അപ്പൂപ്പന്റെ കഥ--ഒന്‍പത്

അടുത്ത ദിവസം ഞങ്ങളുടെ ക്ലാസും, ഫിഫ്ത് ബിയും തമ്മില്‍ ഫുട്ബാള്‍ മത്സരമാണ്. ഞങ്ങള്‍ പന്ത്രണ്ട് ഛോട്ടാകളേ ഉള്ളെങ്കിലും എല്ലാം നല്ല കളിക്കാരാണ്. ഉരുണ്ടുരുണ്ടു പന്തുംകൊണ്ടു കേറിയാല്‍ തടയാന്‍ പ്രയാസമാണ്. ഉച്ചയൂണു കഴിഞ്ഞാല്‍ പന്തുംകൊണ്ടു ഗ്രൌണ്ടില്‍ പോകും. നട്ടുച്ചക്കും പ്രാക്ടീസാണ്.

എടാ കിട്ടൂ ശ്യാം വിളിച്ചു. നട്ടുച്ചക്കു കളിക്കരുത്-വേലുകൊള്ളരുത് എന്നൊക്കെ ഈ അപ്പൂപ്പന്‍ തന്നാണോടാ പറയാറുള്ളത്--പിള്ളാരെല്ലാം കൂടൊരു ചിരി.

കളിയുടെ കാര്യം പറഞ്ഞപ്പോഴാണ്--ഞാനൊരു കളിഭ്രാന്തനാണ്. അടുത്തുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് ഞങ്ങള്‍ പഠിക്കുന്നത്. സ്കൂളില്‍ ഇന്നത്തേപ്പോലെ ക്രിക്കറ്റും ഒന്നും ഇല്ല. ആകെയുള്ളത് വട്ടുകളിയും കുടുകുടുവുമാണ്. ഇതു രണ്ടും കളിക്കാന്‍ പാടില്ലെന്നാണ് അച്ഛന്റെ ഓര്‍ഡര്‍. കുറേനേരം കളി നോക്കിനില്‍ക്കും. പിന്നെ എപ്പോഴാണെന്നറിയില്ല ഞാനും കളിയിലുണ്ടാകും. കറക്റ്റ് ആ സമയത്ത് അച്ഛന്‍ സ്കൂളീന്റെ മുന്നിലേ റോഡില്‍കൂടെ പോകുന്നുണ്ടാകും. അതിന്റെ മാജിക് എനിക്കറിയില്ല. വൈകിട്ടു ചെല്ലുമ്പോള്‍ അടിയും റഡിയായിരിക്കും. പക്ഷേ ഇതുകൊണ്ട് അടുത്തദിവസം കളികാതിരിക്കുമെന്ന് വിചാരിക്കണ്ടാ. കളിയും അടിയും മുറയ്ക്കു തുടര്‍ന്നു കൊണ്ടിരിക്കും.

അപ്പൂപ്പോ കിട്ടു വിളിച്ചു, ഒരു പത്തുരൂപാ തന്നേ. ഞങ്ങടെ പന്ത് കുളത്തില്‍ പോയി. എളുപ്പം താ. ദാ കളിക്കാര്‍ വന്നു. കഥയൊക്കെ പിന്നെ. അവന്‍ രൂപയും കൊണ്ടു പോയി. ബാക്കിയുള്ളവര്‍ പുറകേയും.

മക്കളെ അപ്പൂപ്പന്റെ കൊച്ചിലേ ഇതുപോലെ പന്തുവാങ്ങലൊന്നും ഇല്ല. ഞങ്ങള്‍ പന്തുണ്ടാക്കിയാണ്‍ കളിക്കുന്നത്.

അതെങ്ങനാ അപ്പൂപ്പാ പന്തുണ്ടക്കുന്നത്. കിട്ടു ചോദിച്ചു. പറയാം . അടയ്ക്കാമരത്തിന്റെ പാളയില്ലേ. അതില്‍ നിനും എടുക്കുന്ന അള്ളൂരിയാണ് പന്തിന്റെ കവര്‍.

