മുഗള്‍ വംശം

അപ്പൂപ്പോ എന്നിട്ട് മുഗള്‍ വംശം ഇല്ലാതായ കഥ--ആതിര തുടങ്ങി.

ഓ ശരി-ശരി. പറയാം. എ.ഡി ൧൯൬൨ നവംബര്‍ മാസത്തിലേ ഒരു ദിവസം . സമയം നാലു മണി. സ്ഥലം റങ്കൂണ്‍. ബര്‍മ്മയിലാണ്. കുറെ ബ്രിട്ടിഷ് പട്ടാളക്കാര്‍ ഒരു ശവപ്പെട്ടിയും വഹിച്ചുകൊണ്ട് വരുന്നു. മതിലു കെട്ടി തിരിച്ച ജയിലിനു പുറകിലുള്ള ഒരു ശ്മശാനത്തിലേക്കാണു വരവ്. പുറകില്‍ റംഗൂണ്‍ നദി. സാധാരണ ശവപ്പെട്ടിയുടെ കൂടെ കാണുന്നതുപോലെ വലിയ ആള്‍കൂട്ടമൊന്നും പിന്നാലേ ഇല്ല. എല്ലാം പരമരഹസ്യമായിരിക്കണമെന്നു നിര്‍ബ്ബന്ധമുള്ളതുപോലെ പട്ടാളക്കാര്‍ മാത്രം. മുസ്ലിം ശവമടക്കിനു വേണ്ട പ്രാര്‍ത്ഥനയോ, ഓത്തുചൊല്ലലോ ഒന്നും ഇല്ല. എങ്ങിനെ എങ്കിലും ഇതൊന്നു കഴിച്ചു സ്ഥലംവിടണമെന്നുള്ള വെപ്രാളം പ്രകടമാണ്.

ഇത്രയൊക്കെ സൂക്ഷിച്ചെങ്കിലും തടവുകാരന്‍ --സ്റ്റേറ്റ് പ്രിസണര്‍--എന്നാണ് അയാളേപ്പറ്റി പ്രചരിച്ചിരുന്നത്--മരിച്ച വിവരം അറിഞ്ഞ് ഒരു ചെറിയ ആ‍ള്‍ക്കൂട്ടം എത്തുകയും സായുധരായ പട്ടാളക്കാര്‍ അവരേ ഒട്ടും താമസം കൂടാതെ ഓടിക്കുകയും ചെയ്തു. ശവം അടക്കിനുള്ള കുഴി നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. പെട്ടെന്ന് ശവം പൊടിഞ്ഞ് മണ്ണോടു ചേര്‍ന്ന് ഒരു തെളിവും അവശേഷിക്കാതിരിക്കാന്‍ വേണ്ട കുമ്മായവും മറ്റും കരുതിയിരുന്നു. കൂടുതല്‍ ആള്‍ക്കാരുടെ ശ്രദ്ധ ഉണ്ടാകുന്നതിനു മുമ്പു തന്നെ നിമിഷംകൊണ്ട് ശവമടക്കു കഴിഞ്ഞ് പട്ടാളക്കാര്‍ സ്ഥലംവിട്ടു.

ആരാരുന്നപ്പൂപ്പാ അത്-ആതിരയ്ക്ക് ഉത്കണ്ഠ.

അതോ അതാ‍യിരുന്നു അവസാനത്തേ മുഗള്‍ ചക്രവര്‍ത്തി--പേരില്‍ മാത്രം. ബഹദൂര്‍ ഷാ. ബ്രിട്ടീഷുകാര്‍ ശിപായിലഹള എനു വിളിച്ച ആയിരത്തി തൊള്ളായിരത്തി അമ്പത്തേഴിലേ ഒന്നാം സ്വാതന്ത്യ സമരത്തില്‍, സമരക്കാര്‍ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്ത അറംഗസീബീന്റെ കൊച്ചുമോന്‍ . എവിടെയാണ് അടക്കം ചെയ്തതെന്നുപോലും ആര്‍ക്കും അറിയില്ല.

എന്തിനാ അപ്പൂപ്പാ ഈ സമരക്കാര്‍ ബഹദൂര്‍ ഷായേ ചക്രവര്‍ത്തിയാക്കിയത്.

