പ്രതാപസിംഹന്‍ -നാല്

കറക്റ്റ്. ശക്തസിംഹന്‍ സേനകളേ സംഘടിപ്പിക്കുന്നതും അവര്‍ക്കു പരിശീലനം നല്‍കുന്നതും അക്ബറിന്റെ ആള്‍ക്കാര്‍ അറിയുന്നുണ്ട്. അവര്‍ അറിയാതെപോയത് ശക്തസിംഹന്റെ മനം മാറ്റമാണ്. പ്രതാപനോട് പകതീര്‍ക്കാന്‍ നടക്കുന്ന--ദൌളത്തുന്നീസയേ നിക്കാഹ് കഴിച്ച ശക്തസിംഹനേയേ അവര്‍ക്കറിയൂ. പുതിയ ശക്തനേ രജപുത്രര്‍ക്കേ അറിയൂ. അതുകൊണ്ട് ഒരു സംശയത്തിനും ഇടനല്‍കാതെ സൈന്യവും ആയുധങ്ങളും സംഘടിപ്പിക്കുന്നതിന് ശക്തസിംഹന് കഴിഞ്ഞു. എന്തിന് സലിമിന്റെ പിന്നാലെ വന്നത് സ്വന്തം സൈന്യമാണെന്ന് തെറ്റിദ്ധരിച്ചതുമൂലമാണ് പെട്ടെന്ന് അവര്‍ക്ക് തോല്‍വി പിണഞ്ഞത്.

അതവിടെ നില്‍ക്കട്ടെ. നമുക്ക് പ്രതാപന്റെ ഡര്‍ബാറിലേക്കു പോകാം.

പ്രതാപന്‍ :- അക്ബര്‍ ഇനി അടങ്ങി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ?
രാജാ മാനാ:- ഒരിക്കലും ഇല്ല. ഇപ്പോള്‍ നമ്മള്‍ ചെറു രാജ്യങ്ങളെല്ലാം മോചിപ്പിക്കണം. അവര്‍ക്കു ആലോചിക്കാന്‍ സമയം കൊടുക്കരുത്.
ഗോവിന്ദസിംഹന്‍ :- വളരെ ശരിയാണ്. ഉടനേ പുറപ്പെടാം.

അക്ബര്‍ തോല്‍വി വിലയിരുത്തുന്നതിനു മുമ്പുതന്നെ പ്രതാപന്‍ മുന്‍പു തന്റെ അധീനതയിലായിരുന്ന സകല രാജ്യങ്ങളും തിരിച്ചു പിടിച്ചു. അവിടുത്തേ ഭരണാധികാരികളും ഉള്ളുകൊണ്ട് പ്രതാപന് അനുകൂലമായിരുന്നതുകൊണ്ട് വലിയ എതൃപ്പൊന്നും ഉണ്ടായില്ല.

അക്ബറിന്റെ രാജധാനിയില്‍ നടക്കുന്ന ആലോചനകളെല്ലാം അപ്പപ്പോള്‍ പ്രതാപസിംഹന്‍ അറിയുന്നുണ്ട്. ശക്തസിംഹന്‍ വഴി. മെഹറുന്നീസ അക്ബറിന്റെ സഹോദരിയുടെ മകളാണ്. ദൌളത്തുന്നീസ അവളുടെ കസിനും. കൊട്ടാരത്തില്‍ തന്നെ ചാരവൃത്തി നടക്കുന്ന വിവരം അക്ബറുണ്ടോ അറിയുന്നു. ഒരന്തിമപോരാട്ടത്തിന് അക്ബര്‍ തയ്യാറെടുക്കുന്ന വിവരം അങ്ങനെ പ്രതാപസിംഹന്‍ അറിഞ്ഞു.

