പുനര്‍ജ്ജന്മം--രണ്ട്

1
അപ്പൂപ്പോ ദേ ചില നീണ്ട കഥക്കാരുടെ കൂട്ട് “അപ്പോഴാണ് അത് സംഭവിച്ചത്” എന്നു പറഞ്ഞിട്ട് എഴുനേറ്റു പോയത് ഒട്ടും ശരിയായില്ല. ആതിരയുടെ പരാതി ആ കഥ ബാക്കി പറ. ശരി പറയാം മോളേ. കേട്ടോളൂ.

ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. യാഗക്കാരന്റെ പുത്രന്‍. നചികേതസ്സ്. വയസ്സ് ഒന്‍പതേയുള്ളൂ. വേദങ്ങളും ശാസ്ത്രങ്ങളും എല്ലാം കാണാപ്പാഠമാണ്. അവന്‍ വിചാരിച്ചു. ഈ അഛന്‍ എന്താണീകാണിക്കുന്നത്. അഛന്‍ തന്നെയല്ലേ എന്നേപ്പഠിപ്പിച്ചത്--ദാനം ചെയ്യുന്നത് കിട്ടുന്ന ആളിന് ഗുണപ്രദമാകണമെന്നും പശുക്കളാണെങ്കില്‍,,കുട്ടിയോടുകൂടിയ കറവപ്പശുക്കളായിരിക്കണമെന്നും, അല്ലാതെ ഉപയോഗശൂന്യമായവ ദാനം ചെയ്താല്‍ നരകത്തില്‍ പോകുമെന്നും മറ്റും. എന്റഛന്‍ നരകത്തില്‍ പോയതു തന്നെ. ഇപ്പോള്‍ ഞാനെന്താണു ചെയ്യേണ്ടത്. അഛനേ നരകത്തില്‍ നിന്നും രക്ഷിക്കേണ്ടത് പുത്ര ധര്‍മ്മമാണെന്നല്ലേ അഛന്‍ പഠിപ്പിച്ചത്. അതെ അതുതന്നെ പണി. അവന്‍ ചിന്തിച്ചുറച്ചു.

അവന്‍ നേരേ അഛന്റടുത്തു ചെന്നു. അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്-എന്നുചോദിച്ചു. അഛന്‍ മകനേ രൂക്ഷമായൊന്നു നോക്കി. അവന്‍ വീണ്ടും ചോദിച്ചു-അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്. അഛന്‍ ഉപയോഗയൊഗ്യമല്ലാത്ത സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി ദാനം ഗൌരവമായി ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നാമതും മകന്‍ ചോദിച്ചു. അഛാ എന്നേ ആര്‍കാ ദാനം ചെയ്യുന്നത്. അഛന്‍ തലപൊക്കി നോക്കി ഒരൊറ്റ അലര്‍ച്ച. പോയി തൊലയെടാ. അപ്പൂപ്പോ ഈ അഛന്‍ മലയാളത്തിലാണോ പറഞ്ഞത്. കിട്ടുവിനു സംശയം. എടാ അവരൊക്കെ സംസ്കൃതത്തിലല്ലേ സംസാരിക്കുന്നത്. ഭാഷ സംസ്കൃതമായതുകൊണ്ട് അതില്‍ ചീത്ത വാക്കുകളൊന്നുമില്ല.. പുള്ളി പറഞ്ഞത് നിന്നേ ഞാന്‍ കാലനാണു കൊടുക്കാന്‍ പോകുന്നതെന്നാണ്. ഞാന്‍ അതു മലയാളത്തിലാക്കിയെന്നേയുള്ളൂ.. അതു പോട്ടെ. നചികേതസ്സ് പിന്‍ വാങ്ങി. അവന്‍ ആലോചിച്ചു. അഛന്‍ ഗുരുവും കൂടിയാണ്. അഛന്‍ പറയുന്നത് വേണമെങ്കില്‍ അനുസരിക്കാതിരിക്കാം. പക്ഷേ ഗുരു അങ്ങനെയല്ല. ഗുരു വെറുതേ ഒരു കാര്യവും പറയുകയില്ല. അദ്ദേഹം എന്തു പറഞ്ഞാലും അനുസരിക്കണം. അതാണ് അന്നത്തേ ചിട്ട. നോക്കി പേടിപ്പിക്കണ്ടാ. നിന്റെയൊന്നും കാര്യമല്ല പറഞ്ഞത് നചികേതസ്സ് നേരേ കാലന്റടുത്ത് പോകാന്‍ തീരുമാനിച്ചു. അവനു ചില സംശയങ്ങളൊക്കെയുണ്ട്. അത് കാലനോടു ചോദിക്കണം.

അവന്‍ നേരേ യമപുരിയിലേക്കു പോയി. ഓഹൊ ഇപ്പം എല്ലാം മനസ്സിലായി. ഉണ്ണിക്കുട്ടന്‍ വിളിച്ചുപറഞ്ഞു. മിടുക്കന്‍, നീ ഇവര്‍ക്കുംകൂടി അതൊന്നു പറഞ്ഞുകൊടുക്ക്. ദേ എല്ലാം മിഴിച്ചിരിക്കുന്നതു കണ്ടില്ലേ. ഈപറയുന്നതൊന്നും ഒരുകാലത്തും മനസ്സിലാകത്തില്ലെന്നു മനസ്സിലായി. ഉണ്ണി ഒരു കുസലും കൂടതെ പറഞ്ഞു. ഹോ ഞങ്ങളെങ്ങനാ ഇതു പറയുന്നതെന്നു വിചാരിച്ചിരിക്കുവാരുന്നു. ബാക്കി എല്ലാവരുടേയും കോറസ്സ്. അപ്പൂപ്പനേ നല്ല കഥ വല്ലോമുണ്ടെങ്കില്‍ പറ. ഇനി നാളെമതി..

പുനര്‍ജ്ജന്മം

1
അപ്പൂപ്പാഇന്നലെ വല്യമ്മൂ‍മ്മ പറയുവാ ഞാന്‍ വേലുപ്പിള്ള അമ്മാവനാണെന്ന്. അമ്മൂമ്മേടെ അഛന്റെ വല്യമ്മാവന്‍ പുനര്‍ജ്ജനിച്ചു വന്നിരിക്കുവാണെന്ന്. എന്തവാ അപ്പൂപ്പാ ഈ പുനര്‍ജ്ജന്മം?മരിച്ചു പോയ ആള്‍ പിന്നെയും ജനിക്കുമോ? ശ്യാമിനാണു സംശയം.

മക്കളേ ഇതൊരു ഗുലുമാലുപിടിച്ച ചോദ്യമാണ്. പണ്ട് ഒരു പയ്യന്‍ ഈചോദ്യം നമ്മുടെ ധര്‍മ്മരാജാവിനോടു ചോദിച്ചു. ഇതൊന്നു പിന്‍ വലിപ്പിക്കന്‍ പുള്ളി പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷേ നടന്നില്ല. ഏത് ധര്‍മ്മരാജാവാ അപ്പൂപ്പാ നമ്മുടെ കണ്ഠീരവന്‍ വന്നപ്പോള്‍ ഉണ്ടായിരുന്നതാണോ? ആതിര ചോദിച്ചു. അല്ല മോളേ ഇത് സക്ഷാല്‍ യമധര്‍മ്മ രാജാവ്--കാലന്‍. അയ്യൊ കാ‍ലനോ, കാലന്റടുത്ത് കൊചു പയ്യന്‍ ചോദ്യം ചോദിച്ചെന്നോ, എന്തവാ അപ്പൂപ്പാ ഈ പറയുന്നത്-രാമിന് ദഹിക്കുന്നില്ല. എടാ മോനേ ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ആദ്യം നമ്മുടെ സംസ്കാരത്തേക്കുറിച്ച് കുറേ എങ്കിലും അറിഞ്ഞിരിക്കണം. കേട്ടോളൂ. സനാതന സംസ്കാരമെന്നും, ഭാരതീയ സംസ്കാരമെന്നും മറ്റും പറയുന്നത് ആര്‍ഷസംസ്കാരമാണ്. അതായത് നമ്മുടെ ഋഷിവര്യന്മാര്‍ കണ്ടെത്തി പ്രചരിപ്പിച്ച സംസ്കാരം. “ ലോകാ സമസ്താ സുഖിനോ ഭവന്തൂ:“ അതായത് സകലചരാചരങ്ങള്‍ക്കും നന്മ ഭവിക്കട്ടെ- ഇതായിരുന്നു അവരുടെ മുദ്രാവാക്യം. കാട്ടിനുള്ളില്‍ തപസ്സിരുന്ന് കണ്ടെത്തിയതാണ്. അയ്യോടാ കാട്ടിനുള്ളില്‍ തപസ്സിരുന്നാല്‍ എവിടുന്നാ കണ്ടെത്തുന്നത്. കഥയാണെങ്കിലും പറയുമ്പോള്‍ ഒരു യുക്തിയൊക്കെ വേണ്ടേ- ശ്യാമാണ് യുക്തിവാദി. മോനേ വേദമാണ് നമ്മുടെ അടിസ്ഥാന പ്രമാണം. വേദം എന്നു വച്ചാല്‍ അറിവ്--അറിവ് ബ്രഹ്മാവില്‍ നിന്നാണ് വരുന്നതെന്നാണ് നമ്മുടെ വിശ്വാസം. അത് ബ്രഹ്മാവ് സമ്പ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.. അതിന്റെ വേവ് ലെങ്ത് നമ്മുടെ മസ്തിഷ്കത്തില്‍ ഉണ്ടാകുമ്പോള്‍ നമുക്ക് അത് കേള്‍ക്കാന്‍ പറ്റും. ഇപ്പോഴത്തേ റേഡിയോയുടെ കൂട്ടൂതന്നെ. അതു കേള്‍ക്കുന്ന ഋഷി അത് തന്റെ ശിഷ്യരിലൂടെ ലോകത്തില്‍ പ്രചരിപ്പിക്കും. അങ്ങിനെ പ്രചരിച്ച വേദത്തേ അടുക്കും ചിട്ടയുമാക്കി നാലെണ്ണമാക്കിയത് വേദവ്യാസനെന്ന മഹര്‍ഷിയാണ്. ഓ ഇതൊക്കെ പറഞ്ഞോണ്ടിരിക്കാതെ കഥ പറയുന്നെങ്കില്‍ പറ--ആതിരയ്ക്കു മുഷിഞ്ഞു തുടങ്ങി . മോളേ കഥ പറഞ്ഞാല്‍ മനസ്സിലാകണ്ടേ. അതിനാ ഇതൊക്കെ പറയുന്നത്. കേട്ടോളൂ. ഈ വേദം ആള്‍ക്കാര്ക്ക്‍ മനസ്സിലാക്കാന്‍ പ്രയാസമാണെന്നു കണ്ട് അതിനേ ബ്രാഹ്മണമെന്നും, ആരണ്യകമെന്നും, ഉപനിഷത്തെന്നും ഉള്ള പേരുകളില്‍ വിശദീകരിച്ചൂ. വേദത്തിന്റെ അവസാനമാണ്--അതായത് അറിവിന്റെ അവസാനമാണ് ഉപനിഷത്ത്. ഇതെല്ലാം സംസ്കൃതത്തിലാണ്. അതിന് അപ്പൂപ്പന് സംസ്കൃതമറിയാമോ? കിട്ടുവിന് സംശയം. എടാ എനിക്കു സംസ്കൃതം അറിയാന്‍ വയ്യാ. പക്ഷേ അതറിയാവുന്നവര്‍ ഇത് പലഭാഷകളില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പല ആളുകളുടെ വ്യാഖ്യാ‍നങ്ങല്‍ വായിക്കുകയും, ചിലരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ അപ്പൂപ്പന് കുറേ ഒക്കെ മനസ്സിലായി. അതിലൊന്നാണ് ഈ പറയാന്‍ പോകുന്ന കഥ. പണ്ട് ഒരു ഗൃഹസ്ഥന്‍ അന്നദാനം കൊണ്ട് കീര്‍ത്തിനേടി. അദ്ദേഹത്തിന്റെ മകന് അതിനേക്കാള്‍ കീര്‍ത്തി നേടണമെന്ന് മോഹം. അതിന് അദ്ദേഹം വിശ്വജിത് എന്നോരു യാഗംനടത്തി. ലോകം ജയിക്കണം. അതാണ് മൂപ്പിലാന്റെ മോഹം . മാസിഡോണിയയിലേ അലക്സാണ്ഡറേ പോലെ-അല്ലേ അപ്പൂപ്പാ--അതുവരെ മിണ്ടാതിരുന്ന ഉണ്ണിക്കുട്ടന്‍ വാ തുറന്നു. അല്ല മോനേ അതു യുദ്ധം ചെയ്തുള്ള പിടിച്ചടക്കലാണ്. യാഗത്തില്‍ കൂ‍ടി അങ്ങനെയുള്ള ജയമല്ല. നമ്മള്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയില്ലേ-അപ്പോള്‍ രോഗം നമ്മുടെ അടുത്തുവന്നാല്‍ സല്യൂട്ടടിച്ച് പൊയ്ക്കൊള്ളും. അതുപോലെ ഈ ലോകത്തിലുള്ള ഒരു ഭോഗ വസ്തുവും നമ്മേ ഭ്രമിപ്പിക്കുകയില്ല. അങ്ങിനെയുള്ള മാനസികാവസ്ഥയിലേക്ക് നമ്മളെത്തും ഓ എന്നാ നമക്കതു ചെയ്യണ്ടാ. ഈ ചിക്കനും, സിനിമായും ഒന്നും നമുക്കിഷ്ടമല്ലാതെ വന്നാല്‍ പിന്നെന്താ ഒരു രസം? ശ്യാമിന് യാഗം വേണ്ടാ. നീ ചെയ്യണ്ടാടാ. ഇതു ചെയ്യുന്ന ആള്‍ അയാള്‍ക്കുള്ള സര്‍വ്വസ്വവും ദാനം ചെയ്യണം. ആര്‍ക്കാ അപ്പൂപ്പാ ദാനം ചെയ്യേണ്ടത്? ആതിര ചോദിച്ചു. മോളേ അത് യാഗം ചെയ്യാന്‍ പുരോഹിതന്മാര്‍ വരും. അവരേ ഋത്വിക്കുകള്‍ എന്നാണ് വിളിക്കുന്നത്. അവര്‍ക്കാണ് ആദ്യം ദാനം കൊടുക്കുന്നത്. പിന്നീട് ബ്രാഹ്മണര്‍ക്ക്. സകലതും തീരുന്നതുവരെ കൊടുക്കണം. അപ്പോഴാണ് യാഗം പൂര്‍ത്തിയാകുന്നത്. എന്നിട്ടീ ആള്‍ സകലതും കൊടുത്തോ? കിട്ടു ചോദിച്ചു. എവിടെ! പുള്ളി യാഗം ചെയ്തത് കീര്‍ത്തിക്കു വേണ്ടിയല്ലേ? കേട്ടോളൂ. യാഗം കഴിഞ്ഞു. പാവം ഋത്വിക്കുകള്‍ ദാനത്തിനു വേണ്ടി ക്യൂ നില്‍ക്കുകയാണ്. ആതാ വരുന്നു ദാനം. ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. അതുകൊണ്ട് ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ ശരിക്കുള്ള അര്‍ഥം പറഞ്ഞേക്കാം. “ വെള്ളം കുടിക്കാന്‍ വയ്യാത്ത, പല്ലില്ലാത്തതുകൊണ്ട് പുല്ലു തിന്നാന്‍ വയ്യാത്ത, കറവ വറ്റിയ, ഇനി ഒരിക്കലും ചനപിടിക്കാത്ത പശുക്കളേ“ --ചാണകവും ഗോമൂത്രവും പോലും കിട്ടാത്ത അസ്ഥിപഞ്ഞരങ്ങളേ കെട്ടി വലിച്ച് ഈ പാവങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്. ഒന്നു നില്‍ക്കണേ- രാംകുട്ടനാണ്- ഇത് ഏതുപനിഷത്തിലാണ്-ആ പേരൊന്നു പറഞ്ഞേ- എനിക്ക് സംസ്കൃതമറിയാവുന്ന ആരോടെങ്കിലും ചോദിക്കണം. കഠോപനിഷത്ത്--എന്താടാ അപ്പൂപ്പനേ തീരെ വിശ്വാസമില്ലേ? തീരെ വിശ്വാസമില്ല-എന്തു വേണേ പറയും. ഇത് ഏതായാലും ഞാന്‍ അറിയും-രാംകുട്ടന്‍ വീറോടെ പറഞ്ഞു. ഓ ഈ രാമേട്ടന് വട്ടാ. അപ്പൂപ്പന്‍ കഥ പറ. ആതിര ഇടപെട്ടു..

കണ്ണുണ്ടായാല്‍ പോരാ കാണണം

0
അപ്പൂപ്പാ ഈ പരീക്ഷയാണെന്നു പറഞ്ഞ് അമ്മയും അച്ഛനും എപ്പഴും വഴക്കാണ്. ഞാന്‍ വായിച്ചെന്നു പറഞ്ഞാല്‍-വായിച്ചാല്‍ പോരാ പഠിക്കണമെന്ന് പറയും--വെറുതേ ഇരിക്കുമ്പോള്‍ വായിക്കാന്‍ പറയും. ഒരു സ്വൈരവുമില്ല. ഈ വായിച്ചാല്‍ പോരാ പഠിക്കണമെന്നു പറഞ്ഞാല്‍ എന്തവാ അപ്പൂപ്പാ അര്‍ത്ഥം. കിട്ടുവിന് പബ്ലിക്ക് പരീക്ഷയാണ്. അതാണ് പ്രശ്നം.

മക്കളേ പണ്ട് ഷംസുദീന്‍ എന്നൊരാള്‍ അറേബ്യയിലേ മരുഭൂമിയിലുള്ള് ഒരു പാതയിലൂടെ പതുക്കെ നടനു പോകുകയായിരുന്നു. ചുറ്റുപാടും നോക്കി ആസ്വദിച്ചുകൊണ്ടായിരുന്നു യാത്ര. അപ്പോള്‍ നമ്മുടെ നിസ്സാം ഓടിക്കിതച്ചു വരുന്നു. ഷംസുദീനേ കണ്ട് അയാള്‍ അണച്ചുകൊണ്ട് ചോദിച്ചു. നിങ്ങള്‍ ഒരൊട്ടകത്തിനേ കണ്ടോ?

ഷംസുദീന്‍:- (അല്പം ആലോചിച്ച്) ഒരു കാല്‍ മുടന്തുള്ളതാണോ?
നിസ്സാം:- അതെ. എവിടെയാണത്?
ഷംസുദീന്‍:- അതിന്റെ ഇടത്തു കണ്ണിനു കാഴ്ചയില്ല. അല്ലേ?
നിസ്സാം:- അതേ അതു തന്നെ‌.
സംസുദീന്‍:- അതിന്റെ മുന്‍ വശത്ത് മുകളിലേ നിരയിലേ ഒരു പല്ലില്ല. അല്ലേ?
നിസ്സാം:- ശരിയാണ്. അതു തന്നെയാണ് എന്റെ ഒട്ടകം.
ഷംസുദീന്‍:- അതിന്റെ പുറത്ത് ഒരുഭാഗത്ത് സഞ്ചിയില്‍ ഗോതമ്പും, മറുവശത്ത് ശര്‍ക്കരയും ആയിരുന്നു അല്ലേ?
നിസ്സാം:- എന്റിഷ്ടാ അതുതന്നെ. അതെവിടെയാണെന്ന് ഒന്നു വേഗം പറയൂ.
ഴംസുദീന്‍:- എനിക്കറിയില്ല. ഞാന്‍ അതിനേ കണ്ടിട്ടുപോലും ഇല്ല.

ഹെന്ത്! പിള്ളാരെല്ലാം ഒന്നിച്ചു ചോദിച്ചു.

അതേ മക്കളേ ഇതു തന്നെയാണ് നിസ്സാമും ചോദിച്ചത്. തന്നെയുമല്ല അയാള്‍ ആളേക്കൂട്ടി ഷംസുദീനേ കാലിഫിന്റെ അടുത്തെത്തിച്ച്, ഈയാള്‍ എന്റെ ഒട്ടകത്തിനേ മോഷ്ടിച്ചെന്ന് പരാതി പറയുകയും ചെയ്തു.

അങ്ങനെ തന്നെ വേണം-ആതിര പറഞ്ഞു. ഇങ്ങനെ നട്ടാല്‍ മുളക്കാത്ത കള്ളം പറയരുതല്ലോ. എന്നിട്ട് കാലിഫ് എന്തു ചെയ്തു.