അള്ളൂരിയോ--

നില്‍ക്ക്-നില്‍ക്ക്-പറഞ്ഞു കഴിയട്ടെ- പാള വീഴുമ്പോള്‍ അതിന്റെ നടുക്കുനിന്ന് രണ്ടിഞ്ചു വീതിയില്‍ പുറംതൊലി കീഴോട്ട് എടുക്കും. ഏറ്റവും താഴെ ഒരു തുളയുണ്ടാക്കി ഈ എടുത്ത പുറന്തൊലി അതില്‍ കൂടി കടത്തി രണ്ടു വശവും ഒരു പോലെ മുകളിലേക്കു പിടിച്ചാല്‍ പാളയുടെ ഉള്ളിലേ നേര്‍ത്ത തൊലി ഒന്നായി കിട്ടും. അതാണ് അള്ളൂരി. ഉണങ്ങിയ വാഴയില ചുരുട്ടി പന്തുപോലാക്കി കെട്ടും. അത് വീണ്ടും അള്ളൂരി കൊണ്ടു പൊതിഞ്ഞ് വാഴനാരു കൊണ്ട് വരിയും. അതൊക്കെ ഒരു കലയാണ്. വോളീബാള്‍, ഫുട്ബാള്‍, തലപ്പന്ത് ഇതൊക്കെ അതുകൊണ്ടു കളിക്കാം.

പക്ഷേ അന്ന് അതിനുമുണ്ട് ഒരു മാരണം. വലിയ പാള എടുക്കാന്‍ പാടില്ല. അത് രണ്ടായി മടക്കി ഈര്‍ക്കിലുകൊണ്ട് രണ്ടു വശവും കോര്‍ത്ത്, മുകളില്‍ ഒരു പിടിയും വച്ചാണ് പച്ചക്കറിക്ക് വെള്ളം കോരുന്നത്. അതിന് പാളയുടെ അകവശത്ത് നിറയെ മണ്ണുമായി കുളത്തില്‍ ഒരു ദിവസ മുക്കി വയ്ക്കണം. രാവിലേ എടുക്കുമ്പോള്‍ നല്ല മയമായി, എന്തു ചെയ്യാനും അനുവാദം തന്നുകൊണ്ട് അങ്ങനിരിക്കും. പിന്നെ മടക്കി ഈര്‍ക്കിലു കേറ്റിയാല്‍ മതി. അതുകൊണ്ട് അള്ളൂരിക്കും ഷോര്‍ട്ടേജാണ്.

നമ്മുടെ നാട്ടിലേ സ്വയം പര്യാപ്തത എങ്ങിനെ ഉണ്ടായി എന്ന് അന്നാത്തേ ജീവിതരീതി നമുക്കു മനസ്സിലാക്കിതരും. ഒന്നിനും ആരേയും ആശ്രയിക്കണ്ടാത്ത അവസ്ഥ. ഇതാണ് കര്‍ഷകന്റെ മനശ്ശക്തിയുടെ രഹസ്യം.

പണ്ട് ആഫ്രിക്കയേ വെള്ളക്കാര്‍ അടിമരാജ്യമാക്കിയതിനേക്കുറിച്ച് ഒരു കഥയുണ്ട്. “ആദ്യത്തേ തോക്ക് ആഫ്രിക്കാക്കാരന് വെറുതേ കൊടുത്തതു വാങ്ങിയപ്പോള്‍ അവര്‍ അടിമകളായി.”

ആരേയും ആശ്രയിക്കാതെ വില്ലും, അമ്പും, കുന്തവും, വേലും അതുപോലുള്ള മറ്റായുധങളും,സ്വയം ഉണ്ടാക്കി, അതുകൊണ്ടു വേട്ടയാടിയും മറ്റും ജീവിച്ചിരുന്ന അവര്‍ക്ക്, ഒരു പ്രയാസവും കൂടാതെ ദൂരെനിന്ന് മൃഗങ്ങളേ വേട്ടയാടാമെന്ന് കാണിച്ചുകൊടുത്തിട്ട്, വെറുതേ ഒരു തോക്കും കുറേ ഉണ്ടകളും കൊടുത്തു. അവന്‍ തന്റെ പഴഞ്ചന്‍ ആയുധങ്ങള്‍ ഉപെക്ഷിച്ചു. വെടിവച്ച് ജീവിച്ച് ശാരീരികക്ഷമതയും നഷ്ടമായി.