ഇതിനിടെ ശക്തസിംഹന്റെ കല്യാണക്കാര്യം പ്രതാപനറിഞ്ഞു. അദ്ദേഹം തളര്‍ന്നുപോയി. സമധാനിപ്പിക്കാന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടു. ശക്തസിംഹന്‍ തന്നെ വന്ന് കാലു പിടിച്ചിട്ടും പ്രതാപസിംഹന്‍ വഴങ്ങിയില്ല. സങ്കടത്തോടുകൂടിയാണെങ്കിലും ശക്തസിംഹന്‍ ഇനി അവിടെ വരരുതെന്നു പറഞ്ഞയച്ചു.

എന്താ അപ്പൂപ്പാ ഇത്ര പ്രശ്നം? ഇഷ്ടപ്പെട്ട ഒരാളേ കല്യാണം കഴിക്കുന്നത് അത്ര കുറ്റമാണോ? രാംകുട്ടന് അങ്ങോട്ട് ദഹിക്കുന്നില്ല.

നിങ്ങള്‍ക്ക് അത് ശരിക്കു മനസ്സിലാവുകയില്ല. അന്നത്തേ സാ‍മൂഹ്യ രീതി. അതുപോട്ടെ ഇന്നും മലമുകളില്‍ താമസിക്കുന്ന ആദിവാസികളെന്നു വിളിക്കപ്പെടുന്ന വനവാസികളുണ്ടല്ലോ.

അപ്പൂപ്പന്‍ അവരുടെ ഇടയില്‍ ഒരു തീര്‍ത്ഥയാത്ര നടത്തി. ശബരിമലയ്ക്കു മുകളില്‍ ഉള്ള മലകളില്‍ ചെറിയ ചെറിയ കോളനികളായിട്ടാണ് അവര്‍ താമസിക്കുന്നത്. കാ‍ട്ടില്‍ കറങ്ങിനടന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റാണ് ഉപജീവനം കഴിക്കുന്നത്. തേന്‍ , താന്നിക്കാ, കടുക്കാ, നെല്ലിക്കാ മുതലായ സാധനങ്ങള്‍. ഇവ വാങ്ങാനായി ഇവരുടെ തന്നെ ഒരു സഹകരണസംഘം താഴെ പ്രവര്‍ത്തിക്കുന്നുണ്ട്. വീടെന്നു പറയുന്നത് ശബരിമലെ തീര്‍ത്ഥാടനക്കാര്‍ ഉണ്ടാക്കുന്ന കുടിലുപോലെയാണ്. വീട്ടില്‍നിന്നു പോയാല്‍ തിരിച്ചുവരുന്നത് മാസങ്ങള്‍ കഴിഞ്ഞാണ്. കുട്ടികളും രണ്ടോ മൂന്നോ പേരും മാത്രം എന്നും കാണും.

ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് സോമന്‍ എന്നു പേരുള്ള ഒരു ആദിവാസിയാണ്. അയാള്‍ അവിടെ ഇലക്ഷനു നിന്നിട്ടുള്ള ഒരു പുരോഗമനവാദിയാണ്. കാട്ടില്‍കൂടെ പോകണമെങ്കില്‍ ഇവരുടെ സഹായമില്ലാതെ പറ്റില്ല. എങ്ങോട്ടാണു പോകുന്നതെന്നറിയാതെ അയാളുടെ പിന്നാലെ നടന്നാല്‍ മതി.

ഞങ്ങള്‍ നടന്നു നടന്ന് ഒരു കോളനിയിലെത്തി. കുറെ കുട്ടികള്‍ ജനിച്ചപടി ഓടിനടക്കുന്നുണ്ട്. രണ്ടുമുന്നു കുടിലുകളില്‍ നിന്നും പെണ്ണുങ്ങള്‍ ഇറങ്ങിവന്നു. അവര്‍ക്കൊക്കെ സോമനേ പരിചയമാണ്. സോമന്റെ കൂടെ ചെന്ന ഞങ്ങളെയും അവര്‍ സ്വീകരിച്ചു. ശാപ്പിട്ടു പാം എന്നു ക്ഷണിച്ചു.