ങാ കേട്ടോളൂ.
കാലിഫ്:- നിങ്ങള്‍ ഈയാളുടെ ഒട്ടകത്തിനേ മോഷ്ടിച്ചോ?
ഷംസുദീന്‍ :- ഇല്ല. ഞാനതിനേ കണ്ടിട്ടില്ല.
നിസ്സാം:- പിന്നെ അതിന്റെ ഒരു കാലിനു മുടന്തുണ്ടെന്ന് എങ്ങിനെ അറിഞ്ഞു?
ഷംസുദീന്‍ :- അതു നടന്ന പാതയില്‍ ഒരു കാല്‍ ശരിക്കു പതിഞ്ഞിരുന്നില്ല. മറ്റു മൂന്നു കാല്‍പാടുകളുംവ്യക്തമായി കാണാമായിരുന്നു. അതുകൊണ്ട് അതിന്റെ ഒരുകാല്‍ സ്വാധീനമില്ലാത്തതാണെന്ന് നിശ്ചയിച്ചു.
നിസ്സാം:- ശരി. അതിന്റെ ഇടത്തുകണ്ണിനു കാഴ്ചയില്ലെന്ന് എങ്ങിനെ മനസ്സിലായി?
ഷംസുദീന്‍ :- അതോ. അതു നടന്നിരുന്ന വഴിയില്‍ രണ്ടു വശത്തും നിറച്ചു ചെടികളായിരുന്നു. വലത്തുവശത്തുള്ള ചെടികള്‍ മാത്രമേ അതു കടിച്ചതായി കണ്ടുള്ളൂ. അപ്പോള്‍ അതിന്‍ ഇടത്തുകണ്ണിന് കാഴ്ചയില്ലെന്ന് മനസ്സിലായി.
നിസ്സാം:- അതിന്‍ മുന്‍ നിരയില്‍ ഒരു പല്ലില്ലെന്നു പറഞ്ഞതോ?
ഷംസുദീന്‍ :- അത് നിസ്സരമല്ലേ? അതു കടിച്ചിരുന്ന ഇലയില്‍ ഒന്നും ഒരു പല്ലു പതിഞ്ഞിരുന്നില്ല.
നിസ്സാം:- അതിന്റെ പുറത്തുണ്ടായിരുന്ന സാധനം എങ്ങിനെ അറിഞ്ഞു. അതു നിങ്ങള്‍ എടുത്തതു തന്നെ-കാലിഫിനോട്-പൊന്നുടയതേ എന്റെ ഒട്ടകത്തിനേ ഈയാളുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചു തരണേ-ഞാനൊരു പാവമാണേ.
കാലിഫ്:- പറയടോ. അതിന്റെ പുറത്തുണ്ടായിരുന്ന സാധനം താന്‍ എങ്ങിനെ അറിഞ്ഞു?
ഷംസുദീന്‍ :- ഹുസൂര്‍, പറയാം. ഒട്ടകം നടന്നിരുന്ന വഴിയുടെ ഒരു വശത്ത് ഉറുമ്പുകള്‍ ഗോതമ്പു മണികള്‍ കൊണ്ടുപോകുന്നതും, മറ്റേ വശത്ത് ശര്‍ക്കര തുള്ളീകളില്‍ ഈച്ച ആര്‍ക്കുന്നതും കണ്ടു. അതു രണ്ടുമായിരുന്നു അതിന്റെ പുറത്തെന്നു തീരുമാനിച്ചു. നിസ്സാം അതെല്ലാം സമ്മതിക്കുകയും ചെയ്തല്ലോ.

കാലിഫ് വിധി പറഞ്ഞു. നിസാമിനോട്--എടോ കണ്ണുണ്ടായാല്‍ പോരാ കാണണം. തലയിലും വല്ലോം വേണം. പോയി തന്റെ ഒട്ടകത്തിനേ കണ്ടു പിടിച്ചോളൂ. നിരപരാധികളുടെ മേല്‍ കുതിര കയറിയാല്‍‍---അദ്ദേഹം അര്‍ധോക്തിയില്‍ നിര്‍ത്തി. ഷംസുദീനേ അന്നു തന്നെ തന്റെ മന്ത്രിയായി നിയമിക്കുകയും ചെയ്തു.

അതുകൊണ്ടു മക്കളേ പുസ്തകം ചുമ്മാ വായിച്ചാല്‍ പോരാ. ആതിലെന്താണുള്ളതെന്ന് അലോചിച്ച് മനസ്സിലാക്കുകയും വേണം. ഇതാണ് അമ്മയും അച്ഛനും പറയുനത്. പോ-പോയി പഠിക്ക്.

സാക്ഷി

0
അപ്പൂപ്പോ ഈ അറേബ്യന്‍ രാജ്യങളിലൊക്കെ ഇപ്പോള്‍ പ്രശ്നമാണല്ലോ. ഭയങ്കര കര്‍ശ്ശന നിയമങ്ങളാണെന്നും, ഒരു തരത്തിലുള അച്ചടക്ക ലംഘനങ്ങളും അനുവദിക്കത്തില്ലെന്നും മറ്റുമാണല്ലോ നമ്മള്‍ കേട്ടിരുന്നത്. എന്തുപറ്റി? രാംകുട്ടന് ലോകകാര്യങ്ങളില്‍ വളരെ ശ്രദ്ധയാണ്.

മക്കളേ വളരെ നീതിമാന്മാരും സത്യസന്ധരും മര്യാദക്കാരുമായ ഒരു ജനതയായിരുന്നു അറബികള്‍. കൂടുതല്‍ പാവങ്ങള്‍ക്കു പറ്റുന്ന പറ്റേ അവര്‍ക്കും പറ്റിയുള്ളൂ. കളിപ്പീരുകാരേ തിരിച്ചറിയാന്‍ വയ്യാതെ അവരുടെ വലയില്‍ പെട്ടുപോയ പാവങ്ങളാണ് അറബികള്‍.പണ്ട് ഒരൊട്ടകത്തിന് തലവയ്ക്കാന്‍ സ്ഥലം കൊടുത്ത തയ്യല്‍ക്കരന്റെ കഥ കേട്ടിട്ടില്ലേ.

ഞങ്ങളാരും കേട്ടിട്ടില്ല-കോറസ്സ്.

എന്നാല്‍ കേട്ടോളൂ. ഒരു തയ്യല്‍ക്കാരന്‍ . മര്യാദയ്ക്ക് തന്റെ തയ്യലും കൊണ്ട് ക്ഴിഞ്ഞുകൂടുകയാണ്. ഒരു ദിവസം നല്ല മഴ. തയ്യല്‍ക്കാരന്‍ മുമ്പിലുള്ള തുണിമറ താഴ്ത്തി-- തൂവാനം കേറാതെ. അപ്പോള്‍ ഒരു ഒട്ടകം മഴകൊണ്ട് അവിടെ വന്നു. എന്റെ തല നനയാതെ കടയ്ക്കുള്ളിലേക്ക് ഒന്നു വച്ചോട്ടേ എന്നു ചോദിച്ചു. വേണ്ടാ വേണ്ടാ--കഥ കേട്ടാല്‍ മതി-ഒട്ടകം സംസാരിക്കും.

പാവം തയ്യല്‍ക്കാരന്‍ ഒന്നൊതുങ്ങി ഒട്ടകത്തിന്റെ തല നനയാതെ വയ്ക്കാന്‍ ഇടം കൊടുത്തു. അല്പം കഴിഞ്ഞ് ഒട്ടകം പറഞ്ഞു-മേത്തുവെള്ളം വീണ് ഭയങ്കര തണുപ്പ്--അല്പം കൂടി ഒതുങ്ങിയാല്‍ കൊള്ളാം. തയ്യല്‍ക്കാരനു കാരുണ്യം. ഒതുങ്ങി. ഒട്ടകം കുറച്ചുകൂടി അകത്തേക്ക് കയറി. പതുക്കെപ്പതുക്കെ കയറിക്കയറി മൊത്തം ഉള്ളിലായി. തയ്യല്‍ക്കാരന് ഇരിക്കാന്‍ സ്ഥലമില്ല. അയാള്‍ പ്രതിഷേധിച്ചു. നമുക്കു രണ്ടു പേര്‍ക്കും കൂടി ഇതില്‍ സ്ഥലമില്ല. അയാള്‍ പറഞ്ഞു.

എന്നാല്‍ താന്‍ എവിടെങ്കിലും പോ-ഒട്ടകം ദേഷ്യത്തോടെ പറഞ്ഞു. ഞാന്‍ ഇവിടെ നില്‍ക്കാന്‍ പോവുകയാണ്.

പാവം തയ്യല്‍ക്കാരന്‍--ഒട്ടകത്തിനോട് എതിരിടാനുള്ള ശക്തിയില്ല. അയാള്‍ മഴയത്ത് സ്ഥലം വിട്ടു. തടി കേടാക്കാതെ.

നമ്മളും ഇങ്ങനെ തന്നെയാണ്-ഇപ്പോഴും. അല്ലെങ്കില്‍ നമ്മുടെ നികുതിപ്പണം മുഴുവന്‍ കൊള്ളയടിക്കുന്ന ഈ പരിഷകളേ നമ്മള്‍ വെറുതേ വിടുമോ? അങ്ങനെ തലയില്‍ കേറി ഇരുന്നവരേ ഓടിക്കാനാണ് ഇപ്പോള്‍ അറേബ്യയില്‍ പ്രക്ഷോഭം നടക്കുന്നത്.

അവിടുത്തേ നീതിന്യായ വ്യവസ്ഥയേക്കുറിച്ചുല്ല ഒരു കഥ പറയാം. ഒരാള്‍ പണത്തിനു ബുദ്ധിമുട്ടു വന്നപ്പോള്‍ തന്റെ സ്നേഹിതനോടെ പതിനായിരം രൂപാ--അവിടുത്തേ നാണയമെന്നു മനസ്സിലാക്കിയാല്‍ മതി--ആവശ്യപ്പെട്ടു. അയാള്‍ കൊടുത്തു. തിരിച്ചു കൊടുക്കാമെന്നു പറഞ്ഞ സമയത്ത് അയാള്‍ സ്നേഹിതനേ സമീപിച്ചു.

അയാള്‍:- സ്നേഹിതാ ആ പണം കിട്ടിയാല്‍ നന്നായിരുന്നു.
സ്നേഹിതന്‍:- ഏതു പണം?
അയാള്‍:- താന്‍ എന്റെ കൈയ്യില്‍ നിന്നും വാങ്ങിയില്ലേ? പതിനായിരം രൂപാ.
സ്നേഹിതന്‍:- ഞാനോ? തനിക്കെന്താ പിച്ചു പിടിച്ചോ? എനിക്കെന്തിനാ തന്റെ പണം?

തര്‍ക്കം മൂത്തു. രണ്ടുപേരുംകൂടി ന്യായാധിപന്റെ അടുത്തെത്തി.

പണം കൊടുത്തതിനു സാക്ഷിയുണ്ടോ? ന്യായാധിപന്‍ ചോദിച്ചു.

ഇല്ല. അയാള്‍ അറിയിച്ചു.

എവിടെ വച്ചാണ് കൊടുത്തത്? ന്യയാധിപന്‍ ചോദിച്ചു.

ഒരു ഈന്തപ്പനയുടെ ചുവട്ടില്‍ വച്ച്. സ്നേഹിതനായതുകൊണ്ട് സാക്ഷിയുടെ ആവശ്യമില്ലെന്നു വിചാരിച്ചു. അയാള്‍ നിസ്സഹായനായി പറഞ്ഞു.

കൊള്ളാം -ന്യായാധിപന്‍ പറഞ്ഞു. സാക്ഷിയില്ലേ--താന്‍ ചെന്ന് ആ ഈന്തപ്പനയോട് ഇവിടെ വരാന്‍ പറയൂ.

അയാള്‍ വാ പൊളിച്ചു. ഈന്തപ്പനയോടോ? അയാള്‍ ചോദിച്ചു.

തനിക്കു ചെവി കേള്‍ക്കില്ലേ? പോയി വേഗം ആ ഈന്തപ്പനയോട് ഇവിടെ ഞാന്‍ വിളിക്കുന്നെന്നു പറയൂ. ന്യയാധിപനു ദേഷ്യം വന്നു.

അയാള്‍ ഒന്നും മിണ്ടാതെ പോയി.

സമയം കുറേക്കഴിഞ്ഞു. ന്യായധിപന്‍ അക്ഷമനായി. അദ്ദേഹം മറ്റേയാളോടു ചോദിച്ചു--എന്താടോ അയാള്‍ താമസിക്കുന്നത്? എത്താറായില്ലേ?

അതു കുറച്ചു ദൂരെയാണ്. ഇത്തിരി സമയം പിടിക്കും. അയാള്‍ പറഞ്ഞു.

ന്യായാധിപന്‍ ഒന്നും മിണ്ടിയില്ല. കുറേ കഴിഞ്ഞ് പണം കൊടുത്തയാള്‍ തിരിച്ചെത്തി. ഞാന്‍ പറഞ്ഞു. പക്ഷേ വൃക്ഷം കേട്ടതായി തോന്നുന്നില്ല. അയാള്‍ വിക്കി വിക്കി പറഞ്ഞു.

ഏടോ വൃക്ഷം ഇവിടെ വന്ന് സാക്ഷി പറഞ്ഞു. താന്‍ പണംകൊടുത്തെന്ന്.

പണം വാങ്ങിയ ആളിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി നല്‍കുകയും അയാളേ തുറുങ്കിലടയ്ക്കുകയും ചെയ്തു.

വൃക്ഷം വന്നു സാക്ഷി പറഞ്ഞോ? ആതിരയ്ക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

എടീ മണ്ടീ- പണം വാങ്ങിയ ആള്‍ മരത്തിനടുത്തെത്താന്‍ സമയമെടുക്കുമെന്നു പറഞ്ഞപ്പോള്‍ കള്ളി പുറത്തായില്ലേ? അല്ലേ അപ്പൂപ്പാ ശ്യാം പറഞ്ഞു.അറേബ്യ

മിടുക്കന്‍ !

മൂഷികസ്ത്രീ

3
അപ്പൂപ്പാ ഇന്നു സാറു പറഞ്ഞു, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്‌വന്നു എന്ന്. എന്തവാ അപ്പൂപ്പാ എന്നുവച്ചാല്‍. ആതിര ചോദിച്ചു.

എന്താടീ നീ അതു സാറിനോടു ചോദിക്കാഞ്ഞത്?

ഹ ഹ ഹാ അപ്പൂപ്പന് ഈവകയൊന്നും അറിയാന്‍ വയ്യാടീ. വെറുതേ നീ അപ്പൂപ്പനേ കൊഴപ്പിക്കാതെ. രാമിനു രസം കേറി.

മക്കളേ ഒരു പാട്ടു കേട്ടിട്ടുണ്ടൊ?
പണ്ടൊരു പരുന്തൊരു മൂഷികപ്പെണ്‍കുഞ്ഞിനേ
കൊണ്ടങ്ങു പറക്കുമ്പോള്‍ വീണിതങ്ങധോഭാഗേ.

ഇല്ലപ്പൂപ്പാ.

ങാ എന്നാല്‍ കേട്ടോ. പണ്ടു കാലത്ത് ഒരു പരുന്തൊരു കുഞ്ഞന്‍ എലിയേ റാഞ്ചിക്കൊണ്ടു പോകുമ്പോള്‍ അത് പരുന്തിന്റെ കാലില്‍ നിന്നും താഴെപ്പോയി. ചെനു വീണതോ-ഒരു മഹര്‍ഷിയുടെ കൈകളില്‍. മഹര്‍ഷി കൈയ്യില്‍ വെള്‍മെടുത്ത് തര്‍പ്പണത്തിനു നിന്നപ്പോഴാണ്. മഹര്‍ഷി മേലൊട്ടുനോക്കി. പരുതു പോകുന്നതുകണ്ട് കാര്യം പിടികിട്ടി. പാവം എലിക്കുഞ്ഞ്-മഹര്‍ഷി വിചാരിച്ചു. അതിനേ വളരെ വാത്സല്യത്തോടെ ആശ്രമത്തില്‍ കൊണ്ടുപോയി. എലിയുടെ മണം അടിച്ചപ്പോള്‍ എങ്ങുനിന്നെന്നറ്യാതെ അതാ ഒരു പൂച്ച. മഹര്‍ഷിക്ക് അതിനേ താഴെ വയ്ക്കാന്‍ വയ്യാ. അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു. ശരി അതുതനെ പരിപാടി.

മഹര്‍ഷി അതിനേ തന്റെ യൊഗശക്തികൊണ്ട് ഒരു മനുഷ്യക്കുഞ്ഞാക്കി. അപ്പോഴാണ് അതൊരു പെണ്ണെലിയാണെന്നറിഞ്ഞത്. അദ്ദേഹം അതിനേ ഓമനിച്ചു വളര്‍ത്തി.

വര്‍ഷങ്ങള്‍ കടന്നുപോയി. കുഞ്ഞു വളര്‍ന്നു. ഒരു യുവതിയായി. ഓ ഇനി ഇതിനേ കല്യാണം കഴിപ്പിക്കണമല്ലോ. അദ്ദേഹത്തിനു വേവലാതിയായി. പറ്റിയ വരനേ എവിടെ കിട്ടും. വളരെ ആലോചനയ്ക്കുശേഷം അവളേ ഏറ്റവും ശക്തനായ ആളിനു തന്നെ കൊടുക്കണം എന്നു തീരുമാനിച്ചു.

ഒരു പ്രശ്നം. ആരാണ് ഏറ്റവും ബലവാന്‍ ?

സകലജീവജാലങ്ങളും ആശ്രയഭൂതനായ സൂര്യനു കൊടുക്കാം. അദ്ദേഹം സൂര്യഭഗവാന്റെ അടുത്തെത്തി.

അയ്യോടാ പൊള്ളത്തില്ലിയോ? അതിരയ്ക്ക് അതിശയം.

മോളേ എലിക്കുഞ്ഞിനേ മനുഷ്യക്കുഞ്ഞാക്കാന്‍ പറ്റുന്നവര്‍ക്കു പൊള്ളത്തില്ല. അദ്ദേഹം സൂര്യഭഗവനോടു കാര്യങ്ങള്‍ വിശദീകരിച്ചു. ഏറ്റവും ശക്തന് തന്റെ മകളേ കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അങ്ങുതന്നെ അവളേ വിവാഹം കഴിക്കണമെന്നും അഭ്യര്‍ഥിച്ചു.

സൂര്യന്‍ പറഞ്ഞു. അങ്ങ് ആദ്യം പറഞപ്പോള്‍ ഞാന്‍ വിവാഹം കഴിക്കാമെന്നു തീര്‍ച്ചപ്പെടുത്തിയതായിരുന്നു. പക്ഷേ ഏറ്റവും ശക്തനു കൊടുക്കണമെങ്കില്‍ ഞാനല്ല. ഞാന്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ ആ മേഘം വന്ന് നിസ്സാരമയി എന്നേ മറച്ചു കളയും. പിന്നെ എന്നേ കാണാന്‍ പോലും പറ്റില്ല. അതുകൊണ്ട് അങ്ങ് ആ മേഘത്തിനോടു പറയൂ.

പാവം മഹര്‍ഷി മേഘത്തേ അന്വേഷിച്ചുനടന്നു. ഒരുദിക്കില്‍ കണ്ടുകൊണ്ട് അവിടെ എത്തുമ്പോഴേക്കും അവിടെനിന്നും പോയിക്കഴിയും. അങ്ങിനെ വളരെ ബുദ്ധിമുട്ടി അവസാനം അടുത്തെത്തി. കാര്യം കേട്ടപ്പോള്‍ മേഘത്തിനു വലിയ സന്തോഷം. ഇങനെ ഒരാവശ്യം ഇതുവരെ ആരും പുള്ളിയോടു പറഞ്ഞിട്ടില്ല. അപ്പോഴാണ് മഹര്‍ഷിയുടെ അവസാനത്തേ ആഗ്രഹം പുറത്തു ചാടിയത്. ഈ ദുനിയാവിലുള്ള ഏറ്റവും ശക്തന് എന്റെ മകളെ കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം.

മേഘത്തിന്റെ മുഖം വാടി.അദ്ദേഹം പതുക്കെ അവിടെനിന്നും പോകാന്‍ തുടങ്ങി. കൂടെ മഹര്‍ഷിയും.

മേഘം പറഞ്ഞു. അയ്യോ ഞാന്‍ വിചാരിച്ചു അന്റെ സൌന്ദര്യം കണ്ടാണ് അങ്ങു വന്നതെന്ന്. പാലാഴിനാഥന് എന്റെ നിറമാണെന്നും മറ്റും കവികള്‍ വാഴ്തുന്നതു കേട്ട് എനിക്ക് എന്റെ സൌന്ദര്യത്തേപ്പറ്റി വലിയ മതിപ്പാണ്. പക്ഷേ ശക്തി--മേഘത്തിനു സ്പീഡ് കൂടി.

അവിടെ നിന്നു പറ സുഹൃത്തേ--മഹര്‍ഷി അപേക്ഷിച്ചു.