ആതിരയ്ക്കാണ് സംശയം എല്ലാം.

അതോ പറയാം. സ്വാതന്ത്ര്യ സമരമെന്നു വിളിക്കുന്നെങ്കിലും, യാതൊരു ദിശാബോധവുമില്ലാത്ത സമരമായിരുന്നു അന്നു നടന്നത്.

ഇവിടെയുള്ള സമ്പത്ത് കൊള്ളയടിക്കണമെന്നല്ലാതെ ബ്രിട്ടീഷ്കാര്‍ക്ക് മറ്റു യാതൊരു ലക്ഷ്യവുമില്ല. നിങ്ങള്‍ക്കറിയാമോ അന്ന് മൊത്തം ഇരുനൂറു ബ്രിട്ടീഷ്കാരില്‍ കൂടുതല്‍ ഭാരതത്തില്‍ ഇല്ലായിരുന്നു. അവര്‍ ഇവിടം പിടിച്ചടക്കിയത് നമ്മുടെ നാട്ടുകാരേ ഉപയോഗിച്ചാണ്. ഇപ്പോഴും അതുതന്നെ നടക്കുന്നു. ബോംബേ ആക്രമണം നടത്തിയത് ഇവിടെയുള്ള ആള്‍ക്കരുടെ സപ്പോര്‍ട്ടോടുകൂടിയാണ്.

എന്നും കുറേ വിഭീഷണന്മാരുടെ സഹായമില്ലാതെ ഒരു രാജ്യവും കീഴടക്കാന്‍ സാധ്യമല്ല. വിഭീഷണന്മാര്‍ക്ക് ഇവിടെ ഒരു പഞ്ഞവുമില്ലാല്ലോ. ൧൯൬൨-ലെ ചൈനയുമായുള്ള യുദ്ധം നടക്കുമ്പോള്‍ നമ്മുടെ ദില്ലി സെക്രട്ടേറിയറ്റിലേ ചിലര്‍ ചൈനീസ് ഭാഷ പഠിക്കാന്‍ തുടങ്ങിയെന്നു കേട്ടിട്ടുണ്ട്.

ചൈനീസ് ഭാഷയോ-അതെന്തിനാ-കിട്ടു ചോദിച്ചു.

കൊള്ളാം മോനേ അന്ന് ചൈനാക്കാര്‍ ജയിക്കുമെന്ന് അവര്‍ ഉറപ്പിച്ചു. നമ്മുടെ കൈയ്യില്‍ അന്നു കുറേ മുണ്ടിയേ വെടിവെയ്ക്കുന്ന തോക്കു മാത്രമല്ലേയുള്ളൂ. ഇന്ത്യാ-ചൈന ഭായീ ഭായീ- എന്നു വിളിച്ച് പഞ്ചശീലവും പറഞ്ഞു നടക്കുവല്ലാരുന്നോ.

ചൈനാക്കാര്‍നമ്മുടെ അതിര്‍ത്തികടന്നെത്തിയപ്പോള്‍ അവരേവെരുട്ടി ഓടിച്ചേക്കെടാ എന്നോമറ്റോ ആണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതെന്ന് കേട്ടിട്ടുണ്ട്. വെരുട്ടാന്‍ ചെന്നപ്പഴല്ലിയോ അറിയുന്നത് അന്നത്തേ അത്യന്താധുനിക ആയുധങ്ങളുമായാണ് അവരുടെ ആക്രമണമെന്ന് മനസ്സിലായത്. പിന്നെ വിജയകരമായി കൂടുതല്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് പിന്മാറി-പിന്മാറി അവര്‍ ഏകപക്ഷീയമായി യുദ്ധം നിര്‍ത്തുന്നതുവരെ തുടര്‍ന്നു. ഇപ്പോഴും അവര്‍ പിടിച്ച സ്ഥലം അവരുടെ കൈയ്യിലാണ്. അതു പോട്ടെ. നമ്മുടെ ആള്‍ക്കാരുടെ മനോഭാവത്തേക്കുറിച്ചാണല്ലോ പറഞ്ഞത്.

