അപ്പൂപ്പന്റെ കഥ-എട്ട്

ഇനി അപ്പൂപ്പന്റെ കഥ ബാക്കി പറയണം. ഉണ്ണിക്കുട്ടന്‍ ആവശ്യപ്പെട്ടു.

ശരി. കേട്ടോളൂ. നമ്മടെ നാട്ടിലേ അന്നത്തെ വേറൊരു ഉത്സവമാണ്പുരകെട്ട്. ഇന്നത്തേപ്പോലെ വാര്‍ത്ത കെട്ടിടങ്ങളല്ല. ഓടിട്ട കെട്ടിടങ്ങള്‍ പോലും വളരെ വിരളം. ഓലകൊണ്ടുള്ള മേല്‍കൂടാണ് മിക്കവാറും എല്ലാ കെട്ടിടങ്ങള്‍ക്കും.

ഓല വെള്ളത്തിലിട്ട് കുതിര്‍ത്ത് മെടഞ്ഞ്, അതുകൊണ്ടാണ് പുര കെട്ടുന്നത്. പഴയ ഓല പൊളിച്ചുകളഞ്ഞ്, പുരയുടെ എല്ലാഭാഗവും തല്ലിത്തൂത്ത്, വൃത്തിയാക്കിയതിനു ശേഷമാണ് ഓല വച്ചുകെട്ടുന്നത്. എല്ലാ കൊല്ലവും ചെയ്യുന്നതുകൊണ്ട് ചിതലിന്റെ ഉപദ്രവം ഇല്ല. എവിടെയെങ്കിലും അല്പസ്വല്പം കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ എളുപ്പമാണ്. ചിതലുതിന്ന് വീടിന്റെ മുകള്‍ഭാഗം തലയില്‍ വീഴുമോ എന്നു പേടിക്കേണ്ടാ.

ഇതു പറഞ്ഞത് നമ്മുടെ വീട് ഓടിട്ടു കഴിഞ്ഞ് സംഭവിച്ച ഒരു കാര്യം കൊണ്ടാണ്. ഓടിട്ടാല്‍ പിന്നെ കഴുക്കോലും പട്ടികയും ഒന്നും ശ്രദ്ധിക്കുകയില്ല. പട്ടിക ചിതലെടുത്ത് ഓടുമാറി ഇരിക്കുന്നതു കാണുന്നത് മഴപെയ്തു ചോരുമ്പോഴാണ്. അപ്പോള്‍ ഒരു മടലിന്റെ കഷണമെടുത്ത് അല്ലെങ്കില്‍ ഒരു കമ്പെടുത്ത് മുട്ടുശാന്തി നടത്തും

. അങ്ങിനെ നടത്തി നടത്തി ഒരു മഴയത്ത് ഒരു മുറിയുടെ മുകള്‍ഭാഗം മുക്കാലും ഒരു മഴയത്ത് താഴെവന്നു. രാത്രിയിലായിരുന്നതുകൊണ്ടും, ആ മുറി കിടപ്പുമുറി അല്ലായിരുന്നതുകൊണ്ടും, ആളപായം ഒന്നും ഉണ്ടായില്ല. ചിതലുതിന്നുതിന്ന്, ചിതല്പുറ്റിന്റെ പശയാണ് പട്ടികയേയും ഓടിനേയും താങ്ങി നിര്‍ത്തിയിരുന്നത്. മഴവന്ന് ചിതല്പുറ്റിന്റെ പശപോയി-ദാകിടക്കുന്നു എല്ലാം കൂടെ.

നിങ്ങള്‍ ഓലകെട്ടിയ വീട്ടില്‍ കിടന്നിട്ടില്ലല്ലോ. സ്വാഭാവികമായ കാറ്റിന്റെ ശീതളിമ അനുഭവിക്കണമെങ്കില്‍ അതില്‍ കിടക്കണം. ഫാനിന്റെ ആവശ്യമേഇല്ല. കുംഭമാസത്തില്‍ നട്ടുച്ചയ്ക്ക് ഓലകെട്ടിയ പുരയിലേക്കു കടന്നാല്‍ തീയുടെ അടുത്തുനിന്ന് ചറ്റല്‍മഴയിലേക്കു വരുന്ന സുഖമാണ്.

