പുനര്‍ജ്ജന്മം--രണ്ട്

അപ്പൂപ്പോ ദേ ചില നീണ്ട കഥക്കാരുടെ കൂട്ട് “അപ്പോഴാണ് അത് സംഭവിച്ചത്” എന്നു പറഞ്ഞിട്ട് എഴുനേറ്റു പോയത് ഒട്ടും ശരിയായില്ല. ആതിരയുടെ പരാതി ആ കഥ ബാക്കി പറ. ശരി പറയാം മോളേ. കേട്ടോളൂ.

ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. യാഗക്കാരന്റെ പുത്രന്‍. നചികേതസ്സ്. വയസ്സ് ഒന്‍പതേയുള്ളൂ. വേദങ്ങളും ശാസ്ത്രങ്ങളും എല്ലാം കാണാപ്പാഠമാണ്. അവന്‍ വിചാരിച്ചു. ഈ അഛന്‍ എന്താണീകാണിക്കുന്നത്. അഛന്‍ തന്നെയല്ലേ എന്നേപ്പഠിപ്പിച്ചത്--ദാനം ചെയ്യുന്നത് കിട്ടുന്ന ആളിന് ഗുണപ്രദമാകണമെന്നും പശുക്കളാണെങ്കില്‍,,കുട്ടിയോടുകൂടിയ കറവപ്പശുക്കളായിരിക്കണമെന്നും, അല്ലാതെ ഉപയോഗശൂന്യമായവ ദാനം ചെയ്താല്‍ നരകത്തില്‍ പോകുമെന്നും മറ്റും. എന്റഛന്‍ നരകത്തില്‍ പോയതു തന്നെ. ഇപ്പോള്‍ ഞാനെന്താണു ചെയ്യേണ്ടത്. അഛനേ നരകത്തില്‍ നിന്നും രക്ഷിക്കേണ്ടത് പുത്ര ധര്‍മ്മമാണെന്നല്ലേ അഛന്‍ പഠിപ്പിച്ചത്. അതെ അതുതന്നെ പണി. അവന്‍ ചിന്തിച്ചുറച്ചു.

അവന്‍ നേരേ അഛന്റടുത്തു ചെന്നു. അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്-എന്നുചോദിച്ചു. അഛന്‍ മകനേ രൂക്ഷമായൊന്നു നോക്കി. അവന്‍ വീണ്ടും ചോദിച്ചു-അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്. അഛന്‍ ഉപയോഗയൊഗ്യമല്ലാത്ത സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി ദാനം ഗൌരവമായി ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നാമതും മകന്‍ ചോദിച്ചു. അഛാ എന്നേ ആര്‍കാ ദാനം ചെയ്യുന്നത്. അഛന്‍ തലപൊക്കി നോക്കി ഒരൊറ്റ അലര്‍ച്ച. പോയി തൊലയെടാ. അപ്പൂപ്പോ ഈ അഛന്‍ മലയാളത്തിലാണോ പറഞ്ഞത്. കിട്ടുവിനു സംശയം. എടാ അവരൊക്കെ സംസ്കൃതത്തിലല്ലേ സംസാരിക്കുന്നത്. ഭാഷ സംസ്കൃതമായതുകൊണ്ട് അതില്‍ ചീത്ത വാക്കുകളൊന്നുമില്ല.. പുള്ളി പറഞ്ഞത് നിന്നേ ഞാന്‍ കാലനാണു കൊടുക്കാന്‍ പോകുന്നതെന്നാണ്. ഞാന്‍ അതു മലയാളത്തിലാക്കിയെന്നേയുള്ളൂ.. അതു പോട്ടെ. നചികേതസ്സ് പിന്‍ വാങ്ങി. അവന്‍ ആലോചിച്ചു. അഛന്‍ ഗുരുവും കൂടിയാണ്. അഛന്‍ പറയുന്നത് വേണമെങ്കില്‍ അനുസരിക്കാതിരിക്കാം. പക്ഷേ ഗുരു അങ്ങനെയല്ല. ഗുരു വെറുതേ ഒരു കാര്യവും പറയുകയില്ല. അദ്ദേഹം എന്തു പറഞ്ഞാലും അനുസരിക്കണം. അതാണ് അന്നത്തേ ചിട്ട. നോക്കി പേടിപ്പിക്കണ്ടാ. നിന്റെയൊന്നും കാര്യമല്ല പറഞ്ഞത് നചികേതസ്സ് നേരേ കാലന്റടുത്ത് പോകാന്‍ തീരുമാനിച്ചു. അവനു ചില സംശയങ്ങളൊക്കെയുണ്ട്. അത് കാലനോടു ചോദിക്കണം.

അവന്‍ നേരേ യമപുരിയിലേക്കു പോയി. ഓഹൊ ഇപ്പം എല്ലാം മനസ്സിലായി. ഉണ്ണിക്കുട്ടന്‍ വിളിച്ചുപറഞ്ഞു. മിടുക്കന്‍, നീ ഇവര്‍ക്കുംകൂടി അതൊന്നു പറഞ്ഞുകൊടുക്ക്. ദേ എല്ലാം മിഴിച്ചിരിക്കുന്നതു കണ്ടില്ലേ. ഈപറയുന്നതൊന്നും ഒരുകാലത്തും മനസ്സിലാകത്തില്ലെന്നു മനസ്സിലായി. ഉണ്ണി ഒരു കുസലും കൂടതെ പറഞ്ഞു. ഹോ ഞങ്ങളെങ്ങനാ ഇതു പറയുന്നതെന്നു വിചാരിച്ചിരിക്കുവാരുന്നു. ബാക്കി എല്ലാവരുടേയും കോറസ്സ്. അപ്പൂപ്പനേ നല്ല കഥ വല്ലോമുണ്ടെങ്കില്‍ പറ. ഇനി നാളെമതി..

Comments (1)

കൊച്ചുകൊച്ചുകഥ കൊള്ളാം

ഒരു സംശയം, സംസ്കൃതഭാഷയില്‍ ചീത്ത വാക്കുകളൊന്നുമില്ലേ? ശരിക്കും അങ്ങനെ തന്നെയാണോ അതോ കഥയിലെഴുതിയതാണോ?