ഉണ്ട തീര്‍ന്നു. എന്തുചെയ്യും! വെള്ളക്കാരേ അന്വേഷിച്ചു നടന്നു. അവര്‍ പറയുന്നതുകേട്ട് , അവരുപോലും അറിയാതെ ഒരു ഭൂഖണ്ഡം വെള്ളക്കാരുടെ കസ്റ്റഡിയില്‍.

ഫുട്ബാളിന്റെ കാര്യമാണല്ലോ പറഞ്ഞു വന്നത്. സ്കൂളിലേ നല്ല ജൂനിയര്‍ ഫുട്ബാള്‍ കളിക്കാരിലൊരാളായിരുന്നു ഞാന്‍ . പക്ഷേ വീട്ടിലറിഞ്ഞാല്‍ അടിയുടെ പൂരമാണ്. അതുകൊണ്ട് സ്കൂള്‍ ടീമിലെടുത്തിട്ടും പോയില്ല. സാറന്മാര്‍ വീട്ടില്‍ വന്ന് അനുവാദം മേടിക്കാമെന്നു പറഞ്ഞിട്ടും പേടിച്ച് സമ്മതിച്ചില്ല.

@@@@@@@@@@@@@@@@

അന്നു വ്യഴാഴ്ച. കഴിഞ്ഞ മൂന്നു ദിഅസവും ഫൂട്ബാള്‍ മാച്ചുണ്ടായിരുന്നതുകൊണ്ട്, ഉച്ചയ്ക്കും ഞങ്ങള്‍ ഗ്രൌണ്ടിലായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ക്ലാസില്‍ വന്നത് അന്നാണ്. അന്നു ഞങ്ങളുടെ ക്ലാസില്‍ ഒരു വലിയ പെണ്‍സഭ. മണിയും അവളുടെ ക്ലാസിലേ കുട്ടികളും ഉണ്ട്. ഞാന്‍ വന്നു കയറിയ ഉടനേ ഈശ്വരിയമ്മ--എടോ തനെവിടെയായിരുന്നു കഴിഞ്ഞ മൂന്നു ദിവസം.

ഞങ്ങള്‍ ഫുട്ബാള്‍ കളിക്കാന്‍ പോയി. എന്താ

ഉച്ചയ്ക്കാണോടോ ഫുട്ബാള്‍. തന്റെ ഒരു കളി. ആട്ടെ ഒരു പ്രസംഗം കൂടി വേണം .. ഈയാഴ്ച ദേവകിയമ്മയ്ക്കാ. അവളിപ്പം വരും.

ദേവകിയമ്മ എന്റെ ഒരു ബന്ധുവാണ്. ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ -ആ താന്‍ വന്നോ, ഞങ്ങള്‍ ഈയാളെ മൂന്നു ദിവസം കൊണ്ട് തെരക്കുന്നു.

ങാ എന്താകാര്യം?

അതേ ഈയാഴച എന്റെയാ പ്രസംഗം. ദേശഭക്തിയാ വിഷയം. ഉഗ്രനായിരിക്കണം. പിന്നേയ് കഴിഞ്ഞ തവണ മണിയേ പറ്റിച്ച പോലെ കുണ്ടാമണ്ടികളോന്നും ഒപ്പിക്കരുത്. അതു പറഞ്ഞേക്കാം.

എന്തു കുണ്ടാമണ്ടി? എനിക്കൊന്നും മനസ്സിലായില്ല. പ്രസംഗം മോശമാരുന്നോ? ഞാന്‍ ചോദിച്ചു.

പ്രസംഗം ഒക്കെ ഉഗ്രം. സാറന്മാരും കുട്ടികളും എല്ലാം സമ്മതിച്ചു--ഇത്ര നന്നയവതരിപ്പിച്ചതിന്. പക്ഷേ പ്രശ്നം പിന്നീടാണ് വന്നത്.