ഓ ഇനി അപ്പൂപ്പന്‍ തുടങ്ങി കുറേ പിന്തിരിപ്പന്‍ വര്‍ത്തമാനം. ശ്യാമിന് ഈ കാര്യങ്ങളോടു പുച്ഛമാണ്.

ഇല്ല മോനേ ഞാനൊന്നും പറഞ്ഞില്ല. കേട്ടിട്ടില്ലേ

സാരമുള്ള വചനങ്ങള്‍ കേള്‍ക്കിലും
നീരസാര്‍ഥമറിയുന്നു ദുര്‍ജ്ജനം
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം. അതുകൊണ്ട്,
ഖലന്മാര്‍ വിവദിക്കുമ്പോള്‍
മൌനം വിദ്വാനു ഭൂഷണം
കാകകോലാഹലത്തിങ്കല്‍
കുയില്‍നാദം വിളങ്ങുമോ.

ഓ അപ്പൂപ്പന്‍ പറയപ്പൂപ്പാ. ഈ ശ്യാമേട്ടനു വട്ടാ-ആതിര ഇടപെട്ടു.

ശരി പറയാം. അന്നത്തേ നമ്മുടെ പുര ഇതുപോലല്ല. ഒരു അറ. അറയ്ക്കു ചുറ്റിനും നാലു മുറികളും. കിഴക്കുവശം തിണ്ണ-മതിലില്ല. തെക്കേപുര ഞങ്ങള്‍ക്കു ബാലികേറാമല-അച്ഛന്റെ മുറി. പടിഞ്ഞാറേ ചായിപ്പ് നെല്ലുണക്കാനും അറയിലിടുന്നതിനു മുന്‍പ് സൂക്ഷിക്കാനും-വടക്കേ മുറി പൊതുവക-അതോടു ചേര്‍ന്ന് വടക്കുവശത്ത് അടുക്കള രണ്ടുമുറിയില്‍-ഒരുമുറി കിടക്കാനും ഉപയോഗിക്കും, പുക കേറുമെന്നേയുള്ളൂ.

കിഴക്കു വശത്താണ് തൊഴുത്ത്. അഞ്ചാറു പശുക്കളേ കെട്ടാം. വെള്ളപ്പൊക്ക കാലത്ത് അയല്‍ക്കാരുടെ പശുക്കളേയും കഷ്ടിച്ച് നനയാതെ കെട്ടും. അതിനു വടക്കു പുറത്ത് ഉരല്പുര. നെല്ലുകുത്തും മറ്റും അവിടെയാണ്. അന്ന് മില്ലൊന്നും ഇല്ല. താഴെ ഒരു കല്ല് നിലനിരപ്പില്‍ കുഴിച്ചിടും-അതിലിട്ടാണ് നെല്ലു കുത്തുന്നത്--എന്തോ അതിനൊരു പേരുണ്ട്.

കിട്ടൂ വല്യമ്മൂമ്മയോടു ചോദിച്ചേടാ--ങാ “ നിലമ്പണ” അതാണതിന്റെ പേര്. അതില്‍ നെല്ലിട്ട് നാലഞ്ചു പെണ്ണുങ്ങള്‍ വട്ടത്തില്‍ നിന്ന് ഉളക്കകൊണ്ട് താളത്തില്‍ കുത്തും. കുത്തുമ്പോള്‍ അവര്‍ കറങ്ങിക്കൊണ്ടിരിക്കും. കാല്‍ കൊണ്ട് നെല്ലു കല്ലിലേക്ക് ആക്കിക്കൊണ്ടാണ് കുത്ത്. ഉളക്ക കൂട്ടിമുട്ടാത്തതും കാലില്‍ കുത്തുകൊള്ളാത്തതും അന്ന് എനിക്കത്ഭുതമായിരുന്നു.