അതാണു പ്രശ്നം. നമ്മുടെ സര്‍ക്കാരുദ്യ്യോഗസ്ഥന്മാരേപ്പോലാണ് എന്റെ കാര്യം. എനിക്കിഷ്ടമുള്ളിടത്ത് താമസിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയക്കാര്‍ക്കിഷ്ടമില്ലാത്തവരേ ഒരിടത്തും മര്യാദക്ക് ജോലി ചെയ്യാന്‍ സമ്മതിക്കാത്തതുപോലെ ഈ മാരുതഭഗവാന്‍ എന്നേ ഒരിടത്തും സ്ഥിരമാകാന്‍ സമ്മതിക്കത്തില്ല. ഇപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചാലും എനിക്കു നില്‍ക്കാന്‍ സാധിക്കില്ല.

ഇത്രയും പറഞ്ഞപ്പോഴേക്കും ഒരു വലിയ കാറ്റ് ചുറ്റി അടിക്കുകയും ഒരു വട്ടം കറങ്ങി മേഘം അപ്രത്യക്ഷമാവുകയും ചെയ്തു. കുരങ്ങുപോയ കുറവനേപ്പോലെ മഹര്‍ഷി കുറച്ചുനേരം നിന്നു. പിന്നീടദ്ദേഹം ആലോചിച്ചു. അപ്പോള്‍ മാരുതഭഗവാനാണ് ശക്തന്‍ . ശരി പുള്ളിയേ പിടിക്കാം.

മഹര്‍ഷി മാരുതനേ അന്വേഷിച്ചു നടന്നു.അപ്പോഴാണ് ഒന്നു വര്‍ത്തമാനം പറയാനുള്ള ബുദ്ധിമുട്ടു മനസ്സിലായത്. പറഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ ഒരു ചൂളം വിളി. പിന്നെ ആളിനേ കാണത്തില്ല. വീണ്ടും തെരഞ്ഞ് കണ്ടുപിടിക്കും. ഒരുവിധത്തില്‍ മഹര്‍ഷി കാര്യങ്ങള്‍ അവതരിപ്പിച്ചു. മരങ്ങളും കാടുകളും മറ്റും തകര്‍ക്കുന്നത് നേരില്‍ കണ്ട മഹര്‍ഷിക്ക് അദ്ദേഹത്തിന്റെ ശക്തിയേക്കുറിച്ച് നല്ല ബോധ്യം വന്നു. പക്ഷേ ഏറ്റവും ശക്തനുമാത്രമേ മകളേ കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍ കഥ മാറി.

മാരുതന്‍ പറഞ്ഞു. കാര്യം ഞാന്‍ അതി ശക്തന്‍ തന്നെയാണ്. പക്ഷേ പോകുന്നപോക്കില്‍ പര്‍വതങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പണിപൂട്ടും. അതു കടക്കാന്‍ എനിക്കു ശക്തിയില്ല. അതുകൊണ്ട് അങ്ങ് പര്‍വതരാജനേ സമീപിക്കുന്നതാണ് ഉത്തമം.

മഹര്‍ഷി പര്‍വ്വതരാജനേ സമീപിച്ചു. ഇത്തവണ കണ്ടുപിടിക്കാ‍ാന്‍ പ്രയാസം ഒന്നുമില്ലായിരുന്നു. അനങ്ങാന്‍ വയ്യാതെ ഒരേ നില്പല്ലേ. അദ്ദേഹത്തോടു വിവരം എല്ലാം പറഞ്ഞു.

പര്‍വ്വതരാജന്‍ പറഞ്ഞു. എന്നേക്കാള്‍ ശക്തനായൊരാളുണ്ട്. ഞാന്‍ അതി ശക്തനാണെന്ന കാര്യം ശരിതന്നെ. പക്ഷേ ഒരെലി എന്നേ തുരന്ന് അവനിഷ്ടമുള്ള സ്ഥലത്തെല്ലാം മാളങ്ങള്‍ ഉണ്ടാക്കും. എനിക്കൊരു നിവൃത്തിയുമില്ല. അവനാണ് ഏറ്റവും ശക്തന്‍ ‍.

മഹര്‍ഷി എലിയേ കണ്ടുപിടിച്ച് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. എലി സമ്മതിച്ചു. ഞാന്‍ കുറേ നാളായി കല്യാണം കഴിക്കണമെന്നു വിചാരിച്ചു നടക്കുകയാണ്. നമുകു പെണ്ണിനേകാണാം.

പെണ്ണിനേ കണ്ടപ്പോഴല്ലേ പ്രശ്നം.

അയ്യോ മഹര്‍ഷേ എന്റെ വീടു കണ്ടില്ലേ. ഇവളെങ്ങനാ അതില്‍ കയറുന്നത്.

മഹര്‍ഷി ഒന്നു ചിരിച്ചു. അത് ഞാന്‍ ശരിപ്പെടുത്തിത്തരാം-എന്നു പറഞ്ഞ് അവളേ വീണ്ടും എലിയാക്കി, കല്യാണം ക്ഴിച്ചു കൊടുത്തു.

അങ്ങനെ മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു.

അപ്പൂപ്പാ ഒരു സംശയം-ശ്യാമാണ്. ഈ സൂര്യനോ, മേഘത്തിനോ,മാരുതനോ, പര്‍വ്വതത്തിനോ അങ്ങു കല്യാണം കഴിക്കാന്‍ വയ്യാരുന്നോ? എന്തിനാ അവര്‍ തങ്ങളേക്കാള്‍ ശക്തരുണ്ടെന്നു പറഞ്ഞത്.

എന്റെ മക്കളേ ശരിയായ ചോദ്യം. താനാണ് ലോകത്തിലേ ഏറ്റവും ശ്രേഷ്ടന്‍ എന്നു കരുതുന്ന ഈ കാലത്ത് അതു ന്യായമ്മായ ചോദ്യമാണ്. പക്ഷേ സത്യസന്ധതയ്ക്കും, ധര്‍മ്മനിഷ്ടയ്ക്കും ഒക്കെ വിലയുള്ള ഒരു കാലമുണ്ടായിരുന്നെന്ന് നമുക്ക് ഈ കഥകളില്‍നിന്നും മനസ്സിലാകും.

നോമിനേഷന്‍ എന്നു കേട്ടിട്ടില്ലേ? എലക്ഷനും മറ്റും നോമിനേഷന്‍ കൊടുത്തു, എന്നൊക്കെ കേട്ടിട്ടില്ലേ? എന്താണതിന്റെ അര്‍ത്ഥം. നാമനിര്‍ദ്ദേശം. ഒരാളേ ആ കാര്യത്തിനു കൊള്ളുമെന്നു മറ്റൊരാള്‍ പറയുന്നതിനാണ് നാമനിര്‍ദ്ദേശം എന്നു പറയുന്നത്. എന്താണ് നടക്കുന്നത്? അവനവന് നില്‍ക്കണമെന്നു പറഞ്ഞ് യാതൊരു നാണവുമില്ലാതെ ഓടിനടക്കുന്ന ആള്‍ക്കാരേയല്ലേ നാം കാണുന്നത്? അവരൊക്കെ എങ്ങനെങ്കിലും ജയിച്ചുവന്നാല്‍ നാട്ടിലിറങ്ങി നടക്കാന്‍ ധൈര്യമുണ്ടാകുമോ? ആര്‍ക്കെങ്കിലും അവരേ വിലയുണ്ടാകുമോ? പിന്നെ ഭൂരിഭാഗം ആള്‍ക്കാരും അത്തരക്കാരായതുകൊണ്ട് സഹിക്കുന്നു അത്രതന്നെ. പോട്ടെ നമുക്കൊന്നു നടക്കാന്‍ പോകാം. വാ.

ചന്ദ്രായനം-നാല്

0
ചന്ദ്രന്‍ നാട്ടില്‍ പോയി-മാധവന്‍ നായര്‍ അറിയിച്ചു. അടുത്തദിവസം വൈകുന്നേരം ഞങ്ങള്‍ പതിവുപോലെ കൂടിയപ്പോള്‍.

ജോലികിട്ടി അധിക നാളായില്ലല്ലോ. പിന്നെന്തിനാ ഇത്ര എളുപ്പം പോയത്? ഞാന്‍ ചോദിച്ചു.

അതേ-നിങ്ങള്‍ക്കവനേ ശരിക്കറിഞ്ഞുകൂടാ. മാധവന്‍ നായര്‍ പറഞ്ഞു. വീടും പരിസരങ്ങളുമായി അവന് വലിയ ആത്മബന്ധമാണ്. മഹാഭാരതം കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന് അമ്മയേ ഓര്‍മ്മ വന്നെന്ന്. അമ്മയാണ് അവന്‍ ഈ കഥകളെല്ലാം പറഞ്ഞു കൊടുത്തത്. ജൊലിക്ക് ബോംബയിലെത്തിയതുതന്നെ മണ്ടത്തരമായെന്ന് എന്നോടു പറഞ്ഞു. ഇന്ന് അവനു ബോണസ്സ് കിട്ടി. തൊണ്ണൂറ്റഞ്ചു രൂപാ. കേരളത്തിലേക്കു പോകാന്‍ മുപ്പത്തിരണ്ടു രൂപാ. തിരിച്ചും അത്രയും. പിന്നെയും കിടക്കുന്നു ബാക്കി. ഉടനേ അത്യാവശ്യം പറഞ്ഞ് പതിനഞ്ചു ദിവസത്തേ ലീവെടുത്തു. വൈകിട്ടു വണ്ടി കയറി. ഭാഗ്യത്തിന് എന്നോടു പറഞ്ഞു.

വീട്ടിലേക്കൊന്നും വാങ്ങിച്ചുകൊണ്ടു പോകണ്ടേ-ഞാന്‍ അത്ഭുതം കൂറി.

ഹേയ്- അവന് അങ്ങനെയുള്ള ഫോര്‍മാലിറ്റികളൊന്നും ഇല്ല. പോകണമെന്നു തോനിയാല്‍ അങ്ങു പോകും. മാദവന്‍ നായര്‍ പറഞ്ഞു. ഈ ലോകത്തില്‍ ഒരു കാര്യവും അവനു ഗൌരവമായില്ല. ആരേയും വകവയ്ക്കില്ല. ആരോടും എന്തും പറയും. ചോദിച്ചപ്പോള്‍ പറയുകയാണ് --എനിക്കെന്റെ അച്ഛനേ പേടിയാണ്. അതിലും വലിയ ഒരു പേടി ഈ ലോകത്തിലില്ലെന്ന്. മാധവന്‍ നായര്‍ എന്തോ ആലോചിച്ച് അടക്കി ചിരിച്ചു.

എന്താ താന്‍ ചിരിക്കുന്നത്? ഞാന്‍ ചോദിച്ചു.

അല്ലാ-ഇതു പറഞ്ഞപ്പോള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴുള്ള് ഒരു കാര്യം ഓര്‍ത്തു പോയി. ആരോടും എന്തും പറയാന്‍ അവനു ഭയമില്ലെന്നു പറഞ്ഞില്ലേ? സ്കൂളില്‍ ഒരു കൊച്ചു പെണ്ണിന്റെ മുമ്പില്‍ സ്തബ്ധനായി നിന്ന കാര്യം ഞാനോര്‍ത്തുപോയി. ഒരക്ഷരം മിണ്ടാതെ.

ഈ ചന്ദ്രനോ! ഞാന്‍ അത്ഭുതത്ത്ടെ ചോദിച്ചു.

ഇതാരോടും പറയരുത്. ആര്‍ക്കും അറിഞ്ഞുകൂടാ. എനിക്കൊഴിച്ച്. ഒരു പന്ത്രണ്ടുകാരി. അവന് അവളേ വലിയ ഇഷ്ടമാണ്. അന്ന് പതിന്നാലു വയസ്സാണ് ഞങ്ങള്‍ക്ക്. അവര്‍ രണ്ടുപേരും തമ്മില്‍ സംസാരിച്ചിട്ടില്ല. വേണ്ടാ ഞാന്‍ പറയുന്നില്ല. അവന്‍ വരുമ്പോള്‍ ചോദിച്ചാല്‍ മതി-മാധവന്‍ നായര്‍ പറഞ്ഞു.

പിന്നീട് മൂന്നു മാസത്തേക്ക് ചന്ദ്രനേക്കുറിച്ച് ഒരു വിവരവുമില്ല. അങ്ങിനെയിരുന്നപ്പോള്‍ ഒരു ദിവസം ചന്ദ്രന്‍ വന്നു. ഞങ്ങള്‍ക്കു വലിയ ഉത്സാഹമായി.

താന്‍ എവിടാരുന്നു-ഞാന്‍ അന്വേഷിച്ചു.

ഞാനിപ്പോള്‍ കിംഗ് സര്‍ക്കിളിലാണ് താമസം. ചന്ദ്രന്‍ പറഞ്ഞു.

മലയളികളും തമിഴന്മാരും താമസിക്കുന്ന സ്ഥലമാണ് മാട്ടുംഗാ. ബോംബയിലേ ഏറ്റവും ക്ലീന്‍ സ്ഥലം. അതിന്റെ അടുത്ത സബര്‍ബന്‍ ട്രയിനിന്റെ സ്റ്റേഷനാണ് കിംഗ് സര്‍ക്കിള്‍. പണ്ടെങ്ങോ ജോര്‍ജ്ജ് ആറാമനോ മറ്റോ അവിടെ വന്നിട്ടുണ്ടുപോലും. അതാണ് ആ പേരു വരാന്‍ കാരണം. വലിയ ആള്‍ബഹളമില്ല. സ്വച്ഛമായി താമസിക്കാം.

ഇതിനൊക്കെ പുറമേ മാട്ടുംഗ റയില്‍ വേ സ്റ്റേഷന്റെ പുറകില്‍ ഒരു ഉഡുപ്പി ഹോട്ടലുണ്ട്. വെള്ളിയാഴ്ച തോറും അവിടെ ഉള്ളിസാംബാറുണ്ട്. അതുകൂട്ടി ഉണ്ടാല്‍, ഒരാഴ്ചത്തേ, ഉണക്ക ചപ്പാത്തീം ദാലും കഴിച്ച ക്ഷീണം മാറും. പതിനൊന്നു മണിക്ക് ഊണു തുടങ്ങിയാല്‍ മൂന്നരവരെ ഇടതടവില്ലാതെ ഊണാണ്. ടിക്കറ്റെടുക്കണം. ബോംബയിലേ സര്‍വ്വ പട്ടന്മാരും അന്നവിടെ വരുമെന്നു തോന്നുന്നു.

താനവിടെ എങ്ങിനെ എത്തിപ്പെട്ടു? ഞാന്‍ ചോദിച്ചു.

അതോ പറയാം. ചന്ദ്രന്‍ പറഞ്ഞു. നാട്ടില്‍നിന്നു വന്ന് നേരേ ബാങ്കിലേക്കാണ് പോയത്. ഒരു ചെറിയ പെട്ടിയും കിടക്കയും മാത്രമേ എനിക്കു ലഗ്ഗേജായിട്ടുള്ളൂ. അതു രണ്ടും കൈയ്യിലെടുക്കാനേ ഉള്ളൂ. ട്രയിനില്‍ വച്ചുതന്നേ കുളിയും മറ്റും കഴിഞ്ഞു. വൈകിട്ട് നേരേ ഈങോട്ടു പോരാമെന്നു വിചാരിച്ചു. അപ്പോഴാണ് ടൈംസില്‍ ഒരു പരസ്യം കണ്ടത്. “പേയിംഗ് ഗസ്റ്റ് അക്കോമഡേഷന്‍. കിംഗ് സര്‍ക്കിളില്‍. നേരിട്ട് ബന്ധപ്പെടുക.” ബാങ്കില്‍ നിന്നും ഉച്ചയ്ക്കിറങ്ങി. നേരേ പത്രത്തില്‍ കണ്ട മേല്‍സിലാസത്തില്‍ എത്തി. അറുപതു കഴിഞ്ഞ് ഒരു വൃദ്ധന്‍ --രണ്ടു മുറി എല്ലാസൌകര്യങ്ങളോടും കൂടി--ഫര്‍ണിച്ചര്‍ ഇല്ല-തഴെ കിടക്ക വിരിച്ചു കിടക്കണം. മാസം നാല്പതുരൂപാ വാടക. അദ്ദേഹം വല്ലപ്പോഴും വരും. അവര്‍ക്കു വേറേ വീടുണ്ട്. ഇതു വെറുതേ ഇട്ടേക്കണ്ടാ എന്നു വിചാരിച്ച് പരസ്യം ചെയ്തതാണ്. നാല്പതുരൂപാ അഡ്വാന്‍സ് കൊടുത്താല്‍ താമസിക്കാം. ഭക്ഷണം ഇല്ല.

ചിരാഗ് നഗറിലേ സൌകര്യങ്ങളുമായി ഞാന്‍ തട്ടിച്ചു നോക്കി. ഇവിടം സ്വര്‍ഗ്ഗം. നാല്പതുരൂപാ കൊടുത്ത് അന്നുതന്നെ അവിടെ താമസമാക്കി.

ചിരാഗ് നഗറിലേ താമസത്തിനേക്കുറിച്ച് പറഞ്ഞില്ലല്ലോ. അറുപതടി സമചതുരമുള്ള ഒരുഷെഡ്ഡാണ് പിള്ളച്ചേട്ടന്റെ മെസ്സ്. പിള്ളച്ചേട്ടന്‍ മാധവന്‍ നായരുടെ ഒരു ബന്ധുവാണ്. അവിടുത്തേ ഒരു ദാദയാണ്. അതല്ലാത്തവര്‍ക്ക് നിലനില്പില്ല. പിള്ളച്ചേട്ടന്‍ ആറര അടിയിലധികം പൊക്കമുള്ള ഒരു ഉദ്ദണ്ഡകായനാണ്. അദ്ദേഹത്തിന്റെ സാമ്രാജ്യമാണ് ചിരാഗ് നഗര്‍. അവിടെ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ല. നാട്ടില്‍ നിന്നും വരുന്ന കുറഞ്ഞ വരുമാനക്കാരായ മലയാളികളുടെ ആശാകെന്ദ്രമാണ്. കക്കൂസ് പൊതുവാണ്. ക്യൂ നിന്ന് കഷ്ടപെടും. രാത്രി മൂന്നുമണിക്ക് ഉണര്‍ന്ന് വെള്ളം പിടിച്ചില്ലെങ്കില്‍ അന്നു കുളി നാസ്തി. ഞാന്‍ ചെന്നപ്പോള്‍ നാട്ടിലേ ഭക്ഷണം കണ്ടാണ് അവിടെ താമസിക്കാന്‍ തീരുമാനിച്ചത്. ചന്ദ്രനേ മാധവന്‍ നായര്‍ വിളിച്ചുവരുത്തിയതാണ്. ആറടിപൊക്കത്തില്‍ ഷെഡ്ഡിന്റെ ഒരറ്റത്ത് ഒരു തട്ടടിച്ചിട്ടുണ്ട്. കുറേ അധികം പേര്‍ക്ക് അവിടെ കിടക്കാം. ബാക്കിയുള്ളവര്‍ക്ക് താഴെയും. മൊത്തം ഭക്ഷണമുള്‍പടെ ചെലവ് അമ്പതുരൂപാ. റോഡു നിറയെ പശുക്കളും, പന്നികളും, പട്ടികളും അവയുടെ വിസര്‍ജ്യവും. പക്ഷേ ഉള്ളിലേ അന്തരീക്ഷം വളരെ ഉല്ലാസദായകമാണ്. ചീട്ടുകളി, വാചകമടി-പരമസുഖം. പ്ക്ഷേ രാവിലേ കക്കൂസില്‍ പോകലാണ് സങ്കടം. ഈ ഒരൊറ്റ പ്രശ്നം കൊണ്ടാണ് പുതിയ സംവിധാനം കണ്ടപ്പോള്‍ ചാടി വീണതെന്ന് ചന്ദ്രന്‍ പറഞ്ഞു.

സെന്റ്രല്‍ രയില്‍ വേയിലേ ഘാട്കൂപ്പര്‍ സ്റ്റേഷനിലിറങ്ങി പടിഞ്ഞാറോട്ട് കുറേ നടന്നാല്‍ ചിരാഗ് നഗറിലെത്താം. ചിരാഗുദീന്‍ എന്നൊരു ദാദയായിരുന്നു അവിടുത്തേ മുടിചൂടാമന്നന്‍ . ആങിനെയാണ് ആ പേരു കിട്ടിയത്. അതിനപ്പുറം നാരായണ്‍ നഗര്‍. പിന്നെ കാമാനി എഞ്ജിനീയറിംഗ് വര്‍ക്സ്. അവിടെയാണ് ഞങ്ങളുടെ അന്തേവാസികളില്‍ കൂടുതല്‍ പേരുടേയും ജോലി. ദിവസക്കൂലികാരാണ്.

സദാശിവന്‍ എത്തി. ചന്ദ്രനേക്കണ്ട്--താനെവിടെയായിരുന്നു ഇത്രയും നാള്‍. തന്റെ അ കഥ പറഞ്ഞിട്ടുപോയതാ. ഇവിടെ ഒരു രസവുമില്ല. താനിങ്ങു പോരെ.