അതെന്താ എനിക്കുല്‍കണ്ഠ.

അതോ പറയാം. ഇന്നലെ കുചേലവൃത്തം പഠിപ്പിച്ചപ്പോള്‍ കൃഷ്ണനുമായുള്ള ആ കഥ- വിറകു കൊണ്ടുവരാന്‍ പോയതേ-- പറയാന്‍ പറഞ്ഞു. ആര്‍ക്കും അറിഞ്ഞു കൂടാ. അവസാനം മണിയോട്-താന്‍ പറയടോ- ഇന്നലെ സാഹിത്യ സമാജത്തില്‍ അവതരിപ്പിച്ചതല്ലേ എന്നു പറഞ്ഞു. മണി എഴുനേറ്റപ്പോഴേക്കും ബെല്ലടിച്ചതുകൊണ്ട് രക്ഷപെട്ടു. ഇന്നു ചോദിക്കുമായിരിക്കും.

അതിലെങ്ങും കുചേലനെന്ന് ഒരു വാക്കും കണ്ടില്ല. അതു ചോദിക്കാനും കൂടാ ഞങ്ങള്‍ തന്നേ അന്വേഷിച്ചത്.

ഓ അതു ശരി അതില്‍ സുദാമാവെന്നു പറഞ്ഞിരിക്കുന്നത് കുചെലന്റെ യഥാര്‍ത്ഥ പേരാ. ഇത്രയും വളര്‍ന്നല്ലോ -ഇതൊന്നും അറിയില്ലേ-ഞാന്‍ ചോദിച്ചു.

ഹോ സമധാനമാ‍ായി. അവര്‍ ദീര്‍ഘശ്വാസം വിട്ടു. ഇതുപോലെ ഈ, മനുഷ്യന്‍ കേട്ടിട്ടില്ലാത്തതൊന്നും എന്റെ പ്രസംഗത്തില്‍ കുത്തിക്കേറ്റല്ലേ. പറഞ്ഞേക്കാം . എനിക്കു വളരെ സിമ്പിളു മതി.

ഈ സമയമെല്ലാം മണി നിര്‍ന്നിമേഷമായി എന്നേ നോക്കി നില്‍ക്കുകയാണ്. കണ്ടാല്‍ ചിരി ഇപ്പൊള്‍ പൊട്ടുമെന്നു തോന്നും. പക്ഷേ അന്നു പൊട്ടിച്ചിരിയൊനും അടര്‍ന്നില്ല. മനോജ്ഞമായ ഒരു മന്ദഹാസം മാത്രം. ആ കണ്ണുകള്‍ എന്റെ ഉള്ളിലേക്കു കടന്നു പിടിച്ചു വലിക്കുന്ന പോലെ. പക്ഷേ എന്റെ ശബ്ദം മാത്രം അവളെ നോക്കുമ്പോള്‍ പുറത്തുവരുത്തില്ല. എനിക്കെന്തുപറ്റി--ബാകി പത്തു പതിനഞ്ചു പെണ്‍കുട്ടികള്‍--തോറ്റു തോറ്റു വയസ്സും കൂടുതലാണ്--അവരോടു സംസാരിക്കുന്നതിന് എനിക്കോരു പ്രശ്നവുമില്ല. ഇവള്‍ എന്റെ മുഖത്തു നോക്കിയാല്‍ ഞാന്‍ ഞെട്ടും. എന്റെ ഒരു കഷ്ടമേ!

ഇതിനുത്തരം എനിക്കു കിട്ടിയത് വളരെ കൊല്ലങ്ങള്‍ കഴിഞ്ഞാ‍ണ്. അന്നാണ് എന്റെ മനസ്സിനു സമാധാനം വനത്. അതുവരെ ആ പന്ത്രണ്ടുകാരി ആ മനോഹര നയനങ്ങളുമായി എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അവള്‍ക്കു പ്രായമാകില്ല. അതു സമയം വരുമ്പോള്‍ പറയാം.

Comments (0)