കിഴക്കേ തിണ്ണയുടെ കിഴക്കുവശത്ത് മെടയാണ്.

മെടയോ അതെന്തോന്നാ കിട്ടുവിനു സംശയം.

മോനേ മെടയെന്നു പറഞ്ഞാല്‍ സ്ക്രീന്‍ . നാലഞ്ചു കാലുകളില്‍ പലകവച്ച് ആണിയടിച്ചുറപ്പിക്കും. അതു വച്ചു കഴിഞ്ഞാല്‍ ഒരു വശത്തേ ഭിത്തിയായി. തിണ്ണയുടെ തെക്കുവശത്ത് അച്ഛന്റെ ചാരു കസേര. അതിലിരുന്നുകൊണ്ടു തന്നെ വെളിയിലേക്കു നോക്കാനും, മുറുക്കി തുപ്പാനും പാകത്തില്‍ മെടയുടെ പലക മുറിച്ച് വ്യാപിരി വച്ച ഒരു കിളിവാതില്‍. അതിനു മുകളില്‍ പുസ്തകം വയ്ക്കാനും മറ്റുമായി മെടയില്‍ ഉറപ്പിച്ച ഒരു പലക. അന്ന് കറന്റും ഒന്നും ഇല്ല. മണ്ണെണ്ണ വിളക്കാണ്. ചെറിയ ചിമിനി വിളക്കും, വലിയ ചിമ്മിനിയുള്ള മേശവിളക്കും. മേശവിളക്ക് മെടയില്‍ ഘടിപ്പിക്കാവുന്ന വിധത്തില്‍ ആണിയടിച്ചിട്ടുണ്ട്--കസേരയില്‍ കിടന്നു വായിക്കാന്‍ പാകത്തില്‍. വീട്ടില്‍ വരുന്ന കത്തുകളും, നോട്ടീസുകളും, എന്നു വേണ്ടാ സകല കടലാസുകളും സൂക്ഷിക്കുന്ന ഒരു ഫയലുണ്ട്. അച്ഛന് ഇന്നു നമ്മള്‍ ചെയ്യുന്നപോലെ ഒരു കാര്യവും തപ്പി നടക്കണ്ടാ. എല്ലാം ആ ഫയലിലുണ്ടാകും. എനിക്കൊക്കെ അന്ന് അത് വലിയ പുച്ഛമായിരുന്നു. പക്ഷേ ഇന്ന് നമ്മുടെ കൊച്ചുമക്കള്‍ നമ്മളോടു നേരിട്ടു പറയുന്നതുപോലെ പറഞ്ഞാല്‍ നമ്മുടെ അന്ത്യമാണ്. അതുകൊണ്ട് പുച്ഛം നമ്മുടെ ശുനകന്റെ കൂട്ട് കാലിനടിയില്‍ വച്ചു നടന്നതേയുള്ളൂ.

ആ കസേരയിലിരുന്ന് വടക്കോട്ടു നോക്കിയാല്‍നമ്മളുടെ വടക്കുവശത്തുള്ള അച്ചങ്കോവിലാറുവരെ കാണാം. അവിടം വരെ അച്ഛന്റെ കസ്റ്റഡിയിലാണ്. അച്ഛന്‍ അവിടെ കിടക്കുമ്പോള്‍ അതിലേ ആള്‍ക്കര്‍ വളരെ നിശ്ശബ്ദമായേ സഞ്ചരിക്കാറുള്ളൂ. അല്ല-അന്ന് അധികം ആള്‍ക്കാരും ഇല്ല -സഞ്ചരിക്കാന്‍ . അതിരിക്കട്ടെ.