എപ്പോള്‍ വേണമെങ്കിലും വരാമല്ലോ. ഏതായാലും കുറച്ചുനാള്‍ ഞാനവിടെ താമസിക്കട്ടെ. ചന്ദ്രന്‍ തുടര്‍ന്നു. അടുത്ത ദിവസം രാവിലേ നമ്മുടെ ലാന്‍ഡ് ലോഡ് വന്നു. രാത്രി ഒറ്റക്കായി പോയി അല്ലേ? സാരമില്ല. ഇന്ന് വേറൊരാള്‍കൂടിവരും എന്നു പറഞ്ഞ് മൂപ്പിലാന്‍ സാവധാനത്തില്‍ എന്റെ ചരിത്രങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. എന്നിട്ടു പറഞ്ഞു.

എനിക്കു പൂനവരെ പോകണം. നാളെയാണ് കുതിരപ്പന്തയം.

കുതിരപ്പന്തയമോ? ഞാന്‍ ചോദിച്ചു. അതിനു പൂനയില്‍ എന്തിനാ പോകുന്നത്. മഹാലക്ഷ്മിയിലില്ലേ.

വൃദ്ധന്‍ ചിരിച്ചു. എന്റെ കളി പൂനയിലാണ്. ഞാന്‍ അതില്പെട്ടു പോയി. ഇനി രക്ഷയില്ല. ഇങ്ങനെ ഒരു ദുരിതത്തില്‍ എന്റെ ഗൃഹപ്പിഴകൊണ്ട് ചെന്നു പെട്ടു. എന്നേ ബാധിച്ചിരിക്കുന്ന ഒരൊഴിയാബാധയാ. അതെന്നേംകൊണ്ടേ പോകൂ.

പോകാതിരുന്നാല്‍ പോരേ? ഞാന്‍ ചോദിച്ചു-ചന്ദ്രന്‍ പറഞ്ഞു.

മോനേ അതു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകത്തില്ല. നല്ലൊരു ജോലിയുമായി ഞാന്‍ ഇരുപത്തഞ്ചാമത്തേ വയസ്സില്‍ ബോംബയില്‍ വന്നതാ. ഒരു അഭിശപ്ത മുഹൂര്‍ത്തത്തില്‍ കൂട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ കുതിരപ്പന്തയം കളിക്കാന്‍ പോയി. എന്റെ കുതിര (ഓരോരുത്തരും ഓരോ കുതിരയുടെ പേരിലാണ് പന്തയം വയ്ക്കുന്നത്) എപ്പോഴും തോല്‍ക്കും. ഒരുപാടു പണം പോയി. ജോലിചെയ്തു കിട്ടുന്ന ശമ്പളം പന്തയം വച്ചു കളഞ്ഞു. മൂന്നു കൊല്ലം അങ്ങനെ പോയി. ഇനി എന്തായാലും പോകത്തില്ലെന്നു നിശ്ചയിച്ചു. അപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു-നമുക്കു നിര്‍ത്തിക്കളയാം. അവസാനമായി ഒരെണ്ണത്തിനു കൂടി പോകാം. അതിനു സമ്മതിച്ചതാണ് എന്റെ വിധി നിര്‍ണ്ണയിച്ചത്. അന്നുകൂടി തോറ്റിരുന്നെങ്കില്‍ ഞാന്‍ രക്ഷപെട്ടു പോയേനേ. അന്ന് എന്റെ കുതിര ജയിച്ചു. എനിക്ക് അഞ്ഞൂറുരൂപാ കിട്ടി. 1930-ലേ അഞ്ഞൂറാണ്. അന്നത്തേ അതിന്റെ വില അറിയാമല്ലോ. നാന്‍ കുടുങ്ങി കുഞ്ഞേ. എന്റെ പണമെല്ലാം കുതിര തിന്നു. വീട്ടില്‍ ആവശ്യത്തിനു പണമുണ്ടായിരുന്നതുകൊണ്ട് നശിച്ചു പോയില്ലെന്നു മാത്രം. മോന്‍ എന്തായാലും ഇതില്‍ ചെന്നു പെടരുത്. എന്നാല്‍ ഞാന്‍ പോകട്ടെ. ഇപ്പോള്‍ തിരിച്ചാലേ സമയത്തിന് പൂനയിലെത്തൂ. വൃദ്ധന്‍ ധൃതി വച്ച് കാറില്‍ കയറി പോയി. ഞാന്‍ മിഴിച്ചുനിന്നു-ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി-എന്തൊരു തലവിധി!

അവിടെ ഒറ്റയ്ക്ക് എത്രനാള്‍ താമസിക്കും. ബോംബയാ. ഞാന്‍ ഉപദേശിക്കാന്‍ ശ്രമിച്ചു.

അന്നു വൈകിട്ട് ഒരു തമിഴ്ബ്രാഹ്മണനും കൂടി അവിടെ താമസിക്കാന്‍ വന്നു. ചന്ദ്രന്‍ പറഞ്ഞു. അക്കൌണ്ടന്റ് ഡിപ്പാര്‍ട്ടുമെന്റിലാണ്.

വന്നയുടനേ അയാള്‍ ചോദിച്ചു. മൂപ്പിലാന്‍ പോയോ? ഞാന്‍ ഇന്നു വരുമെന്നു പറഞ്ഞിരുന്നു. ഇന്നലെ എല്ലാം പറഞ്ഞ് അഡ്വാന്‍സും കൊടുത്തിരുന്നു. മി ചന്ദ്രന്‍ അല്ലേ?

അതേ. മൂപ്പിലാന്‍ പൂനയ്ക്കു പോയി. ചന്ദ്രന്‍ പറഞ്ഞു.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി-ചന്ദ്രന്‍ തുടര്‍ന്നു. അയാള്‍ സ്വതന്ത്രാ പാര്‍ട്ടിക്കാരനാണ്. എന്നേ അതില്‍ ചേര്‍ക്കാന്‍ അയാള്‍ വളരെ ശ്രമിച്ചു. രാജാജിയും മസാനിയും ഒക്കെ വരുന്ന മീറ്റിംഗുകള്‍ മുറയ്ക്കു നടക്കും. എന്നേകൊണ്ടുപോകാന്‍ വളരെ ശ്രമിച്ചു. എനിക്കീ രാഷ്ട്രീയത്തോടു വേറുപ്പാണ്. ഞാന്‍ പോയില്ല.

റ്റാറ്റായില്‍ നല്ല ജോലി കിട്ടുമായിരുന്നല്ലോ. മസാനിയല്ലേ അതിന്റെ പ്രസിഡന്റ്. ഞാന്‍ ചോദിച്ചു.

അയ്യോ, അവനോട് അതു പറയല്ലേ-മാധവന്‍ നായര്‍ പറഞ്ഞു. അപ്രായോഗിക ആദര്‍ശ്ശത്തിനു കൈയ്യും കാലും വച്ചതാണ് അവന്‍ .

എന്താടാ എന്റെ ആദര്‍ശ്ശത്തിനു കുഴപ്പം? വല്ലവന്റേം പുറകേ പോയി കാലുപിടിച്ച് ഒരു പണിയും വേണ്ടാടാ‍. ചന്ദ്രന്‍ ചൂടായി.

ഞാനൊന്നും പറഞ്ഞില്ലേ-മാധവന്‍ നായര്‍ പിന്‍ വാങ്ങി.

വൈകിട്ടു വന്നാല്‍ ഒറ്റക്കെന്തു ചെയ്യും? ഞാന്‍ അന്വേഷിച്ചു.

ചന്ദ്രന്‍ ഒരു നിമിഷം കണ്ണടച്ചു. എന്തോ ആസ്വദിക്കുന്നതു പോലെ മുഖഭാവം. അയാള്‍ ഒരു ദീഘനിശ്വാസത്തോടെ പറഞ്ഞു. ഞാന്‍ താമസികുന്നതിനു കിഴക്കുവശത്താണ് വഡാലാ റയില്‍ വേ സ്റ്റേഷനിലേക്കുള്ള റോഡ്. അതിനു വടക്കുവശത്ത് ഒരു വലിയ മൈതാനമുണ്ട്. അവിടെ ഇന്‍ഡ്യന്‍ ജിംഘാനാ, കൊസ്മോപൊളിറ്റന്‍ സ്പോര്‍ട് ക്ലബ്ബ് എന്നു രണ്ടു ക്ലബ്ബുകളുണ്ട്. ഒരു ദിവസം നടക്കാനിറങ്ങിയപ്പോള്‍ ക്ലബ്ബ് കണ്ട് അവിടെ കയറി കോസ്മോപൊളിറ്റന്‍ ക്ലബ്ബിലാണ് കയറിയത്. അവിടെ വാതില്‍ക്കല്‍ ഒരു തുണിക്കസേരയില്‍ ഒരാള്‍ ഇരിപ്പുണ്ട്. സുസ്മേരവദനന്‍. ഒരു പ്രയാസവും കൂടാതെ സംസാരിക്കാ‍ന്‍ തോന്നും. എന്നേക്കണ്ട് ചിരപരിചിതനേപ്പോലെ മന്ദഹസിച്ചു.

ഹലോ കമ്മോണ്‍, കമ്മോണ്‍, പ്ലീസ് സിറ്റ് ഡൌണ്‍. അയാള്‍ പറഞ്ഞു.

ഞാന്‍ അടുത്തു കിടന്ന കസേരയില്‍ ഇരുന്നു. ചന്ദ്രന്‍ തുടര്‍ന്നു. ബാലകൃഷ്ണന്‍ എന്നാണ് അയാളുടെ പേര്‍. ക്ലബ്ബ് സെക്രട്ടറിയാണ്. കൊ-ഓപ്പറേറ്റീവ് ബാങ്കിലാണ് ജോലി. പാലക്കാടന്‍ പട്ടരാണ്. കുറേശ്ശെ മലയാളവും അറിയാം. ബോംബയില്‍ സ്ഥിര താമസമാണ്.

അങ്ങ്നെ ഇരിക്കുമ്പോള്‍ ഓരോരുത്തര്‍ വന്നു തുടങ്ങി. അവിടുത്തേ പ്രധാന വിനോദം ടേബിള്‍ ടെന്നീസാണ്. ചെസ്സ്, കാരംസ്,മുതലായ കളികളുണ്ടെങ്കിലും ടേബിള്‍ ടെന്നീസ് കളികാനാണ് മിക്കവരും വരുന്നത്. പെണ്‍കുട്ടികളാണ് അധികവും. വന്നവരേയൊക്കെ ഒന്നുരണ്ടു വാക്കുകള്‍കൊണ്ട് ബാലകൃഷ്ണന്‍ എന്നേ പരിചയപ്പെടുത്തി. അതില്‍ ഒരു പതിമൂന്നുകാരി എന്നേ വളരെ ആകര്‍ഷിച്ചു. ഞാന്‍ ക്ലബ്ബില്‍ അംഗമാകാന്‍ തീരുമാനിച്ചു.

ഞാനും മാധവന്‍ നായരും കണ്ണില്‍ കണ്ണില്‍ നോക്കി മന്ദഹസിച്ചു.

നീ ബോംബയില്‍ വന്നിട്ട് രണ്ടു കൊല്ലം കഴിഞ്ഞില്ലേ. ഇതുവരെ പെണ്‍കുട്ടികളാരും കടന്നു വന്നില്ലല്ലോ. മാധവന്‍ നായര്‍ പറഞ്ഞു.

ഉണ്ടെങ്കില്‍ ഞാന്‍ നിനോടു പറയുമായിരുന്നില്ലേ. ചന്ദ്രന്‍ ചോദിച്ചു. നീ അറിയാത്ത ഒരു കാര്യവും എനിക്കില്ലെന്ന് നിനക്കറിയാം. നമ്മള്‍ ദിവസവും ആയിരക്കണക്കിനാള്‍ക്കാരേ കാണും. ചിലരേ കാണുമ്പോള്‍ നമുക്കൊരാത്മബന്ധം തോന്നും. വളരെ പരിചയമുള്ളവരാണെന്ന്. ഉദാഹരണത്തിന്‍ നീയും ഞാനും. ഒന്നും സംസാരിക്കണ്ടാ. സംസരമൊക്കെ കണ്ണുകള്‍ നടത്തിക്കൊള്ളും. അവര്‍ക്കും അതുതന്നെയാണ് തോന്നുക. ഇതു തന്നെയാണ് എനിക്ക് ആ പതിമൂന്നുകാരിയോടും തോന്നുയത്. ഞങ്ങള്‍ ഒന്നു നോക്കി. കന്നുകള്‍ ഉടക്കി. പിടിച്ചിട്ടു വരുന്നില്ല. അവള്‍ പുഞ്ചിരിച്ചു. ഞാനും. അതങ്ങനെ മനസ്സില്‍ കിടക്കുന്നു. ഒരു മധുരസ്മരണയായി. ചന്ദ്രന് ദീര്‍ഘനിശ്വാസം.

അടുത്തദിവസം ഞാന്‍ നേരത്തേ ക്ലബില്‍ എത്തി. ബാലനുണ്ട്--സെക്രട്ടറിയേ അങ്ങിനെയാണ് വിളിക്കുന്നത്. അപ്പോള്‍ ഷൈല--അവളുടെ പേര്-വന്നു. വെളുത്തു ചുമന്ന് അതിമനോഹരിയായ ഒരു കൊച്ചുപെണ്ണ്. ഓമനത്വം തുളുമ്പുന്ന മുഖം. കാര്‍വാറാണ് സ്വദേശം. ഗൌഡ സാരസ്വത വര്‍ഗ്ഗം. ജരാസന്ധനേതോല്പിക്കാന്‍ ശ്രീകൃഷ്ണനേ സഹായിച്ചില്ലേ ഗരുഡവര്‍ഗ്ഗം. അതുതന്നെ. ബോംബയില്‍ സ്ഥിരതാമസം. എട്ടാംതരത്തില്‍ പഠിക്കുന്നു.

You play table tennis--അവള്‍ എന്നോടു ചോദിച്ചു.

He is representing State Bank of India in BombayLeague Tournament of Table tennis. ബാലനാണ് ഉത്തരം പറഞ്ഞത്.

Then come on. Give me some practice. അവള്‍ പറഞ്ഞു.

ഞാന്‍ ബാലനേ നോക്കി. പെണ്‍കുട്ടികളുമായി ഇടപെടാമോ? എന്റെ ഗ്രാമീണ മനസ്സില്‍ സംശയം. ബാലന്‍ കണ്ണൂകൊണ്ട് അനുവാദം തന്നു. ചന്ദ്രന്‍ പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ കൂട്ടുകാരായി--ദീര്‍ഘനിശ്വാസം.

നിങ്ങള്‍ തമ്മില്‍ എന്തെല്ലാം സംസാരിച്ചു. മാധവന്‍ നായര്‍ക്ക് ആകാംക്ഷ.

എനിക്കു ചിലരോട് ഒന്നും പറയാന്‍ പറ്റില്ല. When heart is full words are few-എന്നു കേട്ടിട്ടില്ലേ. ഇടയ്ക്കിടയ്ക്ക് പുഞ്ചിരി മാത്രം. കളിയുടെ കാര്യം മാത്രം സംസാരം.

ഇവന്റെ പഴയ സ്വഭാവം. ഞാന്‍ പറഞ്ഞില്ലേ സ്കൂളിലേ കാര്യം. മാധവന്‍ നായര്‍ പറഞ്ഞു.

ചന്ദ്രന്‍ മാധവന്‍ നായരേ രൂക്ഷമായി നോക്കി.

ഞാനൊന്നും പറഞ്ഞില്ല. മാധവന്‍ നായര്‍ ധൃതിയില്‍ പറഞ്ഞു. എല്ലാം നീ തന്നെ പറഞ്ഞാല്‍ മതി.

പക്ഷേ ക്രമേണ അവള്‍ എന്റെ കാര്യമെല്ലാം ചോദിച്ചറിഞ്ഞു. എനിക്കാണെങ്കില്‍ ഒന്നും ചോദിക്കാന്‍ വയ്യാ. ഞാന്‍ ബാലനോടു ചോദിച്ചാണ് അവളുടെ കാര്യമെല്ലാം അറിഞ്ഞത്. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.
@ @ @ @ @ @ @ @
പിന്നീട് ഞങ്ങള്‍ ചന്ദ്രനേ കാണുന്നത് ഒരു കൊല്ലം കഴിഞ്ഞാണ്. ഇതിനിടെ അയാള്‍ രണ്ടു തവണ നാട്ടില്‍ പോയെന്നറിഞ്ഞു. ചന്ദ്രനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാദവന്‍ നായരില്‍ നിന്നും ഇതിനകം ഞാന്‍ മനസ്സിലാക്കി.

ഈയാളെങ്ങിനെയാണ് ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോകുന്നത്. ബാങ്കില്‍ നിന്നും ഇങ്ങനേ അവധി കിട്ടുമോ? ഞാന്‍ ചോദിച്ചു.

അതൊക്കെ ഇനി അവന്‍ വരുമ്പോള്‍ മറക്കാതെ ചോദിക്കണം. അവന്‍ ഒരു വിചിത്ര സ്വഭാവകാരനാണെന്നു മനസ്സിലായിക്കാണുമല്ലോ. എന്റെ ട്യൂട്ടോരിയലില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍-കേള്‍ക്കണോ-ചിലകാര്യങ്ങള്‍ പറയാം. മാധവന്‍ നായര്‍ പറഞ്ഞു. ഏതു വിഷയവും അവന്‍ പഠിപ്പിക്കും. മുന്‍ കൂട്ടി തയ്യാറെടുപ്പുകളൊന്നും വേണ്ടാ. ഇന്റര്‍മീഡിയറ്റിന് ഫസ്റ്റ് ഗ്രൂപ്പും, പിന്നെ ബി.കോമും. മിക്ക വിഷയങ്ങളും അതില്‍ ഉള്‍പ്പെടുമല്ലോ. ഏതു സാറു വന്നില്ലെങ്കിലും എനിക്കു പേടി ഇല്ല. ആ ക്ലാസെടുക്കാന്‍ അവന്‍ റഡി. ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന ഗണകന്‍സാറു വന്നില്ല. ചന്ദ്രന്‍ സാറെടുത്താല്‍ മതി. പിള്ളാരു നിര്‍ബ്ബന്ധിച്ചു. അവനു പാരവയ്കാനാണ്. ഇങ്ങനെ എല്ലാകാര്യവും അറിയാമെന്നുഭാവിക്കുന്ന അവനോട് ചിലര്‍ക്ക് ഒരുതരം നിര്‍ദ്ദോഷമായ അസൂയ തോന്നുമല്ലോ. അതാണ്. ഈയാളേ ഒന്നിരുത്തണമെന്ന് മനസ്സിലൊരു പൂതി.

സാറേ ഇന്ന് മയൂരസന്ദേശം എടുത്താല്‍ മതി. അതാണ് പ്രയാസം. ഒരു കുട്ടി പറഞ്ഞു. അവന്‍ മലയാളം മെയിന്‍ എടുത്തു പഠിക്കുനവനാണ്.

അല്ലേ, തന്റെ ട്യൂട്ടോറിയലില്‍ എസ്സ്.എസ്സ്.എല്‍.സി വരെയേ ഉള്ളൂ എന്നു പറഞ്ഞിട്ട് ഈ മലയാളം മെയിന്‍ ? ഞാന്‍ ചോദിച്ചു.

ഓ. വിദ്യാഭ്യാസ പരിഷ്കാരത്തിനിടയ്ക്ക് ഒരു മൂന്നു കൊല്ലം എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ ഗ്രൂപ്പ് സമ്പ്രദായം കൊണ്ടുവന്നത് നിങ്ങള്‍ക്കറിയില്ലേ? ഐച്ഛിക വിഷയങ്ങളെടുത്ത് പഠിക്കാം. മൂന്നു കൊല്ലം കഴിഞ്ഞ് അതുപേക്ഷിക്കുകയും ചെയ്തു. തുഗ്ലക്ക് രീതി. അതിലൊരു ബാച്ചാണ് അന്നത്തേ ക്ലാസ്സില്‍. മാധവന്‍ നായര്‍ പറഞ്ഞു.

ചന്ദ്രന്‍ കുട്ടികളുടെ കൈയ്യില്‍നിന്ന് ഒരു പുസ്തകം വാങ്ങി. മയൂരസന്ദേശം പാഠം എടുത്തു. സന്ദേശ കാവ്യങ്ങളേയും, കാളിദാസന്റെ മേഘസന്ദേശത്തേയും, അതുപോലെ സന്ദേശകാവ്യമെഴുതി കേരള കാളിദാസനെന്നു പേരു സമ്പാദിച്ച കേരളവര്‍മ്മയേക്കുറിച്ചും, അദ്ദേഹത്തേ ആയില്യം തിരുനാള്‍ മഹാരാജാവ് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തില്‍ ബന്ധനത്തില്‍ പാര്‍പ്പിച്ചതിനേയും, ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേ മയിലിനേ കണ്ട് തിരുവനന്തപുരത്തുള്ള ഭാര്യയ്ക്ക് മയിലിലൂടെ സന്ദേശം അയയ്ക്കുന്ന രീതിയില്‍ സന്ദേശകാവ്യം എഴുതിയതിനേയും കുറിച്ചോക്കെ വളരെ വാചാലമായി വിശദീകരിച്ചു. ഭൂരിഭാഗം കുട്ടികള്‍ക്കും, ഇവനേതാണ്ടൊക്കെ അറിയാമെന്നലുണ്ടായി. അതാണല്ലോ പഠിപ്പിക്കുന്നയാളുടെ വിജയത്തിന്റെ ആദ്യപടി. പക്ഷേ ഈ മലയാളം കാരന്‍ - അതും ഒരു ഗണകനാണ്- അവ്ന് മലയാളം പഠിപ്പിക്കുന്നതിനേക്കുറിച്ച് നല്ല വിവരമുണ്ട്. അവന്‍ ചന്ദ്രനേ കുടുക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്.