ബ്രിട്ടീഷുകാര്‍ സൂത്രത്തില്‍ കയ്യടക്കിയ ദേശങ്ങളില്‍ അവര്‍ അതാതുസ്ഥലത്ത് കരം പിരിക്കുന്ന ഉദ്യോഗസ്ഥരേ തന്നെ ആ പണി ഏല്പിച്ചു-പിരിക്കുന്നതിന് കമ്മീഷനും കൊടുത്തു. നാട്ടുകാരേ ഉപ്ദ്രവിക്കുന്നതിന് കമ്മീഷനും കിട്ടുമെന്നായപ്പോള്‍ അവര്‍ക്ക് ഉത്സാഹം കൂടി. രാജാവിനേക്കാള്‍ രാജഭക്തി എന്നു കേട്ടിട്ടില്ലേ. അങ്ങനെയാണ് നാടന്‍ സായിപ്പന്മാര്‍ ഉണ്ടായത്. അവരുടെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ ഇന്ത്യ പിടിച്ചടക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

അങ്ങനെ നാടന്‍ സാ‍യിപ്പന്മാരുടെ സഹായത്തോടെ ഇവിടുത്തേ സമ്പത്തു മുഴുവന്‍ കൊള്ളയടിക്കുന്ന പ്രക്രിയക്കിടയില്‍ ഭരണം താറുമാറായെന്നു പറയേണ്ടതില്ലോ. നാട്ടില്‍ ഭരണത്തിനെതിരേ മുറുമുറുപ്പ് തുടങ്ങി. നാടന്‍ സായിപ്പന്മാരേക്കൊണ്ടുതന്നെ ബുദ്ധിമാന്മാരായ ബ്രിട്ടീഷുകാര്‍ അത് നിഷ്കരുണം അടിച്ചമര്‍ത്തി. പക്ഷേ രഹസ്യമായി എതിര്‍പ്പു തുടര്‍ന്നു. അങ്ങനെ പട്ടാളത്തിലും അതെത്തി.

ഇന്ത്യയില്‍ പെട്ടെന്ന് വികാരം ആളിക്കത്തിക്കാനുള്ള ഉപായം മതമാണ്. അന്ന് പട്ടാളത്തിന്റെ തോക്കില്‍ ലൂബ്രിക്കേഷന്‍ ഓയില്‍ പശുവിന്റേയും, പന്നിയുടേയും കൊഴുപ്പായിരുന്നു. തോക്കു തുറക്കാന്‍ പലപ്പോഴും കടിക്കേണ്ടി വരും. പശു ഹിന്ദുക്കളുടെ ദിവ്യ മൃഗമാണ്-പന്നി മുസ്ലീങ്ങളുടെ നിന്ദ്യ മൃഗവും. ഈ രണ്ടു കൂട്ടരായിരുന്നല്ലോ പട്ടാളക്കാര്‍. എതൃപ്പുകാര്‍ ഇത് സമര്‍ഥമായി ഉപയോഗപ്പെടുത്തി. നമ്മുടെ വിശ്വാസത്തേ അപമാനിക്കാണാണ് ഈ കൊഴുപ്പുപയോഗിക്കുന്നതെന്ന് അവര്‍ പ്രചരിപ്പിച്ചു.

എന്തിനു പറയുന്നു. ഒരുദിവസം തോക്കിന് ഓയിലിടാന്‍ പറഞ്ഞ ബ്രിട്ടീഷ് മേധാവിയേ മംഗള്‍ പാണ്ഡേ എന്ന ശിപായി ആക്രമിച്ചു. അയാളേ കോര്‍ട്ടുമാര്‍ഷല്‍ ചെയ്ത് തൂക്കിക്കൊന്നു. പട്ടാളക്കര്‍ ഒന്നടങ്കം ലഹള തുടങ്ങി. കണ്ണില്‍ കണ്ട ബ്രിട്ടീഷുകാരേ മുഴുവന്‍ അവര്‍ കൊന്നു. ഡല്‍ഹിയിലും പരിസരത്തുമുള്ള സകല വിദേശികളേയും തെരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞു. അത്ഭുതമെന്നു പറയട്ടെ-ഇത് ഇന്ത്യമുഴുവന്‍ പടര്‍ന്നു പിടിച്ചു. നാട്ടുരാജ്യങളിലേ രാജാക്കന്മാരുടെ നേതൃത്വത്തില്‍ വിപ്ലവം അരങ്ങേറി. ഝാന്‍സി റാണി ലക്ഷ്മീഭായിയുടേയും, താന്റിയാതോപ്പിയുടേയും മറ്റും വീരകൃത്യങ്ങള്‍ പ്രസിദ്ധമാണല്ലോ.