പുരകെട്ടിനേക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. അതിന് ഓല ശരിയാക്കുന്നതു മുതല്‍ കെട്ടിത്തീരുന്നതുവരെയുള്ള ആ ആസൂത്രണവൈഭവം അന്നൊന്നും ഞങ്ങള്‍ക്കരിഞ്ഞുകൂടാ. തുലാവര്‍ഷം കഴിഞ്ഞ് നിലം ഉണങ്ങുന്നതോടുകൂടി തെങ്ങില്‍നിന്ന് ഉണങ്ങിയ ഓല വീണു തുടങ്ങും. വീണാലുടന്‍ എടുത്ത് കീറിയിടണം. പത്തെണ്ണമാകുമ്പോള്‍ അത് ഒന്നിച്ച് കെട്ടി അടുത്തുള്ള തോട്ടില്‍ കൊണ്ടിടണം. അടുത്തദിവസം എടുത്തുകൊണ്ടുവന്ന് മെടഞ്ഞ് സൂക്ഷിക്കണം. ഇതൊക്കെ ഞങ്ങളുടെ-എന്റേയും അനിയന്റേയും-പണിയാണെന്നു പറഞ്ഞാല്‍ ഇന്നത്തേ പഠിത്തകാര്‍ വിശ്വസിക്കുമോ എന്തോ.

അന്ന് ട്യൂട്ടോറിയലോ, ട്യൂഷനോ ഒന്നുമില്ല. രാത്രി മാത്രം പഠിച്ചാല്‍ മതി.

ഇന്നോ-രാവിലേ ഏഴുമണിക്ക് വീട്ടില്‍നിന്നും ഒരു ചുമടു പുസ്തകങ്ങളുമായി പോകുന്ന കുഞ്ഞുങ്ങള്‍- ഏഴുമുതല്‍ ഒമ്പതര വരെ ട്യൂട്ടോറിയല്‍-പത്തുമുതല്‍ നാലുവരെ സ്കൂള്‍-നാലരമുതല്‍ ആറുവരെ വീണ്ടും ട്യൂട്ടോറിയല്‍ പിന്നെ സ്പെഷ്യല്‍ ട്യൂഷനും. നമ്മുടെ കുട്ടികളുടെ സ്വഭാവം നന്നാകാത്തതില്‍ വിലപിച്ചിട്ടെന്തു കാര്യം!

ഞാനൊന്നു വളര്‍ന്നോട്ടെ-കാണിച്ചുതരാം-എന്നായിരിക്കും അവരുടെ കുരുന്നു മനസ്സുകളില്‍. സ്കൂളില്‍ റാങ്കില്ലെങ്കില്‍ അതിന്റെ വക വീട്ടില്‍ പീഡനം. ഇവര്‍ക്കു ഭ്രാന്ത് പിടിക്കാത്തതാണ് അത്ഭുതം.

അങ്ങിനെ മകരം-കുഭമാസം വരെ ഈ രീതിയില്‍ ഓല ശേഖരിക്കും. ഞങ്ങള്‍ക്ക് ഓല മെടയാനും അറിയാം. മെടഞ്ഞ് ഉണക്കി വലിയ തടിക്കഷണങ്ങളോ കവളന്മടലോ ചതുരത്തില്‍ വച്ച് മെടഞ്ഞ ഓല അതിനു മുകളില്‍ അടുക്കും. ചതുരത്തിലുള്ള കിണറിന്റെ ഭിത്തി പോലിരിക്കും അടുക്കിയ ഓലകള്‍. മകരം, കുംഭമാസങ്ങളില്‍ തേങ്ങയിടുമ്പോള്‍ ഓലയും വെട്ടും. അത് ഒന്നിച്ചുകീറി വെള്ളത്തിലിട്ട്-- അതു ഞങ്ങളല്ല-വേറേ ജോലിക്കാര്‍ വരും-- മെടഞ്ഞ് ഉണക്കി കഴിയുമ്പോഴേക്കും പുരകെട്ടാന്‍ സമയമായി. പിന്നെ ദിവസം നോക്കിയാല്‍ മതി.