ചന്ദ്രന്‍ മേടിച്ച പുസ്തകം തുറന്നു നോക്കി. ഭാഗ്യം! അതില്‍ അലങ്കാരങ്ങളെല്ലാം പദ്യത്തിന്റെ ഓരോ വരിയുടേയും മുകളില്‍ പേനകൊണ്ട് എഴുതിയിട്ടുണ്ട്. വല്യ മുന്‍ഷിസാര്‍-അദ്ദേഹത്തേക്കുറിച്ച് പിന്നെ പറയാം-പഠിപ്പിച്ചതാണ്. തെറ്റു വരുത്തില്ല.

പഠിപ്പിക്കല്‍ ആരംഭിച്ചു. അങ്ങിനെയിരിക്കുമ്പോള്‍ ഒരുവരി--“പന്നകത്തേക്കുറിച്ചാലാപം കേട്ടതുമപകടം തന്നെയാം പന്നഗാരേ” എന്നാണ്. തിരുവനന്തപുരത്തേക്ക് തോട്ടില്‍ കൂടി പോകുന്ന വള്ളത്തില്‍ കയറി വേണം പോകാന്‍ എന്നു പറഞ്ഞ ശേഷം വള്ളക്കാര്‍ പന്നകം-പന്നകം എന്നു വിളിച്ചു പറയുന്നത് പന്നഗമാണെന്നു തെറ്റിദ്ധരിച്ച് അതിനേ പിടിക്കാന്‍ ചാടിവീഴരുത്, വെള്ളമടിച്ചിരിക്കുന്ന വള്ളക്കാര്‍ നിന്നേ കശാപ്പുചെയ്യും എന്നാണ് വിവക്ഷ. മയിലിനെ ഭക്ഷണമാണല്ലോ പന്നഗം-പാമ്പ്. അത് ആരീതിയില്‍ പറയാന്‍ ചന്ദ്രനറിഞ്ഞുകൂടാ. കാവ്യങ്ങള്‍ പഠിപ്പിക്കുന്നതേ-ഈ നാലും മൂന്നും ഏഴെന്നു പറയുന്നതു പോലെ എളുപ്പമല്ല! ബാക്കി അവന്റെ ഭാഷയില്‍ തന്നെ പറയാം- മാധവന്‍ നായര്‍ പറഞ്ഞു.

ഏടാ ഈ കൊച്ചു ഗണകനുണ്ടല്ലോ- അവന്‍ ഭയങ്കര സാധനമാ. പന്നകം വള്ളത്തിന്റെ വളപുരയാണെന്നും പന്നഗം പാമ്പാണെനും പറഞ്ഞിട്ട് അവന്‍ വിടുന്നില്ല. എന്തിനാ സാറേ അത് ഈ പദ്യത്തില്‍ പറയുന്നതെന്നു ചോദിച്ച് അവന്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. എനിക്കാണെങ്കില്‍ അതിന്റെ വിവക്ഷ പറയാനൊട്ടറിയാനും വയ്യ. ഞാന്‍ വിയര്‍ത്തു. അപ്പോള്‍ ഭാഗ്യത്തിന് അവന്റടുത്തിരുന്ന പ്രകാശന്‍ ‍, അതൊക്കെ സാറു പറഞ്ഞു, നീ കിടന്നലയ്കതെ എന്നു ഗണകനോട് പറഞ്ഞു--ക്ലാ‍സില്‍ വിവരമില്ലാത്തവര്‍ ഉണ്ടാകുന്നതും നല്ലതാണെന്ന് ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ ഗണകന്‍ പ്രകാശന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു. “ എടാ വള്ളക്കാര്‍ പന്നകം എന്നു വിളിച്ചു പറയുന്നതുകേട്ട് പന്നഗമാണെന്നു തെറ്റിദ്ധരിക്കരുത്“ എന്നാണതിന്റെ അര്‍ത്ഥം. ആകെ കുഴങ്ങി വിയര്‍ത്തുകുളിച്ചു നിന്നഞാന്‍ അതുകേട്ടു. പക്ഷേ കേട്ടെന്നു ഭാവിക്കാതെ-
ഗണകന്‍ ,എന്താണ് ക്ലാസില്‍ സംസാരിക്കുന്നത്-എഴുനേറ്റു നില്‍ക്കൂ-എന്നു പറഞ്ഞു.

ഗണകന്‍ എഴുനേറ്റു

എന്താണ് തന്റെ സംശയം--ഞാന്‍ ചോദിച്ചു.

സാറേ ആ പദ്യത്തിന്റെ വരിയില്‍ പന്നകമെന്നും, പന്നഗം എന്നും പ്രയോഗിച്ചിരിക്കുന്നതിന്റെ വിശദീകരണം സാറു പറഞ്ഞില്ല. സാറ് പന്നകം വളപുരയാണെന്നും പന്നഗം പാമ്പാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഗണകന്‍ പറഞ്ഞു.

ഞാന്‍ പറഞ്ഞു. എടോ താന്‍ മലയാളം മെയിന്‍ എടുത്തയാളല്ലേ? കുറച്ചു വിവരം കാണുമെന്നു വിചാരിച്ചു. എന്നാല്‍ കേട്ടോ--വള്ളക്കാര്‍ അരിവയ്കാനും മറ്റും വളപുര മാറ്റിവയ്ക്കും. അപ്പോള്‍ അവര്‍ പന്നകം മാറ്റെടാ-എന്നൊക്കെ പറയുന്നതു കേട്ട് പാമ്പു വന്നെന്നു വിചാ‍രിച്ച് ചാടിവീഴരുത് എന്നാണ് അതിന്റെ അര്‍ത്ഥമെന്ന് ഒരു നാണവും കൂടാതെ പറഞ്ഞു. അവനു സംശയം അവന്‍ പറഞ്ഞത് ഞാന്‍ കേട്ടോ എന്ന്.

അതു സാറു മുമ്പേ പറഞ്ഞില്ല്. ഗണകന്‍ വിടാന്‍ ഭാവമില്ല.

അവടിരിക്കടാ-മറ്റു കുട്ടികള്‍ എന്റെ സഹായത്തിനെത്തി. അതു തന്നാ സാറു പറഞ്ഞത്.

ഹോ രക്ഷപെട്ടു. ഞാന്‍ വിചാരിച്ചു. പക്ഷേ ഗണകന്‍ വിടുന്ന മട്ടില്ല.

അവിടുത്തേ അലങ്കാരം എന്താണു സാറേ-അവന്‍ ചോദിച്ചു.

ഞാന്‍ പുസ്തകത്തില്‍ നോക്കി. അതില്‍ കാവ്യലിംഗം എന്നെഴുതിയിരിക്കുന്നു.--ഞാന്‍ പറഞ്ഞു കാവ്യലിംഗം.

ഉടനേ ഗണകന്‍ -അല്ല അതു ശ്ലേഷമാണ്.

വല്യ മുന്‍ഷിസ്സാര്‍ പഠിപ്പിച്ചതായതുകൊണ്ട് അതു കാവ്യലിംഗമാണെന്നതില്‍ എനിക്കു സംശയമില്ല. പക്ഷേ അതുസ്ഥാപിക്കാന്‍ ‍, കാവ്യലിംഗത്തിന്റേയോ, ശ്ലേഷത്തിന്റെയോ ലക്ഷണം എനിക്കറിഞ്ഞുകൂടാ. അതിനും ഗണകനേ പിടിക്കാം ഞാന്‍ ഗൌരവത്തില്‍ ചോദിച്ചു. എന്താടോ കാവ്യലിംഗത്തിന്റെ ലക്ഷണം?

ഗണകന്‍ ചാടി എഴുനേറ്റു. ഭാഗ്യം അവനറിയാം. തന്നെയുമല്ല, അവനറിയാമെന്ന് മറ്റുള്ളവര്‍ അറിയുകയും വേണമല്ലോ. “ഹേതു വാക്യപദാര്‍ത്ഥങ്ങളാകുകില്‍ കാവ്യലിംഗമാം” അവന്‍ പറഞ്ഞു. ഞാനത് പെട്ടെന്ന് ബോര്‍ഡിലെഴുതി. എന്നിട്ട് ശ്ലേഷത്തിന്റേയോ എന്നു ഗൌരവം വിടാതെ ചോദിച്ചു. “രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകുമ്പോലെ ഭാഷയില്‍, ഒരു വാക്കിന്നു രണ്ടര്‍ത്ഥം വന്നാല്‍ ശ്ലേഷമാമത്.“ അതും ഞാന്‍ ബോര്‍ഡിലെഴുതി.

പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാന്‍ വിശദീകരിച്ചു.

ഹേതു-കാരണം, വാക്യ പദാര്‍ത്ഥം-വാക്യത്തിലേ പദത്തിന്റെ അര്‍ത്ഥം-ഇവിടെ പന്നകത്തിന്റെ അര്‍ത്ഥം പാമ്പാണെന്നു ധരിച്ചത്-അതാണ് അപകടകരണം--ഹോ എന്തൊരു രക്ഷപെടല്‍--ഗുരുക്കന്മാരുടെ അനുഗ്രഹം.

ഗണകന് അവനേ പറ്റിച്ചെന്നു സംശയം. പക്ഷേ മറ്റുകുട്ടികള്‍ അതംഗീകരിച്ചില്ല. അവന്‍ പിന്നീട് ചന്ദ്രനോടു പറഞ്ഞു--സാറ് എന്നേക്കൊണ്ടുതന്നെ അതിന്റെ അര്‍ത്ഥം പറയിപ്പിച്ചു. ശരിയാ മോനേ ഇനി മേലാല്‍ ഞാന്‍ കാവ്യം പ്ഠിപ്പിക്കാന്‍ വരത്തില്ല. പോരേ? ചന്ദ്രന്‍ കുമ്പസാരിച്ചു.

ഇതൊരു കാര്യം. സന്ദര്‍ഭത്തിനനുസരിച്ച് അക്ഷോഭ്യനായി പെരുമാറാനുള്ള അവന്റെ കഴിവിന് വേറൊരുദാഹരണം പറയാം. മാധവന്‍ നായര്‍ പറഞ്ഞു.

പത്തു കോളേജിലേ പതുപ്പത്തു വിദ്യാര്‍ത്ഥികളടങ്ങുന്ന, നൂറുപേരുടെഒരു ക്യാമ്പ്--ഭാരത് സേവക് സമാജത്തിന്റെ (ബി.എസ്.എസ്.) യാണ് -ഞങ്ങളുടെ അടുത്ത സ്കൂളില്‍ നടന്നു. ചന്ദ്രനുമുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍-നാട്ടിലേ ആവശ്യമനുസരിച്ച് ചെയ്യുകയാണ് പരിപാടി. ഓ.ഡി (ഓഫീസര്‍ ഓഫ് തെ ഡേ) ഏ.ഓ.ഡി ( അസിസ്റ്റന്റ് ഓഫീസര്‍ ഒഫ് ദി ഡേ) എന്ന് രണ്ടു പേരേ ഓരോ ദിവസവും തെരഞ്ഞെടുത്ത് അവരുടെ നിയന്ത്രണത്തിലാണ് ആ ദിവസത്തേ പരിപാടി നടപ്പാക്കുന്നത്.

ചന്ദ്രനേ ഏ.ഓ.ഡി ആക്കിയ ദിവസത്തേ കാര്യമാണ്. ഒരു കാര്യത്തിലും വിട്ടു വീഴ്ചയില്ലാത്ത മുരടന്‍ സ്വഭാവമാണല്ലോ അവന്. അന്ന് സ്ഥലത്തേ കുറേ ആള്‍ക്കാര്‍ക്ക് സ്കൂളില്‍ നടക്കുന്നതെന്താണെന്നറിയണം. റൌഡികളാണ്. പ്രത്യേക സമയങ്ങളിലല്ലാതെ ആരേയും ക്യാമ്പു നടക്കുന്നിടത്തു പ്രവേശിപ്പിക്കരുതെന്നാണ് നിയമം. റൌഡികള്‍ക്കുണ്ടോ നിയമം! അവര്‍ ബലമായി സ്കൂളില്‍ കടക്കാന്‍ ശ്രമിച്ചു. ചന്ദ്രന്റെ നേതൃത്വത്തില്‍ അവരേ തടഞ്ഞു. കോളേജു പിള്ളാരല്ലേ. വഴക്കുണ്ടാക്കാന്‍ അവര്‍ക്കുള്ള താല്പര്യം പ്രസിദ്ധമാണല്ലോ.

എണ്ണക്കൂടുതളും പിള്ളരുടെ ആവേശവും കണ്ട് “കാണിച്ചുതരാമെടാ” എന്നു പറഞ്ഞ് അവര്‍ പിന്‍ വാങ്ങി. അന്നു വൈകിട്ട്, നല്ലവണ്ണം പൂസായി--സ്ഥലത്തേ ഒരു വലിയ കുടുംബത്തിലേ സന്തതിയാണ് നേതാവ്--സ്കൂള്‍ ഗേറ്റില്‍ വന്നു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. മാധവന്‍ നായര്‍ തുടര്‍ന്നു. എന്റെ ട്യൂട്ടോരിയലിന്റെ തൊട്ടടുത്താണ് സ്കൂള്‍. അവിടെ ബഹളവും ചീത്തവിളിയും കേട്ട് ഞങ്ങള്‍ അങ്ങോട്ടു ചെന്നു. ഇറങ്ങി വാടാ--പുറത്തോട്ടിറങ്ങടാ ചുണയുണ്ടെങ്കില്‍, ഇത് ഞങ്ങള്‍ കല്ലുചുമന്നുണ്ടാക്കിയ സ്കൂളാടാ-എന്നു തുടങ്ങി അതിമനോഹരമ്മയ തെറികള്‍-തന്തയ്ക്കും തരവഴിക്കും-അങ്ങനെ ധാരധാരയായി ഒഴുകുകയാണ്. അവരുടെ ശരാശരി പ്രായം ഇരുപതാണ്--സ്കൂള്‍ തുടങ്ങിയിട്ട് അന്ന് അമ്പതു വര്‍ഷം കഴിഞ്ഞു. എങ്ങനാണോ കല്ലു ചുമന്നത്. ചീത്തവിളി മുഴുവന്‍ ചന്ദ്രനാണ്-അവനാണല്ലോ നാട്ടുകാരന്‍ . അവന്റെ കൂട്ടുകാര്‍ രോഷം കൊള്ളുകയാണ്. പക്ഷേ ചന്ദ്രന്‍ മാത്രം കൈയ്യുംകെട്ടി പുഞ്ചിരിതൂകിക്കൊണ്ട് രസിച്ചു നില്‍ക്കുന്നു. ഇതു കണ്ട് നേതാവിന് ദേഷ്യം കൂടി. പക്ഷേ പറച്ചിലിനൊരവസാനമുണ്ടല്ലോ. ഒന്നു ശമിച്ചപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു. “അയ്യൊ ചേട്ടാ, ഇതു ചേട്ടന്റെ വീടല്ല. കള്ളുകുടിച്ച് വീടാണെന്നു കരുതി അച്ഛനോടും അമ്മയോടും പറയുന്നത് ഇവിടെനിന്നു പറയല്ലേ. ഇതു കോളേജ്പിള്ളാരാ”- എന്നിട്ട് അയാളുടെ കൂട്ടുകാരോട് “ഈയാളേ പിടിച്ചു കൊണ്ടുപോയി വീട്ടിലാക്ക്. ആ പാവം അച്ഛനമ്മമാര്‍ ഇപ്പോള്‍ തെറി കേള്‍ക്കാതെ വിഷമിച്ചിരിക്കുകയായിരിക്കും”.

ഒരു വലിയ കൂവല്‍-അകത്തുനിന്നും, പുറത്തുനിന്നും. ചമ്മി അടപ്പുതെറിച്ച് റൌഡിസംഘം സ്ഥലംവിട്ടു. ഒരടികണ്ടു രസിക്കാമെന്നു വിചാരിച്ചു വന്നവര്‍ നിരാശരായി. ഞങ്ങള്‍ക്ക് ആശ്വാസം. മാധന്‍ നായര്‍ പറഞ്ഞു

എങ്ങനാടാ ഇങ്ങനെ ചീത്തവിളി കേട്ടുകൊണ്ട് അനങ്ങാതെ നില്‍ക്കുന്നത്? ഞാനൊരു ദിവസം അവനോടു ചോദിച്ചു.

അവന്‍ പറഞ്ഞു-എടാകുഞ്ഞേ ഞാനാരാണെന്ന് എനിക്കറിയാം. ചീത്തവിളിക്കുന്നതാരാണെന്നും എനിക്കറിയാം. ഇതു രണ്ടും അവര്‍ക്കറിയില്ല. ഇനി അവരുടെ ആയുസ്സില്‍ എന്നേ തെറിവിളിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?

ഇല്ലെന്നു ഞാന്‍ പറഞ്ഞില്ല. പക്ഷേ ഒരു ദിവസം ഈ പാര്‍ട്ടികളിലൊരാള്‍ -ദേ-ലവന്‍ വരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത് ഞാന്‍ കണ്ടു. മാധവന്‍ നായര്‍ പറഞ്ഞു നിര്‍ത്തി.

സദാശിവന്‍ ചാടി വീണു. ഇതു കേട്ടപ്പോള്‍ എനിക്കൊരു കാര്യം ഓര്‍മ്മ വന്നു. ഞങ്ങള്‍ മാഹിമില്‍ താമസിച്ചിരുന്നപ്പോള്‍ ദിവസവും കൂടുമായിരുന്നെന്നു പറഞ്ഞല്ലോ. ചെങ്ങനൂര്‍ കാരന്‍ ഒരു അച്യുതന്‍ നായരും, അടൂര്‍ഭാസിയുടെ ഒരനിയനും ആകൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ മൂന്നു പേരും കൂടി കൂടിയാല്‍ ബഹു രസമാണ്. ചിരിയും-ചിന്തയും, സഞ്ജയനും, മാര്‍ത്താണ്ഡവര്‍മ്മയും,ധര്‍മ്മരാജയും, രാമരാജാ ബഹദൂറും, ഇന്ദുലേഖയും ഒക്കെ അതില്‍ വരും. ഞങ്ങളാണെങ്കില്‍ ഇതൊക്കെ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. എന്തു രസമാണെന്നോ!

അതിനിടയ്ക് ഒരു രാമകൃഷ്ണന്‍ നായര്‍ അവിടെ വന്നു. അച്യുതന്‍ നായരുടെ ചേട്ടനാണ്.അന്നത്തേകൂടലില്‍ അയാളും കൂടി. ആരെന്തു പറഞ്ഞാലും ഉടന്‍ കേറി ഉടക്കും. സര്‍വജ്ഞനേ പോലെ. കുറേ ഇംഗ്ലീഷ്കാരുടെ പേരും പറയും. അയാള്‍ അങ്ങിനെ ഇന്നെടത്ത് പറഞ്ഞിട്ടുണ്ട്--മറ്റേയാള്‍ ഇങ്ങനേ മറ്റേടത്ത് പറഞ്ഞിട്ടുണ്ട്-എന്നും പറഞ്ഞ് എല്ലാരേയും കളിയാക്കലാണ് അയാളുടെ ഹോബി. പരമരസമായി നടന്നുകൊണ്ടിരുന്ന ഞാങ്ങളുടെ കൂടല്‍ ആകെ കുളമായി.

അയാള്‍ അടുത്തദിവസം പോയി. അപ്പോഴാണ് അച്യുതന്‍ നായര്‍ പറയുന്നത് --ഞാനെന്റെ അഡ്രസ്സ് അങ്ങേര്‍ക്ക് കൊടുത്തില്ല. എവിടുന്ന് തേടിപ്പിടിച്ചെന്ന് എനിക്കറിഞ്ഞുകൂടാ. ഇനി എല്ലാ അവധിദിവസവും വരാമെന്ന് പറഞ്ഞിട്ടാണ് പോയത്. ഞാന്‍ ഇവിടുന്നു താമസം മാറുകയാണ്. നിങ്ങള്‍ക്കെങ്കിലും സ്വൈരം കിട്ടട്ടെ. ഒരിടത്തും മനസ്സമാധാനത്തോടെ താമസിക്കാന്‍ സമ്മതിക്കത്തില്ല. ഈനലെ നിങ്ങളുന്റായിരുന്നതുകൊണ്ട് ഞാന്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ഈ പ്രസംഗമെല്ലാം ഞാന്‍ തന്നെ സഹിക്കണം.

അപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു. കൊള്ളാം തന്റെ ചേട്ടനായതുകൊണ്ടാണ് അങ്ങേരുടെ വിവരക്കേടെല്ലാം ഞങ്ങള്‍ സഹിച്ചത്. താനെങ്ങും പോകണ്ടാ. അയാള്‍ വരട്ടെ.

അങ്ങിനെ ഇരുന്നപ്പോഴാണ് പ്രധാന മന്ത്രി നെഹ്രു മരിച്ചതിന്റെ അവധി വന്നത്. ദേ ചേട്ടന്‍ വരുന്നു. അച്യുതന്‍ നായര്‍ പരിഭ്രമത്തോടെ പറഞ്ഞു. വരട്ടെടൊ താന്‍ കിടന്നു പെടെയ്ക്കാതെ- ചന്ദ്രന്‍ ആശ്വസിപ്പിച്ചു. അന്ന് അവധിയായതുകൊണ്ട് ഫുള്‍ കോറം ഉണ്ട്.

അപ്പോല്‍ ആര്‍.കെ. കരഞ്ജിയായുടെ ബ്ലിറ്റ്സ് മാഗസിനുമായി അടൂര്‍ ഭാസിയുടെ അനുജന്‍ എത്തി. അതില്‍ ഒരു ഫോട്ടൊ-മരിച്ചുകിടക്കുന്ന നെഹ്രുവിന്റെ അടുത്ത് മൊറാര്‍ജി ദേശായിനില്‍ക്കുന്നു. ഒരു പുഞ്ചിരിയോടെ--അടിക്കുറിപ്പ് “ യു സ്മൈലിങ് വില്ലന്‍ ” ഇതു കണ്ടതും രാമകൃഷ്ണപിള്ള--ഇയ്യാഗോയേപറ്റി ഒതല്ലോയില്‍--ഷേക്സ്പീയറുടെയേ എന്ന് തന്റെ വിജ്ഞാനം പുറത്ത് ചാടിച്ചു.

അപ്പോള്‍ ചന്ദ്രന്‍ ‍--ഷേക്സ്പീയറുടെ തന്നെ- പക്ഷേ മര്‍ച്ചന്റ് ഓഫ് വെനീസിലാണ്- എന്നു പറഞ്ഞു.

ഹേയ്-അല്ല. ഒതല്ലോയില്‍തന്നെ എനിക്കുറപ്പാണ്--രാമകൃഷ്ണപിള്ള.

ആയിരിക്കാം. ചന്ദ്രന്‍ പറഞ്ഞു. പക്ഷേ ഞാന്‍ ആകെ ഷേക്സ്പീയറുടെ ഒരു പുസ്തകമേ പഠിച്ചിട്ടുള്ളൂ. ബി.കോമിന്. അത് മര്‍ച്ചന്റ് ഓഫ് വെനീസാണ്. അതില്‍ ഷൈലാക്കിനേകുറിച്ചാണ് ഈ വാചകം ഞാന്‍ പഠിച്ചത്. പോട്ടെ.

രാമകൃഷ്ണപിള്ള വിഷമിച്ചു. കുറേ നേരം ആലോചനാമഗ്നനായിരുന്നു. എന്നിട്ട് പറഞ്ഞു. ശരിയാ മര്‍ച്ചന്റ് ഓഫ് വെനീസിലാണ്. ഞാനിപ്പഴാ ആ സന്ദര്‍ഭം ഓര്‍ത്തത്.

ഓര്‍ത്തത് നന്നായി അല്ലെങ്കില്‍ ഞാന്‍ പഠിച്ചത് തെറ്റിപ്പോയോ എന്നു ഞാന്‍ വിചാരിച്ചേനേ. ചന്ദ്രന്‍ ഒരു സാധുവിനേ പോലെ പറഞ്ഞു.

ഇല്ല. രാമകൃഷ്ണപിള്ള പറഞ്ഞു. ഇപ്പോള്‍ എനിക്ക് ശരിക്കും ഓര്‍മ്മ വന്നു. ആ ഒരു പൌണ്ട് ഫ്ലഷ് മുറിക്കാമെന്നോര്‍ത്ത് അയാളുടെ ചിരി.

ഉറപ്പാണേ? ചന്ദ്രന്‍ വീണ്ടും ചോദിച്ചു.--ഞങ്ങള്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.

വെരി കറക്റ്റ്-രാമകൃഷ്ണപിള്ള തറപ്പിച്ചു പറഞ്ഞു.

അപ്പോള്‍ ഒരു പരിഹാ‍സച്ചിരിയോടെ ചന്ദ്രന്‍ പറഞ്ഞു. ഇതേ ഡസ്ഡമോണയുടെ ശവത്തിനരികില്‍ നിന്ന ഇയ്യാഗോയേക്കുറിച്ചു തന്നെയാണ്. നിങ്ങള്‍ ഇതു വല്ലോം വായിച്ചിട്ടുണ്ടൊ എന്നറിയാന്‍ ഞാന്‍ വെറുതേ പറഞ്ഞതാണ്. രാമകൃഷ്ണപിള്ളയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. ഞങ്ങള്‍ മുഖം പൊത്തി ചിരിച്ചു.

അപ്പോള്‍ അടൂര്‍ ഭാസിയുടെ അനിയന്‍ --ഇതിലേതാടോ ശരിക്കും ശരി.

ആ-ആര്‍ക്കറിയാം. ചുമ്മാ ആര്‍ക്കും വച്ചു കാച്ചരുതോ, ബാക്കി എല്ലാരും മണ്ടന്മാരാണെന്നു വിചാരിച്ച്--അത് ഹക്സിലിയുടെയാ, ഇത് റസ്സലിന്റെയാ എന്നൊക്കെ. താന്‍ സര്‍വ്വജ്ഞപീഠം കേറിയവനാണെന്ന് എല്ലാരും വിചാരിച്ചുകൊള്ളുമല്ലോ. ഓരോ പറ്റിക്കല്‍ പ്രസ്ഥാനം.

ഞങ്ങളുടെ കൂടലില്‍ ശ്മശാന മൂകത--ഒരു നിമിഷം. പിന്നെ ഒരു പൊട്ടിച്ചിരി. രാമകൃഷ്ണപിള്ളയുടെ ബാധ ഒഴിഞ്ഞു.

താനിതെങ്ങനെ ഒപ്പിച്ചെടോ? അച്യുതന്‍ നായര്‍ ചോദിച്ചു.

ഇത്ര പെട്ടെന്ന് നടക്കുമേന്ന് ഞാന്‍ വിചാരിച്ചില്ല. പക്ഷേ ഇതെല്ലാം തമ്പുരാന്റെ കൈയ്യിലല്ലേ. അദ്ദേഹത്തിന് നമ്മാളോട് കരുണ തോന്നിക്കാണും. ചന്ദ്രന്‍ പറഞ്ഞു. സദാശിവന്‍ കഥ അവസാനിപ്പിച്ചു.

ചന്ദ്രായനം-അദ്ധ്യായം മൂന്ന്

0
എടാ, നിന്റെ കഥ ഇങ്ങേര്‍ക്ക് പെരുത്ത് ഇഷ്ടമായെന്ന്--മാധവന്‍ നായര്‍ എന്നേ ചൂണ്ടി ചന്ദ്രനോടു പറഞ്ഞു.

ഓഹോ. അതിനു ഞാനെന്തു വേണം-ചന്ദ്രന്‍ അവന്റെ തനി സ്വഭാവം പുറത്തെടുത്തു.

എടാ നീ ബോംബയില്‍ വന്നതുമുതലുള്ള കാര്യം പറ. അങ്ങേരതു പുസ്തകമാക്കാന്‍ പോന്നെന്ന് . നീ ഹീറോ.

വട്ടു ഹീറോ-ചന്ദ്രന്‍ തിരുത്തി. എന്നാല്‍ കേട്ടോ. ഞാന്‍ ആദ്യം താമസിച്ചത്--ബോംബയില്‍ വന്നതിനു ശേഷം-- മഹാലക്ഷ്മിയിലാണ് താമസിച്ചത്. ചര്‍ച്ച് ഗേറ്റില്‍നിന്നും അഞ്ചാമത്തേ സ്റ്റേഷനാണ് മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ക്ഷേത്രം അവിടെയുള്ളതുകൊണ്ടാണ് ആ പേരു കിട്ടിയത്. റയിവേ സ്റ്റേഷന്റെ തൊട്ടു പിന്നിലാണ് റേസ് കൊഴ്സ്. കുതിരപ്പന്തയം നടത്തുന്ന സ്ഥലം. അതിന്റെ അതിരിനിപ്പുറത്ത്, മി. സല്‍ദാനായുടെ ലോഡ്ജ്. ലോഡ്ജിന്റേയും റേസ്കൊഴ്സിന്റെയും അതിര്‍ത്തിഒന്നാണ്. കുതിരപ്പന്തയം ഫ്രീ ആയി കാണാം-ലോഡ്ജിലിരുന്നാല്‍. ലോഡ്ജിനു മൂന്നു മുറികള്‍. ഒരു മുറിയില്‍ നാലു കട്ടിലുകള്‍. ഒരു കട്ടിലിന് നാല്പതു രൂപാ വാടക. പത്തു മലയാളികളും രണ്ടു ഗോവക്കാരുമാണ് ഞാനവിടെ എത്തുമ്പോള്‍. ഞാനുള്‍പടെ. രണ്ടു ഗോവക്കാരും വളരെ പ്രായം ചെന്നവരാണ്. അതിലൊരാള്‍ എപ്പോള്‍ നോക്കിയാലും വാഷ്ബേസിന്റെ മുമ്പിലാണ്. സോപ്പിട്ടു മുഖം കഴുകിക്കൊണ്ടിരിക്കും. വെപ്പുപല്ലാണ്. അതെടുത്ത് ഒരു മഗ്ഗിലിട്ട്, സോപ്പിട്ട് അങ്ങനെ മുഖം കഴികിക്കൊണ്ടിരിക്കും. ആദ്യത്തേ സോപ്പിന്റെ പതതീര്‍ന്നാല്‍ വീണ്ടു സോപ്പു പുരട്ടും. എന്തിനാണെന്നറിഞ്ഞുകൂടാ. അദ്ദേഹം റിട്ടയര്‍മെന്റ് ആസ്വദിക്കുകയാണ്. ലോഡ്ജിലെത്തിയാല്‍ വാഷ്ബേസിന്റെ മുന്നിലാണ്. ആര്‍ക്കും ഒരു പരാതിയും ഇല്ല.

മറ്റേയാള്‍ ഒരുപെയിന്ററാണ്. യേശുക്രിസ്തുവിന്റെ പടം വരച്ചുകൊടുക്കുകയാണ് ജോലി. ഒരു പടത്തിന് ഇരുനൂറ്റമ്പതുരൂപയാണ് ചാര്‍ജ്. ഇഷ്ടം പോലെ ഓര്‍ഡര്‍ കെട്ടിക്കിടക്കുകയണ്. മാസം ഒന്നോ രണ്ടൊ പടമേ വരയ്ക്കൂ. എന്റെ ബാങ്കിലേ ശമ്പളം നൂറ്റി അറുപത്തഞ്ചുരൂപാ അമ്പതു പൈസയാണെന്നോര്‍ക്കണം.

അയാളല്ലേ നിന്നേ വെള്ളമടിക്കാന്‍ കൊണ്ടു പോയത്? മാധവന്‍ നായര്‍ ചോദിച്ചു.

അതേ. ചന്ദ്രന്‍ പറഞ്ഞു. ഞാന്‍ ചെന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഒരു പണിയുമില്ലാതെ മുറിയില്‍ കിടന്നുറങ്ങുകയും, ഇടയ്ക്കിടയ്ക്ക് എഴുനേറ്റിരിക്കുകയുമാണ്. രണ്ടാമത്തെ ദിവസം ഈ പുള്ളി എന്റടുത്തു വന്നു.

നമുക്കൊന്നു പുരത്തു പോകാം. അദ്ദേഹം പറഞ്ഞു.

വെറുതേഇരുന്ന ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ രണ്ടുപേരും കൂടി പതുക്കെ നടന്ന് റയില്‍ വേ സ്റ്റേഷന്റെ തെക്കു വശത്തുകൂടി കിഴക്കോട്ടു നടന്നു. പറയുന്നതിനിടയ്ക്ക് ഈ ദിക്കുകളൊക്കെ എനിക്കു തോന്നിയതാണ്. കേട്ടോ. ശരിയാണോ എന്നറിയില്ല. അവിടെ കുറെ ചെറിയ ഒറ്റമുറിക്കടകള്‍ ഉള്ള ഒരു ലെയിനിലേക്ക് കയറി. ഒരു കടയുടെ മുന്നില്‍ എത്തിയപ്പോള്‍ കടക്കാരന്‍ നമ്മുടെ കലാകാരനേ ആദരപൂര്‍വ്വം എതിരേറ്റ് ഇരുത്തി. എന്നേയും. കടക്കാരന്‍ രണ്ടു വലിയ ഗ്ലാസുകളില്‍ നമ്മുടെ പഴങ്ങഞ്ഞി വെള്ളം പോലിരിക്കുന്ന എന്തോ സാധനം ഞങ്ങളുടെ മുന്നില്‍ കിടന്ന മേശപ്പുറത്തുവച്ചു. എനിക്കതു കണ്ടപ്പോഴേ ഓക്കാനം വന്നു.

Have it. കലാകാരന്‍ പറഞ്ഞു. അദ്ദേഹം തന്റെ മുന്നിലിരുന്ന ഗ്ലാസെടുത്ത് ഒറ്റ വലി. എന്നിട്ട് ഗ്ലാസ് മേശപ്പുറത്തുവച്ചു. കടക്കാരന്‍ വീണ്ടും അത് നറച്ചു. ഞാന്‍ ഗ്ലാസ് മനസ്സില്ലാമനസ്സോടെ ചുണ്ടോടടുപ്പിച്ചു. എന്തോ അവിഞ്ഞ മണം. ഞാന്‍ ഗ്ലാസ് താഴെ വച്ചു.

It is pure vegitarian. Not liquor. കലാകാരന്‍ പ്രോത്സാഹിപ്പിച്ചു.

ഞാന്‍ ഒരു വളിച്ച ചിരിചിരിച്ച് കണ്ണിറുക്കി കാണിച്ചു. വേണ്ടാ എന്നര്‍ത്ഥത്തില്‍.

അദ്ദേഹം ആ ഗ്ലാസും അകത്താക്കി. ഞങ്ങള്‍ തിരിച്ചു നടന്നു. അദ്ദേഹം ആടിയാടി-കൊഴകൊഴാന്ന് എന്തോ പറയുന്നുമുണ്ട്. എനിക്കു പേടിയായി. എങ്ങാനും മറിഞ്ഞു വീണാല്‍! ഒരുവിധത്തില്‍ മുറിയിലെത്തിയെന്നു പറഞ്ഞാല്‍ മതി.

ഞാന്‍ മുറിയിലെത്തിയപ്പോള്‍ സുകുമാരന്‍ നായര്‍--എടാ ഇങ്ങോട്ടു വാ-എന്നു പറഞ്ഞ് എന്റടുത്തുവന്ന് വായ മണപ്പിച്ചു. നീ വെള്ളമടിക്കാന്‍ പോയതാണൊ അങ്ങേരുടെ കൂടെ-എന്നു ചോദിച്ചുകൊണ്ട്. മണം കിട്ടാഞ്ഞതുകൊണ്ട്--എന്താടാ നിനക്കു വാങ്ങിച്ചുതന്നില്ലേ-എന്നു ചോദിച്ചു.

ഞാന്‍ ഉണ്ടായ ചരിത്രമെല്ലാം പറഞ്ഞു. ചന്ദ്രന്‍ തുടര്‍ന്നു.

എടാ ഈ ഗോവക്കാരുടെ കൂടെ കൂടരുത്. സുകുമാരന്‍ നായര്‍ എനിക്കു മുന്നറിയിപ്പു നല്‍കി. ഈ സുകുമാരന്‍ നായര്‍ എന്റെ കൂടെ പഠിച്ചതാണ്. ഞാങ്ങളുടെ ക്ലാസ്സിലേ എറ്റവും വലിയ ആണ്‍കുട്ടിയായിരുന്നു. ഫുട്ബാള്‍ ബായ്ക്ക്. എല്ലാവരേയും എട-പോടാന്നേ വിളിക്കൂ. ഞാങ്ങള്‍ ബാ‍ക്കി കുട്ടികളെല്ലാം സുകുമാരന്‍ നായരുടെ തോളറ്റം വരെയേ ഉള്ളൂ. ഇളം കറുപ്പുനിറത്തില്‍ സുന്ദരന്‍ . ഒതുങ്ങിയ ശരീരം. ഞാന്‍ ബോംബയില്‍ അയാളുടെ മുറിയിലായപ്പോള്‍ എന്റെ രക്ഷകര്‍ത്രസ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുകയാണ്. എനിക്കു വിരോധമില്ല. സ്നേഹനിധിയാണ്. അന്ന് ഒരു തേയിലക്കമ്പനിയില്‍ സെയിത്സ്മാനാണ്. പിന്നീട് ഗള്‍ഫില്‍ പോയി വലിയ നിലയിലായി.

പിന്നെ ലോഡ്ജില്‍ ഉണ്ടായിരുന്നത് ഒരു ടെക്സ്റ്റൈല്‍ ഇന്‍സ്പെക്റ്ററാണ്. അദ്ദേഹത്തിന് തന്റെ സ്വന്തം പ്രാധാന്യത്തേക്കുറിച്ച് നല്ല മതിപ്പാണ്. എന്നേ വിളിച്ച് മുന്നിലിരുത്തി--ഞാന്‍ നിര്‍പ്പണിയനാണല്ലൊ- അദ്ദേഹം വിവിധ മില്ലുകളില്‍നിന്നും ബാഗിലാക്കി കൊണ്ടു വന്നിരിക്കുന്നഫയലുകള്‍ നിരത്തി പറയും--ഹോ എന്റെ ചന്ദ്രാ എന്തൊരു പണിയാണ്. ദേ ഈ ഫയലുകള്‍ എല്ലാം ഞാന്‍ തന്നെ ഒപ്പിടണം=എന്നും പറഞ്ഞ് ഓരോന്നെടുത്ത് തുരുതുരാന്ന് ഒപ്പിട്ടുവയ്ക്കും. സര്‍വ്വപുച്ഛക്കാരനും അഹങ്കാരിയുമായ ഞാന്‍ അതു മറച്ചുവച്ച് എന്തതിശയമേ-ഭാവിക്കും. എന്നിട്ട് മുറിയില്‍ ചെന്നിരുന്ന് ഒറ്റയ്ക്ക് ചിരിക്കും. പില്‍ക്കാലത്ത് അദ്ദേഹം അമേരിക്കയില്‍ പോയെന്നറിഞ്ഞു

പിന്നെ എന്നേ ബോംബയില്‍ എത്താന്‍സഹായിച്ച പ്രൊഫസര്‍ ഗോപാലകൃഷ്ണനാണ്. അദ്ദേഹം ബോട്ടണി പ്രൊഫസറായി നാട്ടില്‍ വന്ന്, ഇപ്പോള്‍ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്നു.

ബാക്കിയുള്ളവര്‍-ഐപ്പ്. സ്റ്റീഫന്‍ , വറീത്--ഇവരുമായി എനിക്കു വലിയ അടുപ്പമില്ല.

അവിടെ ഞങ്ങളുടെ ഒക്കെ കാരണവസ്ഥാനത്തുണ്ടയിരുന്ന ആളാണ് ഞാന്‍ മുമ്പു പറഞ്ഞ പപ്പുവണ്ണന്‍ ‍. ആറടി ഉയരത്തില്‍ വെളുത്തുതടിച്ച ഒരു കഷണ്ടിക്കാരന്‍ ‍. അവിവാഹിതനാണ്. ലോഡ്ജിലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍ പപ്പുവണ്ണനാണ് പറഞ്ഞു തീര്‍ക്കുന്നത്. എല്ലാവരേയും സമഭാവനയോടുകൂടി കാണുന്നതുകൊണ്ട് പപ്പുവണ്ണന്റെ തീര്‍പ്പിന് അപ്പീലില്ല.

ലൊഡ്ജില്‍ നിന്നും താമസം മാറി മാസങ്ങള്‍ കഴിഞ്ഞ് ഞാനൊരു ദിവസം പപ്പുവണ്ണനേ കാണാന്‍ പോയി. ചന്ദ്രന്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ ആഫീസില്‍. എന്നേ കണ്ട് അദ്ദേഹം വളരെ സന്തോഷത്തോടുകൂടി എന്നേ സ്വീകരിച്ച് ജോലിയേക്കുറിച്ചൊക്കെ ചോദിച്ചു. ചായവരുത്തി. കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് ഞാന്‍ പോകാനായി യാത്ര ചോദിച്ചു.

അപ്പോള്‍ പപ്പുവണ്ണന്‍ ‍--എന്താ ചന്ദ്രാ വന്നത്?

