരുമ്പോള്‍ -ഹാവൂ ആശ്വാ‍സമായി ഇനി തലവേദന മാറാന്‍ ഒരു ചായ കുടിക്കാം എന്നും പറഞ്ഞു വിഷമത്തോടെ തിരിച്ചു പോരും.

സമയം പോകുന്നതറിയാത്തവര്‍ക്ക് ഈ വാര്‍ഷികവും ഒന്നും ഓര്‍മ്മ വയ്ക്കാ‍ന്‍ പറ്റില്ല. എങ്ങനെങ്കിലും ഒരുകൊല്ലം കഴിഞ്ഞുകിട്ടുന്ന ആശ്വാസത്തിനാണ് ഈ വാര്‍ഷികം ആഘോഷിക്കുന്നതെന്നുപറഞ്ഞാല്‍ എല്ലാവരും കൂടി എന്റെ തലതിന്നും. അതുകൊണ്ട് അതു ഞാന്‍ പറയില്ല.

അപ്പോള്‍ അപ്പൂപ്പനും അമ്മൂമ്മയും തമ്മില്‍ വളരെ രസകരമായിട്ടാണോ ഇത്രയും കാലം കഴിഞ്ഞത്.

എടാ ശരിക്കു പറഞ്ഞാല്‍ ഞങ്ങള്‍തമ്മില്‍ നല്ല--

ദേ അപ്പൂപ്പാ അമ്മൂമ്മ- ശ്യാം പെട്ടെന്നു പറഞ്ഞു.

എന്താ അപ്പൂപ്പന്റെ മുഖത്തൊരു വിളര്‍ച്ച--ആതിരയ്ക്കു സംശയം.

എന്തവാടാ ഇവിടെ-കഥപറച്ചിലാണോ അതൊ കലണ്ടറടിയാണോ. അപ്പൂപ്പനും കൊച്ചു മക്കളും കൂടെ. ഈ പിള്ളാരേക്കൊണ്ട് ഒരു പണിയും ചെയ്യിക്കത്തില്ല. അമ്മൂമ്മ കഥയേപ്പറ്റി തന്റെ അഭിപ്രായം പസാക്കി.

അല്ലമ്മൂമ്മേ നിങ്ങളുടെ വിവാഹവാര്‍ഷികത്തേപ്പറ്റി പറയുകയായിരുന്നു. ശ്യാം കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു. നീട്ടി ഒന്നു മൂളിയിട്ട് അമ്മൂമ്മ പോയി.

എന്നിട്ട് അപ്പൂപ്പാ നിങ്ങള്‍ തമ്മില്‍--ശ്യാം വിടുന്ന മട്ടില്ല.

എടാ നീ കുടുംബകലഹം ഉണ്ടാക്കിയേ അടങ്ങുകൊള്ളോ. ഒരു കഥ കേട്ടോ. നാല്പതു കൊല്ലം വിവാഹവാര്‍ഷികം ആഘോഷിക്കുകയും, സമൂഹത്തില്‍ മാതൃകാ ദമ്പതികള്‍ എന്നു പേരെടുക്കുകയും ചെയ്ത ഒരു കുടുംബം. നാട്ടില്‍ അവര്‍ ഒരു അത്ഭുതമായിരുനു. ഒരുതരത്തിലുള്ള അലോസരങ്ങളും അവരുടെ വീട്ടില്‍ ഇല്ല. ഒരു ദിവസം അയാളുടെ ഉറ്റ സുഹൃത്തുക്കള്‍ അയാളെ ഒറ്റയ്ക്കു വിളിച്ച് ഒരു രഹസ്യ സ്ഥലത്ത് സമ്മേളിച്ചു.

ഒരു സുഹൃത്ത്:‌ എടൊ വീട്ടില്‍ ഒരു സ്വൈരവുമില്ല. താനെങ്ങനെയാണ് ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്നത്.
രണ്ടാമന്‍:- എടൊ ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ വയ്യ. താന്‍ ഞങ്ങളുടെ സുഹൃത്തല്ലേടോ.
മൂന്നാമന്‍ :- ഞാന്‍ ആത്മഹത്യയുടെ വക്കത്താണ്. തനിക്കു സഹായിക്കാന്‍ പറ്റുമെങ്കില്‍ പറ.

അയാള്‍ പറഞ്ഞു. വളരെ നിസ്സാരമാണ് സുഹൃത്തുക്കളേ. കേട്ടോളൂ. നാല്പതുകൊല്ലം മുന്‍പ് ഞങ്ങളുടെ കല്യാണം കഴിഞ്ഞല്ലോ. അന്നു വൈകുന്നേരം ഞങ്ങള്‍ പുറത്തേക്കു പോയി. ഒരു കുതിരസ്സവാരി നടത്താമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച്, ഞങ്ങള്‍ രണ്ടു കുതിഒരയേ വാടകയ്കെടുത്തു. പോകുന്ന വഴി അവളുടെ കുതിര അവളേ തള്ളിതാഴെയിട്ടു.

അവള്‍ തല്ലിക്കുടഞ്ഞെഴുനേറ്റ് ഒരു ഭാവവ്യത്യാസവും കൂടാതെ കുതിരയേ തലോടി--cool down, cool down dear, this is the first time. എന്നു പറഞ്ഞ് അതിന്റെ പുറത്തു കയറി.

കുറച്ചു ദൂരം ചെന്നപ്പോള്‍ കുതിര വീണ്ടും അവളേ തള്ളി താഴെയിട്ടു. അവള്‍ ഒരു കൂസലും കൂടാതെ ചാടി എഴുനേറ്റ്- കുതിരയേ തലോടി- cool down, cool down dear this is the second time. എന്നു പറഞ്ഞ് വീണ്ടും അതിന്റെ പുറത്തു കയറി.

ഇത് കുതിരയ്ക്ക് തീരെ പിടിച്ചില്ല. അത് വീണ്ടും അവളേ തള്ളി താഴെയിട്ടു. അവള്‍ എഴുനേറ്റ് പോക്കറ്റില്‍ നിന്ന് പിസ്റ്റല്‍ എടുത്ത് കുതിരയുടെ തലയോടു ചേര്‍ത്തു വച്ച് നിറയൊഴിച്ചു.. കുതിര പിടഞ്ഞു വീണ് ചത്തു. എനിക്ക് ഭയങ്കര ദേഷ്യം വന്നു.

ഞാന്‍ :- What nonsence have you done. this is a rented horce--
അവള്‍:- (ഇടയില്‍ കടന്ന്) cool sown, cool down dear, this is the first time--

ഞാന്‍ -എന്റെ മനസ്സിലൂടെ ഒരു മിന്നല്‍--ഭയങ്കരമായി ഞെട്ടി. പിന്നെ സെക്കന്‍ഡ് ടൈം എന്ന് അവളേക്കൊണ്ട് പറയിപ്പിക്കാതിരിക്കാന്‍ ഞാന്‍ പെടുന്ന പാടാ സുഹൃത്തുക്കളേ ഞങ്ങളുടെ മാതൃകാ ദാമ്പത്യത്തിന്റെ രഹസ്യം. നിങ്ങള്‍ക്കു പരീക്ഷിച്ചു നോക്കാം. സുഹൃത്തുക്കള്‍ പൊളിച്ചവായ ഇതുവരെ അടച്ചിട്ടില്ലെന്നാ കേഴ്വി.

ശ്യാം:- മതി അപ്പൂപ്പാ മനസ്സിലായി.

മക്കളേ ഇത് അമ്മൂമ്മ അറിയണ്ടാ. കേട്ടോ.

Comments (0)