ദിവസം നോക്കാനും, പുരകെട്ടാനും, കുളം വെട്ടാനും, കുട്ടികളേ എഴുത്തിനിരുത്താനും,പഠിപ്പിക്കാനും, തേയ്ക്കാനുള്ള എണ്ണ കാച്ചി അരിക്കാനും എല്ലാം കൂടി ഞങ്ങള്‍ക്ക് ഒരാളുണ്ട്. ആശാന്‍ -- വേലുപ്പിള്ള ആശാന്‍ . പുര കെട്ടണമെന്നുള്ള കാര്യമൊന്നും ആരും ആശാനോടു പറയണ്ടാ. അതാശാന്‍ തന്നെയാണ് തീരുമാനിക്കുന്നത്. അച്ഛന്‍ ആശാനേ ആശാനെന്നും ആശാന്‍ അച്ഛനേ സാറെന്നുമാണ് വിളിക്കുന്നത്. ഇവര്‍ തമ്മില്‍ വര്‍ത്തമാനം പറയുമ്പോള്‍ ഉള്ള ആശാനേ-സാറേ കളി വളരെ രസകരമാണ് കേട്ടുകൊണ്ടിരിക്കാന്‍ . ആശാനേ അതല്ല ഞാന്‍ പറഞ്ഞത്-എന്നച്ഛന്‍ --അതേ സാറേ സാറു പറഞ്ഞതല്ല--ഇങ്ങനെ പോകും.

പുരകെട്ടുന്നദിവസം രാവിലേ ആശാന്‍ ‍, കൊച്ചുരാമന്‍ കൊച്ചാട്ടന്‍ -ഇദ്ദേഹത്തേക്കുറിച്ച് നമ്മല്‍ കുളം വെട്ടിയന്നു സൂചിപ്പിച്ചു-ഇരുനിറത്തില്‍ അധികം വണ്ണമില്ലാത്ത, ആറടി നീളമുള്ള ഒരു ബലിഷ്ടകായനായ മനുഷ്യന്‍ --അദ്ദേഹത്തിന് എപ്പോഴും സന്തോഷമാണ്. ഏതുവീട്ടിനും ഉപകാരി. എവിടെ നോക്കിയാലും കാണാം. അദ്ദേഹമറിയാതെ നമ്മുടെ നാട്ടില്‍ ഒരു സംഭവവും നടക്കില്ല. ഒരു രസികന്‍ . ഒരു സംഭവം പറയാം.

ന്നാട്ടിലേ ഒരാള്‍- സ്ഥിരം കച്ചവടക്കാരനല്ല-അവിടുന്നും ഇവിടുന്നും ചില്ലറ സാധനങ്ങള്‍ വാങ്ങിച്ചു വില്‍ക്കുന്ന ഒരാള്‍ ഒരുദിവസം കുറച്ചു മരച്ചീനി കൊണ്ടുവന്ന് ഒരു കടത്തിണ്ണയില്‍ വച്ചു വില്‍ക്കുകയാണ്. അപ്പോള്‍ കൊച്ചുരാമന്‍ കൊച്ചാട്ടന്‍ അതുവഴി വന്നു.

എടാകൂവേ എവിടുന്നാ ഇത്-അദ്ദേഹം ചൊദിച്ചു.

അങ്ങു കിഴക്കുനിന്നു കൊണ്ടുവന്നതാ പിള്ളാച്ചാ. നല്ല നെയ്പോലെ വേവും. രാത്തലിനു രണ്ടര ചക്രമേയുള്ളൂ. എടുക്കട്ടേ രണ്ടു റാത്തല്‍. (അന്നു ചക്രമാണു നാണയം. ഇരുപത്തെട്ടരചക്രം ഒരു ബ്രിട്ടീഷ് രൂപാ. ഇരുപത്തെട്ടു ചക്രം ഒരു സര്‍ക്കാര്‍ രൂപാ. അത് ഒന്നായി കിട്ടത്തില്ല. അരരൂപായായിട്ടേ ഉള്ളൂ. പിന്നെ അന്നത്തേ നാണയങ്ങള്‍-- ഒരു പണം-നാലുചക്രമാണ് വില--ഒരു കാശ്-ഒരു ചക്രത്തിന്റെ പതിനാറിലൊന്ന്- ഒരണ-ഒന്നേമുക്കാല്‍ ചക്രം ഇങ്ങനെയാണ്)

നീ ഒരു രണ്ടു റാത്തലിങ്ങു താ. കാശു പിന്നെത്തരാം. കൊച്ചുരാമന്‍ കൊച്ചാട്ടന്‍ പറഞ്ഞു.