പക്ഷേ ബ്രിട്ടീഷുകാരേ വകവരുത്തിയതിനു ശേഷം എന്തു ചെയ്യണമെന്ന് ആര്‍ക്കും ഒരു രൂപവുമില്ലായിരുന്നു. ഭരണം എന്നൊരു പ്രക്രിയ ഉണ്ടല്ലോ. നാട്ടിലേ വരുമാനം ക്രോഡീകരിച്ച് പൊതുതാല്പര്യത്തിനായി സമതുലിതമായി വിതരണം നടത്തുക, ക്രമസമാധാനമുറപ്പുവരുത്തുക മുതലായ കാര്യങ്ങള്‍.

ഇതൊന്നും വിപ്ലവം നടത്തുന്നവര്‍ക്കും, സമരം നടത്തുന്നവര്‍ക്കും ബാധകമല്ലല്ലോ. അവര്‍ക്ക് കുറേ ബഹളമുണ്ടാക്കി കിട്ടുന്നതെല്ലാം പിടിച്ചു പറിക്കണമെന്നല്ലാതെ എന്തു ഭരണം! ഇതു തന്നെയാണ് ഈ വിപ്ലവത്തിനും സംഭവിച്ചത്. ലഹള നടത്തിയവര്‍ക്ക് ബ്രിട്ടീഷുകാരേ വധിച്ചതിനു ശേഷം എന്തു ചെയ്യണമെന്ന് അറിഞ്ഞുകൂടാ. വല്ലോം കഴിക്കണ്ടേ. അതിന് അവര്‍ സാധനങ്ങള്‍ കൊള്ളയടിച്ചു തുടങ്ങി. അതും സ്ഥിരമായി പറ്റില്ലല്ലോ. അങ്ങിനെയാണ് അവര്‍ ഈ പാവം ബഹദൂര്‍ഷായേ പിടിച്ച് ചക്രവര്‍ത്തിയാക്കിയത്.

പക്ഷേ നാടന്‍ സായിപ്പന്മാരുടെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ തിരിച്ചടിച്ചു. ആകെ കുഴഞ്ഞു മറിഞ്ഞു കിടന്ന രാജ്യങ്ങള്‍ വലിയ എതൃപ്പൊന്നും കൂടാതെതന്നെ അവര്‍ കസ്റ്റഡിയിലാക്കി. എതിര്‍ത്തവരേ തൂക്കിലേറ്റി. പൂര്‍വാധികം ശക്തിയോടെ അവര്‍ തിരിച്ചുവന്നു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

കുറ്റവും, ഗൂഢാലോചനയും അവര്‍ ചക്രവര്‍ത്തിയുടെ തലയില്‍ കെട്ടിവച്ച് അദ്ദേഹത്തേ അറസ്റ്റുചെയ്ത് ബര്‍മ്മയിലേ ജയിലിലാക്കി. അവിടെക്കിടന്ന് നരകിച്ചാണ് അദ്ദേഹം മരിച്ചത്. ഇതാണ് അവസാനത്തെ മുഗളന്‍ . മുഗള്‍ ഭരണം അറംഗസീബിന്റെ കാലത്തുതന്നെ അവസാനിച്ചു. അയാളുടെ മക്കള്‍ക്ക് ദല്‍ഹിയുടെ മാത്രം നിയന്ത്രണമേ ഉണ്ടായിരുന്നുള്ളൂ. ബാ‍ക്കിയെല്ലാം ബ്രിട്ടീഷുകാര്‍ കവര്‍ന്നെടുത്തു. നമ്മള്‍ മുമ്പു പറഞ്ഞ പാവത്തിന് കൊട്ടാരത്തിന്റെ നിയന്ത്രണമേ ഉണ്ടായിരുന്നുള്ളൂ.

ആരാ അപ്പൂപ്പാ മുഗള്‍ ഭരണം ഇല്ലാതക്കിയത്? ഉണ്ണിക്കു സംശയം.