പപ്പുവണ്ണനേ ഒന്നു കാണാന്‍ ‍. ഞാന്‍ പറഞ്ഞു.

പപ്പുവണ്ണന് വിശ്വാസം വന്നില്ല.--വെറുതേ കാണാനോ. അദ്ദേഹം ചോദിച്ചു.

അതെ. ഞാന്‍ പറഞ്ഞു.
വല്ല പൈസയുടെ ആവശ്യം? പപ്പുവണ്ണന്‍ തെരക്കി.

വേണ്ടാ. പൈസക്കൊന്നും ബുദ്ധിമുട്ടില്ല. ഞാന്‍ പറഞ്ഞു.

വിഷമിക്കണ്ടാ. പറഞ്ഞോളൂ കുട്ടീ വീണ്ടും പപ്പുവണ്ണന്‍ .

വേണ്ടാ പപ്പുവണ്ണാ. ഞാന്‍ വെറുതേ ഒന്നു കാണാന്‍ വന്നതാ. അവിടെ നിന്നും പോയിട്ട് ഇതുവരെ കണ്ടില്ലല്ലോ. അതുകൊണ്ടാ.

അല്ലാ അങ്ങിനെയാരും ഇതുവരെ വന്നിട്ടില്ല. സാരമില്ല. നിനക്കു നല്ലതുവരും. പപ്പുവണ്ണന്‍ എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അതാണ് പപ്പുവണ്ണന്‍. ചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു.

ഹോ. എന്തൊരത്ഭുതം. ഹിമവല്പര്‍വ്വതത്തിനു താഴ്ച്ച. പ്രളയാഗ്നിക്കു തണുപ്പ്. ഇവന് ഒരാളേക്കുറിച്ച് നല്ല അഭിപ്രായം--മാധവന്‍ നായര്‍ ചാടി എഴുനേറ്റു.

ഇരിക്കെടാ അവിടെ. യഥാര്‍ത്ഥ മഹത്വം എന്നും ചന്ദ്രന്‍ അംഗീകരിക്കും. ചന്ദ്രന്‍ തിരിച്ചടിച്ചു.

അപ്പോഴേക്കും സദാശിവനെത്തി. കഥായെല്ലാം പറഞ്ഞു കഴിഞ്ഞോ? അയാള്‍ ചോദിച്ചു.

നിങ്ങളെന്താ ഇത്രയും താമസിച്ചത്? ചന്ദ്രന്‍ തെരക്കി.

എന്റിഷ്ടാ ഒരു മണിക്കൂര്‍ ഓവര്‍ടൈം കിട്ടി. വയറ്റുപ്പിഴപ്പല്ലേ. സദാശിവന്‍ പറഞ്ഞു.
ആപ്പഴേ എനിക്കൊരു സംശയം. ഞാന്‍ പറഞ്ഞു. നിങ്ങളും മാധവന്‍ നായരും തമ്മില്‍ ഇത്ര അടുപ്പം എന്താ. എന്തെല്ലാം പറഞ്ഞാലും രണ്ടുപേര്‍ക്കും ഒരു പ്രശ്നവുമില്ല. എടാ-പോടാ എന്നൊക്കെയാണ് സംബോധന. വേറേ ആരേയും നിങ്ങള്‍ അങ്ങനെ വിളിക്കുന്നുമില്ല.

അതോ ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെപ്പിറപ്പുകളേപോലെ കൊച്ചിലേ മുതല്‍ കളിച്ചു വളര്‍ന്നവരാ. വായിലങ്ങനേ വരൂ. വേറേ ആരേയും അങ്ങിനെ വിളിക്കാന്‍ തോന്നുകപോലും ഇല്ല.

എന്നേക്കൂടെ അതില്‍ പെടുത്താമോ-- ഞാന്‍ ആത്മാര്‍ത്ഥമായി അന്വേഷിച്ചു.

ചന്ദ്രനും മാധവന്‍ നായരും ചിരിച്ചു.

@ @ @ @ @ @ @ @ @ @ @

അന്ന് മഹാല്‍ക്ഷ്മി സ്റ്റേഷന്‍ വളരെ ചെറിയതാണ്. ചര്‍ച്ച്ഗേറ്റാണ് വെസ്റ്റേണ്‍ റയില്‍ വെയുടെ തെക്കെ അറ്റം. ചന്ദ്രന്‍ പറഞ്ഞു. അവിടുന്ന് ചര്‍ച്ച് ഗേറ്റ് വരെ ഒരണ--ഒരുരൂപയുടെ പതിനാറിലൊരംശം--ആണ് ടിക്കറ്റ് ചാര്‍ജ്ജ്. ചര്‍ച്ച് ഗേറ്റില്‍നിന്നുംകിഴക്കോട്ടു നടന്നാല്‍ഫ്ലോറാഫൌണ്ടനില്‍ എത്തും. ഞാന്‍ പറയുന്ന ദിക്കുകളൊക്കെ എന്റെ തൊന്നലാണേ. അവിടെനിന്നും തെക്കോട്ടു നടന്ന് മൂന്നാമത്തേ റോഡില്‍കൂടി കിഴക്കോട്ടു നടന്നാല്‍ ബാങ്ക് സ്റ്റ്രീറ്റ്. അവിറ്റെയാണ് സ്റ്റേറ്റ് ബാങ്കിന്റെ ഹെഡോഫീസും , സെന്റ്രല്‍ ഓഫീസും.രാവിലേ ഒന്‍പതുമണിക്കിറങ്ങിയാല്‍ ഒന്‍പതരക്ക് ബാങ്കില്‍ എത്താം. അന്നു വലിയ തെരക്കൊന്നും ഇല്ല. അഞ്ചുമിനിട്ട് ഇടവിട്ടാണ് ലോക്കല്‍ ട്രയിന്‍ സര്‍വ്വീസ്. രണ്ടുരൂപാ കൊടുത്താല്‍ റയില്‍ വേ പാസുകിട്ടും. ഒരുമാസത്തേക്ക്. ചര്‍ച്ച് ഗേറ്റിലെത്തിയാല്‍ ഒരു സ്റ്റാളുണ്ട്. ഇഡ്ഡ്ലിസാംബാര്‍ റഡി. രണ്ടണക്ക് ഒരു പ്ലേറ്റ്. രണ്ടുപ്ലേറ്റ് ഇഡ്ഡലിയും ഒരു ചായയും-അരയണ- കഴിച്ചാല്‍ രാവിലത്തേ ശാപ്പടു കുശാല്‍. ഉച്ചയ്ക്ക് ബാങ്കിന്റെ കാന്റീനുണ്ട്. നാലണ-ഊണിന്. വൈകിട്ടു മാത്രമേയുള്ളൂ ആഹാരപ്രശ്നം.

സുകുമാരന്‍ നായര്‍ പറഞ്ഞു. എടാ ആ മഹാലക്ഷ്മി റൌണ്ടില്ലേ? അവിടെ ദില്‍കുഷ് എന്നൊരു ഹോട്ടലുണ്ട്. അവിടെ ചെന്നാല്‍ അത്താഴം സുഭ്ക്ഷം-ആറണയേഉള്ളൂ. ചന്ദ്രന്‍ പറഞ്ഞു. സന്ധ്യ കഴിഞ്ഞ് ഞാനിറങ്ങി. റൌണ്ടിനടുത്തുവന്ന് ഹോട്ടല്‍ തെരക്കിനടന്നു തുടങ്ങി. ഓരോ ബോര്‍ഡും ശ്രദ്ധിച്ചു വായിച്ചുകൊണ്ടാണ് നടന്നത്. ഹോട്ടല്‍ മാത്രം കണ്ടില്ല. എന്നു തന്നെയല്ല ഒരേ പേരില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍. മൂന്നു തവണ ഒരേ പേരിലേ കടകളും, സിനിമാ തിയേറ്ററുകളും കണ്ടുകഴിഞ്ഞപ്പോള്‍ ഞാനെങ്ങോ ദൂരെ എത്തിക്കാണുമെന്നു വിചാരിച്ച് നടപ്പു നിര്‍ത്തി. അടുത്തുകണ്ട ബേക്കറിയില്‍ കയറി എന്തോ കഴിച്ചു. ആകെ സ്ഥലഭ്രാന്തി. എനിക്കെങ്ങോട്ടാണു പോകേണ്ടതെനറിയില്ല. ബേക്കറിക്കാരനോട് മഹാലക്ഷ്മി സ്റ്റേഷന്‍ എവിടെയാനെന്നന്വേഷിച്ചു. അയാള്‍ എന്നേ സൂക്ഷിച്ചുനോക്കി. എന്നിട്ട് ചൂണ്ടിക്കാണിച്ചു. സ്റ്റേഷന്റെമുമ്പിലാണ് ബേക്കാറി. തിരിച്ചു ലോഡ്ജിലെത്തി-ദില്‍കുഷ് എന്നൊരു ഹോട്ടലില്ലെന്നും, ഒരെപേരിലുള്ള കടകളും തീയേറ്ററും മൂന്നെണ്ണം ഞാന്‍ കണ്ടെന്നും മറ്റും പറഞ്ഞു. സുകുമാരന്‍ നായര്‍ പൊട്ടിച്ചിരിച്ചു. എടാ മരമണ്ടാ നീ ആ റൌണ്ടിനു ചുറ്റും മൂന്നു തവണ നടന്നു.

ഞാന്‍ നേരേ തന്നെയാണ് നടന്നത്==ഞാന്‍ പ്രതിഷേധിച്ചു. ചന്ദ്രന്‍ പറഞ്ഞു.

അതേടാ പൊട്ടാ- സര്‍ക്കിളിനുചുറ്റും നേരേ നടന്നു നടന്ന് നീ നേരം വെളുപ്പിച്ചില്ലല്ലോ-ഭാഗ്യം. സുകുമാരന്‍ നായര്‍ ആശ്വസിപ്പിച്ചു.

നമുക്കോരോ ചായ കുടിച്ചാലോ ഞാന്‍ ചോദിച്ചു. എല്ലവര്‍ക്കും സമ്മതം. ഞാങള്‍ ചായകുടിക്കാന്‍ പുറപ്പെട്ടു. റോഡിലെത്തിയപ്പോള്‍ സൈമണ്‍ ഓടിക്കിതച്ചു വരുന്നു. അവിടെ ഒരു കമ്പനിയിലേ യാര്‍ഡ് സൂപ്പര്‍വൈസറാണ് സൈമണ്‍. താമസംഞങ്ങളുടകൂടെയാണ്.കേരളഹോട്ടലില്‍. സൈമണ്‍ അണച്ചുകൊണ്ടു പറഞ്ഞു. അങ്ങോട്ടു പോകല്ലേ. അവിടെ ഭയങ്കര അടി നടക്കുന്നു. ഗുണ്ടാവിളയാട്ടം. സദാശിവന്‍ പറഞ്ഞു. സരമില്ല. ഈയാള്‍ ജുഡോ പഠിച്ചതാണ്.

അതേ ചന്ദ്രന്‍ പറഞ്ഞു. ഗുണ്ടകളുടെ തല്ലുമേടിക്കാനല്ല. നമുക്കു തല്‍ക്കാലം ചായ വേണ്ടെന്നു വയ്ക്കാം.

അതെന്നാടാ നീ അടിപിടി പഠിച്ചത്. എന്നോടു പറഞ്ഞില്ലല്ലോ. മാധവന്‍ നായര്‍ പരിഭവിച്ചു.

ഓ അതേ ഒരു ദിവസം ഞാന്‍ബാങ്കിലേക്കു നടക്കുമ്പോള്‍ ഒരു സംഭവം കണ്ടു. ഈ വഴിവാ‍ാണിഭക്കാരായ വില്പനക്കാരുണ്ടല്ലോ. പേന മുതലായ സാധനങ്ങള്‍. അതിലൊറാളുടെ പക്കല്‍നിന്ന്മറ്റൊരാള്‍ ഒരു പേന വാങ്ങി. നാലണയാണ് വില. വാങ്ങിയ ആള്‍ അതുകൊണ്ട് ഒരു പേപ്പറില്‍ വരച്ചു. അതു പൊട്ടിപ്പോയി. ഇതു പൊട്ടിപ്പോയല്ലോ എന്ന് അയാള്‍ പറഞ്ഞു. അയ്യടാ ന്നലണക്കു പേനവേണം-പൊട്ടരുത്. വാണിഭക്കാരന്‍ കളിയാക്കി. വാങ്ങിയ ആള്‍ ഒരു പേന കടന്നെടുത്തു. വാണിഭക്കാരന്‍ ഈയാളുടെ കോളറില്‍ പിടിച്ചു. അതാ വാണിഭക്കരന്‍ താഴെ മലര്‍ന്നു കിടക്കുന്നു. ഉറക്കെ നിലവിളിക്കുന്നുമുണ്ട്. യഹ് ജാദൂ കിയാ--ജാദൂകിയാ എന്ന്, മാജിക് കാണിച്ചാണ് അയാളേ വീഴ്തിയതെന്ന് . ആളുകൂടി. ഒരു പോലീസ് ഇന്‍സ്പെക്റ്ററും വന്നു. പേന വാങ്ങിയ ആളേക്കണ്ട് നിലവിളിക്കുന്നവനോടു പറഞ്ഞു. അരേ യഹ് ജാദൂ നഹി. ജുഡോഹെ. തും ഇസ്കോ പക്കഡാ ക്യാ. യ്ഹ് തോ ജുഡോ ഇന്‍സ്റ്റ്രക്ടര്‍ ഹെ. ഇത് ജുഡൊ പഠിപ്പിക്കുന്ന ആളാണെന്നും അയാള്‍ക്ക് പോലീസ് സ്റ്റേഷനില്‍ റജിസ്റ്റ്രേഷനുണ്ടെന്നും മറ്റും പറഞ്ഞ് അയാളേ വിളിച്ചുകൊണ്ടുപോയി. എനിക്ക് ഈ വിദ്യ ഒന്നു പഠിക്കണമെന്നു തോന്നി. അങ്ങിനെഞാന്‍ ആറുമാസം പഠിച്ചു. ഞങ്ങടെ സാറു പ്രത്യേകം പറഞ്ഞ കാര്യം ബോംബേ ഗുണ്ടകളുമായി ഒരിക്കലും ആവശ്യമില്ലാതെ മുട്ടരുതെന്നാ‍ണ്. സെല്‍ഫ് ദിഫന്‍സ് ഈസ് നാഷണല്‍ ഡിഫന്‍സ് അല്ലതെ തച്ചോളി ഓതെനനേപ്പോലെ വഴക്കുണ്ടാകുന്നിടത്തു ചെന്ന് ഇടപെടാനല്ല. നമുക്ക് കരുത്തുണ്ടെങ്കില്‍ മറ്റുള്ളവര്‍ അംഗീകരിക്കും. ശക്തനേ മത്രമേ സ്മൂഹം ബഹുമാനിക്കുകയുള്ളൂ. മറ്റുള്ളവര്‍ സഹായത്തിനെത്തണമെങ്കിലും നമുക്കു ശക്തിയുണ്ടന്ന് അവര്‍ക്കു ബോദ്ധ്യമാകണം. ജരാസന്ധന്‍ മഥുര ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ മഥുരയിലേ രാജാവ്-കംസന്റെ അച്ഛന്‍ --ഭാരതത്തിലേ സകല രാജാക്കന്മരോടും സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ ഓരോ കാരണങ്ങള്‍ പറഞ്ഞ് സകലരും ഒഴിഞ്ഞുമാറി. ബന്ധുക്കളും അതിശക്തരുമായിരുന്ന ഹസ്തിനാപുരം ഉള്‍പടെ.

ഈങ്ങനെയൊന്നും പറഞ്ഞാല്‍ ഞങ്ങള്‍ക്കു മനസ്സിലാകത്തില്ല. എന്റിഷ്ടാ വിശദമായിട്ടു പറ. സദാശിവന്‍ പറഞ്ഞു. മാധവന്‍ നായരും ഞാനും ഈ അഭിപ്രായത്തോടു യോജിച്ചു. ഏതായാലും ചായ കുടി പൊളിഞ്ഞു. താന്‍ ഈ കഥ പറ. ഞാന്‍ പറഞ്ഞു.

ശ്രീകൃഷ്ണനേയും കസനേയും ഒക്കെ നിങ്ങള്‍ക്കറിയാമല്ലോ. ചന്ദ്രന്‍ കഥ തുടങ്ങി. കംസനേ ശ്രീകൃഷ്ണന്‍ വധിച്ചു കഴിഞ്ഞ് കംസന്റെ ഭാര്യമാരായ ഹസ്തിയും, പ്രാപ്തിയും, അവരുടെ അച്ഛനായ ജരാസന്ധന്റെ അടുത്തുചെന്ന് സങ്കടം പറഞ്ഞു. അതിശക്തനായ കംസന്റെ സഹായത്തോടെ സാമ്രാജ്യം സ്ഥപിക്കാമെന്ന് സ്വപ്നം കണ്ടിരുന്ന ജരാസന്ധന് കസവധം ഒരു വലിയ അടിയായിപോയി. അയാള്‍ മഥുര ആക്രമിക്കാന്‍ തീരുമാനിച്ചു. രണ്ടു കന്നാലിപ്പിള്ളാര്‍-ശ്രീകൃഷ്ണനും, ബലരാമനും-തന്നേ വെല്ലുവിളിക്കുന്നു. അവര്‍ക്ക് മഥുര രാജാവിന്റെ സപ്പോര്‍ട്ടും.

അപ്പോള്‍ ശ്രീകൃഷ്ണനല്ലേ മഥുരയിലേ രാജവ്? മാധവന്‍ നായര്‍ക്ക് സംശയം.

അല്ല. അദ്ദേഹത്തിന് ഭരണമൊന്നും വേണ്ടാ. കംസന്റെ അച്ഛന്‍ ഉഗ്രസേനനേത്തന്നെ ജയിലില്‍നിന്ന് മോചിപ്പിച്ച് അദ്ദേഹത്തേ രാജാവായി വാഴിച്ചു. കംസന്റെ ഭരണകാലത്ത് ജരാസന്ധന്റെ പ്രേരണയാല്‍, മഥുരനിവാസികളേ നിരന്തരം പീഡിപ്പിച്ച്, അവരുടെ ശക്തി അതിവിദഗ്ദ്ധമായി ചോര്‍ത്തിക്കളഞ്ഞു. മഥുര ആകെ കുത്തഴിഞ്ഞ്, ദേശരക്ഷാസവിധാനമോ യോദ്ധാക്കളോ ഒന്നുമില്ലാതെ ഒരു ദുര്‍ബ്ബലരാജ്യമായി തീര്‍ന്നു. കംസന്റെ മരണാനന്തരം അയാളേ പേടിച്ച് ഓടിപ്പോയിരുന്നവരും തിരിച്ചു വന്ന്-ഇനി ഒന്നും പേടിക്കാനില്ലെന്നുള്ള ഭാവത്തില്‍ കഴിഞ്ഞു വരികയാണ്. ജരാ‍സന്ധന്‍ ആക്രമിക്കാന്‍ വരുന്നെന്നറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ, അയല്‍ രാജ്യങ്ങളിലേക്ക് സഹായത്തിന് അഭ്യര്‍ഥിച്ച് ദൂതരേ വിട്ടു. ദുര്‍ബ്ബലമായ മഥുരയേ സഹായിച്ച് ജരാസന്ധനേ പിണക്കാ‍ന്‍ ആരും തയ്യാറായില്ല. അതിശക്തനായ ഭീഷ്മരുടെ നേതൃത്വത്തിലുള്ള ഹസ്തിനാപുരം പോലും. ശ്രീകൃഷ്ണന്റെ അച്ഛന്‍ പെങ്ങളാണ് കുന്തിയെന്നോര്‍ക്കണം.

എന്നിട്ടെന്തു സംഭവിച്ചു. സദാശിവന്‍ ചോദിച്ചു.

ശ്രീകൃഷ്ണനേയും, ബലരാമനേയുമാണല്ലോ ജരാസന്ധന് നോട്ടം. അതുകൊണ്ട് സ്വയം അവര്‍ അവിടെനിനന്നും ഒളിച്ചോടാമെന്നും, നിങ്ങള്‍ സന്ധി സംഭാഷണത്തിലൂടെ ജരാസന്ധനേ അനുനയിപ്പിക്കണമെന്നും ശ്രീകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അവരേ പിടികൂടാനായില്ലെങ്കില്‍, ജരാസന്ധന്റെവരവു നിഷ്ഫലമാകുമെന്ന് അയാളേ ബൊദ്ധ്യപ്പെടുത്തിയാല്‍ മതി.

അങ്ങിനെ അവര്‍ രണ്ടുപേരും ഒളിവില്‍ പോവുകയും, അക്രൂരന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം ജരാസന്ധനേകണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

എന്നിട്ടങ്ങേരു വിശ്വസിച്ചോ.? സദാ ശിവന്‍ .