അയ്യോ അതു പറ്റത്തില്ല. രൊക്കം കാശിനേ കൊടുക്കൂ. അയാള്‍ പറഞ്ഞു.

കൊച്ചുരാമന്‍ കൊച്ചാട്ടന്‍ ഒന്നും സംഭവിക്കത്ത മാതിരി ഒരു മൂളിപ്പാട്ടും പാടി പോയി.

കുറച്ചു മാറി നാലും കുടിയ ഒരു മുക്കുണ്ട്. അവിടെ ഒരു പുരയിടത്തിന്റെ വേലിക്കടുത്തിരുന്ന് ഓക്കാനിച്ചു തുടങ്ങി--ഭയങ്കര ശബ്ദത്തില്‍. ഇതുകേട്ട് ആളുകള്‍ കൂടി.

എന്താ രാമന്‍പിള്ളേ എന്തുപറ്റി--നാണിച്ചേട്ടന്‍ ചോദിച്ചു.

ഓ ഒന്നും പറ്റിയില്ല. നമ്മളെന്തിനാ വല്ലവന്റേം വയറ്റത്തടിക്കുന്നെ-അദ്ദേഹം പറഞ്ഞു--കൂടെ ഒരോക്കാനവും.

എന്താടോ പറ-വല്ല വൈദ്യനേം കാണണോ.

എടാകൂവേ താനവിടിരിക്കുന്ന ചീനി കണ്ടോ? കിഴക്കൂന്നെങ്ങാണ്ടു കൊണ്ടുവന്നതാണെന്നു പറഞ്ഞു വച്ചിരിക്കുന്നത്. ഞാനൊരു രണ്ടു റാത്തല്‍ വാങ്ങി. പുഴുങ്ങി തിന്നപ്പോള്‍ എന്തോ കടിച്ചു. എടുത്തുനൊക്കിയപ്പോള്‍--കൊച്ചുരാമന്‍ കൊച്ചാട്ടന്‍ വീണ്ടും ഓക്കാനിച്ചു--ഒരു പല്ല്-ങാ മനുഷ്യന്റെ പല്ല്--ഇല്ല പള്ളിപ്പറമ്പീനു പറിച്ചതാ. വീണ്ടും ഓക്കാനം.

നാട്ടില്‍ ഭയങ്കര കോലാഹലം. പള്ളിപ്പറമ്പിലേ ശവത്തിന്റെ പല്ല് ചീനിയില്‍--ഒറ്റ ചീനി പിന്നെ വിറ്റില്ലെന്ന് പറയേണ്ടതില്ലല്ലോ.

ഞങ്ങളുടെ കൂടെ വോളീബാള്‍ കളിക്കാനും, ഹൈജമ്പ്, ലോങ്ങ്ജമ്പ് മുതലായവയുടെ പ്രാക്റ്റീസിനും എല്ലാം കൊച്ചുരാമന്‍ കൊച്ചാട്ടന്‍ അവിഭാജ്യ ഘടകമാണ്.

കൊച്ചുരാ‍മങ്കൊച്ചാട്ടനും, ആശാനും പരിവാരങ്ങളും പുര കെട്ടാനെത്തി.

പുര പൊളിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുമൂന്നു തെങ്ങോല വെട്ടി, പൊളിച്ച പഴയൊല കത്തിച്ച്, ഓല വാട്ടി, പിച്ചാത്തികൊണ്ട് ഓലക്കാല്‍ ഒരു മുറിക്കലുണ്ട്. കെട്ടു നാരെന്നാണ് അതിനു പറയുന്നത്. ഓലക്കാലിന്റെ ചുവട് കൂര്‍ത്തിരിക്കണം. ഒരു സെക്കന്റുകൊണ്ട് മുറിച്ചു മുറിച്ചു പോകുന്നതു കണ്ടാല്‍ എത്ര എളുപ്പം.