ഇല്ലാതാക്കിയതല്ല മോനേ. അത് തനിയേ ഇല്ലാതായി. സംസ്കൃതത്തിലൊരു ശ്ലോകമുണ്ട്.

അതിന്റെ അര്‍ഥം--ഒരാള്‍ ഒരമ്പയച്ചാല്‍ അത് ഒരാളേ കൊല്ലുകയോ കൊല്ലാതിരിക്കുകയോ ചെയ്യാം. പക്ഷേബുദ്ധിമാന്‍ ബുദ്ധിയാകുന്ന അസ്ത്രം പ്രയോഗിച്ചാല്‍ അത് പതുക്കെ പതുക്കെ സാമ്മ്രാജ്യങ്ങളേ തന്നെ ഇല്ലാതാക്കും--ഉദാഹരണത്തിന് മെക്കാളി സാ‍യ്പ് നാടന്‍ സായ്പന്മാരേ സൃഷ്ടിക്കാന്‍ ഒരു വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു.

സ്വതന്ത്ര്യം കിട്ടി, സായിപ്പന്മാരെല്ലാം കടല്‍ കടന്നു. പക്ഷേ ഇപ്പോഴും നാടന്‍ സായിപ്പന്മാരുടെ ഓക്കാനിപ്പിക്കുന്ന ധ്വര മട്ട് കണ്ടിട്ടില്ലേ. ങാ അത് പോട്ടെ.

നമ്മുടെ അക്ബറുടെ നയം--രജപുത്രസ്ത്രീകളേ കല്യാണം കഴിക്കുന്നതേ--ഒരുപാട് രജപുത്ര അമ്മായിഅപ്പന്മാരേയുണ്ടാക്കി. രാജാ മാനസിംഹന്‍ അക്ബ്ബറിന്റെ സേനാനായകനായിരുന്നു. പ്രതാപസിംഹനേ തോല്പിക്കാന്‍ രജപുത്രരെ അമിതമായി ആശ്രയിക്കേണ്ടി വന്നു. ഭരണത്തില്‍ അവരുടെ സ്വാധീനം കൂടുതലായി. പ്രതാപന്റേയും, അക്ബറിന്റേയും കാലം കഴിഞ്ഞതോടുകൂടി മുഗള്‍ ഭരണത്തോടുള്ള എതിര്‍പ്പ് കുറഞ്ഞു വന്നു.

ജഹാംഗീര്‍ രജപുത്രസ്ത്രീയുടെ മകനായിരുന്നു. ഷാജഹാനും അങ്ങിനെ തന്നെ. പക്ഷേ ഷാജഹാന്റെ മൂത്തമകന്‍ ഖുശ്രൂ രജപുത്രസ്തീയുടെ മകനായിരുന്നു. അയാളേ വധിച്ചിട്ട് ഷാജഹാനേ തടങ്കലിലാക്കിയിട്ട് ഇളയ മകന്‍ അറംഗസീബ് ഭരണം പിടിച്ചെടുത്തു. ശക്തമായ രജപുത്ര ലോബി ശത്രുക്കളായി.

മഹാരാഷ്ട്രയില്‍ ശിവജി എന്ന ഒരു സാധാരണക്കാരന്‍ മുഗളന്മാരേ വെല്ലു വിളിച്ചുകൊണ്ട് ഉയര്‍ന്നുവന്നു. അദ്ദേഹം മുഗളരേ തോല്പിച്ച് ഹിന്ദുസാമ്രാജ്യം സ്ഥാപിച്ച് ചക്രവര്‍ത്തിയായി സ്വയം അഭിഷേകം ചെയ്തു. അറംഗസീബ് മരിക്കുമ്പോള്‍ ദില്ലി മാത്രമായിരുന്നു അയാളുടെ നിയന്ത്രണത്തില്‍. പിന്നീട് ബ്രിട്ടീഷുകാര്‍ എത്തി മുഗളരുടെ പതനം പൂര്‍ത്തിയാക്കി.

Comments (1)

ഒന്നാം സ്വാതന്ത്ര്യസമരം 1957, ബഹദൂർ ഷായുടെ മരണം 1962 എന്നിവ 1857, 1862 എന്നു തിരുത്തണം.