തിരിച്ചു വരട്ടെ എന്നു പറഞ്ഞു സോമന്‍ വീണ്ടും നടന്നു. ഒരിടത്തുനിന്നും അഞ്ചു മൈലെങ്കിലും നടന്നാലേ അടുത്ത കോളനിയിലെത്തുകയുള്ളൂ. എല്ലായിടത്തും നല്ല ആതിത്ഥ്യമര്യാദ. ഉച്ചയോടെ എത്തിയ കോളനിയില്‍നിന്നും ഞങ്ങള്‍ ആഹാരം കഴിച്ചു. മുള അരികൊണ്ടുള്ള എന്തോ വിഭവം. നല്ല സ്വാ‍ദ്. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ ഒരാള്‍കൂടി ഞങ്ങള്‍ക്കൊപ്പം വന്നു.

അടുത്ത കോളനിയിലെത്തിയപ്പോള്‍ ഈ കൂടെ വന്നയാള്‍ അവിടെയുള്ളവരോട് എന്തോ രഹസ്യം പറഞ്ഞു. അവര്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചെങ്കിലും മറ്റുള്ളവരേപ്പോലെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചില്ല. എന്നു മാത്രമല്ല ഞങ്ങള്‍ വീട്ടില്‍ കയറാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുകയും ചെയ്തു.

പിന്നീട് സോമനാണ് വിവരം പറഞ്ഞത്. ഞങ്ങള്‍ ഉച്ചയ്ക്ക് ആഹാരം കഴിച്ചത് മലപ്പുലയന്‍ എന്ന വിഭാഗത്തിന്റെ വീട്ടില്‍ നിന്നാണ്. അങ്ങനെയുള്ള ഞങ്ങളേ അവരുടെ വീട്ടില്‍ കയറ്റത്തില്ല. മിക്ക ആദിവാസി വിഭാഗത്തിനും ഇപ്പോഴും പരസ്പരം കടുത്ത തീണ്ടല്‍ തൊടീല്‍ ഉണ്ട്. പിന്നെ പ്രതാപസിംഹന്റെകാലത്തേ കാര്യം പറയണോ.

ശക്തസിംഹന്‍ പോയെങ്കിലും അയാള്‍ക്ക് പ്രതാപനോടുള്ള ബഹുമാനം വര്‍ദ്ധിച്ചതേയുള്ളൂ. വര്‍ദ്ധിതവീര്യത്തോടെ അയാള്‍ സേനയേ സംഘടിപ്പിച്ചു. ദൌളത്തിനോട് അയാള്‍ വിവരം പറഞ്ഞു. രണ്ടുപേരുംകൂടി ഒരുതീരുമാനം എടുത്തു .
ഹല്‍ദീഘട്ടില്‍ വച്ചുതന്നെ അക്ബറുടെ സൈന്യവും പ്രതാപന്റെ സൈന്യവും തമ്മില്‍ അതിഭയങ്കരമായ അന്തിമ പോരാട്ടം നടന്നു. അക്ബറുടെ സേനയേ നിശ്ശേഷം പരാജയപ്പെടുത്തി പ്രതാപസിംഹന്‍ രജപുത്രവീര്യം പ്രത്യക്ഷപ്പെടുത്തി. രാജാമാനയും, ശക്തസിംഹനും , ദൌളത്തുന്നീസയും വീരചരമം അടഞ്ഞു.

ദൌളത്തുന്നീസയോ--പെണ്ണുങ്ങളും യുദ്ധം ചെയ്യുമോ-ആതിര. അതേ മോളേ അതാണ് അവരെടുത്ത തീരുമാനം. രണ്ടു സമൂഹങ്ങളും അംഗീകരിക്കാത്തതുകൊണ്ട് ആണിന്റെ വേഷം ധരിച്ച് ദൌളത്ത് ശക്തസിംഹന്റെ അടുത്ത്നിന്ന് പോരാടി മരിച്ചു.

പിന്നീട് പ്രതാപന്റെ കാലം കഴിയുന്നതുവരെ അക്ബര്‍ രജപുത്രരോട് ഏറ്റുമുട്ടിയിട്ടില്ല.

Comments (0)