ഞാനൊന്നു പരിശ്രമിച്ചു നോക്കി. വയസ്സു പതിമൂന്നൊണ്ട്. പക്ഷേ പിച്ചാത്തിക്കും ഓലക്കാലിനും അതറിഞ്ഞുകൂടാ. കൈമുരിഞ്ഞു-ഓലക്കാലു ചതഞ്ഞു. അച്ഛന്റെ വക വഴക്കു മിച്ചം. ഒലക്കാലു മുറിച്ചു കഴിഞ്ഞ മടലു കണ്ടാല്‍ എന്തോ അലങ്കാരത്തിന് ഉണ്ടാക്കി വച്ചിരിക്കുകയാണെന്നു തോന്നും

വൈകുന്നേരമാകുമ്പോഴേക്കും പുരകെട്ടു കഴിയും. രണ്ട് ഓലകള്‍, ഒന്നിന്റെ അറ്റം മറ്റതിന്റെ അറ്റത്തു കയറ്റി ചാണ്ടിക്കൊടുക്കുന്നതും, മുകളില്‍ ഇരിക്കുന്നയാള്‍ പട്ടികയില്‍ കാലുവച്ച് കുനിഞ്ഞു കൈകൊണ്ട് പിടിക്കുന്നതും അത്ഭുതം കൂറുന്ന മിഴികളോടെ ഞങ്ങള്‍ താഴെ നോക്കി്നില്‍ക്കും. ഓല അടുപ്പിച്ചു കൊടുക്കുന്നതാണ് ഞങ്ങളുടെ ജോലി.

പുരകെട്ടു കഴിഞ്ഞ്, കുത്തുകോലും കുത്തിയാല്‍ പിന്നെ ചവിട്ടാനും നില്‍ക്കാനും ഒന്നും അതില്‍ സ്ഥലമില്ല. മുകളില്‍ നിന്നും ഇറങ്ങുന്നത് ഒരു കാഴ്ച്ചയാണ്.

ഒരു ദിവസം എല്ലാവരും ഇറങ്ങി. കൊച്ചുരാമന്‍ കൊച്ചാട്ടന്‍ മാത്രം മുകളില്‍.

ആശാനെ എനിക്കെന്തോ തോന്നുന്നു. അദ്ദേഹം പറഞ്ഞു.

എല്ലാവരും അന്തം വിട്ടു. പുരയുടെ മുകളില്‍-ഒരാധാരവുമില്ലാതെ നില്‍ക്കുകയാണ്.

പെട്ടെന്ന് പിടിച്ചോടാഎന്നും പറഞ്ഞ് ഒരലര്‍ച്ച. കൊച്ചുരാമന്‍ കൊച്ചാട്ടന്‍ പുരയുടെ മുകളില്‍ നിന്നും നിരങ്ങി കീഴോട്ടു വരുന്നു--

എന്തു ചെയ്യണമെന്നറിയാതെ പിടിക്കാന്‍ കൈയ്യും ഉയര്‍ത്തി എല്ലാവരും നില്‍ക്കുകയാണ്. താഴത്തേ പട്ടികയില്‍ എത്തി കൊച്ചുരാമന്‍ കൊച്ചാട്ടന്‍ അവിടെ നിന്നൊരു ഉഗ്രന്‍ ചിരി. എന്താടോ എല്ലവരും മേലോട്ടു നോക്കി നില്‍ക്കുന്നെ-എന്നൊരു കളിയാക്കലും.

എടോ താനെന്തു പണിയാ കാണിച്ചത്-ആശാന്‍ ജ്വലിച്ചു.