ഇല്ല. പക്ഷേ തല്‍ക്കാലം ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. കംസന്റെ പെങ്ങള്‍ കംസയുടെ മൂത്ത മകന്‍ ബ്രഹത്ബലനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കംസന്‍ മരിച്ചുകഴിഞ്ഞ് മഥുരയിലേ രാജാവാകാന്‍ നൊയമ്പും നോറ്റിരിരിക്കുന്ന ആളാണ്. അതിനിടയ്ക്കാണ് കൃഷണന്‍ വന്ന് എടങ്കോലിട്ടത്. അതുകൊണ്ട് കൃഷ്ണനേ അയാള്‍ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. അവനേ വച്ചൊരു കളികളീക്കാമെന്ന് ജരാസന്ധന്‍ നിശ്ചയിച്ചു. സഹതാപമഭിനയിച്ച് അവനേ രഹസ്യമായി വിളിച്ച് അടുത്ത മഥുരയുടെ അവകാശി അവനാണെന്നും, നമുക്ക് സൌഹൃദത്തില്‍ കഴിയാമെന്നും മറ്റും പറഞ്ഞ് അവനേ മോഹിപ്പിച്ച് ശ്രീകൃഷ്ണനും, ബലരാമനും ഏതുവഴിയാണ് പോയതെന്ന് മനസ്സിലാക്കി. തന്റെ മോഹം പൂവണിയാന്‍ പോകുന്നു--ബ്രഹത്ബലന്‍ വിശ്വസിച്ചു.

ജരാസന്ധന്‍ ആക്രമണ പദ്ധതി ഉപേക്ഷിച്ചു. ശ്രീകൃഷ്ണനും ബലരാമനും, ഗോവയിലേമലനിരകളില്‍ താമസിച്ച്, അവിടുത്തേ ജനങ്ങളായ ഗരുഡവര്‍ഗ്ഗക്കാരുടെ സഹായത്തോടെ പിന്നാലേ അന്വേഷിച്ചു ചെന്ന ജരാസന്ധനേ തോല്‍പ്പിച്ചോടിച്ചു. അവര്‍ പോയത് വിദര്‍ഭ രാജ്യത്തുകൂടിയാണ്, അവിടെവച്ചാണ് രുഗ്മിണിയേ കണ്ടതും, പരിചയപ്പെട്ടതും എല്ലാം.

നില്ല്-നില്ല്. സദാശിവന്‍ പറഞ്ഞു. ഇങ്ങനെ ഓടിച്ചു പറഞ്ഞാല്‍ പോരാ. കഥ വിശദമായി പറയണം.

നോ-നോ. ചന്ദ്രന്‍ പറഞ്ഞു. ഇത് മഹാഭാരതം കഥയാണ്. ഈ കൊല്ലം മുഴുവന്‍ പറഞ്ഞാലും തീരത്തില്ല. നമ്മള്‍ തുടങ്ങിയ കഥ തീരട്ടെ.

അങ്ങിനെയിരിക്കുമ്പോള്‍ ജരാസന്ധന്റെ പ്രേരണമൂലം വിദര്‍ഭരാജാവിന്റെ മകള്‍ രുഗ്മിണിയേ ചേദിരാജാവായ ശിശുപാലനേക്കൊണ്ടും, ജരാസന്ധന്റെ കൊച്ചുമകളേ രുഗ്മിണിയുടെ സഹോദരന്‍ രുഗ്മിയേക്കൊണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ബന്ധുബലം കൂട്ടാന്‍ ജരാസന്ധന്റെ വിദ്യ. രുഗ്മിണിയുടെ വിവാഹത്തിന് മഥുര രാജാവിനേ മാത്രം ക്ഷണിച്ചില്ല.

ഇത് അവമാനമാണെന്നും ഇതിനു കാരണക്കാരന്‍ കൃഷ്ണനാണെന്നും,ബ്രഹത്ബലനും കൂട്ടരും പ്രചരിപ്പിച്ച് കൃഷ്ണനെതിരായ പ്രക്ഷോഭത്തിന് തിരികൊളുത്തി. ആളു സ്ഥലത്തില്ലല്ലോ. അങ്ങിനെയിരുന്നപ്പോള്‍ കൃഷ്ണനും ബലഭദ്രനും തിരിച്ചെത്തി. ജരാ‍സന്ധനേ തോല്പിച്ച കഥ അറിഞ്ഞിരുന്നതിനാല്‍ വീരോചിതമായി അവരേ സ്വീകരിച്ചു. പക്ഷേ ബ്രഹത്ബലനും കൂട്ടരും ഈ അവമാനത്തിനു പകരം ചോദിക്കാന്‍ കൃഷ്ണന്‍ ബാദ്ധ്യസ്ഥനാണെന്ന് പ്രചരിപ്പിച്ചുകൊണ്ടു നടന്നു.

കൃഷ്ണന്‍ വന്നയുടനേ ചെയ്തത്, നൂറ്റാണ്ടുകളായി മഥുരയില്‍ നടന്നുകൊണ്ടിരുന്നതും, കംസന്‍ നിരോധിച്ചതുമായ രഥോത്സവം നടത്താന്‍ തീരുമാനം എടുക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പിന് മഥുരയിലുള്ള സകല യുവാക്കളും സാന്ദീപനിയുടെ ആശ്രമത്തില്‍ രഥയോട്ടം പഠിക്കാന്‍ ഹാജരാകണമെന്ന് രാജാവിനേക്കൊണ്ട് വിളബരം പുറപ്പെടുവിക്കയും ചെയ്തു. ആയിരം പേരുടെ രഥയോട്ടമത്സരം!

ബ്രഹത്ബലനും സംഘവും ഇതിനെതിരേ രംഗത്തുവന്നു. രാജ്യത്തിന് അവമാനം വന്നിരിക്കുന്ന ഈസമയത്ത് ഉത്സവത്തിനു നടക്കുകയാണെന്നും, ഉടനേ പകരം ചോദിക്കണമെന്നും അവര്‍ ശഠിച്ചു. ഒരു ദിവസം എല്ലാവരും കൂടി കൃഷ്ണനേ വിളിച്ചുവരുത്തി സംസാരിക്കാന്‍ തീരുമാനിച്ചു. സത്യകിയേ പറഞ്ഞയച്ചു. കൃഷ്ണന്‍ വന്നു.

ബ്രഹത്ബലന്‍ പറഞ്ഞു. വിദര്‍ഭരാജാവിനോട് ഉടന്‍ പകരം ചോദിക്കണം. ഉടനേ ആ രാജ്യം ആക്രമിക്കാന്‍ സൈന്യത്തേ അയയ്ക്കണം.

കൃഷ്ണന്‍ മന്ദസ്മിതം തൂകി. അതേ ഉടന്‍ തന്നെ നമുക്കു ഔറപ്പെടാം. അങ്ങയേ യുവരാജാവാക്കാന്‍ ഞാന്‍ മഹാരാജാവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉടന്‍ അതു ശരിയാകും. അങ്ങയുടെ നേതൃത്വത്തില്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പു നടത്തിക്കോളൂ. എന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

ആഴമേറിയ ഒരു കുഴിയുടെ വക്കില്‍ പെട്ടെന്നു പെട്ടപോലെ ബ്രഹത്ബലന്‍ ഒന്നു ഞെട്ടി. വെള്ളമടിച്ച്, യുവരാജാവു കളിച്ച് പറഞ്ഞുകൊണ്ടു നടക്കുന്നതു രസമാണ്. യുദ്ധം ചെയ്യാനോ! അയ്യോ ര്‍ഥത്തില്‍ കയറി, കുതിര ഓടിയാല്‍ മറിഞ്ഞുവീഴും. കൃഷ്ണന്‍ മനപ്പൂര്‍വ്വം കെണിയില്‍ വീഴ്തിയതാണോ? അയാള്‍ വിറച്ചു. എനിക്കു യുവരാജാവാകണ്ടാ-അയാള്‍ വിചാരിച്ചു. കൂടെ നടന്നവര്‍ക്കും കാര്യം പിടികിട്ടി. കുറ്റം പറഞ്ഞുകൊണ്ടു നടക്കുന്നതുപോലല്ല യാതാര്‍ത്ഥ്യത്തേ അഭിമുഖീകരിക്കുമ്പോള്‍. ബ്രഹത്ബലനേ അനുകൂലിക്കുന്നതു ബുദ്ധിയല്ലെന്ന് അവര്‍ക്കും തോന്നി.

ബ്രഹത്ബലന്‍ പെട്ടെന്ന് മഹാരാജാവിനേ കണ്ടു പറഞ്ഞു. എനിക്ക് യുവരാജാവാകണ്ടാ. കൃഷ്ണനേ ആക്കിയാല്‍ മതി.

മഹാരാജാവു പറഞ്ഞു--നീ കുറേ നാളായി യുവരാജാവാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. പെട്ടെന്ന് ഇപ്പോള്‍ എന്തുപറ്റി? ആട്ടെ നമുക്ക് ആലോചിക്കാം.

വൈകിട്ടു സഭകൂടി. ഈ ഗുരുതരമായ പ്രശ്നം എങ്ങിനെ പരിഹരിക്കുമെന്നു തീരുമാനിക്കാന്‍ .

കൃഷ്ണന്‍ പറഞ്ഞു. നാം ദുര്‍ബ്ബലരാണെന്ന് ഈ മഹാരാജ്യത്തിലേ എല്ലാ രാജ്യക്കാര്‍ക്കും അറിയാം. നമ്മേ എങ്ങിനെഅവഹേളിച്ചാലും സഹിക്കുകയല്ലാതെ ഒന്നും ചെയ്യില്ലെന്നും അവര്‍ക്കറിയാം.

ചൈനക്കാര്‍ നമ്മളേ ആക്രമിച്ചതുപോലെ--മാധവന്‍ നായര്‍ക്കു ബോധം ഉദിച്ചു.

അതുതന്നെ. പഞ്ചശീലം പറഞ്ഞുകൊണ്ടിരുന്നാല്‍ അര്‍ക്കും ആപ്പടിക്കാം-ചന്ദ്രന്‍ പറഞ്ഞു. അതുപോട്ടെ. കൃഷ്ണന്‍ തുടര്‍ന്നു. ജരാസന്ധന്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ബന്ധുരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടെന്തായി? ദുര്‍ബ്ബലനേ സഹായിക്കാന്‍ ആരും മുതിരില്ല. ഞാന്‍ രതോത്സവം സംഘടിപ്പിച്ചത് ഉത്സവം ആഘോഷിക്കാനല്ല. ആയിരം മഹരഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. അതിന്റെ സന്ദേശം എല്ലാരാജാക്കന്മാര്‍ക്കും മനസിലാകും. ആയിരം മഹാരഥികളുള്ള ഒരു രാജ്യത്തേ ആക്രമിക്കാന്‍ അത്ര എളുപ്പം ആര്‍ക്കും ധൈര്യം വരില്ല. നമ്മുടെ ബന്ധുത്വത്തിനുവേണ്ടി രാജാക്കന്മാര്‍ ഇങ്ങോട്ടു വരും. നിങ്ങള്‍ രഥോത്സവം വിജയിപ്പിക്കാന്‍ ശ്രമിക്കൂ. ബാക്കീഎല്ലാം തനിയേ നടന്നോളും.

കൊല്ലങ്ങള്‍ കഴിഞ്ഞ് നമ്മള്‍ പൊഖ്രാനില്‍ അണുപരീക്ഷണം നടത്തിയത് ഞാന്‍ ഓര്‍ത്തു. ആദ്യത്തേ പ്രതിഷേധം കഴിഞ്ഞ് അമേരിക്കയുള്‍പടെ നമ്മളുമായി സഖ്യത്തിനു വന്ന കാര്യവും. യുഗപുരുഷന്മാരുടെ ദീര്‍ഘദൃഷ്ടി!

എല്ലാവര്‍ക്കും ബോധം ഉദിച്ചു. ബ്രഹത്ബലന്റെ കൂട്ടുകാരും രഥോത്സവത്തിനു തയ്യാറായി. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.

എന്നിട്ട്-സദാശിവന്‍ ചോദിച്ചു.

എന്നിട്ടൊന്നുമില്ല. ഇപ്പോള്‍ ഞാന്‍ ജുഡോ പഠിക്കാന്‍ പോയതിന്റെ കാര്യം തിരിഞ്ഞോ? ചന്ദ്രന്‍ ചോദിച്ചു.

നീ ജുഡോയോ കരാട്ടേയൊ എന്തുവേണേല്‍ പഠിച്ചോ. ഞങ്ങളതു മറന്നേപോയി. നീ ഈ കഥയുടെ ബാക്കി പറ. മധവന്‍ നായര്‍ പറഞ്ഞു. എല്ലാവരും പിന്താങ്ങി.

എന്നാല്‍ കേട്ടോ. ചന്ദ്രന്‍ പറഞ്ഞു. അടുത്തമാസമാണ് രുഗ്മിണിയുടെ സ്വയംവരം തീരുമാനിച്ചിരിക്കുന്നത്. സ്വയം വരം എന്ന് പറച്ചിലേയുള്ളൂ. കാര്യങ്ങളെല്ലാം ജരാസന്ധനും രുഗ്മിയും കൂടി തീരുമാനിച്ചു കഴിഞ്ഞതാണ്. പെണ്ണിനും, അച്ഛനും ഒന്നും ഇഷ്ടമല്ല. പക്ഷേ ജരാസസ്ന്ധനേ പേടിച്ച് പുറത്തുപറയുന്നില്ലെന്നു മാത്രം.

സ്വയംവരത്തിനു പതിനഞ്ചു ദിവസത്തിനു മുമ്പ് വിദര്‍ഭയില്‍ ഒരു വാ‍ര്‍ത്ത പരന്നു. ഏതൊ രാജാവ് അനവധി മഹാരഥന്മാരോറ്റും, വലിയ സൈന്യത്തോടും കൂടി വിദര്‍ഭയിലേക്കു പുറപ്പെട്ടിട്ടുണ്ട്. അവരുടെ യഥാര്‍ത്ഥ ബലമോ ലക്ഷ്യമോ അറിയില്ല. മഥുര ഒഴിച്ചുള്ള രാജ്യങ്ങളിലേ രാജാക്കന്മാരെല്ലാം വിദര്‍ഭയിലെത്തിയിട്ടുണ്ട്. സ്വയം വരത്തില്‍ പങ്കെടുക്കാന്‍ . അങ്ങിനെയിരിക്കുമ്പോള്‍ വേറൊരു സംഭ്രമജനകമായ വാര്‍ത്ത, ഗോവയില്‍ വച്ചു ജരാസന്ധനേ തോല്‍പ്പിച്ചോടിച്ച വാസുദേവന്‍ കൃഷ്ണനാണ് പടയുമായി വരുന്നത്. കൃഷ്ണന്റെ പരാക്രമ കഥകളെല്ലാം കേട്ട് വിദര്‍ഭയിലേ ചെറുപ്പക്കാര്‍ ആകാംക്ഷാഭരിതരായി--തങ്ങളുടെ ഹീറോയേ കാണാന്‍ ! മഥുരയേ സ്വയംവരത്തിനു ക്ഷണിക്കാത്തതിന് പകരം ചോദിക്കാനാണെന്ന് ഒരു കൂട്ടര്‍. ക്ഷണിക്കാതിരുന്നത് ശരിയായില്ലെന്ന് ഒരു കൂട്ടര്‍--ആകെ ആശയക്കുഴപ്പം.

അപ്പോള്‍ ഒരാള്‍ വന്ന് ആകാശം മുഴുവന്‍ പൊടികൊണ്ടു നിറഞ്ഞെന്നും, വന്‍പടതന്നെയാണ് വരുന്നതെന്നും അറിയിച്ചു. ആള്‍ക്കാര്‍ നഗരകവാടത്തില്‍കൂടി-- കാഴ്ച കാണാന്‍ . ഏതാണ്ട് രണ്ടു മൈല്‍ ദൂരത്ത് സൈന്യത്തെ നിര്‍ത്തി കൃഷ്ണനും ,ഉദ്ധവരുംകൂടി ഒരു തേരില്‍ നഗരകവാടത്തിലേക്കു വന്നു.

അവിടെ വലിയ ആരവം. കൃഷ്ണനേ കാണാന്‍ ആള്‍ക്കാരുടെ തിക്കും തെരക്കും. ആകെപ്പാടേ കാര്യം പന്തിയല്ലെന്ന് ജരാസന്ധനും തോന്നിത്തുടങ്ങി.

മുമ്പ് ഒളിവില്‍ പോകുമ്പോള്‍ സഹായിച്ചതിന് നന്ദി പറയാനും, ഒരു പ്രധാന കാര്യം രാജാവിനോടു പറയാനും, മഥുരയില്‍ നിന്ന് വാസുദേവന്‍ കൃഷ്ണന്‍ വന്നിട്ടുണ്ടെന്നും, രാജകുമാരി രുഗ്മിണിക്ക് ദേവകിയുടെ വക സമ്മാനങ്ങളുമായി സൈരന്ധ്രിയും കൂടെയുണ്ടെന്നും, ആതിനനുവാദം തരണമെന്നും പറഞ്ഞ് ഒരു ദൂതനേ കൃഷ്ണന്‍ വിദര്‍ഭരാജാവിന്റെ അടുത്തേക്കു വിട്ടു. രാജാവു ധര്‍മ്മസങ്കടത്തിലായി--ജരാസന്ധനേപിണക്കാന്‍ വയ്യ--കൃഷ്ണനേ ക്ഷണിച്ചു വരുത്താതിരിക്കാനും വയ്യ.

അപ്പോള്‍ രാജാവിന്റെ അച്ഛന്‍--നീ ക്ഷ്ണനേ ക്ഷണിച്ചില്ലെങ്കില്‍ ഞാന്‍ നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരുമെന്നു പറഞ്ഞു. നിവൃത്തിയില്ലാതെ രാജാവ് അനുവാദം കൊടുത്തു. ചന്ദ്രന്‍ തുടരുകയാണ്.

കൃഷ്ണന്‍ രാജാവിനേ വന്ദിച്ചു. സരന്ധ്രിയേ അന്തപ്പുരത്തിലേക്ക് അയച്ചു. എന്നിട്ടു പറഞ്ഞു.

ഞാന്‍ മഥുരയില്‍നിന്നും വന്നത് രണ്ടു കാര്യത്തിനാണ്. ഒന്ന് എന്നേയും ജ്യേഷ്ടനേയും ഒളിവില്‍ പോകാന്‍ സഹായിച്ചതിന് നന്ദി പറയാന്‍ . രണ്ട്, ഇവിടെ നടക്കാന്‍ പോകുന്ന അധാര്‍മ്മികമായ ഈ സ്വയംവരം തടയാന്‍ .രാജഗുരു ഈ സ്വയംവരം അധാര്‍മ്മികമാണെന്നു പറഞ്ഞ് ഇവിടം ഉപേക്ഷിച്ചു പോയില്ലേ. എന്നിട്ടും നിങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ ഞാന്‍ അതു ബലമായി തടയും.

രാജാ‍വ് ഒന്നും പറഞ്ഞില്ല. കൃഷ്ണനേ സല്‍ക്കരിച്ച്, താമസസ്ഥലം ശരിയാക്കികൊടുത്തു. എന്നിട്ട് മറ്റു രാജാക്കന്മാരുമായി ചര്‍ച്ച നടത്തി. സ്വയംവരം നടത്താന്‍ തീരുമാനിച്ചാലുള്ള ഭവിഷ്യത്തുകളേക്കുറിച്ച് ചിന്തിച്ചു. കൃഷ്ണന്റെ കൂടെ എത്ര മഹാരഥന്മാരുണ്ടെന്നോ, എത്ര സൈന്യമുടെന്നോ ഒരു രൂപവുമില്ല. തന്നെയുമല്ല ജരാസന്ധനേയും പടയേയും വെറും ഗരുഡവര്‍ഗ്ഗക്കാരുടെ സഹായത്തോടെ തോല്പിച്ചോടിച്ചിട്ട് അധികം കാലമായില്ല. എന്തു ചെയ്യും.

ജരാസന്ധന്‍ പ്രഖ്യാപിച്ചു--ദ്വയംവരം മാറ്റി വച്ചിരിക്കുന്നു. കൃഷ്ണനേ പേടിച്ചല്ല-ഇവിടെവച്ചൊരു സംഘര്‍ഷം ഒഴിവാക്കാന്‍ .

എല്ലാവര്‍ക്കും ആശ്വാസനിശ്വാസം. ചന്ദ്രന്‍ നിര്‍ത്തി.

തനീ ഇടയ്ക്കിടയ്ക്കു പറഞ്ഞ പലസംഭവങ്ങളും ഞങ്ങള്‍ക്കറിയില്ല. എനിക്കെന്തായാലും അറിയില്ല-ഞാന്‍ പറഞ്ഞു. അത്-----

ഞാനാദ്യമേ പറഞ്ഞു-മഹാഭാരതമാണ്. നമുക്കു സൌകര്യം കിട്ടിയാല്‍ പറയാന്‍ ശ്രമിക്കാം.

അതിനു സൌകര്യം ദൈവം കൊടുത്തു. പക്ഷേ കഴ്വിക്കാര്‍ ചിക്കണ്‍പോക്സ് രോഗികളായിരുന്നെന്നു മാത്രം