എന്തു പണി-എനിക്കെന്തോ തോന്നുന്നെന്നല്ലേ പറഞ്ഞത്-എനിക്കിറങ്ങാന്‍ തോന്നിയതാ--അവിടെ നിന്നും ഒരണ്ണാനെ ലാഘവത്തോടെ താഴെ ചാടി കൊച്ചുരാമന്‍ കൊച്ചാട്ടന്‍ പറഞ്ഞു. ഒരു കൂട്ടച്ചിരിയില്‍ അതവസാനിച്ചു.
@@@@@@@@@@@@@@@@@@@@@@

അന്നു വൈകിട്ട് സ്കൂള്‍ വിട്ട് പോകുമ്പോള്‍ അവരുടെ വീട്ടിലെക്ക് തിരിയുന്നിടത്തുവച്ച് ഈശ്വരിയമ്മ ചോദിച്ചു--എഴുതിയോ?
എന്തൊന്ന്-ഞാന്‍ ചോദിച്ചു.
അല്ലേ മറന്നു പോയോ-നാളെ സാഹിത്യ സമാജത്തില്‍ വായിക്കേണ്ടതാ- അവര്‍ നടന്നു നീങ്ങി.

അപ്പോഴാണ് അതോര്‍ത്തത്. അതേ ഒനു നിന്നേ-ഞാന്‍ പറഞ്ഞു. എന്തവാ‍ വിഷയം?
ഓ അപ്പോ അതു പറഞ്ഞില്ലേ. നന്നായല്ലോ. ഗുരുഭക്തി. അവര്‍ പോയി

അന്നൊക്കെ സാഹിത്യ സമാജങ്ങളില്‍ മാതൃഭക്തി, പിതൃഭക്തി, ഗുരുഭക്തി, ദേശഭക്തി മുതലായവയാണ് വിഷയങ്ങള്‍. ഇന്നത്തെകാര്യം എനിക്കറിഞ്ഞുകൂടാ.

അന്നുതന്നെ ഗുരുഭക്തിയേക്കുറിച്ച്, സാന്ദീപനി,ശ്രീകൃഷ്ണന്‍ , ദ്രോണാചാര്യര്‍, ഏകലവ്യന്‍ ഇതൊക്കെ ചേര്‍ത്ത് ഒരുഗ്രന്‍ ഉപന്യാസം തയ്യാറാക്കി.

അപ്പൂപ്പനിക്കഥകളൊക്കെ എവിടുന്നു പഠിച്ചു. കിട്ടുവിനാണ് സംശയം.

എടാ എന്റമ്മ നിന്റെയൊക്കെ വല്യമ്മൂമ്മ ഒരു കഥാസരിത്സാഗരമാണ്. പുരാണമോ, ചരിത്രപരമോ ആയ ഏതു കഥ ചോദിച്ചാലും പറഞ്ഞു തരും. ഇന്നും നിന്നേയൊക്കെ വിളിച്ചാല്‍ പോകാതെ കളിക്കാന്‍ നടക്കുവല്ലേ. എനിക്കറിയാവുന്ന കഥകളെല്ലാം അമ്മ പറഞ്ഞു തന്നതാണ്.

അടുത്ത ദിവസം സ്കൂളിലെത്തി ഉപന്യാസം എന്റെ ക്ലാസിലേ ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ കൊടുത്തിട്ട് അത് ഫിഫ്ത് ഫോമില്‍ സി ഡിവിഷനിലേ ഈശ്വരിയമ്മയുടെ കൈയ്യില്‍ കൊടുക്കാന്‍ പറഞ്ഞു.
ഇതെന്തവാ? അവള്‍ ചോദിച്ചു.
സാഹിത്യസമ്മജത്തിലേക്കുള്ള ഒരു പ്രസംഗം.
ങ്ഹേ-ഇതു മണിക്കല്ലെ കൊടുക്കേണ്ടത്. അവളാ പ്രസംഗിക്കുന്നത്.
ആ-എന്നോട് ഈശ്വരിയമ്മയാ പറഞ്ഞത്. അങ്ങു കൊടുത്താല്‍ മതി.






































































































































































































.൦.
.

Comments (0)